കത്തോലിക്കാ വിദ്യാഭ്യാസത്തിനായുള്ള സഭാകാര്യാലയം 2022 ജനുവരി 25ന് റോമിൽനിന്ന് നല്കിയ പ്രബോധനം കത്തോലിക്കാസ്‌കൂളിന്റെ തനിമ സംവാദസംസ്‌കാരത്തിന് (Instruction on the Identity of the Catho lic School for a Culture of Dialogue) ഇന്ന് സഭയുടെ വിവിധ മേഖലകളിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ‘നമുക്ക് തനിമയില്ലെങ്കിൽ ഒരു സംവാദസംസ്‌കാരം വളർത്തിയെടുക്കാൻ കഴിയില്ല’ (no. 2)എന്ന ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകൾ ഈ പ്രബോധനത്തിനു പ്രചോദനമേകുന്നു. എപ്രകാരമാണ് സഭയുടെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവയുടെ ക്രിസ്തീയ തനിമ പരിപോഷിപ്പിക്കാൻ സാധിക്കുന്നത് എന്ന് ആരായുകയാണ് ഈ പ്രബോധനം.
ഭൗതികവാദവും സെക്കുലറിസവും ആഗോളവത്കരണവും പ്രത്യയശാസ്ത്രങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നുഴഞ്ഞുകയറ്റം തുടങ്ങിയ നാൾമുതൽ സഭയുടെ സ്ഥാപനങ്ങളിലും അവയുടെ അനുരണനങ്ങൾ കണ്ടുതുടങ്ങി. ഇത്തരുണത്തിൽ എല്ലാ ജനതകളെയും പഠിപ്പിച്ചുകൊണ്ട് സുവിശേഷം പ്രഘോഷിക്കാനുള്ള (മത്താ. 28:19-20) തന്റെ ദൗത്യം സഭ വിദ്യാഭ്യാസരംഗത്തിലൂടെ പ്രോജ്വലിപ്പിക്കുകയും നിറസാന്നിധ്യമായി ഇന്നും നിലകൊള്ളുകയും ചെയ്യുന്നത് രണ്ടു തരത്തിലാണ്: അമ്മയായും ഗുരുനാഥയായും. സഭ തന്റെ മാതൃത്വം പ്രകടമാക്കുന്നത് ആർദ്രതയുടെയും കാരുണ്യത്തിന്റെയും പ്രകടനത്തിലൂടെയാണ്. മാത്രമല്ല, അവൾ വഴികാട്ടിയും ഗുരുനാഥയുമാണ് (no. 9).
കുട്ടികളെ പഠിപ്പിക്കാൻ സ്വാഭാവികമായ അവകാശവും ബാധ്യതയുമുള്ള മാതാപിതാക്കളാണ് വിദ്യാഭ്യാസത്തിന്റെ ആദ്യ ഉത്തരവാദിത്തമുള്ള വ്യക്തികളെന്നും തങ്ങളുടെ മക്കൾക്ക് കത്തോലിക്കാവിദ്യാഭ്യാസം നല്കാനാകുന്ന മാർഗങ്ങളും സ്ഥാപനങ്ങളും തിരഞ്ഞെടുക്കാൻ അവർക്ക് അവകാശമുണ്ടെന്നും ഈ പ്രബോധനം ഓർമിപ്പിക്കുന്നു (no. 42).
എന്തിനുവേണ്ടിയാണ് സംവാദസംസ്‌കാരം എന്നു ചോദിച്ചാൽ അതിനും ഈ പ്രബോധനം ഉത്തരം നല്കുന്നു: പരസ്പരധാരണ പ്രോത്സാഹിപ്പിക്കുന്നതിന്, ഫലപ്രദമായ സഹകരണത്തിന്, ആവശ്യമായ പ്രായോഗിക ക്രമീകരണങ്ങൾ അംഗീകരിക്കുന്നതിന്, പല പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന്, നിരന്തരമായ സംഭാഷണം ഏറ്റവും മൂല്യവത്തായതാണ് (no. 61). സംവാദസംസ്‌കാര രൂപീകരണത്തിന് ഈ പ്രബോധനം നമുക്കു മുൻപിൽ വയ്ക്കുന്ന നിർദേശങ്ങൾ താഴെപ്പറയുന്നവയാണ്:
1) നാമെല്ലാവരും സോദരരാണ് എന്ന ചൈതന്യം നമ്മിൽ രൂഢമൂലമാകണം. വർധിച്ചുവരുന്ന ശിഥിലവും സംഘർഷഭരിതവുമായ ലോകത്തു വിദ്യാഭ്യാസരംഗത്ത് സഭ നടത്തുന്ന ശക്തവും ഏകീകൃതവുമായ പ്രവർത്തനത്തിനു മാത്രമേ യേശു ഭരമേല്പിച്ച സുവിശേഷദൗത്യത്തിനും മനുഷ്യർ തങ്ങൾ സഹോദരന്മാരാണെന്ന് കരുതുന്ന ഒരു ലോകത്തിന്റെ നിർമാണത്തിനും സംഭാവന നല്കാൻ കഴിയൂ (no. 7).
2) സ്‌കൂളുകളിലൂടെ സഭ പിന്തുടരുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഒരു സാമൂഹിക ആവശ്യത്തോട് പ്രതികരിക്കാൻ ലക്ഷ്യമിട്ടുള്ള കേവലം ജീവകാരുണ്യപ്രവർത്തനമായി ചുരുക്കാൻ കഴിയില്ലെന്നും അത് അവളുടെ സ്വത്വത്തിന്റെയും ദൗത്യത്തിന്റെയും ഒരു പ്രധാനഭാഗമാണെന്നും തിരിച്ചറിയണം (no.10).
3) വിദ്യാഭ്യാസം, മനുഷ്യന്റെ രൂപീകരണം എന്ന നിലയിൽ, ഒരു സാർവത്രിക അവകാശമാണ്. യഥാർഥവിദ്യാഭ്യാസം ലക്ഷ്യംവയ്ക്കുന്നത് മനുഷ്യൻ എന്ന നിലയിൽ അവന്റെ ആത്യന്തിക ലക്ഷ്യത്തിനും മനുഷ്യനെന്ന നിലയിൽ അവൻ അംഗമായിരിക്കുന്ന സമൂഹങ്ങളുടെ നന്മയ്ക്കും വേണ്ടിയുള്ള മനുഷ്യനെ രൂപപ്പെടുത്തുകയാണ് (no. 11). അതിനാൽ, സുവിശേഷവത്ക്കരണവും സമഗ്രമായ മാനുഷിക വികസനവും ഇഴചേർത്തുകൊണ്ടു സഭയുടെ വിദ്യാഭ്യാസപ്രവർത്തനങ്ങളെ ശാക്തീകരിക്കേണ്ടത് ആവശ്യമാണ് (no. 13).
4) സംവാദസംസ്‌കാര രൂപീകരണം ഒറ്റയാൾ പ്രവർത്തനമല്ല, മറിച്ചു അതൊരു കൂട്ടുത്തരവാദിത്വമാണ്. ഓരോരുത്തരും അവരുടെ വ്യക്തിപരമായ കഴിവുകളും ഉത്തരവാദിത്തങ്ങളും അനുസരിച്ച് സഹകരിക്കുന്നു. യുവതലമുറയുടെ രൂപീകരണത്തിനും പൊതുനന്മയുടെ നിർമാണത്തിനും സംഭാവന നൽകുന്നു (no. 32).
5) വിദ്യാഭ്യാസപാതയുടെ വിജയം പ്രാഥമികമായി മാതാപിതാക്കളും അധ്യാപകരും തമ്മിലുള്ള പരസ്പര സഹകരണത്തിന്റെ തത്വത്തെ ആശ്രയിച്ചിരിക്കുന്നു (no.15). അതിനാൽ, സ്‌കൂളിനെ കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിൽ മാറ്റം വരേണ്ടതുണ്ട്: പ്രത്യേക ശ്രദ്ധയോടെ ബൗദ്ധിക കഴിവുകളെ വികസിപ്പിക്കുന്നതിന് മാത്രമല്ല, ശരിയായി വിധിക്കാനും മുൻ തലമുറകളുടെ സാംസ്‌കാരിക പൈതൃകം കൈമാറ്റം ചെയ്യാനും മൂല്യബോധം വളർത്താനും പ്രൊഫഷണലുകളെ വാർത്തെടുക്കാനും രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് (no. 19) സ്‌കൂൾ.
6) വ്യത്യസ്തതകളെ അംഗീകരിക്കാനുള്ള ധൈര്യം, സാംസ്‌കാരികമായോ മതപരമായോ വ്യത്യസ്തരായവരെ ശത്രുക്കളായി കാണുകയോ പരിഗണിക്കുകയോ ചെയ്യാതെ, പകരം സഹയാത്രികരായി സ്വാഗതം ചെയ്യാനുള്ള സന്നദ്ധത, ഓരോരുത്തരുടെയും നന്മ എല്ലാവരുടെയും നന്മയിൽ കുടികൊള്ളുന്നു എന്ന യഥാർഥ ബോധ്യം സംവാദസംസ്‌കാരരൂപീകരണ പ്രക്രിയയെ ത്വരിതപ്പെടുത്തുന്നു എന്നതിൽ തർക്കമില്ല (no. 30)
7) സ്‌കൂളിനെ ഒരു സ്ഥാപനമായിട്ടല്ല മറിച്ച് ഒരു സമൂഹമായി കണക്കാക്കുമ്പോൾ (no.16) അത് സംഘടിതവും ചിട്ടയായതുമായ അധ്യാപനപ്രവർത്തനത്തിലൂടെ വ്യക്തികളുടെ സമഗ്ര വിദ്യാഭ്യാസം ലക്ഷ്യമാക്കിയുള്ള ഒരു സംസ്‌കാരം പ്രദാനംചെയ്യുന്നു (no.19). അതിനാൽ, നീതിയിലും ഐക്യദാർഢ്യത്തിലും അധിഷ്ഠിതമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ പ്രാപ്തനായ ഒരു വ്യക്തിയായി മാറുന്നതിനുള്ള ഒരു മുൻവ്യവസ്ഥയായി വ്യക്തിക്ക് സാമൂഹികവും സാഹോദര്യപരവുമായ ബന്ധങ്ങളുടെ നല്ല അനുഭവം ലഭിക്കുന്ന സാമൂഹിക ക്രമീകരണം സ്‌കൂളായിരിക്കണം (no.19) എന്ന് ഈ പ്രബോധനം നിഷ്‌കർഷിക്കുന്നു.
8) പാഠ്യയവിഷയങ്ങളിലുള്ള അറിവുനേടൽ മാത്രമല്ല സ്‌കൂൾവിദ്യാഭ്യാസത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്, ഒരുവ്യക്തി ജീവിതത്തിൽ കൈമുതലാക്കേണ്ട മൂല്യങ്ങളും കണ്ടെത്തേണ്ട സത്യങ്ങളും അവതരിപ്പിക്കുന്നു (no.23). അപ്പോൾ വിദ്യാഭ്യാസകാലയളവിൽ ഓരോ കുട്ടിയും തിരിച്ചറിയേണ്ടത് പഠിക്കാനുള്ള സമയവും രൂപീകരണത്തിനുള്ള സമയവും തമ്മിൽ വേർതിരിവില്ല എന്ന വസ്തുതയാണ്.
റവ. ഡോ. ബിൽജു വാഴപ്പിള്ളി


