ഇന്നലെത്തെക്കാൾ കൂടുതൽ നാളെ നന്നാവണമെന്ന് ആഗ്രഹിക്കുന്നവരാണ് പലരും. പക്ഷേ നാളെ നന്നാക്കാൻ വേണ്ടി ഇന്ന് ചെയ്യേണ്ട പല കാര്യങ്ങളും ചിലരെങ്കിലും വിസ്മരിച്ചുപോകുന്നു. ഇന്ന് നാം ചെയ്യുന്ന നല്ല കാര്യങ്ങളാണ് നാളെ നല്ലതായി പരിണമിക്കുന്നത്. അതിനായി നല്ലൊരു നാളേയ്ക്കുവേണ്ടി ഇന്ന് ചെയ്യേണ്ട ചില കാര്യങ്ങൾ പരാമർശിക്കാം.
നന്ദി പറയാൻ പരിശീലിക്കുക
തുടർച്ചയായി എല്ലാ കാര്യങ്ങളിലും എല്ലാവരോടും നന്ദിപറയുന്നത് മാനസികമായും ശാരീരികമായും മികച്ച ഫലങ്ങൾ സൃഷ്ടിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. നന്ദിപറയുന്നതിലൂടെ പോസിറ്റീവ് ഇമോഷൻസ് ഉണ്ടാകുന്നു. ഉറക്കം മെച്ചപ്പെടുന്നു. കൂടുതൽ ദയയും അനുകമ്പയും പ്രകടിപ്പിക്കാൻ കഴിയുന്നു. സർവോപരി ശക്തമായ രോഗപ്രതിരോധശേഷിയുണ്ടാകുന്നു.
നന്ദി പറയുന്നതിലൂടെ, പരിശീലിക്കുന്നതിലൂടെ ജീവിതത്തിലെ വെല്ലുവിളികളെ അവഗണിക്കുകയോ എല്ലാം നല്ലതാണെന്ന് ഭാവിക്കുകയോ അല്ല മറിച്ച് ജീവിതത്തിലെ കൂടുതൽ നന്മകൾ കാണാനുള്ള കഴിവു ആർജിച്ചെടുക്കുകയാണ് ചെയ്യുന്നത്.
മനസ്സിനെ ശാന്തമാക്കിയെടുക്കുക
ഇപ്പോൾ ഈ നിമിഷം സന്തോഷത്തോടെ ജീവിക്കുന്നതിന് മനസ്സിന്റെ സ്വസ്ഥതയും ശാന്തതയും അനിവാര്യമാണ്. ചിന്തകളെയും വികാരങ്ങളെയുംകുറിച്ചുള്ള തിരിച്ചറിവാണ് ഇവിടെ പ്രധാനം. മനസ്സിനെ ശാന്തമാക്കിയെടുക്കാൻ സാധിക്കുന്നതിലൂടെ സ്ട്രസ് കുറയ്ക്കാനും മനശ്ശക്തി വർദ്ധിപ്പിക്കാനും സാധിക്കും. സാഹചര്യങ്ങളെ ക്രിയാത്മകമായി നേരിടാനുള്ള കരുത്തും നല്കും. ഈ നിമിഷം, ഇന്നിൽ ജീവിക്കാൻ സാധിക്കുന്നതിലൂടെ ബന്ധങ്ങളെ പരുക്കില്ലാതെ സംരക്ഷിക്കാനും നല്ല തീരുമാനങ്ങൾ വ്യക്തമായി നടപ്പിലാക്കാനും സാധിക്കും.
സ്‌ക്രീൻ ടൈം കുറയ്ക്കുക
അമിതമായ സ്‌ക്രീൻ ടൈം ഉത്കണ്ഠകളും ആകുലതകളും വർധിപ്പിക്കാൻ കാരണമാകുന്നുവെന്നാണ് ഗവേഷകരുടെ നിഗമനം. സ്‌ക്രീൻ ടൈം അധികമാകുന്നതിലൂടെ നാം ചുറ്റുപാടുമുളള ജീവിതത്തിൽനിന്ന് പുറത്താവുകയാണ് ചെയ്യുന്നത്. ജീവിക്കുന്ന ജീവിതത്തിന്റെ സൗന്ദര്യം കാണാൻ കഴിയാതെപോവുന്നു. പല യാഥാർഥ്യങ്ങളും മനസ്സിലാക്കപ്പെടാതെ പോകുന്നു. സോഷ്യൽ മീഡിയായിലെ റീൽസും ടോക്കുമല്ല യഥാർഥജീവിതം. അതുകൊണ്ട് ദിവസത്തിലെ സ്‌ക്രീൻ ടൈം കുറച്ചുകൊണ്ടുവരിക.
ലക്ഷ്യം കണ്ടെത്തുക
ജീവിതത്തിന്റെ ലക്ഷ്യം മനസ്സിലാക്കുക. ജീവിതത്തിന്റെ ലക്ഷ്യം കണ്ടെത്തുക. ആ ലക്ഷ്യത്തിന് വേണ്ടി പ്രവർത്തിക്കുക. കഠിനാദ്ധ്വാനം ചെയ്യുക. സ്വന്തം ജീവിതത്തെക്കുറിച്ച്, എത്തിച്ചേരേണ്ട വഴികളെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടുള്ള വ്യക്തികൾ സന്തുഷ്ടരും ആരോഗ്യമുളളവരും സംതൃപ്തരുമായിരിക്കും. ചുറ്റുപാടുമുഴുവൻ അവർ സന്തോഷം പ്രസരിപ്പിക്കുന്നവരുമായിരിക്കും.
ദൈവാലയമായി ശരീരത്തെ കാണുക
ശാരീരികാരോഗ്യം മാനസികാരോഗ്യവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ശരീരത്തിന്റെ ആരോഗ്യം നമ്മുടെ വൈകാരികതയെ നിയന്ത്രിക്കുന്നു. ആരോഗ്യകരമായ ശീലങ്ങൾ നമ്മെ മെച്ചപ്പെട്ട വ്യക്തികളാക്കിമാറ്റും. മതിയായ ഉറക്കം, പോഷകസമ്പുഷ്ടമായ ആഹാരം, നിർജലീകരണം ഒഴിവാക്കൽ, തുടർച്ചയായ വ്യായാമം, പുകവലി-മദ്യം-മയക്കുമരുന്ന് ഇവ ഉപേക്ഷിക്കൽ എന്നിവയിലൂടെയെല്ലാം ശാരീരികാരോഗ്യം നേടിയെടുക്കുകയും നിലനിർത്തിക്കൊണ്ടുപോവുകയും ചെയ്യാം.
സ്വയം സ്‌നേഹിക്കുക
സ്വയം സ്‌നേഹിക്കുന്നത് അക്ഷന്തവ്യമായ തെറ്റൊന്നുമല്ല. അത് ആത്മരതിയും സ്വാർഥതയുമാകാതിരുന്നാൽ മതി. സെൽഫ് ലവ് എന്നതുകൊണ്ട് അർഥമാക്കുന്നത് സ്വന്തം വില മനസ്സിലാക്കുകയും സ്വന്തം കുറവുകളെ അംഗീകരിക്കുകയുമാണ്. വൈകാരികവും മാനസികവും ശാരീരികവുമായ ക്ഷേമം ഉറപ്പുവരുത്തുകയാണ്.
അവരവരെ ആത്മാർത്ഥമായി സ്‌നേഹിക്കുകയും കൃത്യമായി മനസ്സിലാക്കുകയും ചെയ്യുന്നവർ ടെൻഷൻ ഫ്രീയാണെന്നാണ് മനശ്ശാസ്ത്രം പറയുന്നത്.


