ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പൊതുവായ പ്രശ്‌നങ്ങളെ വിശദമായി അവതരിപ്പിക്കുന്ന ഭാഗമാണ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ രണ്ടാം അധ്യായം. ഇവിടെ 59 ഖണ്ഡികകളിലൂടെ ന്യൂനപക്ഷമായ ക്രൈസ്തവരുടെ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നു. ഇരുന്നൂറില്‍പരം വര്‍ഷങ്ങളായുള്ള ക്രിസ്തീയ വിദ്യാഭ്യാസ സംഭാവനകള്‍ കമ്മീഷന്‍ എടുത്തുപറയുന്നു കൂടാതെ ഈ രംഗത്തെ ബുദ്ധിമുട്ടുകളും വിവരിക്കുന്നു.
പുതിയ നിയമങ്ങളും ആ നിയമങ്ങളുടെ പിന്‍ബലത്തില്‍ രൂപപ്പെടുത്തിയ ചട്ടങ്ങളും നിലവില്‍ വന്നതിനുശേഷം വിദ്യാലയങ്ങള്‍ ഉചിതമായ രീതിയില്‍ നടത്തിക്കൊണ്ടു പോകാന്‍ സാധിക്കാത്ത ഒരു സ്ഥിതിവിശേഷം ഉരുത്തിരിഞ്ഞിട്ടുണ്ട് എന്ന് കമ്മീഷന് ബോധ്യപ്പെട്ടിരിക്കുന്നു. അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം ഒന്നുംതന്നെ നല്‍കാത്തതും ചില പ്രദേശങ്ങളില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലാത്തതിനാല്‍ പത്താം ക്ലാസ് കഴിഞ്ഞാല്‍ ഉപരിപഠനം സാധ്യമല്ലാതെ വരുന്നതും ഏകജാലകം എന്ന അഡ്മിഷന്‍ രീതി നടപ്പില്‍ വന്നതു വഴി ന്യൂനപക്ഷ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടായിരിക്കുന്നു എന്നതും സംവരണം ലഭ്യമല്ലാത്തതിനാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പല വിദ്യാര്‍ഥികളും പിന്തള്ളപ്പെടുന്നു എന്ന യാഥാര്‍ഥ്യവും കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നു.
ക്രിസ്ത്യാനികള്‍ക്ക് മുസ്ലിം ജനവിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന തോതിനനുസൃതമായ പ്രാതിനിധ്യം ന്യൂനപക്ഷ ആനുകൂല്യങ്ങളില്‍ ഇല്ലെന്ന് കമ്മീഷന്‍ തിരിച്ചറിയുകയും കണക്കുകള്‍ സഹിതം വ്യക്തമായി എഴുതുകയും ചെയ്തിട്ടുണ്ട്. തീരദേശത്തും മലയോര പ്രദേശങ്ങളിലും ഉള്ള കോളേജുകളില്‍ പുതിയ കോഴ്‌സുകള്‍ അനുവദിക്കാത്തതും പൊതുപരീക്ഷകള്‍ക്കുള്ള പരിശീലന കേന്ദ്രങ്ങള്‍ ക്രൈസ്തവ ന്യൂനപക്ഷ മേഖലകളില്‍ ഇല്ലാത്തതും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആവര്‍ത്തന ചെലവിനായും മൂലധനബാധ്യതയുടെ നിശ്ചിത ശതമാനമായും സര്‍ക്കാര്‍ ന്യായമായും നല്‍കേണ്ട ഗ്രാന്റിന്റെ അഭാവവും ആശങ്കയോടെ കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നു. ഭരണഘടനയുടെ അനുഛേദങ്ങള്‍ 26 30 എടുത്തുപറഞ്ഞുകൊണ്ട് ന്യൂനപക്ഷ അവകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നു.
പൊതുയോഗ്യതാ പരീക്ഷകള്‍ പാസാകുന്നതിന് ആവശ്യമായ മാര്‍ക്ക് എല്ലാ സമുദായത്തിനും തുല്യമായിരിക്കണം. ഇവയിലെ വിജയനിര്‍ണയം ജാതിമത പരിഗണക്കതീതമായിരിക്കണം. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ വെബ്‌സൈറ്റ് ഉദ്ധരിച്ചുകൊണ്ട് മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ലഭ്യമാകുന്ന ക്ഷേമ പദ്ധതികളിലെ വിവേചനത്തെക്കുറിച്ച് വിശദമായി കമ്മീഷന്‍ പ്രതിപാദിക്കുന്നു. പരിശീലന കേന്ദ്രങ്ങള്‍, സ്‌കോളര്‍ഷിപ്പുകള്‍, ലോണുകള്‍ എന്നിവ ക്രൈസ്തവര്‍ക്കു കൂടുതല്‍ ലഭ്യമാക്കണം.
ക്രിസ്ത്യന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും കോളേജുകളിലും മാനേജ്‌മെന്റ് ക്വോട്ടയും കമ്മ്യൂണിറ്റി ക്വോട്ടയും കൂടുതലായി അനുവദിക്കണം. ഇത് ആ സമുദായത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് അധികമായി പ്രവേശനം ലഭിക്കുവാന്‍ അവസരം നല്‍കും. വിവിധ സ്‌കോളര്‍ഷിപ്പുകളുടെ കുടുംബ വരുമാന പരിധി പുനരാലോചിക്കുകയും പുതിയ രീതിയില്‍ നിശ്ചയിക്കുകയും ചെയ്യണം. SC/ST സംവരണത്തില്‍ ആരെയും കിട്ടാത്ത സാഹചര്യം ഉള്ളപ്പോള്‍ SCCC വിഭാഗത്തില്‍പ്പെടുന്ന ആളുകളെ പരിഗണിക്കണം. സ്‌പെഷ്യല്‍ സ്‌കൂളുകള്‍ മൊത്തമായി തന്നെ സര്‍ക്കാര്‍ ഏറ്റെടുക്കണം.
പ്രൊഫഷണല്‍ വിദ്യാഭ്യാസം ലഭിച്ച ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നതിന് ആവശ്യമായ വ്യക്തിഗത /ഗ്രൂപ്പ് ലോണുകള്‍ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന് കീഴില്‍ നടപ്പിലാക്കണം. ക്ഷേമപെന്‍ഷനുകള്‍, ജീവനക്കാരുടെ നിയമനങ്ങള്‍, ക്ഷേമനിധികള്‍, പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രമം പോലെയുള്ള കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള പദ്ധതികള്‍ ക്രൈസ്തവ മേഖലകളിലും തുല്യ പരിഗണന നല്‍കുന്നതിലെ വീഴ്ച എന്നിങ്ങനെയുള്ള വിവേചനപരമായ സര്‍ക്കാര്‍ നടപടികളെ കണക്കുകളെ ഉദ്ധരിച്ചു ചൂണ്ടിക്കാണിക്കുന്ന കമ്മീഷന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷനെ നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നിയമഭേദഗതിയിലെ അനൗചിത്യവും വ്യക്തമാക്കുന്നുണ്ട്. സംവരണ വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ നിശ്ചയിക്കുന്ന കമ്മീഷനുകളുടെ പേരുകള്‍ പോലും ഭേദഗതി ചെയ്യണം.
സംവരണേതര വിഭാഗങ്ങളെ മുന്നോക്ക വിഭാഗങ്ങള്‍ എന്ന് വിളിക്കുന്നത് യുക്തിരഹിതമാണ് . ന്യൂനപക്ഷ കമ്മീഷന്‍, ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍, ന്യൂനപക്ഷ ക്ഷേമസമിതികള്‍ എന്നിവയുടെ ഭരണനിര്‍വഹണത്തില്‍ ക്രൈസ്തവര്‍ക്ക് ആനുപാതിക പ്രാധിനിധൃം നല്‍കണം. ആരോഗ്യ മേഖലയിലെ ചര്‍ച്ചകള്‍ക്ക് കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കൊപ്പം ചായ് പോലുള്ള ക്രൈസ്തവ അസോസിയേഷനുകള്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കണം. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിലും പ്രാതിനിധ്യം ഉണ്ടാകണം. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അധ്യക്ഷനായി റൊട്ടേഷനില്‍ ക്രൈസ്തവരെയും നിയമിക്കണം. ക്രൈസ്തവ വിശ്വാസം, ആചാരങ്ങള്‍ എന്നിവയെ അവഹേളിക്കുന്ന ഉള്ളടക്കങ്ങള്‍ ഉള്ള ചലച്ചിത്ര നിര്‍മ്മാണം, പ്രസിദ്ധീകരണങ്ങള്‍ എന്നിവയ്‌ക്കെതിരെ വിശ്വാസികള്‍ പരാതിപ്പെടുമ്പോള്‍ സത്വരമായ നടപടികള്‍ സ്വീകരിക്കുവാന്‍ സംവിധാനങ്ങള്‍ ഉണ്ടാകണം. പെണ്‍കുട്ടികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരാക്കുന്ന കേന്ദ്രങ്ങള്‍ ഉണ്ടോ എന്ന കാര്യത്തില്‍ പോലീസ് സംവിധാനം ജാഗ്രത പുലര്‍ത്തണം. ചര്‍ച്ച് ബില്‍, കേരള മാരേജ് രജിസ്‌ട്രേഷന്‍ ബില്‍ എന്നിവയുടെ യുക്തി ഇല്ലായ്മയെയും അനീതിയെയും കുറിച്ചും കമ്മീഷന്‍ പ്രതിപാദിക്കുന്നുണ്ട്. ക്രൈസ്തവ ആരാധനാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉള്ള പട്ടയാവകാശം ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ ദൂരീകരിക്കേണ്ടതുണ്ട്.ഭൂമിയുടെ അവകാശത്തെ പറ്റിയുള്ള ബുദ്ധിമുട്ടുകളും, സെമിത്തേരികള്‍ക്ക് അനുവാദം ലഭിക്കുന്നതിനുള്ള പ്രയാസങ്ങളും, ക്രൈസ്തവ കലാരൂപങ്ങളെ സംരക്ഷിക്കുവാനുള്ള നടപടികള്‍ തുടങ്ങി സര്‍ക്കാര്‍ ശ്രദ്ധ നല്‍കേണ്ട മേഖലകളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നു.ഇ ഡബ്ല്യു എസ് റിസര്‍വേഷന്‍ വിപുലമാക്കേണ്ട മേഖലകളെക്കുറിച്ചും കമ്മീഷന്‍ പറയുന്നുണ്ട്.
ഡോ. മേരി റജീന
(Director of Physical Plant, Kerala Agricultural university )


