സ്വാശ്രയ കോളജിൽ ഇംഗ്ലീഷ് അധ്യാപകനായി ജോലി ചെയ്തിരുന്ന ഒരു സുഹൃത്തിന് ഈ വർഷം മുതൽ ജോലിയില്ലാതായിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല ഇപ്പോൾ കോളജുകളിൽ പുതിയ കോഴ്‌സിന് വരുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ ഭീമമായ കുറവ് വന്നിരിക്കുന്നു. ഈ ഒരു സാഹചര്യത്തിൽ മൂന്നും നാലും അധ്യാപകരുടെ ആവശ്യമൊന്നുമില്ല. അതുകൊണ്ട് പിരിച്ചുവിടപ്പെട്ട അധ്യാപകരിൽ ഒരാളായി അവൻ.. അമ്പതിനടുത്ത പ്രായത്തിൽ അവൻ തൊഴിൽരഹിതനായിരിക്കുന്നു.
നാടും വീടും വിട്ട് യുവജനങ്ങൾ പഠിക്കാനും ജോലിക്കുമായി വിദേശങ്ങളിലേക്ക് കുടിയേറുമ്പോൾ വരുംതലമുറയിൽ യുവജനങ്ങളുടെ അഭാവം സൃഷ്ടിക്കുന്ന ആഘാതത്തിനൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് ഇനിയൊരു സാധ്യത മുമ്പിൽ തെളിഞ്ഞുവരാത്തവിധത്തിൽ മധ്യവയസിൽ തൊഴിൽരഹിതരായിമാറേണ്ടിവരുന്ന മേൽപ്പറഞ്ഞ വിധത്തിലുളളവരുടെ ജീവിതപ്രതിസന്ധികളും. എയ്ഡഡ് കോളജിൽ പഠിപ്പിക്കുന്ന മറ്റൊരു അധ്യാപകസുഹൃത്തും ഇതേ വിഷയം വേദനയോടെ പങ്കുവയ്ക്കുകയുണ്ടായി. പല കോഴ്‌സുകളിലും സീറ്റുകൾ കാലിയായികിടക്കുന്നു. ഡിവിഷൻ ഫാളിനെ തടയാനും എക്കണോമിക്കൽ ആകാനും വേണ്ടി സ്‌കൂൾ അധ്യാപകർ വിദ്യാർഥികളെ തേടി വീടുവീടാന്തരം കയറിയിറങ്ങിയിരുന്നതു പോലെ കോളജുകളിലേക്ക് കുട്ടികളെ ആകർഷിക്കാൻ അധ്യാപകർ പണിപ്പെടേണ്ടിവരുന്ന അവസ്ഥ.
മാനേജ്‌മെന്റ് ക്വോട്ടായിൽ പോലും സീറ്റില്ലാതെ പഠിക്കാൻ അവസരം കിട്ടാതെപോയ ഒരു ബിരുദകാലത്തെയും പാഴായിപോയ ഒന്നുരണ്ടുവർഷങ്ങളെയും കുറിച്ചാണ് അപ്പോൾ ഓർമിച്ചത്. ഇന്ന് അതേ കോളജിൽ പല ഡിഗ്രി കോഴ്‌സുകൾക്കും കുട്ടികളെകിട്ടാതെ വിഷമിക്കുന്നുവെന്നത് വിധിയുടെ വിളയാട്ടമാണോ? അറിയില്ല.
അടുത്തകാലത്ത് ഒരു ഹോസ്പിറ്റലിൽ വച്ച് ഒരു അമ്മയെ പരിചയപ്പെട്ടു. പനിക്കു മരുന്നുവാങ്ങി പോകുമ്പോൾ എവിടെയോ കാൽതട്ടി വീഴാൻ ഭാവിച്ചപ്പോൾ കൈ കൊടുത്തുനേടിയ പരിചയമാണ്. ആരെയെങ്കിലും കൂട്ടിന് കൊണ്ടുവരാമായിരുന്നില്ലേ എന്ന ചോദ്യത്തിന് ആ സ്ത്രീ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു.
അതിന് കൂട്ടുവരാൻ ആരെങ്കിലും വീട്ടിലുണ്ടാവണ്ടേ?
മക്കളും മരുമക്കളും ആരുമില്ലാത്ത അമ്മയായിരുന്നുവെന്നാണ് കരുതുന്നതെങ്കിൽ തെറ്റി. മൂന്നു മക്കളുടെ അമ്മയാണ്. ഒരാൾ യുകെയിൽ. മറ്റൊരാൾ ഓസ്‌ട്രേലിയായിൽ. മൂന്നാമതൊരാൾ കാനഡായിൽ. ഭർത്താവ് ഒരു വർഷം മുമ്പ് മരിച്ചു. ആ സമയത്ത് മക്കൾ വന്നതാണ്.
മക്കൾക്ക് വിദേശത്തുപോകാൻ സാധിക്കണേയെന്ന പ്രാർഥനയുമായി ഒരുപാട് നൊവേനപ്പള്ളികളും ധ്യാനകേന്ദ്രങ്ങളും കയറിയിറങ്ങിയതാണ്. അതിന്റെ ഫലംകിട്ടി. പക്ഷേ പറ്റിപ്പോയത് എനിക്കാണ്..
ആ അമ്മയുടെ തൊണ്ടയിടറിയിരുന്നു.
ഇതൊരു ഒറ്റപ്പെട്ട അമ്മയല്ല. നമ്മുടെ ചുറ്റുവട്ടങ്ങളിലൊക്കെ ഇതുപോലെയുള്ള അമ്മമാരെയും അപ്പന്മാരെയും കാണാനാവും. ബാഹ്യമായി നോക്കുമ്പോൾ മറ്റുള്ളവരെ അസൂയപ്പെടുത്തുന്നതെല്ലാം അവർക്കുണ്ട്. പക്ഷേ അവരെ സംബന്ധിച്ചിടത്തോളം അതെല്ലാം ഇപ്പോൾ വ്യർത്ഥമായി തോന്നുന്നു.
മക്കൾ വിദേശത്തുപോകുന്നതും പണംസമ്പാദിക്കുന്നതും അഭിമാനവും സന്തോഷവുമായികരുതുന്ന മാതാപിതാക്കൾ ഏറെയുണ്ട്. സ്വന്തം നാടിനെക്കാൾ നല്ലത് വിദേശമാണെന്ന് ചിന്ത ചെറുപ്പത്തിലേ മക്കളിലേക്ക് കുത്തിവയ്ക്കുന്നവർ. മക്കൾ വിദേശത്തുപോകാനായി പ്രാർഥനകളും ഉപവാസവുമായി ജീവിക്കുന്നവരുമുണ്ട്. പക്ഷേ പ്രതിവർഷം അമ്പതിനായിരത്തോളം യുവജനങ്ങൾ വിദേശങ്ങളിലേക്ക് പോകുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഇങ്ങനെ പോകുന്നവരിൽ നല്ലൊരു ശതമാനവും തിരികെ നാട്ടിലേക്ക് വരുന്നുമില്ല. ജോലി കണ്ടെത്തി കുടുംബമായി ജീവിതം അവിടെ ചെലവഴിക്കുകയാണ് പലരും.ഫലമോ അവരുടെ മാതാപിതാക്കൾ ജീവിതസായാഹ്നത്തിൽ ഒറ്റപ്പെടുന്നു. തങ്ങൾ തന്നെ വരുത്തിവച്ച ഗതിയാണിതെന്ന മനസ്താപത്തോടെ മക്കളെ അവസാനമായിട്ടൊന്നു കാണാൻപോലും ഭാഗ്യം ലഭിക്കാതെ അവർക്ക് കണ്ണടയ്‌ക്കേണ്ടിവരുന്നു.
ഇവിടെയെന്തിരിക്കുന്നുവെന്നാണ് വിദേശത്തേക്ക് കുടിയേറാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന യുവജനങ്ങളിൽ പലരുടെയും ചോദ്യം. ആ ചോദ്യത്തിൽ ശരിയില്ലാതുമില്ല. പഠിച്ചതിന് അനുസരിച്ച ജോലിയില്ല, ജോലിക്കനുസരിച്ച വേതനമില്ല. കഴിവുകളും യോഗ്യതകളും അപ്രധാനപ്പെട്ടതാകുന്നു. സ്വജനപക്ഷപാതവും സ്വാധീനവുമുളളവർ മാത്രം ജോലി കരസ്ഥമാക്കുന്നു. അതേതു മേഖലയിലും അങ്ങനെ തന്നെ. ഇങ്ങനെയൊരു സാഹചര്യത്തിൽ ജീവിക്കാൻ വേണ്ടി കുടിയേറ്റം നടത്തുന്നവരെ കുറ്റംപറയാനാവില്ല. നമ്മുടെ നാടിനെക്കാൾ നല്ലത് വിദേശമാണെന്ന് ആദ്യത്തെ കുറച്ചുനാളത്തെ അതിജീവനത്തിനുവേണ്ടിയുള്ള കഷ്ടപ്പാടുകൾക്ക് ശേഷം അവർ തിരിച്ചറിയുന്നതോടെ പിന്നിടുള്ള ജീവിതം മുഴുവൻ അവിടെതന്നെയെന്ന് തീരുമാനിക്കുന്നതിനും കുറ്റംപറയാനാവില്ല. സാഹചര്യമാണ് അവരെ അങ്ങനെയാക്കിയത്. അതുകൊണ്ട് യുവജനങ്ങളെയല്ല ഈ വ്യവസ്ഥിതിയെയാണ് നാം കുറ്റപ്പെടുത്തേണ്ടത്. കുടിയേറ്റങ്ങൾ വഴി ഒരു കാലത്ത് നമ്മുടെ സാമൂഹികസാമ്പത്തികമേഖലകളിൽ വലിയ മാറ്റങ്ങളുണ്ടായി എന്നതു സത്യമാണ്. പക്ഷേ പുതിയ തലമുറയിലെ ഈ കുടിയേറ്റങ്ങൾ വഴി നമുക്ക് പറയത്തക്ക നേട്ടങ്ങൾ ഇല്ലാതെ പോകുന്നുവെന്നതാണ് സത്യം. കാരണം പോയവരാരും തിരികെ വരാത്തതുതന്നെ. ഈ നാടിനെ സ്‌നേഹിക്കാനും ഇവിടെതന്നെ നിലയുറപ്പിക്കാനും കഴിയുന്നവിധത്തിൽ പുതിയ പദ്ധതികൾ നമുക്ക് ആലോചിക്കേണ്ടിയിരിക്കുന്നു. അല്ല അതിനുളള സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ യുവജനങ്ങളുടെ കഴിവുകൾ ഇവിടെതന്നെ പ്രകടിപ്പിക്കാൻ അവസരങ്ങൾ സൃഷ്ടിക്കപ്പെടേണ്ടിയിരിക്കുന്നു.


