കർത്താവ് പത്രോസിനെ മേൽപ്പട്ടശുശ്രൂഷ ഏല്പിച്ചത് പ്രാതൽ കഴിച്ചതിന് ശേഷമാണ്. വളരെ മനോഹരമാണ് പ്രസ്തുത സുവിശേഷഭാഗം. യോഹ 21 :15-18 ഭാഗങ്ങളിലാണ് ഇക്കാര്യം വിവരിച്ചിരിക്കുന്നത്. വ്യക്തിപരമായി ഈ തിരുവചനഭാഗം എന്നെ ആഴത്തിൽ സ്പർശിച്ചിട്ടുണ്ട്. പ്രാതൽ ദിവ്യകാരുണ്യമാണ്. പ്രാതലിന് ശേഷം കർത്താവ് പത്രോസിനോട് ഒരു ചോദ്യം ചോദിച്ചു. ശിമയോനേ നീ ഇവരെക്കാൾ അധികമായി എന്നെ സ്നേഹിക്കുന്നുവോ? മൂന്നുതവണയാണ് കർത്താവ് ഈ ചോദ്യം ചോദിച്ചത്. നീ ഇവരെക്കാൾ അധികമായി എന്നെ സ്നേഹിക്കുന്നുവോ?
പട്ട ശുശ്രൂഷയും മേൽപ്പട്ട ശുശ്രൂഷയും അധികമായി സ്നേഹിക്കാനുള്ള വിളിയാണ്. സ്നേഹിക്കുക, അധികമായി സ്നേഹിക്കുക.ഞാൻ എപ്പോഴും എന്നോട് തന്നെ ചോദിക്കാൻ ആഗ്രഹിക്കുന്നത് നീ ഇവരെ സ്നേഹിക്കുന്നുണ്ടോയെന്നാണ്. ഈ ചോദ്യത്തിന് ഉത്തരം പറയാൻ എനിക്ക് കഴിയണമെങ്കിൽ ഞാൻ അധികമായി കർത്താവിനെ സ്നേഹിക്കണം. കർത്താവിനെ മറ്റാരെക്കാളും അധികമായി സ്നേഹിക്കാൻ എനിക്ക് കഴിയുമ്പോൾ മാത്രമേ മറ്റാരെയും എനിക്ക് സനേഹിക്കാൻ കഴിയുകയുള്ളൂ.
ലൂക്കായുടെ സുവിശേഷം പതിനഞ്ചാം അധ്യായത്തിൽ മൂന്നു കഥകൾ കർത്താവ് പറയുന്നുണ്ട്. കാണാതായ ആടിന്റെ ഉപമ, കാണാതായ നാണയത്തിന്റെ ഉപമ, ധൂർത്തപുത്രന്റെ ഉപമ.
ഞാൻ തൃശൂർ സെന്റ് തോമസിൽ മാനേജരായിരുന്ന കാലത്ത് അവിടെ ഇക്കണോമിക്സ് പ~ിപ്പിച്ചിരുന്നവരിൽ ഹൈന്ദവനായ ഒരു അധ്യാപകനുണ്ടായിരുന്നു. അദ്ദേഹം എന്നോട് ഒരിക്കൽ പറഞ്ഞത് ഇങ്ങനെയാണ്, യേശുതമ്പുരാൻ പറഞ്ഞ എല്ലാ ഉപമകളും വളരെ നല്ലതാണ്. പക്ഷേ വളരെ അൺ എക്കണോമിക്കലായി ഒരു ഉപമ പറഞ്ഞിട്ടുണ്ട്. ഏതാണ് ആ ഉപമ? നൂറാടുകളിൽ ഒന്നിനെ കാണാതെപോയപ്പോൾ ബാക്കി 99 നെയും വിട്ടിട്ട് കാണാതെ പോയ ഒന്നിനെ അന്വേഷിച്ചുപോയി. ഇത് ഇക്കണോമിക്കലല്ല തിരിച്ചുവരുമ്പോൾ 99 ആടുകൾ കാണുമെന്ന് എന്താണുറപ്പ്? പക്ഷേ എനിക്ക് തോന്നുന്നു തമ്പുരാന്റെ ഏറ്റവും വലിയപ്രത്യേകത നഷ്ടപ്പെട്ടതിനെ വീണ്ടെടുക്കുകയാണെന്ന്.
വീട് വിളക്കുകൊളുത്തി അടിച്ചുവാരി നാണയം അന്വേഷിക്കുന്ന പാവപ്പെട്ട ഒരു വിധവ. നാണയംകണ്ടുകിട്ടുവോളം അവൾ വീട് അടിച്ചുവാരി. അതുപോലെ അടിച്ചുവാരൽ ശുശ്രൂഷയും കണ്ടെടുക്കൽ ശുശ്രൂഷയുമാണ് മേൽപ്പട്ട ശുശ്രൂഷ.അതിന് നമുക്ക് നമ്മളെ തന്നെ ഒരുപാട് വൃത്തിയാക്കേണ്ടതായിട്ടുണ്ട്. എങ്കിൽ മാത്രമേ നമുക്ക് മറ്റുള്ളവരെ വൃത്തിയാക്കാൻ കഴിയൂ. അടിച്ചുവാരുക, കണ്ടെടുക്കുക,നാണയം കണ്ടുകിട്ടി. നഷ്ടപ്പെട്ടുപോയ ആടിനെ കണ്ടുകിട്ടി. ധൂർത്തപുത്രനെ തിരിച്ചുകിട്ടി.ആരും നഷ്ടപ്പെട്ടുപോകരുത്.
ധൂർത്തപുത്രന്റെ സഹോദരനോട് പിതാവ് പറയുന്നത് ഇതാണ്. ‘നീ എപ്പോഴും എന്റെകൂടെയുണ്ടായിരുന്നുവല്ലോ.’ എന്റെ ശുശ്രൂഷയിൽ ഞാൻ ഈ നിലപാടാണ് എടുക്കുന്നത്. പത്രോസിനോട് കർത്താവ് പറയുന്ന ഒരു കാര്യമുണ്ട്: ‘നീ സ്വയം അരമുറുക്കുക.ഇനി നിനക്ക് ഇഷ്ടമുള്ളിടത്തേക്ക് പോകാൻ നിനക്ക് കഴിവില്ല. നിന്നെ കൊണ്ടുപോകുന്നിടത്തേക്ക് നീ പോകുക.’ പത്രോസിന്റെ രക്തസാക്ഷിത്വത്തെക്കുറിച്ച് സൂചിപ്പിക്കാനാണ് ഇത് പറയുന്നതെന്നാണ് ബൈബിൾ പണ്ഡിതന്മാരുടെ അഭിപ്രായം. പക്ഷേ അത് എന്നോട് പറയുന്നതായിട്ടാണ് എനിക്ക് തോന്നുന്നത്.
നമ്മുടെ ശക്തി പരിശുദ്ധ കുർബാനയാണ്. പരിശുദ്ധ കുർബാനയിൽ നിന്ന് ശക്തി നേടാനായി നാം എല്ലാവരും പരിശ്രമിക്കണം. കുർബാനയിൽ കൂടുതലാശ്രയിക്കണം.


