1997 ലാണ് ആൻ മരിയായെ ഞാൻ ആദ്യമായി പരിചയപ്പെടുന്നത്. ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ വാർഷികാഘോഷച്ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ സ്വാഗതമാശംസിച്ച വിദ്യാർഥിനിയായിരുന്നു അന്ന് ആൻമരിയ. ഇവൾ നല്ല മിടുക്കിക്കുട്ടിയാണല്ലോയെന്ന് അന്നേ എന്റെ മനസ്സ് പറഞ്ഞു. പിന്നീടു ഞാൻ അവളെ കാണുന്നത് 20 വർഷങ്ങൾക്കു ശേഷമായിരുന്നു. അപ്പോഴേയ്ക്കും അവൾ വിവാഹിതയും ഒരു പെൺകുഞ്ഞിന്റെ അമ്മയുമായിക്കഴിഞ്ഞിരുന്നു.
ഇക്കഴിഞ്ഞ ആഴ്ചയിൽ അവൾ വീണ്ടും എന്നെ കാണാൻ വന്നു. അപ്പോൾ അവൾക്കൊപ്പം മൂന്നു പെൺമക്കളുമുണ്ടായിരുന്നു. അന്ന് അവൾ പങ്കുവെച്ച ഒരു കാര്യം എന്നെ വളരെയേറെ സ്പർശിച്ചു. മൂന്നാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരുന്നപ്പോൾ ഡോക്ടർമാർ അവളോടു പറഞ്ഞത് ജനിക്കാൻ പോകുന്ന കുഞ്ഞിന് ശാരീരിക മാനസിക വൈകല്യമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അതുകൊണ്ട് കുഞ്ഞിനെ നശിപ്പിക്കുന്നതായിരിക്കും നല്ലതെന്നുമായിരുന്നു.
”പക്ഷേ ഇതുകേട്ടപ്പോൾ ഭർത്താവിനും എനിക്കും ഭയമോ നിരാശയോ തോന്നിയില്ല. മറിച്ചു ഞങ്ങൾ ദൈവത്തിനു നന്ദിപറഞ്ഞു. കാരണം ദൈവം നല്കുന്ന അമൂല്യമായ സമ്മാനങ്ങൾ ആണ് കുഞ്ഞുങ്ങൾ എന്നു ഞങ്ങൾ പണ്ടേ തിരിച്ചറിഞ്ഞിരുന്നു. സാധാരണരീതിയിലുള്ള ശാരീരിക മാനസിക കഴിവുകളോടെ ദൈവം തന്ന ആദ്യത്തെ രണ്ടു കുട്ടികളെപ്പോലെ ഭിന്നശേഷിയോടെ ജനിക്കാനിരുന്ന കുഞ്ഞിനെയും സ്വീകരിക്കാനാകുമെന്ന് ഞങ്ങൾ വിശ്വസിച്ചു. അമ്മമാരുടെ ഗർഭപാത്രങ്ങളിൽ രൂപംകൊള്ളുന്ന മനുഷ്യജീവനുകളെ ജനിക്കാൻ അനുവദിക്കാത്ത ചിന്താഗതികൾ ഉള്ള ലോകത്തിൽ ഈ വിധം രൂപപ്പെടുന്ന ഒരു ജീവനെ സംരക്ഷിക്കാൻ ഞങ്ങൾക്കു സാധിക്കുമെന്നുറപ്പുള്ളതുകൊണ്ടാണ് ദൈവം അങ്ങനെയൊരു കുഞ്ഞിനെ ഞങ്ങളുടെ പക്കലേക്കു പറഞ്ഞയ്ക്കുന്നതെന്നും ഞങ്ങൾ വിശ്വസിച്ചു. അതുകൊണ്ട് ആ കുഞ്ഞിനെ സ്വീകരിക്കാനുളള പ്രാർഥനയിലാണ് ഗർഭകാലം മുഴുവൻ ഞാൻ ചെലവഴിച്ചത്. പക്ഷേ അത്ഭുതകരമെന്നു പറയട്ടെ ഡോക്ടർമാർ നല്കിയ മുന്നറിയിപ്പുപോലെ ഒന്നും സംഭവിച്ചില്ല. മറ്റ് രണ്ടുപെൺമക്കളെയുംപോലെ നോർമലായ ഒരു പെൺകുട്ടി തന്നെയായിരുന്നു അവളും. അവൾക്കു ഞങ്ങൾ ജാന്നാ എന്നു പേരു നല്കി.’
ആൻ മരിയ ഇതുപറയുമ്പോൾ ജാന്ന അമ്മയുടെ അരികിലിരുന്ന് എന്നെ നോക്കി ഹൃദയപൂർവ്വം ചിരിക്കുകയായിരുന്നു. നല്ല മിടുക്കിക്കുട്ടി. ഡോക്ടർമാരുടെ വാക്കുകളെ അന്ധമായി വിശ്വസിച്ച് അബോർഷൻ ചെയ്തിരുന്നുവെങ്കിൽ ഈ ഭൂമിയെ അലങ്കരിക്കാൻ അവളുണ്ടാകുമായിരുന്നില്ലല്ലോയെന്നായിരുന്നു ഞാൻ ആത്മഭാരത്തോടെ ചിന്തിച്ചത്. മറ്റൊരു ജാന്നയിലേക്കാണ് എന്റെ ചിന്ത അപ്പോൾ പോയത്.
ഇറ്റലിയിലെ മിലാൻ അടുത്തുള്ള മജന്ത എന്ന സ്ഥലത്ത് 1922 ൽ ജനിച്ചു, ബേർഗമോ എന്ന സ്ഥലത്ത് വളർന്നു, മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം 1955ൽ കുടുംബജീവിതത്തിലേക്കു പ്രവേശിച്ച ജാന്നാ ബെറേത്താ മോള എന്ന സ്ത്രീ 2004 ൽ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു. തന്റെ ഉദരത്തിൽ രൂപംകൊണ്ട നാലു മക്കളിൽ ഏറ്റവും ഇളയവളായ കുഞ്ഞു ജനിക്കുന്നതിനുമുൻപ് ഡോക്ടർമാർ ഗർഭഛിദ്രത്തിന് അവൾക്ക് ഉപദേശം നല്കിയിരുന്നു. എ ന്നാൽ കുഞ്ഞിന്റെ ജീവൻ സംരക്ഷിക്കുന്നതിനുവേണ്ടി ജീവൻ ത്യജിക്കാൻപോലും സന്നദ്ധയാണെന്നാണ് അവൾ വ്യക്തമാക്കിയത്. ഡോക്ടറും അമ്മയുമായിരുന്ന ഈ വിശുദ്ധയുടെ ജീവിതസാക്ഷ്യം അനേകരെ സ്വാധീനിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ആൻ മരിയയുടെ ജാന്നായുടെ ജനനത്തിനു പിന്നിലുള്ളത്.
1968 ജൂലൈ 25നാണ് വിശുദ്ധ പോൾ ആറാമൻ മാർപാപ്പ ‘മനുഷ്യജീവൻ’ (ഹുമാനെ വീത്തെ) എന്ന പ്രസിദ്ധമായ ചാക്രികലേഖനം പുറപ്പെടുവിച്ചത്. അമ്മയുടെ ഗർഭപാത്രത്തിൽ മനുഷ്യജീവൻ രൂപം കൊള്ളുന്ന ആദ്യനിമിഷംമുതൽ അതു വിശുദ്ധമായി പരിപാലിക്കപ്പെടണം എന്നു ഈ ചാക്രികലേഖനത്തിലൂടെ പരിശുദ്ധ പിതാവു പ്രബോധിപ്പിച്ചു.
ഓരോ കുഞ്ഞും ദൈവത്തിന്റെ അമൂല്യ ദാനം ആണെന്നും ദൈവത്തിന്റെ ഇടപെടലിന്റെ അടയാളമാണെന്നും ചാക്രികലേഖനം ഓർമിപ്പിക്കുന്നു.
കുടുംബജീവിതത്തിൽ നേരിടുന്ന വെല്ലുവിളികളെ ധീരതയോടും ആത്മീയചൈതന്യത്തോടുംകൂടി നേരിടുന്ന ആൻ മരിയായെ പോലുള്ളവർ ജീവന്റെ സുവിശേഷം പ്രഘോഷിക്കുകയും കലർപ്പില്ലാതെ അതു ജീവിക്കുകയും ചെയ്യുന്നവരാണ്. സമകാലിക സംസ്‌കാരത്തിന്റെ നിഷേധഭാവങ്ങളെ ഇല്ലാതാക്കാൻ ഇത്തരം വഴിവിളക്കുകൾ ഇനിയും ഒളിമങ്ങാതെ പ്രകാശിക്കട്ടെ!
ബിഷപ്പ് സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍



