അരൂപിയിൽ നിറഞ്ഞ ഒരാൾക്ക്, ക്രിസ്ത്വനുഭവം നേരിട്ടു സിദ്ധിച്ച ഒരു ശിഷ്യന്, എത്ര വലിയ അത്ഭുതം സൃഷ്ടിക്കാൻ സാധിക്കുമെന്ന് തെളിയിച്ച വിശുദ്ധനാണു മാർ തോമാശ്ലീഹാ. തോമാശ്ലീഹായുടെ ഭാരത പ്രവേശനം നടന്നിട്ട് 1952 വർഷങ്ങൾ പൂർത്തിയായിരിക്കുന്നു. കപ്പൽ കയറിയും കാൽനടയായി സഞ്ചരിച്ചും തോമാശ്ലീഹാ നടത്തിയ ക്ലേശകരമായ പ്രേഷിത യാത്രകളാണു ഭാരതത്തിൽ ക്രൈസ്തവ സന്ദേശം എത്താൻ ഇടയാക്കിയത്.
‘തോമായുടെ നടപടികൾ ‘ എന്ന അപ്രമാണിക ഗ്രന്ഥത്തൽ ശ്ലീഹാ ഭാരതത്തിൽ എത്താനിടയായ സാഹചര്യം വർണിക്കപ്പെടുന്നുണ്ട്. ഇന്ത്യയെന്ന വിദൂരദേശത്തേക്കു ശിഷ്യന്മാരിൽ ആരു പോകണമെന്നറിയാൻ നറുക്കിട്ടപ്പോൾ തോമാശ്ലീഹായ്ക്കാണു കുറി വീണത്.
അദ്ദേഹം ആദ്യം അതിനു മടി പറഞ്ഞെങ്കിലും ഈശോയോടുള്ള വലിയ സ്‌നേഹം അദ്ദേഹത്തെ അതിനു നിർബന്ധിച്ചു. ഇന്ത്യയിൽ നിന്നു ഗുണ്ടഫർ രാജാവ് ഒരു തച്ചനെ അന്വേഷിച്ച് അയച്ച ഹാബാൻ എന്ന വ്യക്തിയുടെ കൂടെ തോമാശ്ലീഹാ ഇന്ത്യയിലെത്തി. രാജാവിന്റെ കൊട്ടാരത്തിലെത്തിയ ശ്ലീഹാ ഈശോമിശിഹായെ കുറിച്ചും ക്രിസ്തീയ തത്വങ്ങളെ കുറിച്ചും പ്രസംഗിക്കുകയും രാജകീയ യുവദമ്പതികളെ മാനസാന്തരപ്പെടുത്തുകയും ചെയ്തു. ഏ.ഡി 52ൽ
കേരളത്തിലെത്തിയ തോമാശ്ലീഹാ എ.ഡി 72ൽ മൈലാപ്പൂരിൽ വച്ച് രക്തസാക്ഷിയായി മരണം വരിച്ചു.
ശൂലം കൊണ്ടുള്ള കുത്തേറ്റ തോമാശ്ലീഹായുടെ ശരീരത്തിൽ നിന്നൊഴുകിയ രക്തം ഇന്നു മാർതോമാ ക്രിസ്ത്യാനികളുടെ സിരകളിലൂടെ ഒഴുകുകയാണ്.
ഇപ്പോൾ കേരളത്തിൽ നിന്നു വിദേശരാജ്യങ്ങളിലേക്ക് ദ്രുതഗതിയിൽ നടന്നു വരുന്ന കുടിയേറ്റങ്ങളെ പ്രേഷിത യാത്രകളായി കാണാൻ കഴിയുന്നത് അനുഗൃഹീതമായ ഒരു കാഴ്ചപ്പാടാണ്. കേരളത്തിൽ തന്നെ മുൻകാലങ്ങളിൽ നടന്ന കുടിയേറ്റങ്ങളുടെ സമയത്തു വീടു കണ്ടെത്തുന്നതിനു മുമ്പേ പള്ളി അന്വേഷിച്ചു നടന്ന പഴയ തലമുറയുടെ അതേ തീവ്രതയും തീക്ഷ്ണതയും ഇന്നത്തെ യുവതലമുറയിലും കാണപ്പെടുന്നത് പ്രതീക്ഷാജനകമാണ്.
പഠനത്തിനും ജോലിക്കും കൂടുതൽ സൗകര്യപ്രദമായ ജീവിതത്തിനും വേണ്ടി കുടിയേറുന്നവരിൽ മാർതോമാശ്ലീഹായ്ക്കുണ്ടായിരുന്ന പ്രേഷിത പാരവശ്യം അനുഭവവേദ്യമാകുന്നതിനെയോർത്ത് ദൈവത്തിനു നന്ദി പറയാം.
ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ


