ദൈവം മനുഷ്യനുവേണ്ടി കണ്ട ഏറ്റവും നല്ല സ്വപ്‌നമായിരുന്നു കുടുംബം. ആ സ്വപ്‌നത്തിന്റെ നിറവിലാണ് ദൈവം കുടുംബസ്ഥാപനം നടത്തിയത്. ദൈവം സ്ഥാപിച്ചതുകൊണ്ടാണ് കുടുംബത്തിന്റെ പ്രസക്തി നഷ്ടപ്പെടാത്തത്. ദൈവത്തിന്റെ ആശീർവദിച്ച കരം ഓരോ കുടുംബത്തിനും മീതെ നില്ക്കുന്നതുകൊണ്ടാണ് പരിക്കുകളോടെയാണെങ്കിലും നമ്മുടെ കുടുംബങ്ങൾ മുന്നോട്ടുപോകുന്നത്.
ദൈവത്തിന്റെ പദ്ധതികളെ തകർക്കുക എന്ന ഒറ്റലക്ഷ്യമേ എന്നും സാത്താനുണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണ് കുടുംബത്തിന് നേരെ അവൻ പതിയിരുന്നാക്രമണം നടത്തുന്നത്. എന്നിട്ടും തകർക്കാൻ കഴിയാത്ത വിശ്വാസം പോലെ കുടുംബങ്ങൾ ഇന്നും നിലനിന്നുപോരുന്നു. മനുഷ്യൻ അവന്റെ ബുദ്ധികൊണ്ടും കരുത്തിലും കഴിവിലും ആശ്രയിച്ചുകൊണ്ടും തുടങ്ങിവച്ച പദ്ധതികൾ ഒരു നിശ്ചിതകാലത്തിന് ശേഷം നാമാവശേഷമായിപ്പോകുന്നത് കണ്ടിട്ടില്ലേ.. ഏതൊരു പ്രസ്ഥാനത്തിനും നിശ്ചിതകാലയളവ് മാത്രമേ ആയുസുണ്ടാകാറുള്ളൂ. ഒന്നുമില്ലായ്മയിൽ നിന്നു തുടങ്ങി ഏതെങ്കിലുമൊരാളുടെ കഠിനാധ്വാനത്തിലൂടെയും പരിശ്രമത്തിലൂടെയും സമ്പന്നതയിലേക്ക് ഉയർന്നിട്ടും അയാളുടെ കാലശേഷം പില്ക്കാലതലമുറ വീണ്ടും ഒന്നുമില്ലായ്മയിലേക്കു തന്നെ മടങ്ങുന്നതായ സംഭവങ്ങളും കാണാറുണ്ട്.
പക്ഷേ അവിടെയെല്ലാം കുടുംബം എന്ന പ്രസ്ഥാനം ഒരു വിസ്മയമാകുന്നു. മനുഷ്യർ ഒരുമിച്ചുതുടങ്ങിയ കുടുംബജീവിതം ചിലപ്പോൾ പരിമിതകാലത്തേക്കു മാത്രമായിരിക്കാം. എന്നാൽ ദൈവം തുടങ്ങിവച്ച കുടുംബം എന്ന സമ്പ്രദായം പ്രപഞ്ചാരംഭം മുതൽ ഇന്നുവരെ നിലനില്ക്കുന്നുണ്ട്. നാളെയും അതിന് നിലനില്പ്പുണ്ട്. അതിന്റെ എല്ലാ ബലഹീനതകളോടുംകൂടി തന്നെ. വിവാഹത്തിലൂടെ ഒന്നാകുന്ന ദമ്പതികൾക്കു കുറവുകളുണ്ടാവാം. പക്ഷേ അവരെ ഒരുമിച്ചുചേർത്ത ദൈവത്തിന് കുറവില്ല. അതുകൊണ്ടാണ് ദാമ്പത്യജീവിതത്തിൽ, ദമ്പതികൾ ഒരുമിച്ചുള്ള ഉടമ്പടിയിൽ ദൈവഹിതം തേടേണ്ടത്. ദൈവകൃപ യാചിക്കേണ്ടത്. ദൈവത്തോടൊത്തായിരിക്കാനുള്ള മറ്റൊരു വഴിയുടെ പേരുതന്നെയാണ് കുടുംബജീവിതം. കാരണം എല്ലാറ്റിന്റെയും അടിസ്ഥാനം കുടുംബമാണ്. നല്ല ദൈവവിളികൾ ഉണ്ടാകുന്നത്, സന്യസ്തരുണ്ടാകുന്നത്, നല്ലഅല്മായരുണ്ടാകുന്നത്, ധാർമ്മികബോധം രൂപപ്പെടുന്നത് എല്ലാം കുടുംബത്തിൽ നിന്നാണ്. അടിസ്ഥാനം ദുർബലമായാൽ, അല്ലെങ്കിൽ ചേരേണ്ടവിധത്തിലുള്ള ചേരുവകൾ ഇല്ലാതെ പോയാൽ അതെല്ലാവിധത്തിലും പാളിച്ചകൾ സൃഷ്ടിക്കും.
ഓരോ ദമ്പതികളും ഒരു ദിനാന്ത്യത്തിൽ സ്വയം ആത്മവിശകലനം നടത്തേണ്ടതുണ്ട്. ഇന്ന് ദൈവം ആഗ്രഹിക്കുന്ന വിധത്തിലുള്ള ഒരു ഭാര്യയായി പെരുമാറാൻ എനിക്കു സാധിച്ചിട്ടുണ്ടോ? ദൈവത്തിന്റെ വിചാരമനുസരിച്ച് പ്രവർത്തിക്കാൻ കഴി്ഞ്ഞ ഒരു ഭർത്താവായിരുന്നോ ഞാൻ..ദൈവത്തിന്റെ സ്വപ്‌നമനുസരിച്ചു പ്രവർത്തിക്കാനും ജീവിക്കാനും കടപ്പെട്ടിരിക്കുന്നവരാണ് ദമ്പതികൾ. പക്ഷേ അങ്ങനെ ജീവിക്കുക എന്നത് ഒരിക്കലും അത്ര എളുപ്പമുള്ള കാര്യമല്ല. പിതാവേ ഇവർ ചെയ്യുന്നത് എന്തെന്ന് ഇവരറിയുന്നില്ല. ഇവരോട് ക്ഷമിക്കണമേ എന്ന് ക്രിസ്തു കുരിശിൽകിടന്നു പ്രാർഥിക്കുന്നുണ്ടല്ലോ. അത്തരമൊരു പ്രാർഥന ഓരോ ദിവസവും ദമ്പതികൾ തങ്ങളുടെ ഇണയ്ക്കുവേണ്ടി പ്രാർഥിക്കേണ്ടതുണ്ട്. കാരണം അത്തരമൊരു ചിന്തയും വിചാരവും ഇല്ലെങ്കിൽ കുടുംബജീവിതം എന്ന കാൽവരിയാത്ര സമാധാനപൂർവ്വം പിന്നിടുക സാധ്യമല്ലാതെ വരും. ദൈവം കാണുന്നുണ്ടെന്ന വിചാരത്തോടെ കുടുംബജീവിതം നയിക്കാൻ കഴിഞ്ഞാൽ അതിൽപ്പരം നല്ലൊരു കുടുംബം വേറെയുണ്ടാവുമോ?


