ഏ. ഡി 44 മുതൽ ഏ.ഡി 50
പത്തൊമ്പത്, ഇരുപതു നൂറ്റാണ്ടുകളിലായി നടന്ന ഗവേഷണശ്രമങ്ങളുടെ ഫലമായി തോമാശ്ലീഹാ ഇന്ത്യയിലേക്ക് രണ്ടു പ്രേഷിതയാത്രകൾ നടത്തിയിട്ടുണ്ട് എന്ന് ചരിത്രകാരന്മാർ തിരിച്ചറിഞ്ഞിട്ടുണ്ട്. ആദ്യ പ്രേഷിതയാത്ര ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ ഭാഗത്തേക്കാണെന്നും അതു ഏ. ഡി 44 മുതൽ ഏ.ഡി 50 വരെയാണെന്നും ഏകദേശം വ്യക്തമായിട്ടുണ്ട്. ഏ. ഡി 50 ൽ ജറുസലേമിലേക്ക് തിരിച്ചുപോയ തോമാശ്ലീഹാ അവിടെ ആദ്യ ജെറുസലേം കൗൺസിലിൽ പങ്കെടുത്തെന്നും മാതാവിന്റെ സ്വർഗ്ഗാരോപണത്തിന് സാക്ഷി ആയെന്നുമുള്ള വിശ്വാസപാരമ്പര്യം ശരിയെന്ന് ഉറപ്പിക്കുന്ന വാദഗതികളാണ് ചരിത്രകാരന്മാർ ഇപ്പോൾ മുന്നോട്ടുവയ്ക്കുന്നത്. അതിനുശേഷം ഏ.ഡി 52 ൽ തോമാശ്ലീഹാ നടത്തിയ രണ്ടാം പ്രേഷിതയാത്രയുടെ ഭാഗമായിട്ടാണ് അദ്ദേഹം കേരളത്തിൽ എത്തി ഏഴു ക്രൈസ്തവകൂട്ടായ്മകൾ സ്ഥാപിക്കുന്നതും പിന്നീട് ഏ. ഡി 72 ൽ മൈലാപ്പൂരിലെത്തിയ അദ്ദേഹം അവിടെവച്ച് രക്തസാക്ഷിത്വം വരിച്ചതും.
ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് തോമാശ്ലീഹാ ഏ.ഡി 44 മുതൽ 50 വരെയുള്ള കാലഘട്ടത്തിൽ നടത്തിയ പ്രേഷിതപ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത് ‘തോമായുടെ നടപടികൾ ‘ എന്ന മൂന്നാം നൂറ്റാണ്ടിലെ കൃതിയിൽ പരാമർശിച്ചിരിക്കുന്ന ഗൊണ്ടൊഫാറസ് എന്ന രാജാവ് ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ ഏ.ഡി 20 മുതൽ 50 വരെ ഭരിച്ചിരുന്ന രാജാവാണെന്ന വിവരം ചരിത്രകാരന്മാർക്ക് ലഭിച്ചതിനെ തുടർന്നാണ്.
1834 ൽ ചാൾസ് മസോൺ ആണ് ആദ്യമായി ഗൊണ്ടൊഫാറസ്, ഉണ്ടോഫാറസ് എന്ന ഗ്രീക്കു ലിഖിതങ്ങളിലുള്ള മുപ്പതു നാണയങ്ങൾ അഫ്ഗാനിസ്ഥാനിലെ കാബൂളിൽ നിന്ന് കണ്ടെത്തിയത്. ഈ നാണയങ്ങളുടെ മറുവശത്ത് ഗുഡഫാറ, ഗുഡഫ്ഗാന എന്ന ലിഖിതങ്ങൾ കരോഷ്ടി ലിപിയിൽ ആലേഖനം ചെയ്തിരുന്നു. ഈ ഗണത്തിൽപെട്ട നാണയങ്ങൾ പിന്നീട് കണ്ടഹാർ, സെയിസ്താൻ (കിഴക്കൻ ഇറാൻ) സിന്ധു നദിയുടെ കറാച്ചിതുറമുഖത്തിനടുത്തുള്ള പ്രദേശങ്ങൾ, വടക്കേ ഇന്ത്യയിലെ മഥുര എന്നീ പ്രദേശങ്ങളിൽ നിന്ന് കണ്ടെത്തുകയുണ്ടായി. കിഴക്കൻ ഇറാൻ മുതൽ വടക്കേ ഇന്ത്യയിലെ മഥുര വരെയുളള പ്രദേശങ്ങളിൽ ഭരിച്ചിരുന്ന രാജാവാണ് തോമാശ്ലീഹാ സുവിശേഷം പ്രസംഗിക്കാൻ വന്ന രാജ്യത്തിലെ ഭരണാധികാരിയായ ഗൊണ്ടോഫാറസ് എന്ന് ചരിത്രകാരന്മാർ 1840-1870 കാലഘട്ടങ്ങളിൽ തന്നെ സമർത്ഥിച്ചിരുന്നു.
പാക്കിസ്ഥാനിലെ പെഷ്‌വാറിനടുത്തുള്ള തക്തിബഹിയിൽ നിന്നും 1872ൽ ഡോ. ബെല്ലോ ഗൊണ്ടൊഫാറസിന്റെ പേര് ആലേഖനം ചെയ്ത ഒരു ശിലാലിഖിതം കണ്ടെടുക്കുകയുണ്ടായി. ബുദ്ധമതക്കാരുടെ ആശ്രമ ശൃംഖലകൾ ഒരു കാലത്തുണ്ടായിരുന്ന സ്ഥലം എന്ന നിലയ്ക്ക് ‘തക്തിബഹി’യുനെസ്‌ക്കോയുടെ ഒരു ലോകപൈതൃക കേന്ദ്രം കൂടിയാണ്. ഡോ. കണ്ണിംങ്ഹാം ഈ ലിഖിതം വായിച്ചത് താഴെപ്പറയും പ്രകാരമാണ്.
‘ഗുഡുഫാറ എന്ന വലിയ രാജാവിന്റെ 26 -ാം ഭരണവർഷം സംവാട്ടുവർഷം മൂന്നും നൂറും വൈശാഖ് മാസം നാലാം ദിവസം സ്വന്തം മതതാല്പര്യത്തിനും സ്വന്തം പിതാവിന്റെയും മാതാവിന്റെയും മതത്തിന്റെ ഗുണത്തിനും’. ഈ ലിഖിതം പല വിധത്തിലും വായിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതിലെ പ്രധാന ഉള്ളടക്കം വിക്രംസംവാട്ടു വർഷം 103 ൽ സ്ഥാപിച്ച ശിലാലിഖിതമാണിത് എന്നതാണ്. മൂന്നും നൂറും എന്നു പറഞ്ഞാൽ 103-ാം വർഷമെന്നാണർഥം. ഈ 103-ാം വർഷം ഗൊണ്ടൊഫാറസിന്റെ 26-ാം ഭരണവർഷമാണ്. സംവാട്ടുവർഷം ആരംഭിക്കുന്നത് ബി. സി 57 ലാണ്. ഗൊണ്ടൊഫാറസിന്റെ ഈ ലിഖിതത്തിന്റെ കാലം കണ്ടെത്താൻ 103 ൽ നിന്നും 57 കുറച്ചാൽ മതി. അപ്പോൾ കിട്ടുന്നതാണ് ഏ.ഡി എന്ന കാലഗണനക്രമമനുസരിച്ചുള്ള കലണ്ടർ സംവിധാനത്തിലെ വർഷം. 103 ൽ നിന്നും 57 കുറച്ചുകിട്ടുന്ന 46 ഏ. ഡി എന്ന വർഷത്തിലാണ് ഗൊണ്ടൊഫാറസ് ഈ ലിഖിതം സ്ഥാപിച്ചത് എന്നത് വ്യക്തം. ഈ വർഷം അദ്ദേഹത്തിന്റെ 26 -ാം ഭരണവർഷമായതിനാൽ അദ്ദേഹം ഏ. ഡി 20 ൽ ഭരണം തുടങ്ങിയെന്ന് വ്യക്തം.
‘തോമാശ്ലീഹായുടെ നടപടികളിൽ’ പറയുന്ന ഈ ഗൊണ്ടൊഫാറസ് ചരിത്രപുരുഷനാണെന്ന് ചരിത്രകാരന്മാർ കണ്ടെത്തുകയും അദ്ദേഹം ഭരിച്ചിരുന്നത് ഏ.ഡി 20 മുതൽ 50 വരെയാണെന്ന് തിരിച്ചറിയുകയും ചെയ്തു. അദ്ദേഹം ഇന്തോ-പാർത്ത്യൻ എന്ന രാജവംശത്തിലെ രാജാവായിരുന്നുവെന്ന് സെക്കുലർ ചരിത്രകാരന്മാർ സ്ഥിരീകരിച്ചിട്ടുണ്ട്.
‘തോമായുടെ നടപടി’ എന്ന പുസ്തകത്തിൽ തോമാശ്ലീഹാ സുവിശേഷംപ്രസംഗിക്കാൻ എത്തിയ രാജാവിന്റെ നാട് ‘ ഗൊണ്ടൊഫാറസിന്റേതാണ് എന്ന വിവരം വച്ചും തക്തി ബഹിയിൽ നിന്ന് കണ്ടെടുത്ത ശിലാലിഖിതത്തിലെ വർഷം (103) വിക്രം സംവാട്ടിൽ നിന്നും ഏ.ഡി എന്ന കാലഗണന രീതിയിലേക്ക് മാറ്റിയപ്പോൾ അത് ഏ. ഡി 46 ആണെന്നുള്ള വിവരം വച്ചും ആണ് ഗൊണ്ടൊഫാറസിന്റെ ഭരണകാലം സെക്കുലർ ചരിത്രകാരന്മാർ നിശ്ചയിച്ചതുതന്നെ. എന്നു പറഞ്ഞാൽ വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ തോമാശ്ലീഹാ വന്നെന്ന വിവരം ചരിത്രകാരന്മാർ ഈ പശ്ചാത്തലത്തിൽ അംഗീകരിക്കുന്നുവെന്നതു തന്നെയാണ്.
വെള്ളിയും ചെമ്പും ടിന്നും ചേർന്നുള്ള ഗൊണ്ടൊഫാറസിന്റെ നാണയങ്ങൾ ഗാന്ധാര, കറാച്ചി, വടക്കേ ഇന്ത്യയിലെ മഥുര എന്നീപ്രദേശങ്ങളിൽ നിന്നും കിട്ടിയിട്ടുള്ളതിനാൽ തോമാശ്ലീഹാ ഈ പ്രദേശങ്ങളിലാണ് വടക്കുപടിഞ്ഞാറ് ഇന്ത്യയിൽ ആദ്യപ്രേഷിതയാത്രയിൽ സുവിശേഷം പ്രസംഗിച്ചത് എന്ന് വ്യക്തമാകുന്നു. ചൈന മുതൽ റോം വരെ പോകുന്ന സിൽക്ക് റൂട്ടിന്റെ ഒരു കൈവഴി ബാക്ട്രിയ വഴി കാബൂൾ, പെഷ്‌വാർ, തക്ഷശില കൂടി ബാറൂച്ചിലെ തുറമുഖത്ത് എത്തിയിരുന്നതുകൊണ്ട് ഈ വഴിയിലൂടെ തോമാശ്ലീഹാ സുവിശേഷയാത്രകൾക്കായി സഞ്ചരിച്ചിരുന്നതായി ചില ചരിത്രകാരന്മാർ വാദിക്കുന്നു. ഇതിനുള്ള സാധ്യത ഏറെയുണ്ടുതാനും.
ഇസ്രായേലിൽ നിന്നും പ്രധാനപ്പെട്ട രണ്ടു വഴികളിലൂടെയാണ് ഇന്ത്യയുടെ വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് സുവിശേഷവേലയ്ക്കായി തോമാശ്ലീഹായ്ക്ക് വരാൻ സാധിക്കുമായിരുന്നത്. സുറിയാനി ഭാഷയിൽ എദേസയിൽ രൂപപ്പെട്ട ‘തോമായുടെ നടപടികൾ’ എന്ന പുസ്തകത്തിലെ വിവരം അനുസരിച്ച് സിൽക്ക് റൂട്ടിലൂടെ തോമാശ്ലീഹായും ഹാബാനും സാൻതമാക്ക് തുറമുഖംവരെ എത്തിയെന്നും അവിടെ നിന്ന് രണ്ടുപേരും ഒരുമിച്ചു ഗൊണ്ടൊഫാറസിന്റെ കൊട്ടാരത്തിലേക്ക് പോയി എന്നുമാണ് വ്യക്തമാകുന്നത്. പക്ഷേ ഈ കൃതിയുടെ ഗ്രീക്കുപരിഭാഷയിൽ ആന്ത്രോപോലിസിൽ നിന്നുമാണ് അവർ ഒരുമിച്ചു പോയതെന്നാണ് വിവരണം. സുറിയാനി കൃതിയിലെ സാൻതമൂക്ക് എദ്രസയ്ക്കും ബസ്രയ്ക്കും ഇടയിലുള്ള ഹത്‌റ ദ സനാ ത്രൂക്ക് ആണെന്ന് പറയുന്നവരുണ്ട്. മറ്റുചിലർ പറയുന്നത് സാൻതമാക്ക് എന്ന തുറമുഖം സാൻഡ്രാക്ക് എന്ന തുറമുഖമാണത്രെ. സാൻഡ്രാക്ക് തുറമുഖം സിൻഡ്രൂഡ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന സിന്ധുനദിയുടെ വായ്ഭാഗത്ത്, ഇന്നത്തെ കറാച്ചിയുടെ സ്ഥാനത്ത് നിലകൊണ്ടിരുന്ന തുറമുഖം ആയിരുന്നു.
ഈ നദിയുടെയും തുറമുഖത്തിന്റെയും അടുത്തുള്ള സ്ഥലം ഗൊണ്ടൊഫാറസിന്റെ ഭരണപ്രദേശമായിരുന്നതിനാൽ സിന്ധുനദിയിലൂടെയായിരിക്കാം തോമാശ്ലീഹാ ഗൊണ്ടൊഫാറസിന്റെ കൊട്ടാരത്തിലെത്തിയത്. കടൽവഴിയാണ് ഇസ്രായേലിൽ നിന്നും തോമാശ്ലീഹായും ഹബ്ബാനും യാത്ര ചെയ്തതെങ്കിൽ അലക്‌സാണ്ട്രിയായിൽ വന്നതിന് ശേഷം നൈൽ നദിയിലൂടെ കോപ് ടോസ് വരെ എത്തിയതിന് ശേഷം ഒട്ടകസഹായത്തോടെ ഈജിപ്ഷ്യൻ മരുഭൂമി കടന്ന് മ്യോസ് ഹൊർമോസ്, ബർണിക്കേ എന്നീ തുറമുഖങ്ങളിൽ ഏതെങ്കിലും ഒന്നിലൂടെ സിന്ധുനദിയുടെ വായ് ഭാഗത്തുള്ള തുറമുഖത്ത് അവർക്ക് എത്താനാവുമായിരുന്നു.
ബാറൂച്ചിൽ വന്നതിന് ശേഷം സിൽക്കുറൂട്ടിന്റെ കൈവഴിയിലൂടെ സുവിശേഷം പ്രസംഗിച്ചു തോമാശ്ലീഹായും ഹബാനും തക്ഷശില വരെ പോയി എന്ന പറയുന്നവരും ഉണ്ട്. ഗൊണ്ടോഫാറസിന്റെ കൊട്ടാരത്തിലേക്ക് പോയ വഴിക്കോ അല്ലെങ്കിൽ അവിടെ നിന്ന് ഇസ്രായേലിലേക്ക് തിരിച്ചുപോകുന്ന വഴിക്കോ ബാറൂച്ചിൽ തോമാശ്ലീഹാ എത്തിയിട്ടുണ്ടാവാൻ സാധ്യത കൂടുതലുണ്ട്. തോമാശ്ലീഹാ ബാറൂച്ചിലൂടെ യാത്ര ചെയ്തിട്ടുണ്ട് എന്ന് അംഗീകരിച്ചാൽ തന്നെ ബാറൂച്ച് ഗൊണ്ടൊഫാറസിന്റെ കീഴിലായിരുന്നില്ല ആ കാലഘട്ടത്തിൽ എന്ന കാര്യവും വ്യക്തമാണ്. ബാറൂച്ച് അന്നു ഭരിച്ചിരുന്നത് ഗൊണ്ടോഫാറസിന്റെ ശത്രുവായിരുന്ന ശാകാവംശത്തിലെ നഹപാന എന്ന രാജാവായിരുന്നു.
ഏ. ഡി 50 ൽ ഗൊണ്ടൊഫാറസ് മരിച്ചതോടെ ഇന്തോ-പാർത്ത്യൻ രാജവംശം തകർച്ചയിലേക്ക് നീങ്ങി. ഏ. ഡി 50 ൽ തന്നെ കുഷാണന്മാർ ഗൊണ്ടൊഫാറസിന്റെ രാജ്യം ആക്രമിച്ചു കീഴ്‌പ്പെടുത്തി കുഷാണരാജാവായ കുജുല കാഡ്ഫീസസ് ( ഏ.ഡി 30-80) ഗൊണ്ടൊഫാറസിന്റെ ഭരണപ്രദേശമായിരുന്ന സ്ഥലവും തോമാശ്ലീഹായുടെ സുവിശേഷം ആദ്യം സ്വീകരിച്ച നാടുകളും കുഷാണഭരണത്തിൻ കീഴിലാക്കി. ഈ സംഭവപരമ്പരകൾക്കു മുമ്പ് തന്നെ തോമാശ്ലീഹാ ജറുസലേം കൗൺസിലിൽ പങ്കെടുക്കാനായി ഇസ്രായേലിലേക്ക് പോയി എന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം. ഏ.ഡി ഒന്നാം നൂറ്റാണ്ടിൽ കച്ചവടത്തിനായി യഹൂദന്മാർ സിൽക്ക് റൂട്ടിലൂടെ വന്നിരുന്ന പ്രദേശമായിരുന്നു ഇതെന്നതിനാൽ ജറുസലേം കൗൺസിൽ കൂടുന്ന വിവരം അറിയാനുള്ള സാധ്യതയും ജറുസലേമിലേക്ക് തിരിച്ചു പോകാനുള്ള സാധ്യതകളും ഉണ്ടായിരുന്നു എന്നുകൂടിപറയട്ടെ.
ഗൊണ്ടൊഫാറസിന്റെ ഭരണത്തിൻ കീഴിലുണ്ടായിരുന്ന പ്രദേശങ്ങളിൽ പ്രധാനപ്പെട്ടത് കിഴക്കൻപാർത്ത്യ ആയിരുന്നു. പാർത്ത്യയിൽ നിന്നും പെന്തക്കുസ്തതിരുനാളിന് യഹൂദർ ജെറുസലേമിൽ ഉണ്ടായിരുന്നുവെന്ന് അപ്പസ്‌തോലനടപടി പുസ്തകം രണ്ടാം അധ്യായം ഒമ്പതാം വാക്യത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരിജൻ തോമാശ്ലീഹാ പാർത്ത്യയിൽ സുവിശേഷം പ്രസംഗിക്കാൻ പോയി എന്നു പറയുന്നത് ഗൊണ്ടൊഫാറസിന്റെ രാജ്യത്ത് പോയി എന്നു പറയുന്നതിന് തുല്യമാണ്. കിഴക്കൻ പാർത്ത്യമുതൽ ഗംഗാനദീതടം വരെ വ്യാപിച്ചുകിടന്ന ഗൊണ്ടൊഫാറസിന്റെ രാജ്യമായിരുന്നു തോമാശ്ലീഹായുടെ ആദ്യസുവിശേഷപ്രഘോഷണം നടന്ന സ്ഥലങ്ങൾ എന്നു വ്യക്തമാണ്.
ഈ പ്രദേശങ്ങളിലെ ക്രൈസ്തവർ പിന്നീടു പേർഷ്യൻ സഭ രൂപീകൃതമായപ്പോൾ അതിന്റെ ഭാഗമായിട്ടുണ്ടാവാം. സിന്ധുനദീമുഖത്ത് ആറാം നൂറ്റാണ്ടിൽ പേർഷ്യൻ ക്രൈസ്തവരുണ്ടെന്ന് കോസ്‌മോസ് ഇൻഡികോപ്ലവുസ്‌തേസ് രേഖപ്പെടുത്തിയിട്ടുണ്ട്. തോമാശ്ലീഹാ സുവിശേഷം പ്രസംഗിച്ച കിഴക്കൻ പാർത്ത്യ,പെഷ്‌വർ, തക്ഷശില എന്നീ സ്ഥലങ്ങൾക്കരികിൽ ധാരാളം ക്രൈസ്തവർ ഉണ്ടായിരുന്നതായി രേഖകളിൽ കാണാം. സിൽക്ക് റൂട്ടിൽ തന്നെയുള്ള മെർവ്, ടൂസ് എന്നീ സ്ഥലങ്ങളിൽ 334 ൽ തന്നെ പേർഷ്യൻ സഭയുടെ കീഴിൽ രൂപത ആരംഭിച്ചിരുന്നു. കൊറാസൻ, ട്രാൻസ്- ഓക്‌സിയാന പ്രദേശങ്ങളിലും ധാരാളം ക്രൈസ്തവരുണ്ടായിരുന്നു. മെർവിന് 553 ൽ മെത്രാപ്പോലീത്തൻ രൂപത എന്ന പദവിയിലേക്ക് സ്ഥാനക്കയറ്റം കിട്ടി. അങ്ങനെ പേർഷ്യൻ സഭയുടെ ഭാഗമായി കിടന്ന ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിലുള്ള ക്രൈസ്തവർ പിന്നീട് 711 മുതല്ക്കുള്ള ഇസ്ലാമിക ആക്രമണങ്ങളോടെ അപ്രത്യക്ഷമാവുകയുണ്ടായി. ഇപ്രകാരം അപ്രത്യക്ഷമായ ക്രൈസ്തവരുടെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നതാണ് തക്ഷശിലയിൽ നിന്നും ലഡാക്കിൽ നിന്നും കിട്ടിയ കുരിശുരൂപങ്ങൾ. സിന്ധുനദിയുടെ വായ്ഭാഗത്തുനിന്നും രേഖപ്പെടുത്തപ്പെട്ട തും ഭഗത് (തോമാ വിശുദ്ധൻ എന്ന് വിളിക്കപ്പെടുന്ന വ്യക്തി) എന്ന പേരിൽ നിലനിന്നിരുന്ന സൂഫി സിൽശിലയും
വി.തോമാശ്ലീഹായുടെ രണ്ടു പ്രേഷിതയാത്രകളെക്കുറിച്ചും വളരെ വ്യക്തമായി പ്രതിപാദിക്കുന്ന നിലവിൽ കിട്ടാവുന്ന എല്ലാ രേഖകളും ഉപയോഗിച്ച് രചിക്കപ്പെട്ട ‘വിശുദ്ധ തോമാശ്ലീഹായുടെ അപ്പസ്‌തോലികപ്രവർത്തനങ്ങൾ’ എന്ന കൃതി ജൂലൈ മൂന്നിന് കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നിന്ന് സീറോ മലബാർ സഭാതലവൻ മാർ റാഫേൽ തട്ടിൽ പിതാവ് പ്രകാശനം ചെയ്യുന്നതാണ്. സീറോ മലബാർസഭയുടെ ഗവേഷണപഠന കേന്ദ്രമായ ലിറ്റർജിക്കൽ റിസേർച്ച് സെന്ററിന്റെ ( L R C ) നേതൃത്വത്തിൽ നടന്ന ഒരു ഗവേഷണപഠനത്തിന്റെ ഫലമാണ് ഈ ഗ്രന്ഥം. അന്തർദേശീയ പ്രസാധകരായ പ്രീമൂസ് ബുക്‌സ് ആണ് പ്രസാധകർ. അറിയപ്പെടുന്ന ചരിത്രകാരന്മാരായ പ്രൊഫ. കെ. എസ് മാത്യു, പ്രൊഫ.ഫാ. പയസ് മലേക്കണ്ടത്തിൽ, ഡോ. ജെയിംസ് കുരികിലാംകാട്ട്, ഡോ. ജെന്നി പീറ്റർ എന്നിവർ എഡിറ്റർമാരായ ഈ കൃതി പത്തു പണ്ഡിതന്മാരുടെ 14 ഗവേഷണലേഖനങ്ങളുടെ സമാഹാരമാണ്. ഇതുവരെ വിശകലനം ചെയ്യപ്പെടാത്ത രേഖകളും സ്രോതസുകളും വിമർശനബുദ്ധിയോടെ പഠനവിധേയമാക്കി വി. തോമാശ്ലീഹായുടെ രണ്ടു പ്രേഷിതയാത്രകളെയും സെക്കുലർ ചരിത്രത്തിന്റെ വെളിച്ചത്തിൽ അവതരിപ്പിക്കുന്ന ഈ കൃതി മേൽവിവരിച്ച പ്രമേയത്തിലേക്ക് കൂടുതൽ വെളിച്ചം വീശുന്ന പ്രധാന സ്രോതസായി നിലകൊളളുന്നു.
ഫാ. പയസ് മലേക്കണ്ടത്തിൽ


