ഹിസ്ട്രിയോണിക് വ്യക്തിത്വവൈകല്യം ഉളളവര്‍ക്ക് എപ്പോഴും മറ്റുള്ളവരുടെ ശ്രദ്ധയും അംഗീകാരവും നേടാനുള്ള ശക്തമായ ആവശ്യം ഉണ്ടാകും. അവര്‍ പലപ്പോഴും നാടകീയമായ രീതിയില്‍ പെരുമാറുകയും വികാരങ്ങള്‍ അതിശയിപ്പിച്ച് പ്രകടിപ്പിക്കുകയും ചെയ്യും. ലൈംഗിക ആകര്‍ഷണമുള്ള വസ്ത്രധാരണങ്ങളും ചേഷ്ടകളും പ്രദര്‍ശിപ്പിക്കുന്നതിനും ഇവര്‍ ശ്രമിക്കാറുണ്ട്. തെറ്റായ തീരുമാനങ്ങളെ തുടര്‍ന്ന് ഇവര്‍ പലപ്പോഴും പ്രശ്നങ്ങളില്‍ അകപ്പെടാറുണ്ട്.
ലക്ഷണങ്ങള്‍
നിയന്ത്രിക്കാന്‍ കഴിയാത്ത ദേഷ്യവും വാശിയും പലപ്പോഴും കാണിക്കുന്നു. തനിച്ചായിപ്പോകുമെന്ന ഭയം, അങ്ങേയറ്റം ആശ്രയമനോഭാവം ഇവരില്‍ കാണാവുന്നതാണ്. സ്ഥിരതയില്ലാത്ത സ്വഭാവം ഇവര്‍ പ്രദര്‍ശിപ്പിക്കുന്നു. ഒരിക്കല്‍ പറഞ്ഞ കാര്യങ്ങള്‍ അടുത്ത നിമിഷം മാറ്റിപ്പറയും. കള്ളം പറയുന്നതിലും അത് സത്യമാണെന്ന് സമര്‍ത്ഥിക്കുന്നതിലും അതീവനിപുണരാണ്. എന്ത് കാര്യങ്ങളും അതിശയോക്തിയോടുകൂടി ചെയ്ത് അവതരിപ്പിക്കുക, സാഹചര്യങ്ങളെയും സംഭവങ്ങളെയും സ്വയം ഉണ്ടാക്കിയെടുത്ത് ഭാവനയില്‍ കണ്ട് അതാണ് സത്യം എന്ന് വിശ്വസിക്കുകയും മറ്റുള്ളവരെ അത് വിശ്വസിപ്പിക്കുവാനുള്ള ശ്രമം നടത്തുകയും ചെയ്യുക എന്നിവ ഇവരുടെ പ്രത്യേകതകളാണ്.. സ്വന്തം കാര്യസാധ്യത്തിനുവേണ്ടി എന്തും ചെയ്യാനുള്ള മനോഭാവം, ശ്രദ്ധയും പരിഗണനയും കിട്ടുന്നതിനുവേണ്ടി അസുഖം ഭാവിക്കല്‍, ആത്മഹത്യ ചെയ്യുമെന്ന ഭീഷണി തുടങ്ങിയവയും പ്രകടിപ്പിക്കാറുണ്ട്. ഇവരുടെ സ്വഭാവം എപ്പോഴാണ് മാറുക എന്ന് പ്രവചിക്കുക സാധ്യമല്ല. വളരെ സന്തോഷത്തോടെ സംസാരിച്ചിരിക്കും. അടുത്ത നിമിഷം യാതൊരു പ്രകോപനവും കൂടാതെ പൊട്ടിത്തെറിച്ച് സംസാരിക്കും, മറ്റുള്ളവരോട് പുറംമോടിയിലുള്ള വികാരപ്രകടനങ്ങളായിരിക്കും പ്രകടിപ്പിക്കുന്നത്.
സ്വന്തം പരാധീനതകളും കുറവുകളും കൊണ്ടുണ്ടാകുന്ന വീഴ്ചകള്‍ മറ്റുള്ളവരുടെ തലയില്‍ കെട്ടിവയ്ക്കുന്നതില്‍ ഇവര്‍ തല്പരരാണ്. കാര്യസാധ്യത്തിനായി വ്യക്തിബന്ധങ്ങള്‍ നന്നായി വളര്‍ത്തിയെടുക്കാന്‍ ഇവര്‍ക്കാകും. അവരുടെ സൗഹൃദത്തിന് വ്യക്തമായ ചില ഉദ്ദേശ്യങ്ങള്‍ ഉണ്ടാകും. കാര്യങ്ങള്‍ വിശകലനം ചെയ്യുന്നതില്‍ കൂര്‍മ്മബുദ്ധി കാണിക്കും. പക്ഷേ അവരുടെ താല്പര്യമനുസരിച്ചാകും പലപ്പോഴും വിശകലനം എന്നുമാത്രം.
കാരണങ്ങള്‍
ഈ വൈകല്യത്തിന് ഒരു കാരണം മാത്രമല്ല പല കാരണങ്ങളുണ്ട്. പാരമ്പര്യവും പരിസ്ഥിതിപരവുമായ ഘടകങ്ങള്‍, ബാല്യകാലത്ത് ശ്രദ്ധ കിട്ടാതിരിക്കല്‍, അതുപോലെ തന്നെ കുട്ടിക്കാലത്ത് നാടകീയ സ്വഭാവങ്ങള്‍ക്ക് അമിതമായ പ്രോത്സാഹനം കൊടുക്കല്‍, മാനസിക ഘടകങ്ങളുടെ തലത്തില്‍ ആത്മവിശ്വാസക്കുറവ്, അംഗീകരിക്കപ്പെടുന്നതിനുള്ള അതിയായ ആവശ്യം, മാതാപിതാക്കളുടെ അസ്വാഭാവികമായ പെരുമാറ്റ മാതൃകകള്‍ തുടങ്ങിയവ ഇത്തരം ഡിസോര്‍ഡറിനും പലപ്പോഴും കാരണമാകുന്നു.
മന:ശാസ്ത്ര സമീപനങ്ങള്‍
ഇത്തരം വൈകല്യങ്ങള്‍ക്ക് രോഗനിര്‍ണ്ണയം ചെയ്യപ്പെടുന്ന വ്യക്തികള്‍ക്ക് വികാരങ്ങളെ നിയന്ത്രിക്കാനും യഥാര്ഥബന്ധങ്ങള് രൂപപ്പെടുത്താനും സ്വയം അവബോധം വര്‍ദ്ധിപ്പിക്കാനും കൊഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പി (CBT) പ്രയോജനപ്പെടുത്താം. ഇത്തരം പേഴ്സണാലിറ്റി വൈകല്യത്തിന് ഔഷധചികിത്സയില്ല. എന്നാല്‍ ഇതിനോടൊപ്പം (commorbidtiy) അമിതമായ ഉത്കണ്ഠ, വിഷാദരോഗം തുടങ്ങിയവ രോഗനിര്‍ണ്ണയം ചെയ്യപ്പെടുകയാണെങ്കില്‍ മനോരോഗവിദഗ്ധന്റെ സഹായം ആവശ്യമാണ്.
റവ. ഡോ.സിജോണ്‍ കുഴിക്കാട്ടുമ്യാലില്‍



