വിശുദ്ധിയിലേക്കാണ് ദൈവം നമ്മെ ഓരോരുത്തരെയും വിളിച്ചിരിക്കുന്നത്. തന്നെപ്പോലെയായിത്തീരുക എന്നൊരു വെല്ലുവിളിയാണ് ക്രിസ്തു നമുക്കു മുമ്പിൽ വച്ചിരിക്കുന്നതും. വിശുദ്ധരാകുക എന്നത് എക്കാലത്തെയും വലിയ വെല്ലുവിളി തന്നെയാണ്. എന്നാൽ അതൊരു സാധ്യത കൂടിയാണ്. വിശുദ്ധരാകുക എന്നതിനെക്കുറിച്ചുള്ള നമ്മുടെ സങ്കല്പങ്ങൾ പലതും പൂർവ്വമാതൃകയിലാണ് രൂപപ്പെട്ടിരിക്കുന്നത്. രക്തസാക്ഷിത്വം മുതൽ ക~ിനമായ തപശ്ചര്യകൾ വരെ അതിൽ പെടുന്നുണ്ട്. കാരണം നമ്മൾ പരിചയിച്ചിരിക്കുന്ന ഭൂരിപക്ഷം വിശുദ്ധരും അത്തരമൊരു സരണിയിലൂടെ സഞ്ചരിച്ച് വിശുദ്ധപദം പൂകിയവരാണ്. താപസവിശുദ്ധർ പോലെയുള്ള വിശുദ്ധരുടെ ശ്രേണികളെക്കുറിച്ചാലോചിക്കൂ. അതുപോലെ ശ്ലീഹന്മാരിൽ യോഹന്നാൻ ഒഴികെയുള്ളവരുടെ രക്തസാക്ഷിത്വങ്ങൾ..
ശരീരത്തെ കഴുതയെന്ന് വിശേഷിപ്പിച്ചും ഭക്ഷണത്തിൽ ചാരം കലർത്തിയും എല്ലാ രൂചികളെയും നിഷേധിച്ച അസ്സീസിയിലെ ഫ്രാൻസിസ്.. ദിവ്യകാരുണ്യം മാത്രം സ്വീകരിച്ചു വർഷങ്ങളോളം ജീവിച്ച ദൈവദാസി മാർത്താ റോബിനെപോലെയുള്ളവർ.. പഞ്ചക്ഷതങ്ങൾ സ്വീകരിച്ചു സ്വന്തം ശരീരത്തിൽ ക്രിസ്തുവിന്റെ പീഡാനുഭവങ്ങൾ ഏറ്റുവാങ്ങിയ പാദ്രെ പിയോയെ പോലെയുള്ളവർ.. പൈശാചികപീഡകൾ കൊണ്ട് പൊറുതി മുട്ടിയ മറിയം ത്രേസ്യയെപോലെയുള്ളവർ.
ഈ വിശുദ്ധരിലൂടെയൊക്കെ കടന്നുപോകുമ്പോൾ നമ്മുടെ മനസ്സിലുണ്ടാകുന്ന ആദ്യ ചിന്ത വിശുദ്ധപദം എനിക്ക് അപ്രാപ്യവും അസാധ്യവുമാണെന്ന് തന്നെയാണ്. കാരണം സാധാരണ മനുഷ്യരുടെ ജീവിതമായിരുന്നില്ല അവരുടേത്. സാധാരണക്കാരുടെ ലോകമായിരുന്നില്ല അവരുടേത്.
അസാധാരണതകൾ കൊണ്ട് സാധാരണജീവിതത്തെ അവർ അസാധാരണമാം വിധത്തിൽ ജീവിച്ചു. നമ്മൾ കാർലോയിലെത്തുന്നതിന് മുമ്പു കണ്ടുമുട്ടിയിരുന്ന വിശുദ്ധരെല്ലാം അങ്ങനെ തന്നെയായിരുന്നു. ലോകം ശരീരം പിശാച് എന്ന ത്രീകോണം കൊണ്ട് ജീവിതത്തെ നേരിട്ടവർ. പക്ഷേ കാർലോയിലെത്തുമ്പോൾ അതെല്ലാം തകിടം മറിയുന്നു. സാധാരണക്കാരനായി ജീവിച്ചു സാധാരണമായ കാര്യങ്ങളെ അസാധാരണമായവിധത്തിലുള്ള ദൈവസ്‌നേഹം കൊണ്ട് കാർലോ പൂർത്തിയാക്കി..
സിനിമ കാണുന്നത്, സെക്കുലർ പ്രസിദ്ധീകരണങ്ങൾ വായിക്കുന്നത്, ചലച്ചിത്രഗാനങ്ങൾ കേൾക്കുന്നത് എല്ലാം തിന്മയാണ്, പാപമാണ് എന്നൊരു ചിന്ത ചില ധ്യാനപ്രഘോഷകർ സാധാരണക്കാരായ വിശ്വാസികൾക്ക് സമ്മാനിക്കാറുണ്ട. അവിടെയാണ്കാർലോ നമ്മെ വിസ്മയിപ്പിക്കുന്നത്.
കാർട്ടൂണുകളെയും സിനിമകളെയും കമ്പ്യൂട്ടർ ഗെയിമുകളെയും അവൻ സ്‌നേഹിച്ചിരുന്നു. പ്രണയം എന്ന സ്വഭാവികവും സഹജവുമായ വികാരം പോലും അവന് ഒരു പെൺകുട്ടിയോടുണ്ടായിരുന്നു.. വളർത്തുമൃഗങ്ങളെ അവനേറെ സ്‌നേഹിച്ചിരുന്നു. അവറ്റകളുടെ ചിത്രമായിരുന്നു അവൻ കമ്പ്യൂട്ടറിന്റെ സ്‌ക്രീൻസേവറായി ഉപയോഗിച്ചിരുന്നത്.
ഫ്രാൻസിസ് മാർപാപ്പ പറഞ്ഞതെന്നും പറയാത്തതെന്നും ഒന്നുപോലെ ഘോഷിക്കപ്പെടുന്ന ആ ഡയലോഗ് കണക്കെ നമുക്ക് ജീൻസും ഷൂസും ധരിച്ച വിശുദ്ധരെയാണ് ആവശ്യം ജീവിതം ജീവിച്ചവനായിരുന്നു കാർലോ. എന്നാൽ എല്ലാറ്റിലും ഒരു ഡിവൈൻ ട്ച്ച് അവൻ കാത്തുസൂക്ഷിച്ചിരുന്നു. ഈ ലോകത്തിൽ നിന്നെടുക്കപ്പെടണം എന്നല്ല ഈ ലോകത്തിൽ ജീവിക്കുമ്പോഴും ഈ ലോകത്തിന്റേതായ മായകൾ തന്നെ കീഴ്‌പ്പെടുത്താൻ അനുവദിക്കാതെയായിരുന്നു കാർലോ ജീവിച്ചിരുന്നത്. ആകാശത്തെയും നക്ഷത്രങ്ങളെയും കാണുമ്പോൾ അവയൊക്കെ സൃഷ്ടിച്ച ദൈവത്തിന്റെ അത്ഭുതകരമായ സൃഷ്ടിവൈഭവത്തെക്കുറിച്ച് അത്ഭുതപ്പെടുന്നുണ്ട് സങ്കീർത്തനകാരൻ.
ഈ ലോകത്തിൽ ജീവിക്കുമ്പോഴും നമുക്കെന്തുമാത്രം ദൈവത്തെ സ്‌നേഹിച്ചുകൊണ്ട് ജീവിക്കാൻ കഴിയും എന്നാണ് കാർലോയുടെ ജീവിതത്തെക്കുറിച്ച് ധ്യാനിക്കുമ്പോൾ നമ്മുടെ മനസ്സിലുണ്ടാവേണ്ടത്. കാർലോ പറഞ്ഞിരിക്കുന്നത് നോക്കൂ എല്ലാം ദൈവഹിതപ്രകാരമാണ് ഞാൻ പ്രവർത്തിച്ചത് എന്ന് ബോധ്യമെനിക്കുണ്ട്. അതെ ഈ ലോകത്തിൽ ജീവിക്കുമ്പോൾ, ഈ ലോകത്തിൽ ദൈവം നല്കിയ സമ്മാനങ്ങളായ കമ്പ്യൂട്ടറും മൊബൈലും ഇന്റർനെറ്റും വാഹനങ്ങളും വസ്ത്രങ്ങളും സിനിമയും സാഹിത്യവും സോഷ്യൽ മീഡിയായും എല്ലാം ഉപയോഗിക്കുമ്പോൾ അതെല്ലാം ദൈവഹിതപ്രകാരമായിരുന്നോ എന്ന ആത്മവിശകലനമാണ് നമുക്കുണ്ടാവേണ്ടത്.
ചെറുപ്പത്തിലേ നടക്കേണ്ട വഴി ശീലിക്കുക. വാർദ്ധക്യത്തിലും വഴി തെറ്റുകയില്ലെന്നും ഒന്നിനും സന്തോഷം തോന്നുന്നില്ല എന്ന ദുർദിനങ്ങൾ ആഗമിക്കും മുമ്പ് യൗവനത്തിലേ കർത്താവിനെ സ്തുതിക്കുക എന്നും തിരുവചനം നമ്മോട് ആവശ്യപ്പെടുന്നുണ്ട്. വിശുദ്ധ കാർലോയുടെ ജീവിതവുമായി ബന്ധപ്പെടുത്തി ചിന്തിക്കുമ്പോൾ അതുതന്നെയാണ് ശരിയായ രീതിയും എന്ന് നമുക്ക് മനസ്സിലാകുന്നുണ്ട്.
ജീവിതം യൗവനതീക്ഷണവും ഹൃദയം പ്രണയസുരഭിലവുമായിരിക്കുന്ന പശ്ചാത്തലത്തിൽ ദൈവം പലർക്കും ഒരാവശ്യമേ അല്ല. എല്ലാ കാര്യങ്ങളും ചെയ്യാൻ സ്വന്തം കഴിവും സ്വന്തം എനർജിയും ആവശ്യത്തിനുള്ളപ്പോൾ ദൈവം എന്തിന്.. എന്നാൽ യൗവനം മങ്ങിത്തുടങ്ങുകയും ആഗ്രഹിച്ചതുപോലെ ജീവിതത്തിൽ ഒന്നും സംഭവിക്കാതെ വരികയും ചെയ്യുമ്പോൾ ദൈവമേ എന്ന വിളി തൊണ്ടക്കുഴിയിൽ നിന്നുയരുന്നു. യൗവനം സ്വന്തം ഇഷ്ടംപോലെ പുളച്ചുനടന്നിട്ട് ജീവിതാന്ത്യമാകുമ്പോൾ ദൈവത്തിലേക്ക് തിരിയുന്നവരുമുണ്ട്.
അത്തരക്കാർക്കെല്ലാം ഒരു പാഠപുസ്തകമാണ് വിശുദ്ധ കാർലോ. അവർക്കെല്ലാം ഒരു കണക്കുപുസ്തകമാണ് കാർലോ. ജീവൻ ദൈവത്തിൽ നിന്നുളളതാകുമ്പോൾ യൗവനവും ദൈവത്തിനായി സമർപ്പിച്ചു ദൈവം ആഗ്രഹിക്കുന്നതുപോലെ ജീവിക്കണമെന്ന പാഠപുസ്തകത്തിന്റെ പേരാണ് വിശുദ്ധ കാർലോ അക്കുട്ടിസ്.
വിനായക് നിർമ്മൽ


