എന്റെ പ്രാഥമിക സ്‌കൂൾ വിദ്യാഭ്യാസം മുണ്ടക്കയം സെന്റ് ലൂയിസ് എൽ പി സ്‌കൂളിലായിരുന്നു. വിജയപുരം ലത്തീൻ രൂപതയുടെ കീഴിലുള്ളതായിരുന്നു ഈ സ്‌കൂൾ. നന്തികാട്ടുപടവിൽ ജോൺ സാറിനെക്കുറിച്ചുള്ള ഓർമ എന്റെ മനസ്സിൽ മായാതെ നില്ക്കാൻ ഒരു പ്രത്യേക കാരണമുണ്ട്. ആഴ്ചയിൽ ഒരിക്കൽ ഉണ്ടായിരുന്ന സ്‌കൂൾ അസംബ്ലിയിൽ ‘അറ്റൻഷൻ’, ‘സ്റ്റാൻഡ് അറ്റീസ് ‘ എന്ന് പറഞ്ഞു കുട്ടികളെ ലൈൻ നില്ക്കാൻ പഠിപ്പിച്ചിരുന്നത് ഈ സാറായിരുന്നു. ഞാൻ ഉൾപ്പെടെ പല കുട്ടികൾക്കും ഇതിന്റെ അർഥം മനസ്സിലായിരുന്നില്ല. എങ്കിലും ഒരു ദിവസം ‘അറ്റൻഷൻ’ എന്ന സാറിന്റെ ആജ്ഞ കേട്ടു കാല്പാദങ്ങൾ രണ്ടും ചേർത്തുവെച്ചു കൈവിരലുകൾ ഉചിതമായ രീതിയിൽ മടക്കി കാലിന്റെ ഇരുവശങ്ങളിലുമായി പിടിച്ചു മിടുക്കനായിനിന്ന എന്നെ ജോൺസാർ അസംബ്ലിയിൽ എടുത്തുയർത്തിയശേഷം എല്ലാവരോടുമായി ഉച്ചത്തിൽ പറഞ്ഞു ‘ഇവൻ നില്ക്കുന്ന പോലെവേണം അറ്റൻഷൻ നില്ക്കാൻ’. വെറും അഞ്ചു വയസ്സുകാരനായിരുന്ന എന്റെ മനസ്സിൽ സാറിന്റെ ഈ പ്രോത്സാഹന വാക്കുകളുടെ അലയടികൾ ഇന്നും വിട്ടുമാറിയിട്ടില്ല. വെറും ആറുമാസക്കാലം മാത്രം ആ സ്‌കൂളിൽ പഠിപ്പിച്ച സാറിനെ പിന്നിടു കാണാൻ എനിക്ക് അവസരവും ഇല്ലായിരുന്നു. എങ്കിലും നീണ്ട 40 വർഷങ്ങൾക്കു ശേഷം 2012 ൽ ഞാൻ അദ്ദേഹത്തെ അന്വേഷിച്ചു കണ്ടെത്തി. മറ്റൊന്നിനുമല്ല, അദ്ദേഹത്തിന്റെ പ്രോത്സാഹനത്തിനു നന്ദിപറയാൻ വേണ്ടി മാത്രം. 2022 ൽ ജോൺ സാർ മരണമടഞ്ഞുവെങ്കിലും എന്റെ ഓർമകളിൽ അദ്ദേഹം മരിക്കാത്തവനായിരിക്കും.
അധ്യാപകരുടെ പ്രോത്സാഹനം തങ്ങളെ വളരെ വളർത്തിയിട്ടുണ്ടെന്നു സാക്ഷ്യപ്പെടുത്തിയിട്ടുള്ള വ്യക്തികൾ ഏറെയുണ്ട്. അവരിൽ ഒരാളാണ് ഇന്ത്യൻ പ്രസിഡണ്ടായിരുന്ന ശ്രീ അബ്ദുൾ കലാം. 1936 ൽ തമിഴ്‌നാട്ടിലുള്ള രാമേശ്വരം പഞ്ചായത്തു എലമെൻററി സ്‌കൂളിൽ അദ്ദേഹം വിദ്യാർഥിയായിരുന്നു. ഒരിക്കൽ ക്ലാസുപരീക്ഷയിൽ കലാം മികവു കാട്ടിയപ്പോൾ മുത്തു അയ്യർ എന്നു പേരുള്ള ക്ലാസ് അധ്യാപകൻ കലാമിന്റെ വീട്ടിലെത്തി മാതാപിതാക്കളോടു മകന്റെ കഴിവിനെക്കുറിച്ചുസംസാരിച്ചു. ഇതുകേട്ട കൊച്ചു കലാമിന്റെ അമ്മ അവനിഷ്ടപ്പെട്ട ഒരു ചോക്ലേറ്റു സമ്മാനമായി നല്കി. അധ്യാപകരുടെയും മാതാപിതാക്കളുടെയും പ്രോത്സാഹനം തന്നിൽ ചെലുത്തിയ സ്വാധീനം ചെറുതല്ല എന്ന് അബ്ദുൾ കലാം പലപ്പോഴായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
അധ്യാപകർ പാഠപുസ്തകങ്ങളിലൂടെ പകർന്നുകൊടുക്കുന്ന അറിവുകളെക്കാൾ ഉപരി അവരുടെ ചില പ്രത്യേക പ്രോത്സാഹനവചസ്സുകളും പ്രവൃത്തികളും ജീവിതമാതൃകയും കുട്ടികളെ ഏറെ സ്വാധീനിക്കുന്നുണ്ട് എന്നതു വസ്തുതയാണ്.
1921 ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ അനറ്റോൾ ഫ്രാൻസ് എന്ന ഫ്രഞ്ചു ഗ്രന്ഥകാരൻ പറഞ്ഞിട്ടുണ്ട്, ‘വിദ്യാഭ്യാസത്തിന്റെ പത്തിൽ ഒൻപതു ശതമാനവും പ്രോത്സാഹനമാണ്’ (Nine Tenths of Education is Encouragement) എന്ന്. ചില കുട്ടികൾ പഠനത്തിൽ വളരെ പിന്നോക്കമായിരിക്കാം. എന്നാൽ അവരെ നിഷ്‌ക്രിയരും നിരുന്മേഷരും നിരാശരുമാക്കുന്ന വിധത്തിൽ അധ്യാപകർ അവരെ ശാസിക്കുകയോ തള്ളിപ്പറയുകയോ ചെയ്യരുത്, മറിച്ച് അവരിൽ മറഞ്ഞിരിക്കുന്ന ചില പ്രത്യേക കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ പരിശ്രമിച്ചാൽ ഫലം അത്ഭുതാവഹമായിരിക്കും.
പഠിപ്പിക്കുന്ന അധ്യാപകന്റെ വ്യക്തിത്വവും കുട്ടികളെ ഏറെ സ്വാധീനിക്കുന്ന ഒന്നാണ്. ഒരിക്കൽ ഞാൻ ഒരു കുട്ടിയോട് അവനു പഠിക്കാൻ ഏറ്റവും ഇഷ്ടമുള്ള വിഷയം ഏതാണ് എന്ന് ചോദിച്ചപ്പോൾ ‘ഇംഗ്ലീഷ്’ എന്ന് ഉടനെ മറുപടി പറഞ്ഞു. അതിനു കാരണമെന്ത് എന്നു ചോദിച്ചപ്പോൾ ഉത്തരമായി പറഞ്ഞു: ”എനിക്ക് ഇംഗ്ലീഷ് പഠിപ്പിക്കുന്ന ടീച്ചറിനെ ഇഷ്ടമാണ്”. കുട്ടികളെ സ്‌നേഹിച്ചും പ്രോത്സാഹിപ്പിച്ചും പഠിപ്പിക്കാൻ അധ്യാപകർക്കു കഴിയുമ്പോൾ കുട്ടികൾ പഠിക്കാൻ കൂടുതൽ ഉത്സാഹമുള്ളവരാകും.
വേനൽക്കാല അവധി കഴിഞ്ഞു ജൂൺ മാസത്തിൽ പുതിയ സ്‌കൂൾ വർഷത്തിലേക്ക് അധ്യാപകരും കുട്ടികളും ഉന്മേഷത്തോടും ഉത്സാഹത്തോടും കൂടി പ്രവേശിക്കുകയാണല്ലോ. നന്മനിറഞ്ഞ ഒരു അധ്യായന വർഷം എല്ലാവർക്കും ആശംസിക്കുന്നു.
ബിഷപ്പ് സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍



