ഒരു റിപ്പോർട്ട് അനുസരിച്ച് എട്ടുലക്ഷത്തോളം യുവജനങ്ങൾ വർഷം തോറും ആഗോളതലത്തിൽ ആത്മഹത്യ ചെയ്യുന്നുണ്ട്. 970 മില്യൻ യുവജനങ്ങൾ മാനസികമായ സമ്മർദ്ദത്തിലൂടെ കടന്നുപോകുന്നുണ്ട്, ഇവയെല്ലാം ചേർന്നാണ് അവരെ ആത്മഹത്യയിലേക്കും വിഷാദത്തിലേക്കും തള്ളിയിടുന്നത്. ഇന്ന് യുവജനങ്ങൾ വിഷാദത്തിലും പലതരത്തിലുളള സമ്മർദ്ദങ്ങളിലും ജീവിക്കുന്നവരായി മാറിയിരിക്കുന്നു. നിരവധി മേഖലകളിൽ അവർ സമ്മർദ്ദങ്ങൾ നേരിടുന്നുണ്ട്. സമൂഹത്തിൽ നിന്നും കുടുംബത്തിൽ നിന്നും നേരിടുന്ന സമ്മർദ്ദങ്ങൾ, സാമ്പത്തികമായ അരക്ഷിതാവസ്ഥ, തൊഴിലില്ലായ്മ, ഒറ്റപ്പെടൽ, അവഗണന ഇങ്ങനെ പലതരംപ്രശ്നങ്ങളിലൂടെയാണ് അവർ കടന്നുപോകുന്നത്. പഴയതലമുറയെക്കാൾ കൂടുതൽ അഭിലാഷങ്ങളുള്ളവരാണ് ഇന്നത്തെ ചെറുപ്പക്കാർ. അഭിലാഷപൂർത്തീകരണം പെട്ടെന്ന് സംഭവിക്കേണ്ടതാണെന്നുമാണ് ധാരണ. ഇതുസംഭവിക്കാതെവരുമ്പോൾ അവർ പെട്ടെന്ന് നിരാശാഭരിതരാകുന്നു. ആഗ്രഹങ്ങളാണ് മനുഷ്യജീവിതത്തെ മുന്നോട്ടുനയിക്കുന്നത് എന്നു പറയുമ്പോഴും ചുമന്നുനടക്കുന്ന ആഗ്രഹങ്ങൾ സ്വയംനശീകരണത്തിന് വഴിവയ്ക്കുന്നവയാണോയെന്ന് വിലയിരുത്തപ്പെടേണ്ടവയുണ്ട്.യാഥാർഥ്യബോധമില്ലാത്ത ആഗ്രഹങ്ങൾ കൊണ്ടുനടക്കുന്നവർ നിരാശപ്പെടേണ്ടിവരും. അവരെ സംതൃപ്തരാക്കാനും കഴിയില്ല. ഇത്തരം ചില സാഹചര്യങ്ങളിലാണ് ആത്മീയതയുള്ളവരായിരിക്കുന്നതിന്റെ പ്രസക്തിവർദ്ധിച്ചിരിക്കുന്നത്.
ആത്മീയതയെക്കുറിച്ച് പലർക്കും പല ധാരണകളുമുണ്ട്. ചിലതൊക്കെ അതിൽ തെറ്റിദ്ധാരണകളുമാണ്. ജീവിതത്തെ മുഴുവൻ നിയന്ത്രിക്കുന്ന അല്ലെങ്കിൽ അടിമത്തസ്വഭാവമുള്ള ഒന്നാണ് ആത്മീയതയെന്നാണ് ചിലരുടെ ധാരണ. ജീവിതം ആസ്വദിക്കുന്നില്ല, ജീവിതത്തെ കഠിനമായി പരീക്ഷിക്കുന്നു ഇങ്ങനെയും പലരും ആത്മീയതയെ വിലയിരുത്താറുണ്ട്. ലൗകികജീവിതത്തെ നിരസിച്ചുകൊണ്ടും ലൗകികസന്തോഷങ്ങൾ പൂർണമായും നിരാകരിച്ചുകൊണ്ടുമുള്ള ജീവിതമാണ് ആത്മീയതയെന്നും അവർ നിഗമനങ്ങളിലെത്തുന്നു, എല്ലാം ഉപേക്ഷിച്ചുകൊണ്ടുള്ള താപസജീവിതമാണ് ആത്മീയതയെന്നും സദാനേരവും പ്രാർഥനകളും പരിത്യാഗപ്രവൃത്തികളുമാണ് ആത്മീയത നിശ്ചയിക്കുന്നതെന്നും കരുതുന്നവരുമുണ്ട്.
ഇതൊക്കെയും ആത്മീയതയെ സംബന്ധിച്ച ശരിയല്ലാത്ത ധാരണകളുടെ രൂപങ്ങൾ മാത്രമാണ്. ആത്മീയത ഒരിക്കലും ജീവിതത്തെ നിയന്ത്രിക്കുകയല്ല ജീവിതത്തിൽ സമൂലമായ മാറ്റം സൃഷ്ടിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.. ഒരു അവസ്ഥയാണ് ആത്മീയത. ജീവിതത്തിൽ ഒരുവൻ ശാശ്വതമായ സംതൃപ്തി അനുഭവിക്കുന്ന അവസ്ഥ. അതായത് ദൈവമാണ് ജീവിതം നല്കിയിരിക്കുന്നതെന്ന് മനസ്സിലാക്കി പരാതികളില്ലാതെ ഏതൊരു അവസ്ഥയിലും സന്തോഷത്തോടെയും കൃതജ്ഞതാഭരിതമായും ജീവിക്കാൻ കഴിയുന്ന സാഹചര്യം.
മതപരമായി മാത്രം വിലയിരുത്തപ്പെടേണ്ടവയല്ല ആത്മീയത. മതത്തിൽ ആത്മീയതയുണ്ട്, ആത്മീയത മതത്തിന്റെ ഭാഗവുമാണ്. എങ്കിലും ആത്മീയത അവയ്ക്കെല്ലാം മീതെ നില്ക്കുന്നു. മതത്തിന്റെ ഭാഗമായി നില്ക്കുന്ന വ്യക്തിയെയും ആത്മീയതയുടെ ഭാഗമായുള്ള വ്യക്തിയെയും പെട്ടെന്ന് തിരിച്ചറിയാൻ കഴിയുമെന്നാണ് ഗുരുക്കന്മാർ പറയുന്നത്. മതത്തിന്റെ ഭാഗമായുള്ള വ്യക്തി കൂടുതൽ പ്രകടനപരതയിലും ബാഹ്യമായ ആചാരാനുഷ്ഠാനങ്ങളിലും ശ്രദ്ധപതിപ്പിക്കുന്നവരാണ്. ബൈബിളിന്റെ പശ്ചാത്തലത്തിൽ അത്തരക്കാർ നിരവധിയുണ്ട്. പുതിയ നിയമത്തിലെ ഫരിസേയൻ അതിലൊരാളാണ്. അയാൾ ഉപവസിക്കുകയും ദാനധർമ്മം നടത്തുകയും ചെയ്യുന്നവനാണ്. പക്ഷേ ആത്മീയനല്ല. ക്രിസ്തുവിന്റെ ഒപ്പം സഞ്ചരിക്കുകയും അവിടുത്തെ കാര്യങ്ങൾ എല്ലാം മനസ്സിലാക്കുകയും ചെയ്തിരുന്ന യൂദാസ് ആത്മീയനായിരുന്നോ.. അതുമല്ല. ഇങ്ങനെ പല ഉദാഹരണങ്ങളുണ്ട്.
ഒരു വ്യക്തി ദയാലുവാണോ, മാന്യതയോടെ മറ്റുള്ളവരോട് ഇടപെടുന്നവനാണോ, സഹായമനസ്ഥിതിയും ദീനാനുകമ്പയും ഉളളവനാണോ അയാൾ ആത്മീയനായിരിക്കും. തന്റെ ദു:ഖങ്ങൾക്ക് മറ്റൊരാളാണ് കാരണക്കാരനെന്ന് അവർ ആരെയും കുറ്റപ്പെടുത്തുന്നില്ല. അന്യൻ കാരണമാണ് പരാജയപ്പെട്ടതെന്ന് പരിതപിക്കുന്നില്ല. സാഹചര്യം അതായിരുന്നുവെന്ന് സ്വയംനിഗമനത്തിലെത്തി മനസിന്റെ ശാന്തത നഷ്ടപ്പെടുത്താതെ അവർ സൂക്ഷിക്കുന്നു. ഏതവസ്ഥയിലും സന്തോഷിക്കാനും മറ്റുള്ളവരോട് നന്ദിയുള്ളവരായിരിക്കാനും സാധിക്കുന്നു, തനിക്ക് നിയന്ത്രിക്കാൻ കഴിയാത്ത കാര്യങ്ങളോർത്ത് അവർ അമിതമായി ഉത്കണ്ഠപ്പെടുകയില്ല. ഏതവസ്ഥയിലും സ്വയം ഉൾക്കൊള്ളാൻ അവർക്ക് കഴിവുണ്ട്.
തനിക്കെന്തെല്ലാം ഇല്ലാതെപോയി എന്നുള്ള പരിതാപമല്ല തനിക്കെന്തെല്ലാം സ്വന്തമായി ഉണ്ട് എന്ന കൃതജ്ഞതയാണ് അവരുടെ ജീവിതത്തിലുള്ളത്. ജീവിതം ചിലപ്പോഴെങ്കിലും പ്രതികൂലമായി നമ്മോട് ഇടപെട്ടെന്നിരിക്കും. സ്വന്തമായുള്ളത് തട്ടിപ്പറിച്ചെന്നിരിക്കും. ഇഷ്ടമില്ലാത്ത വഴികളിലൂടെ നടത്തിയെന്നിരിക്കും. അപ്പോഴെല്ലാം മനസ് നഷ്ടപ്പെടാതെ സൂക്ഷിക്കാൻ ആത്മീയതയുള്ള ഒരാൾക്കേ കഴിയൂ. അത്തരമൊരു അവസ്ഥയിലാണ് ആത്മീയത നമ്മുടെ ജീവിതത്തിൽ മാറ്റംവരുത്തുന്നത്. ആത്മീയത എപ്പോഴും ശരീരത്തോടല്ല ആത്മാവിനോട് ബന്ധപ്പെട്ടാണിരിക്കുന്നത്. ഉള്ളിലേക്കു നോക്കാനും ചിന്തകളെ ശുദ്ധീകരിക്കാനും കിട്ടുന്ന അവസരത്തിന്റെ പേരാണ് ആത്മീയത. അതുകൊണ്ട് ആത്മീയരായിരിക്കുക. ആത്മീയതയുടെ അവകാശികളായിരിക്കുക.


