”ഉപദേശം കേൾക്കുകയും പ്രബോധനം അംഗീകരിക്കുകയും ചെയ്യുക. നീ ജ്ഞാനി ആകും. മനുഷ്യൻ പലതും ആലോചിച്ചു വയ്ക്കുന്നു, നടപ്പിൽ വരുന്നത് കർത്താവിന്റെ തീരുമാനമാണ്” (സുഭാ 19:20-21). ദൈവം മനുഷ്യനോട് ആലോചനതേടുന്നതും ദൈവത്തോട് ആലോചന നടത്തിവേണം തീരുമാനങ്ങളിലെത്തേണ്ടത് എന്നും ദൈവം മനുഷ്യനെ ഉപദേശിക്കുന്നതു മായ നിരവധി സാഹചര്യങ്ങൾ വിശുദ്ധ ഗ്രന്ഥ
ത്തിലുടനീളം കാണപ്പെടുന്നുണ്ട്. പക്വമായ തീരുമാനങ്ങൾ എടുക്കാനും ശരിയായ ആത്മീയജീവിതം നയിക്കാനും കൂടിയാലോചനകൾ ഏറെ സഹായകമാണ്.
ശരിയായ ഉപദേശകർ പരിശുദ്ധാത്മാവു നിറഞ്ഞവരും ജ്ഞാനികളുമായിരിക്കണം. ഡീക്കന്മാരുടെ തിരഞ്ഞെടുപ്പ് വിവരണം നല്കപ്പെട്ടിരിക്കുന്ന അപ്പസ്‌തോലപ്രവർത്തനങ്ങളിൽ ഇപ്രകാരം വായിക്കുന്നു: ”അതിനാൽ സഹോദരരേ, സുസമ്മതരും ആത്മാവും ജ്ഞാനവും കൊണ്ടു നിറഞ്ഞവരുമായ ഏഴുപേരെ നിങ്ങളിൽനിന്നു കണ്ടുപിടിക്കുവിൻ. ഞങ്ങൾ അവരെ ഈ ചുമതല ഏല്പ്പിക്കാം”’ (അപ്പ 6:5).
സീറോമലബാർസഭയുടെ അഞ്ചാമതു മേജർ ആർക്കിഎപ്പിസ്‌കോപ്പൽ അസംബ്ലി പാലാ രൂപതയിലെ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിലാണ് 2024 ഓഗസ്റ്റ് 23 മുതൽ 25 വരെ തീയതികളിൽ നടത്തപ്പെടുന്നത്.
മേജർ ആർക്കിഎപ്പിസ്‌കോപ്പൽ സഭ ഒരു വലിയ കൂട്ടായ്മയാണ് എന്നുള്ള യാഥാർഥ്യം അംഗീകരിച്ചുകൊണ്ടു സഭയിലെ എല്ലാ മെത്രാൻമാരുടെയും പുരോഹിത സമർപ്പിത അല്മായ പ്രതിനിധികളുടെയും സംയുക്തയോഗമാണ് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ അസംബ്ലി. സഭയിൽ പ്രധാനപ്പെട്ട കാര്യങ്ങൾ തീരുമാനിക്കേണ്ടിവരുമ്പോൾ മേജർആർച്ചുബിഷപ്പിനെയും മെത്രാൻസിനഡിനെയും സഹായിക്കാൻ വേണ്ടിയുള്ള ഒരു ആലോചനായോഗമാണിത്.
ഈ യോഗത്തിൽ സംബന്ധിക്കുന്നവരെല്ലാം പൊതുസമൂഹത്തിൽ സുസമ്മതരും ആത്മാവും ജ്ഞാനവുംകൊണ്ടു നിറഞ്ഞവരും ആകുമ്പോൾ അരൂപിയുടെ വലിയ നിറവ് ഈ അസംബ്ലിയിൽ കാണപ്പെടും എന്ന് ഉറപ്പാണ്.
സഭയിലെ 35 രൂപതകളിൽനിന്നും യൂറോപ്പിലെ അപ്പസ്‌തോലിക് വിസിറ്റേഷനിൽ നിന്നും ഔദ്യോഗിക അജപാലന ശുശ്രൂഷാസംവിധാനങ്ങൾ ഇല്ലാത്ത മറ്റു ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ അടക്കം 360 ഓളം പേർ സംബന്ധിക്കുന്ന ഈ മഹാസമ്മേളനം ഫലപ്രദമായിത്തീരാൻവേണ്ടി നമുക്കു പ്രാർഥിക്കാം.
ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ



