തെരഞ്ഞെടുപ്പു നടപടിക്രമങ്ങൾ

Published on

സീറോമലബാർസഭയുടെ നാലാമതു മേജർ ആർച്ചുബിഷപ്പിന്റെ തെരഞ്ഞെടുപ്പു നടപടിക്രമങ്ങൾ

സീറോമലബാർസഭയുടെ പിതാവും തലവനുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവു സമർപ്പിച്ച രാജി പരിശുദ്ധപിതാവ് ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചതായി 2023 ഡിസംബർ ഏഴാം തിയതി വൈകുന്നേരം 4.30ന് സീറോമലബാർ സഭയുടെ കേന്ദ്രകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ  ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെയാണ് സീറോമലബാർസഭയുടെ അധ്യക്ഷസ്ഥാനത്ത് ഒഴിവു വന്നത്. ഇതോടനുബന്ധിച്ചു നടത്തിയ പത്രസമ്മേളനത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവു കാനോൻ നിയമപ്രകാരം മാർപാപ്പ തന്റെ രാജി സ്വീകരിച്ച കാര്യവും  പുതിയ മേജർ ആർച്ചുബിഷപ്പിനെ തെരഞ്ഞെടുക്കുന്നതുവരെ കൂരിയ ബിഷപ്  മാർ സെബാസ്റ്റിയൻ വാണിയപ്പുരയ്ക്കൽ പിതാവ് സീറോമലബാർസഭയുടെ അഡ്മിനിസ്‌ട്രേറ്റർ ആയിരിക്കുമെന്ന കാര്യവും അറിയിച്ചു.

പൗരസ്ത്യസഭകൾക്കായുള്ള കാനൻനിയമവും സീറോമലബാർസഭയുടെ പ്രത്യേകനിയമവും   അനുസരിച്ചു സഭയുടെ അഡ്മിനിസ്‌ട്രേറ്റർ സ്ഥാനം ഏറ്റെടുത്ത  മാർ സെബാസ്റ്റിയൻ വാണിയപ്പുരയ്ക്കൽ പിതാവ്,  മേജർ ആർച്ചുബിഷപ് എമിരറ്റസ് കർദിനാൾ മാർ ജോർജ്  ആലഞ്ചേരി പിതാവ് 2024 ജനുവരി എട്ടുമുതൽ 13 വരെ നിയമാനുസൃതം വിളിച്ചുകൂട്ടിയിരിക്കുന്ന സീറോമലബാർ സഭയുടെ മുപ്പത്തിരണ്ടാം സിനഡിന്റെ ഒന്നാം സമ്മേളനത്തിൽ പുതിയ മേജർ ആർച്ചുബിഷപിനെ തെരഞ്ഞെടുക്കുമെന്നും മെത്രാന്മാരെ ഔദ്യോഗികമായി അറിയിച്ചു. 

ഇതനുസരിച്ച് 2024 ജനുവരി എട്ടിനു രാവിലെ പത്തുമണിക്കു കാക്കനാട് മൗണ്ട് സെന്റ് തോമസിലെ മേജർ ആർക്കിഎപ്പിസ്‌ക്കോപ്പൽ കൂരിയായിൽ സിനഡുസമ്മേളനം ആരംഭിച്ചു. മാനന്തവാടി രൂപതാമെത്രാൻ മാർ ജോസ് പൊരുന്നേടം  പിതാവു നല്കിയ ധ്യാനചിന്തകളോടെയാണ് സിനഡിനു തുടക്കമായത്. അഡ്മിനിസേ്ട്രറ്റർ  ബിഷപ് മാർ സെബാസ്റ്റിയൻ വാണിയപ്പുരയ്ക്കൽ പിതാവിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപിച്ചു. ഉച്ചകഴിഞ്ഞുള്ള സമയം സിനഡുപിതാക്കന്മാർ വ്യക്തിപരമായ പ്രാർഥനയ്ക്കും കുമ്പസാരത്തിനും ജപമാലയ്ക്കുമായാണ് ചെലവഴി ച്ചത്. വൈകുന്നേരം ആറിനു ചാപ്പലിൽ ആഘോഷമായ റംശാപ്രാർഥന നടന്നു. അതിനുശേഷം  കത്തിച്ച മെഴുകുതിരികളുമായി പരിശുദ്ധ ദൈവമാതാവിന്റെ ലുത്തിനിയ പാടിക്കൊണ്ടു പ്രദക്ഷിണമായി പിതാക്കന്മാർ സിനഡുഹാളിൽ പ്രവേശിച്ചു. 7.15നു സിനഡുസമ്മേളനം ആരംഭിച്ചു. സിനഡുഹാളിൽ നടന്ന പ്രാർഥനക്കുശേഷം അഡ്മിനിസേ്‌ട്രേറ്റർ സിനഡിൽ പങ്കെടുക്കുന്ന മെത്രാന്മാരുടെ എണ്ണം പരിശോധിച്ചു. സീറോമലബാർസഭയിലെ 65 മെത്രാന്മാരിൽ 55 പേർ സിനഡുഹാളിൽ സന്നിഹിതരായിരുന്നു. 55 ൽ 44 മെത്രാന്മാർ രൂപതാഭരണത്തിൽ ഏർപ്പെട്ടിരിക്കുന്നവരും 11 മെത്രാന്മാർ വിരമിച്ചവരും ആയിരുന്നു. 80 വയസിനു മുകളിൽ പ്രായമുള്ളതിനാൽ വിരമിച്ച 11 പേരിൽ നാലു മെത്രാന്മാർ വോട്ടവകാശമില്ലാത്തവരായിരുന്നു. പങ്കെടുക്കുന്ന മെത്രാന്മാരുടെ എണ്ണം സ്ഥിരീകരിച്ചതിനുശേഷം സിനഡുസമ്മേളനം കാനോനികമാണെന്നു അഡ്മിനിസ്‌ട്രേറ്റർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. തുടർന്നു തിരിതെളിയിച്ചു സിനഡുസമ്മേളനം ഉദ്ഘാടനം ചെയ്തതിനുശേഷം അഡമിനിസേ്‌ട്രേറ്റർ ഉദ്ഘാടനപ്രസംഗം നടത്തുകയും മുപ്പത്തിരണ്ടാമതു സിനഡിന്റെ ഒന്നാം സമ്മേളനം ആരംഭിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു.

മേജർ ആർച്ചുബിഷപ്പിന്റെ തെരഞ്ഞെടുപ്പു നടക്കുന്ന സിനഡുസമ്മേളനത്തിന്റെ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുകയാണു സിനഡ് ആദ്യം ചെയ്തത്. കോട്ടയം അതിരൂപതാധ്യക്ഷനായ ആർച്ചുബിഷപ്പ് മാർ മാത്യു മൂലക്കാട്ടു പിതാവിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്ത സിനഡ്, തെരഞ്ഞെടുപ്പു നടപടിക്രമങ്ങളിൽ സഹായിക്കാൻ മാർ അലക്‌സ് താരാമംഗലം പിതാവിനെയും മാർ ജോൺ പനന്തോട്ടത്തിൽ പിതാവിനെയും മാർ മാത്യു നെല്ലിക്കുന്നേൽ പിതാവിനെയും നോട്ടറിയായി മേജർ ആർക്കിഎപ്പിസ്‌കോപ്പൽ കൂരിയ ചാൻസലർ ഫാ. എബ്രഹാം കാവിൽപുരയിടത്തിലിനെയും നിശ്ചയിച്ചു. തുടർന്ന് അത്താഴമുപേക്ഷിച്ചു ഉപവസിച്ച പിതാക്കന്മാർ രാത്രി പ്രാർത്ഥനയ്ക്കുശേഷം വിശ്രമത്തിനായി പിരിഞ്ഞു. 

സിനഡിന്റെ രണ്ടാം ദിവസമായ ജനുവരി 9 നു രാവിലെ ഒമ്പതുമണിക്കു സിനഡുഹാളിലെത്തിയ പിതാക്കന്മാർ പുതിയ മേജർ ആർച്ചുബിഷപ്പിനെ തെരഞ്ഞെടുക്കാൻ പരിശുദ്ധാത്മാവിന്റെ സഹായംതേടി പ്രാർഥിച്ചു. സീറോമലബാർസഭ നേരിടുന്ന വെല്ലുവിളികളെയും നല്‌കേണ്ട മുൻഗണനകളെയുംകുറിച്ചും പുതിയ മേജർ ആർച്ചുബിഷപ്പ് എങ്ങനെയുളള ഒരാളായിരിക്കണമെന്നതിനെക്കുറിച്ചുമുള്ള സ്വതന്ത്രവും വ്യക്തിപരവുമായ ചിന്തകൾ സിനഡുപിതാക്കന്മാർ പങ്കുവച്ചു. രണ്ടാം ദിവസത്തിൽത്തന്നെ പുതിയ മേജർ ആർച്ചുബിഷപ്പിന്റെ തെരഞ്ഞെടുപ്പു പൂർത്തിയായി. മേജർ ആർച്ചുബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയുടെ സമ്മതം സമ്മേളനത്തിന്റെ പ്രസിഡണ്ടായ ആർച്ചുബിഷപ്പ് മാർ മാത്യു മൂലക്കാട്ടു പിതാവു  സിനഡുഹാളിൽവച്ചു രേഖാമൂലം ചോദിക്കുകയും നിയുക്ത മേജർ ആർച്ചുബിഷപ്പു തന്റെ സമ്മതം രേഖാമൂലം അറിയിക്കുകയുംചെയ്തു. പുതിയ മേജർ ആർച്ചുബിഷപ്പിനെ തെരഞ്ഞെടുത്തതു മാർപാപ്പയെ അറിയിച്ചുകൊണ്ടു സിനഡുപിതാക്കന്മാർ എല്ലാവരും ഒപ്പുവച്ച കത്ത്, തന്റെ തിരഞ്ഞെടുപ്പിനു അംഗീകാരം നല്കണമെന്ന് അപേക്ഷിച്ചുകൊണ്ടു നിയുക്ത മേജർ ആർച്ചുബിഷപ്പ് സ്വന്തം കൈപ്പടയിൽ എഴുതിയ കത്തിനോടൊപ്പം അപ്പസ്‌തോലിക് ന്യൂൺഷ്യോവഴി റോമിലേക്കു അയ്ക്കുകയുംചെയ്തു. പുതിയ മേജർ ആർച്ചുബിഷപ്പിന്റെ തെരഞ്ഞെടുപ്പിനുശേഷമുള്ള സമയം സിനഡുപിതാക്കന്മാർ വിവിധ വിഷയങ്ങളെക്കുറിച്ച് അനൗദ്യോഗികമായ ചർച്ചകൾ നടത്തി.

സീറോമലബാർസഭയുടെ പുതിയ ഇടയനായി സിനഡു തെരഞ്ഞെടുത്ത വ്യക്തിയെ അംഗീകരിച്ചുകൊണ്ടു പരിശുദ്ധ പിതാവു  ഫ്രാൻസിസ് മാർപാപ്പ നല്കിയ കത്ത് ജനുവരി 10നു ഉച്ചകഴിഞ്ഞ് 3.30ന് അപ്പസ്‌തോലിക് ന്യൂൺഷ്യോ മേജർ ആർക്കിഎപ്പിസ്‌ക്കോപ്പൽ കൂരിയക്കു ഇമെയിൽ വഴി കൈമാറി. തെരഞ്ഞെടുപ്പിനെ അംഗീകരിച്ചുകൊണ്ടുള്ള മാർപാപ്പയുടെ സ്ഥിരീകരണം ലഭിച്ച  തോടെ നിയുക്ത  മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ്  സിനഡുഹാളിൽ വിശ്വാസ പ്രഖ്യാപനം നടത്തുകയും രേഖയിൽ ഒപ്പുവയ്ക്കുകയും ചെയ്തു. കത്തീഡ്രൽ ബസിലിക്ക അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ മേജർ ആർക്കിഎപ്പിസ്‌കോപ്പൽ കൂരിയായിലെ സെന്റ് തോമസ് ഓഡിറ്റോറിയത്തിൽ സ്ഥാനാരോഹണചടങ്ങുകൾ നടത്താമെന്നു സിനഡുപിതാക്കന്മാർ തീരുമാനിച്ചു. ചർച്ചകൾക്കുശേഷം സമ്മേളനത്തിന്റെ പ്രസിഡണ്ടായ ആർച്ചുബിഷപ്പ് മാർ മാത്യു മൂലക്കാട്ട് പിതാവ്  ഉപസംഹാരപ്രസംഗം നടത്തി സീറോമലബാർസഭയുടെ നാലാമത് മേജർ ആർച്ചുബിഷപ്പിനെ തെരഞ്ഞെടുക്കുന്നതിനായി കൂടിയ മുപ്പത്തിരണ്ടാമതു സിനഡിന്റെ ഒന്നാം സമ്മേളനം അവസാനിച്ചതായി പ്രഖ്യാപിച്ചു. തുടർന്നു സിനഡുപിതാക്കന്മാർ നിയുക്ത മേജർ ആർച്ചുബിഷപ്പിനെ തെരഞ്ഞെടുത്ത കാര്യം സഭാമക്കളെയും പൊതുസമൂഹത്തെയും അറിയിക്കുന്നതിനായി ഓഡിറ്റോറിയത്തിലേക്കുപോയി.

വൈകുന്നേരം 4.30നു സിനഡുപിതാക്കന്മാരും മേജർആർക്കിഎപ്പിസ്‌ക്കോപ്പൽ കൂരിയായിലെ  അംഗങ്ങളും ഓഡിറ്റോറിയത്തിൽ സമ്മേളിച്ചു. ആർച്ചുബിഷപ്പ് മാർ മാത്യു  മൂലക്കാട്ടു പിതാവു  സീറോമലബാർസഭയുടെ നാലാമതു  മേജർ ആർച്ചുബിഷപ്പായി, നിലവിൽ ഷംഷാബാദ് രൂപതാധ്യക്ഷനായി സേവനംചെയ്തുവരികയായിരുന്ന മാർ റാഫേൽ തട്ടിൽ പിതാവിനെ തെരഞ്ഞെടുത്ത വിവരം ഔദ്യോഗികമായി അറിയിച്ചു. തുടർന്നു നിയുക്ത മേജർ ആർചുബിഷപ് ഔദ്യോഗികവസ്ത്രമായ ക്രീം കളറിലുള്ള ളോഹയണിഞ്ഞ്അഡ്മിനിസ്‌ട്രേറ്റർ മാർ സെബാസ്റ്റിയൻ വാണിയപ്പുരയ്ക്കൽ പിതാവ്, സിനഡു  സെക്രട്ടറി മാർ ജോസഫ് പാംപ്ലാനി പിതാവ് എന്നിവരാൽ അനുഗതനായി ഓഡിറ്റോറിയത്തിലേക്കു കടന്നുവന്നു. മാർ സെബാസ്റ്റിയൻ വാണിയപ്പുരയ്ക്കൽ പിതാവു പുതിയ മേജർ ആർച്ചുബിഷപ്പിനെ പൂച്ചെണ്ടു നല്കി അനുമോദിച്ചു. മേജർ ആർചുബിഷപ് എമിരറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവു പുതിയ മേജർ ആർച്ചുബിഷപ്പിന് ആശംസകളർപ്പിച്ചു സംസാരിച്ചു. മറുപടിപ്രസംഗത്തിൽ ദൈവം തന്റെ മേൽ ചൊരിഞ്ഞ എല്ലാ കൃപകൾക്കും മാർ റാഫേൽ തട്ടിൽ പിതാവു നന്ദിപറഞ്ഞു. തന്നിൽ  വിശ്വാസമർപ്പിച്ച പരിശുദ്ധ പിതാവിനോടും  സിനഡുമെത്രാന്മാരോടും പിതാവു തന്റെ കൃതജ്ഞത അറിയിച്ചു. തുടർന്ന്  എല്ലാ മെത്രാന്മാരും  പുതിയ മേജർ ആർച്ചുബിഷപ്പിനെ ആശ്ലേഷിച്ച് ആശംസകൾ അർപ്പിച്ചു. 

സിനഡുതീരുമാനപ്രകാരം ജനുവരി 11 വ്യാഴാഴ്ച ഉച്ച കഴിഞ്ഞു 2.30ന് മേജർ ആർക്കി എപ്പിസ്‌കോപ്പൽ കൂരിയായിലെ സെന്റ് തോമസ് ഓഡിറ്റോറിയത്തിൽ നടന്ന സ്ഥാനാരോഹണകർമങ്ങൾക്കു അഡ്മിനിസ്‌ട്രേറ്റർ മാർ സെബാസ്റ്റിയൻ വാണിയപ്പുരക്കൽ പിതാവു കാർമികത്വം വഹിച്ചു. തുടർന്നു മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയർപ്പിച്ചു. സിനഡുപിതാക്കന്മാർക്കു പുറമേ, വിവിധ സഭകളുടെ തലവന്മാർ, അഭിവന്ദ്യ പിതാക്കന്മാർ, വൈദികർ,  സമർപ്പിതസമൂഹങ്ങളുടെ മേജർ സുപ്പീരിയർമാർ, രൂപതകളിൽ നിന്നുള്ള പ്രതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ഫാ. എബ്രഹാം  കാവിൽപുരയിടത്തിൽമേജർ ആർക്കിഎപ്പിസ്‌ക്കോപ്പൽ ചാൻസലർ

Latest Updates

POPULAR Views

FEATUERD Views

സീറോമലബാർസഭയുടെ മുഴുവൻ ആദരവ്: ശർമ്മിള മേരി ജോസഫ് ഐഎഎസ്

അഭിവന്ദ്യ റാഫേൽ തട്ടിൽ പിതാവിന് ലൂർദ്ദ് പള്ളിയിൽ സ്വീകരണം നല്കുമ്പോൾ അത്...

ചരിത്രത്തെയും വർത്തമാനത്തെയും ബന്ധിപ്പിക്കുന്നകണ്ണിയാകാനുള്ള നിയോഗം: മുഖ്യമന്ത്രി

പ്രാചീനകാലം മുതല്ക്കേ ലോകത്തിന്റെ പലഭാഗങ്ങളിലുള്ള ജനവിഭാഗങ്ങളുമായി വാണിജ്യബന്ധത്തിലേർപ്പെട്ട് അതുവഴിയായി വിവിധ ഭാഷകളെയും...

വിട്ടുപിരിയാനാവാത്ത സൗഹൃദം നല്കുന്ന വ്യക്തി:  വി. വാസവൻ

തട്ടിൽ പിതാവിനെ വളരെ നേരത്തെ മുതൽ പരിചയമുണ്ട്. വശ്യമനോഹരമായ  പെരുമാറ്റം, ലാളിത്യമാർന്ന...

ക്രൈസ്തവമിഷനറിമാരുടെ സേവനങ്ങളെ വിസ്മരിക്കാനാവില്ല: ശശി തരൂർ

പിതാക്കന്മാരുടെ ജോലി ജനങ്ങളെ ദൈവത്തിലേക്ക് അടുപ്പിക്കുക, ദൈവസന്ദേശം അവർക്ക് കൊടുക്കുക എന്നെല്ലാമാണ്....

ജോൺ പോൾ ഒന്നാമൻ മാർപാപ്പയുടെ ഓർമ്മഉണർത്തുന്ന തട്ടിൽ പിതാവ്: വി.ഡി സതീശൻ

അഭിവന്ദ്യ തട്ടിൽപിതാവിനെ കാണുമ്പോഴെല്ലാം എനിക്കോർമ്മ വരുന്നത് ജോൺ പോൾ ഒന്നാമൻ മാർപാപ്പയെയാണ്....

ഹൃദയംകൊണ്ട് സംസാരിക്കുന്ന ആൾ: റോഷി അഗസ്റ്റിൻ

സഭയുടെ അംഗമെന്ന നിലയിൽ പുത്രന് യോജിച്ച വികാരവായ്പ്പോടെയാണ് ഞാൻ ഇവിടെ നില്ക്കുന്നത്....

പൗലോസ് ശ്ലീഹായെപോലെ: ബിഷപ് മാർ തോമസ് തറയിൽ

വിശുദ്ധ പത്രോസ് സഭയുടെ അജപാലകനാകുന്നതിന് മുമ്പ് കർത്താവ് വിശുദ്ധ പത്രോസിനോട് ചോദിച്ച...

കത്തോലിക്കാ വിശ്വാസത്തിൽ വെള്ളം ചേർക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല: ആർച്ചുബിഷപ് മാർ ജോസഫ് പെരുന്തോട്ടം

ആഗോളവ്യാപകമായി ചിതറിപ്പാർക്കുന്ന സീറോ മലബാർ വിശ്വാസികളെ ഒരുമിച്ചുചേർത്തു നയിക്കുവാൻ, അവരെ പഠിപ്പിക്കുവാൻ,...

കരിസ്മാറ്റിക് ചൈതന്യം കരുത്തായുള്ള ഇടയൻ: ആർച്ചുബിഷപ് ഡോ. തോമസ് ജെ നെറ്റോ

സഭാസംവിധാനത്തിൽ നേതൃത്വം വഹിക്കുന്നവരെ ഇടയന്മാർ എന്നാണ് വിളിക്കുന്നത്. തിരഞ്ഞെടുപ്പിലൂടെയോ നിയമനത്തിലൂടെയോ ആണ്...

ദൈവകരം പ്രവർത്തിച്ചപ്പോൾ: ഔഗിൻ മാർ കുര്യാക്കോസ്

ദൈവത്തിന്റെ കരം എങ്ങനെ പ്രവർത്തിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് മേജർ ആർച്ച് ബിഷപ്പായുള്ള മാർ...

ദൈവം നല്കിയ മറുപടി: ബിഷപ് അലക്സ് വടക്കുംതല

ഹൃദയത്തിലെന്നും യുവത്വവും തീക്ഷണതയും കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് മേജർ ആർച്ച് ബിഷപ് മാർ...

നിഷ്‌ക്കപടനായ ഇസ്രായേൽക്കാരൻ: ആർച്ചുബിഷപ് മാർ ആൻഡ്രൂസ് താഴത്ത്

കർത്താവിന്റെ അടുക്കലേക്ക് പീലിപ്പോസ് നഥാനിയേലിനെ കൊണ്ടുവന്നപ്പോൾ കർത്താവ് നഥാനിയേലിനെ നോക്കി പറഞ്ഞു...