എല്ലാ നാട്ടിൻപുറങ്ങളിലേയ്ക്കും സുവിശേഷം പ്രസംഗിക്കാൻ തന്റെ പ്രിയശിഷ്യരെ അയയ്ക്കുന്ന ക്രിസ്തുവിനെയാണ് ഇന്നത്തെ സുവിശേഷത്തിൽ നമ്മൾ കാണുന്നത്.
സു – വിശേഷം അഥവാ നല്ല വാർത്ത, ദൈവം മനുഷ്യന് വേണ്ടി ഭൂമിയിൽ പിറന്നു എന്നത് തന്നെ.
ചില സുവിശേഷവിചാരങ്ങൾ..
- ആരാണ് സുവിശേഷപ്രസംഗകൻ?
- നമ്മളെല്ലാവരും.
- “ഞാൻ ക്രിസ്ത്യാനി” ആണെന്ന് എവിടെയൊക്കെ തിരിച്ചറിയപ്പെടുന്നുണ്ടോ അവിടെയെല്ലാം “ക്രിസ്തുവാണ് എന്റെ രക്ഷകൻ” എന്ന് കൂടിയാണ് പ്രഘോഷിക്കപ്പെടുന്നത്. എന്റെ സാന്നിധ്യം തന്നെ സുവിശേഷപ്രഘോഷണമാണ് എന്നത് മറക്കാതിരിക്കാം.
- സുവിശേഷം പ്രസംഗിക്കുന്നവന്റെ യോഗ്യതകൾ എന്തൊക്കെയാവണം?
2.1. അത്ഭുതങ്ങളിൽ വിശ്വസിക്കുന്നവൻ
ഒരു യാത്രയ്ക്ക് മുൻപ് സാമാന്യയുക്തി നമ്മെ പ്രേരിപ്പിക്കുന്ന ചില കരുതലുകളും തയ്യാറെടുപ്പുകളും ഉണ്ടല്ലോ. (അല്പം പണം, ഭക്ഷണം, ബാഗ്, ചെരിപ്പ്, കുട.. etc.) ഇവയൊക്കെ വേണ്ടെന്ന് വച്ച് ഇറങ്ങാനാണ് ഗുരുവിന്റെ നിർദേശം. എന്ന് വച്ചാൽ, “അത്ഭുതം കാണിക്കാൻ കഴിവുള്ള ദൈവത്തിൽ” വിശ്വസിക്കുന്നവനേ സുവിശേഷം പ്രസംഗിക്കാനാകൂ.. അല്ലെങ്കിലും, അവൻ ജീവിച്ചിരുന്നപ്പോൾ ഈ മണ്ണിൽ ചെയ്തതൊക്കെയും ലോജിക് കൊണ്ട് സമർത്ഥിക്കാവുന്നതല്ലല്ലോ..!
2.2. സമാധാനം കൊണ്ടുനടക്കുന്നവർ
ഒരു വീട്ടിൽ ചെന്ന് ആദ്യമേ അതിന് സമാധാനം ആശംസിക്കണമെങ്കിൽ അത് ആദ്യം നമ്മുടെ ഉള്ളിൽത്തന്നെ ആവശ്യത്തിന് ഉണ്ടാവണമല്ലോ.
ഉള്ളിൽ സമാധാനം വഹിക്കുന്നവരാകാൻ..
- എന്റെ തന്നെ കുറവുകളോടും വീഴ്ചകളോടും സമരസപ്പെടണം ആദ്യം.
- മറ്റുള്ളവരുടെ പോരായ്മകളെ കരുണയോടെ കാണാനാകണം.
- എല്ലാത്തിനും മീതെ ചലിച്ചുകൊണ്ടിരിക്കുന്ന ദൈവകരുണയെ – ദൈവീകപദ്ധതികളെ – സ്വീകരിക്കാൻ കെല്പുണ്ടാവണം.
അങ്ങനെ ഒരാൾക്ക് മാത്രമേ, സമാധാനം ആശംസിക്കാനും കൊടുക്കാനുമാവൂ.
ഞാൻ എന്റെ ദൈനംദിന ജീവിതത്തിൽ എത്രത്തോളം സമാധാനം സൂക്ഷിക്കുന്നുണ്ട്, എത്രത്തോളം മറ്റുള്ളവർക്ക് പകരുന്നുണ്ട് എന്നൊരു ആത്മവിമർശനമാവാം.
- എവിടെയാണ് ഞാൻ സുവിശേഷം പ്രസംഗിക്കേണ്ടത്?
- ഞാൻ നിൽക്കുന്ന മണ്ണിൽത്തന്നെ. അതിനായി ഞാൻ മറ്റൊരു ഇടത്തേയ്ക്ക് ബസ് പിടിക്കേണ്ടതില്ല.
- വീട്, ജോലി ചെയ്യുന്ന സ്ഥലങ്ങൾ, എന്റെ ചെറിയ സുഹൃത് വലയങ്ങൾ.. etc.
ചങ്ങാതീ, നമുക്ക് നമ്മുടെ
വാക്ക് കൊണ്ടും പ്രവർത്തികൊണ്ടും,
നിലപാടുകൾ കൊണ്ടും മാതൃകകൊണ്ടും ക്രിസ്തുവിന്റെ മുഖത്തിന് കൂടുതൽ ഭംഗി നൽകുന്നവരാകാം..
ഫാ. അജോ രാമച്ചനാട്ട്



