ഈശോയുടെ ശിഷ്യനും ഭാരതത്തിന്റെ അപ്പസ്‌തോലനുമായ മാർ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ദുക്‌റാന നാം ആഘോഷിക്കുകയാണല്ലോ. ഈ സന്ദർഭത്തിൽ, മാർതോമാശ്ലീഹായും സീറോമലബാർ ലിറ്റർജിയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ചു ചിന്തിക്കുന്നതു കരണീയമായിരിക്കും. ‘തെയോമ’ എന്ന അറമായ പദത്തിന്റെയും ‘ദിദിമൂസ്’ എന്ന ഗ്രീക്ക് പദത്തിന്റെയും അർത്ഥം ‘ഇരട്ട’ എന്നാണ്. ഈ പദങ്ങളിൽ നിന്നുമാണ് ‘തോമാ’ എന്ന പേര് ഉത്ഭവിച്ചിരിക്കുന്നത്. ചില അപ്രമാണികഗ്രന്ഥങ്ങളിൽ ഈശോയുടെ ഇരട്ട പിറന്നവനായി തോമാശ്ലീഹായെ വിശേഷിപ്പിക്കുന്നുണ്ട് (തോമായുടെ നടപടികൾ, 31).
സമാന്തരസുവിശേഷങ്ങളിൽ തോമാശ്ലീഹായെപ്പറ്റി വിശേഷാൽ ഒന്നുംതന്നെ പറയുന്നില്ലെങ്കിലും യോഹന്നാന്റെ സുവിശേഷത്തിൽ മൂന്നുപ്രാവശ്യം മിശിഹായുടെ തീക്ഷ്ണമതിയായ ഈ ശിഷ്യനെപ്പറ്റി സൂചനയുണ്ട് (യോഹ 11:16; യോഹ 14: 35; യോഹ 20:2429). അതായത്, ജീവിതത്തിലും മരണത്തിലും ഈശോയോടൊപ്പമായിരിക്കാനും അവനെ അനുഗമിക്കാനും തോമാശ്ലീഹാ എപ്പോഴും ജാഗ്രത പുലർത്തിയിരുന്നുവെന്നർത്ഥം.
മാർതോമാശ്ലീഹായിലും പൗരസ്ത്യസുറിയാനിപാരമ്പര്യത്തിലും ചൂഴ്ന്നുനില്ക്കുന്നതാണ് സീറോമലബാർ കുർബാനയുടെ ചരിത്രം. ‘എന്റെ കർത്താവേ, എന്റെ ദൈവമേ’ (യോഹ 20:28) എന്ന മാർ തോമാശ്ലീഹായുടെ വിശ്വാസപ്രഖ്യാപനം കുർബാനയിൽ നമ്മൾ പ്രഘോഷിക്കുന്നതിന്റെ ഭാഗമായി കുർബാനയിലെ പ്രാർഥനകളിലധികവും ‘ഞങ്ങളുടെ കർത്താവായ ദൈവമേ’ എന്നു വിളിച്ചാണാരംഭിക്കുന്നത്. തോമാശ്ലീഹായുടെ ഓർമ വിശുദ്ധ ബലിപീഠത്തിങ്കൽ ഉണ്ടാകണമെന്ന് സീറോമലബാർ കുർബാനയുടെ ഓനീസാ ദ്‌റാസേയുടെ വ്യതിയാനവിധേയമല്ലാത്ത ഭാഗത്തു പ്രാർഥിക്കുന്നതു തോമാശ്ലീഹായ്ക്കു പൗരസ്ത്യആരാധനക്രമത്തിൽ എത്രമാത്രം പ്രാധാന്യമുണ്ടെന്നു വ്യക്തമാക്കുന്നതാണ്. മാത്രമല്ല, മാർതോമാശ്ലീഹായുടെ ദുക്‌റാന തിരുനാളിനോടനുബന്ധിച്ചു പ്രത്യേകം പ്രാർഥനകൾ കുർബാനതക്‌സായുടെ പ്രോപ്രിയാഭാഗത്തു ചേർത്തിട്ടുണ്ട്. കൂടാതെ, മാർതോമായുടെ ദുക്‌റാനയുമായി ബന്ധപ്പെട്ടു പ്രത്യേകം റംശാ, ലെലിയാ, സപ്രാ പ്രാർഥനകൾ സീറോമലബാർ സഭയുടെ നവീകരിച്ച യാമപ്രാർഥനാപുസ്തകത്തിലും ഉണ്ട്.
ഉത്ഥാനത്തിനു തെളിവ് ആവശ്യപ്പെടുകയും ഉത്ഥിതനെതൊട്ട് അനുഭവിക്കുകയുംചെയ്ത തോമാശ്ലീഹായാണ് മറ്റു ശ്ലീഹന്മാരെക്കാൾ ദൂരത്തേക്കു സുവിശേഷസന്ദേശവുമായി യാത്രതിരിച്ചത്. ഈശോയുടെ സുവിശേഷം യുറോപ്പിലെത്തിയ ഒന്നാം നൂറ്റാണ്ടിൽതന്നെ ഈശോയുടെ ദൂത് ഇന്ത്യയിൽ എത്തിച്ചത് മാർതോമാശ്ലീഹായാണ്. ദിദീമൂസ് എന്നു വിളിക്കപ്പെടുന്ന ഗലീലിയാക്കാരനായ തോമാശ്ലീഹാ പാർത്തിയ, മേദിയ എന്നിവിടങ്ങളിൽ ഈശോയുടെ സുവിശേഷം പ്രഘോഷിച്ചതായി സഭാപിതാക്കന്മാരായ വിശുദ്ധ ജെറോമും മാർ അപ്രേമും മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരിജനും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ഗുരുവിനോടുള്ള സ്‌നേഹം നിമിത്തം സുവിശേഷവുമായി എ.ഡി. 52 ൽ തോമാശ്ലീഹാ കൊടുങ്ങല്ലൂരെത്തി. ‘നമുക്കും അവനോടൊപ്പം പോയി മരിക്കാം’ എന്ന വാക്കുകൾ അന്വർത്ഥമാകുന്ന രീതിയിൽ ശ്ലീഹാ ഭാരതത്തിൽ പ്രേഷിതപ്രവർത്തനം നടത്തി. എ.ഡി. 52 മുതൽ 72 വരെയുള്ള 20 വർഷത്തെ പ്രേഷിതപ്രവർത്തനം നടത്തിയതിന്റെ ഫലമായി കേരളത്തിൽ രൂപം കൊണ്ട ഏഴു ക്രൈസ്തവകൂട്ടായ്മകളും അവസാനം ശ്ലീഹാ രക്തസാക്ഷിത്വം വരിച്ച മൈലാപ്പൂരിൽ അദ്ദേഹത്തെ മറവുചെയ്ത കബറിടവും തോമാശ്ലീഹായുടെ പ്രേഷിതപ്രവർത്തനത്തിന്റെ അനിഷേധ്യതെളിവുകളായി പ്രശോഭിക്കുന്നു. തോമാശ്ലീഹാ ആരംഭിച്ചുവെന്ന് പറയുന്ന ഏഴു സ്ഥലങ്ങളിലാണ്, ഈ അടുത്തകാലംവരെ ഏറ്റവും കൂടുതൽ മാർതോമാക്രിസ്ത്യാനികൾ തിങ്ങിപ്പാർത്തിരുന്നതെന്നതും ചരിത്രപരമായ വസ്തുതയാണ്.
തോമാശ്ലീഹാ ഭാരതത്തിൽ വന്നപ്പോൾ ആഘോഷിച്ച ലിറ്റർജിയെക്കുറിച്ചു പരാമർശിക്കുന്ന എറ്റവും പ്രാചീനകൃതി എ.ഡി. 220നും 250നും ഇടയിൽ എഴുതപ്പെട്ട ‘തോമായുടെ നടപടികൾ’ എന്ന അപ്പോക്രിഫൽ ഗ്രന്ഥമാണ്. ഹാബാൻ എന്ന യഹൂദകച്ചവടക്കാരന്റെകൂടെ ഗൊണ്ടൊഫാറസ് എന്ന രാജാവിന്റെ നാട്ടിലാണ് തോമാശ്ലീഹാ സുവിശേഷം പ്രഘോഷിക്കാൻ ആദ്യം എത്തിയതെന്നു ‘തോമായുടെ നടപടി’കളിൽ രേഖപ്പെടുത്തിയിരിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുപോയ മറ്റു ശ്ലീഹന്മാർ ചെയ്തതുപോലെ, ഇന്ത്യയിലെത്തിയ തോമാശ്ലീഹായും വിശ്വാസികൾക്കുവേണ്ടി ‘അപ്പംമുറിക്കൽ ശുശ്രൂഷ’യ്ക്കു നേതൃത്വം കൊടുത്തിരുന്നുവെന്നും അങ്ങനെ, വിശുദ്ധ കുർബാന അർപ്പിച്ചിരുന്നുവെന്നും ചിന്തിക്കുന്നത് യുക്തിസഹമാണ്.
തോമാശ്ലീഹായുടെതന്നെ വിശ്വാസാനുഭവം പൈതൃകമായി ലഭിച്ച പേർഷ്യൻ സഭയിലെ എദേസായിലാണ് പൗരസ്ത്യസുറിയാനി ആരാധനക്രമം രൂപപ്പെട്ടത്. എദേസൻസഭയും കേരളത്തിലെ മാർതോമാ നസ്രാണിസമൂഹവും തോമാശ്ലീഹായുടെ വിശ്വാസപൈതൃകം പൊതുസമ്പത്തായി കരുതി. തോമാശ്ലീഹായുടെ ശിഷ്യരായിരുന്ന മാർ അദായിയുടെയും മാർ മാറിയുടെയും പേരിലുള്ളതും മൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ രൂപപ്പെട്ടതുമായ അനാഫൊറ അഥവാ കൂദാശക്രമം സീറോമലബാർസഭയുടെ അമൂല്യമായ സമ്പത്താണ്. മാർതോമാക്രിസ്ത്യാനികൾ തങ്ങളുടെ ആരാധനക്രമതനിമ എപ്പോഴും തോമാശ്ലീഹായുമായി ബന്ധപ്പെടുത്തിയാണു മനസ്സിലാക്കിയിരുന്നതെന്ന വസ്തുത നമ്മുടെ പൂർവികരുടെ ചരിത്രബോധത്തിന്റെ ആഴവും സഭാത്മകചിന്തയുടെ വ്യാപ്തിയും ഓർമ്മിപ്പിക്കുന്നു. രണ്ടായിരം വർഷത്തോളം കലർപ്പുകൂടാതെ കാത്തൂസൂക്ഷിച്ച പൗരസ്ത്യസുറിയാനിപൈതൃകം കുറവുകൂടാതെ സൂക്ഷിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും കടമയാണ്. ആരാധനക്രമതനിമയുടെ സ്വത്വബോധം പരിപോഷിപ്പിക്കാനും വരുംതലമുറകളിലേക്കു പകർന്നുകൊടുക്കാനും ദുക്‌റാന നമ്മെ ഓർമിപ്പിക്കുന്നു. അതിനു വിഘാതമായി നില്ക്കുന്ന പ്രതിലോമശക്തികളെ തിരിച്ചറിയാനും സഭയോടു ചേർന്നുനില്ക്കാനും കൂട്ടായ്മയുടെ പാതയിൽ സഞ്ചരിക്കാനും തോമാശ്ലീഹായുടെ മരണതിരുന്നാൾ ആഘോഷം കാരണമായിത്തീരട്ടെ. ഏവർക്കും ദുക്‌റാനത്തിരുനാൾ മംഗളങ്ങൾ സ്‌നേഹപൂർവം നേരുന്നു.
ബിഷപ് മാർ തോമസ് ഇലവനാൽ


