സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാര്‍ക്കും മെത്രാന്മാര്ക്കും
വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും തന്റെ അജപാലനശുശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്നത്.
കര്‍ത്താവിന്റെ കൃപ നിങ്ങളെല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ!
മിശിഹായില്‍ പ്രിയ സഹോദരീസഹോദരന്മാരേ,
സീറോമലബാര്‍സഭയുടെ മുപ്പത്തിമൂന്നാമതു സിനഡിന്റെ രണ്ടാം സമ്മേളനം 2025 ആഗസ്റ്റ് 18 മുതല്‍ 29 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ നടക്കുകയുണ്ടായി. സീറോമലബാര്‍സഭയെ ഏറെ സ്‌നേഹിക്കുകയും സഭയുടെ വളര്‍ച്ചയ്ക്കായി പുതിയ സാധ്യതകള്‍ തുറന്നുതരികയുംചെയ്ത പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗവും, പൗരസ്ത്യസഭകളുടെ ദൗത്യത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉള്ള ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹ ണവും ആദരവോടെ അനുസ്മരിച്ചുകൊണ്ടാണു സിനഡു സമ്മേളനം ആരംഭിച്ചത്. പ്രതിസന്ധികളും വെല്ലുവിളികളും ഏറെയാണെങ്കിലും, നമ്മുടെ കര്‍ത്താവു നമ്മെ ഭരമേല്പ്പിച്ച ദൗത്യനിര്‍വഹണത്തിനായി അക്ഷീണം പരിശ്രമിക്കാന്‍ സഭ കടപ്പെട്ടിരിക്കുവെന്ന തിരിച്ചറിവോടെയാണു പിതാക്കന്മാർ പ്രാര്‍ഥനയിലും പരിചിന്തനങ്ങ ളിലും മുഴുകിയത്.
മതസ്വാതന്ത്ര്യം ഭാരത സംസ്‌കാരത്തിന്റെ അനിവാര്യ ഘടകം
‘നാനാത്വത്തില്‍ ഏകത്വം’ എന്ന തത്വത്തില്‍ അധിഷ്ഠിതമായി ജാതി മത വര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും സ്വാതന്ത്ര്യം അനുവദിച്ച സംസ്‌കാരമാണു ഭാരതത്തിന്റേത്. നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതയ്ക്കു ഭംഗം വരുത്താത്ത രീതിയില്‍ ഓരോ വ്യക്തിക്കും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും അത് ജീവിക്കാനും, പ്രചരിപ്പിക്കാനും ഭാരതത്തിന്റെ ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. നൂറ്റാണ്ടുകളായി മിഷനറിപ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിന്റെ താഴെത്തട്ടില്‍ ഉള്ളവരുടെ ഉന്നമനത്തിനായി ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹികമേഖലകളില്‍ ക്രൈസ്തവര്‍ നല്കിയ സംഭാവനകള്‍ പാടെ തമസ്‌കരിച്ച് അതിനെ കേവലം മതവിഷയം മാത്രമാക്കി ചുരുക്കുന്ന വര്‍ഗീയ അജണ്ടകള്‍ തികച്ചും ദൗര്‍ഭാഗ്യകരമാണ്. രാഷ്ട്ര നിര്‍മാണത്തില്‍ ക്രൈസ്തവരുടെ പങ്കിനെ വിസ്മരിച്ചുകൊണ്ടു നമുക്കെതിരേ വിവേചനങ്ങളും വിദ്വേഷ പ്രചരണങ്ങളും നടക്കുന്നതും നമ്മുടെ വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും അല്മായപ്രേഷിതര്‍ക്കും സഞ്ചാരസ്വാതന്ത്ര്യംപോലും പലയിടങ്ങളിലും നിഷേധിക്കപ്പെടുന്നതും മൗലികാവകാശ ങ്ങളുടെ ലംഘനമാണ്. മിശിഹായുടെ സ്‌നേഹത്തെപ്രതി തങ്ങളുടെ ജീവിതങ്ങള്‍ സഭയ്ക്കും സമൂഹത്തിനുമായി സമര്‍പ്പിക്കുന്ന എല്ലാ പ്രേഷിതരെയും സീറോമലബാര്‍സഭ അഭിമാനത്തോടെ ഓര്‍ക്കുന്നു. ‘മിശിഹായുടെ സ്‌നേഹത്തില്‍നിന്ന് ആരു നമ്മെ വേര്‍പെടുത്തും; ക്ലേശമോ ദുരിതമോ പീഡനമോ നഗ്‌നതയോ ആപത്തോ പട്ടിണിയോ വാളോ?… നമ്മെ സ്‌നേഹിച്ചവന്‍ മുഖാന്തരം ഇതിലെല്ലാം നാം പൂര്‍ണ വിജയം വരിക്കുന്നു? (റോമാ 8:35-37) എന്ന തിരുവചനം നമ്മെ ശക്തിപ്പെടുത്തട്ടെ!
ഐക്യം നിലനിര്‍ത്തുക നമ്മുടെ കര്‍ത്തവ്യമാണ്
‘മിശിഹായില്‍ നാമെല്ലാം ഒന്നാണ്’ (In Illo Uno Unum) എന്നതാണല്ലോ പരിശുദ്ധ പിതാവ് ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ആപ്തവാക്യം. ഒരേ സഭയില്‍ നാമെല്ലാം ഒന്നായിരിക്കുന്നതാണ് ഏറ്റവും വലിയ സുവിശേഷപ്രഘോഷണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രൂപതകള്‍ സ്ഥാപിക്കാനും അജപാലനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും സാധിച്ചപ്പോഴും പരിശുദ്ധ കുര്‍ബാനയുടെ അര്‍പ്പണത്തെ സംബന്ധിച്ചു നിലനിന്നിരുന്ന വ്യത്യസ്തതകള്‍ നമ്മുടെ ഐക്യബോധത്തെ ദോഷകരമായി ബാധിച്ചിരുന്നു. ഇതിനു പരിഹാരമായിട്ടായിരുന്നു സിനഡു തീരുമാനിച്ചതും ശ്ലൈഹിക സിംഹാസനം അംഗീകരിച്ചതുമായ ഏകീകൃത കുര്‍ബാനയര്‍പ്പണരീതി നടപ്പിലാക്കാന്‍ സഭ ആഗ്രഹിച്ചത്. അതിന്‍പ്രകാരം ഏകീകൃത കുര്‍ബാനയര്‍പ്പണരീതി പൂര്‍ണമായി നടപ്പിലാക്കിയ രൂപതകളെയും ഇടവകകളെയും സഭ നന്ദിയോടെ അനുസ്മരിക്കുന്നു. പരിശുദ്ധ പിതാവ് അന്തിമ തീരുമാനം അറിയിച്ചുകഴിഞ്ഞ ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണരീതി സീറോമലബാര്‍സഭയില്‍ ഉടനീളം മാറ്റമില്ലാതെ തുടരേണ്ടതാണ്. 2025 ജൂണ്‍ 26ാം തീയതി എറണാകുളംഅങ്കമാലി അതിരൂപതയ്ക്കു മാത്രമായി നല്കപ്പെട്ട സര്‍ക്കുലര്‍ ഈ തീരുമാനത്തിന്റെ തുടര്‍ച്ചയാണ്. പ്രസ്തുത സര്‍ക്കുലര്‍പ്രകാരം ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഏകീകൃതരീതിയില്‍ ഒരു വിശുദ്ധ കുര്‍ബാന വീതം ചൊല്ലിത്തുടങ്ങിയ അതിരൂപതയിലെ വൈദികരെ സിനഡു നന്ദിയോടെ ഓര്‍മിക്കുന്നു. ഏകീകൃത കുര്‍ബാനയര്‍പ്പണരീതി ഘട്ടം ഘട്ടമായി നടപ്പിലാക്കി ഐക്യത്തിലേക്കു വളര്‍ത്താനുള്ള ഉത്തരവാദിത്വം മേജര്‍ ആര്‍ച്ചുബിഷപ്പിനെയും അതിരൂപതയ്ക്കുവേണ്ടി യുള്ള വികാരിയെയും വികാരിയെയും സിനഡു ചുമതലപ്പെടുത്തി.
ആരാധനക്രമത്തിലെ അനൈക്യം നമ്മെ എല്ലാവരെയും ഏറെ വേദനിപ്പിക്കുന്നു. ആരെയും മുറിപ്പെടുത്തിക്കൊണ്ടു യഥാര്‍ത്ഥ ഐക്യം സാധ്യമാക്കാനാവാത്തതിനാല്‍ പരസ്പരം മുറിപ്പെടുത്തുന്നവരാകാതെ സുഖപ്പെടുത്തുകയും ബലപ്പെടുത്തുകയും ചെയ്യുന്നവരാകാന്‍ നമുക്കു പരിശ്രമിക്കാം. ഏകീകൃത ആരാധനക്രമത്തെ സംബന്ധിച്ചു നിലനില്ക്കുന്ന ഭിന്നതകള്‍ പരിഹരിക്കാനുള്ള ആദ്യവഴി, പരിശുദ്ധ റൂഹായെ ശ്രവിച്ചു സഭയ്ക്കു വിധേയപ്പെടുകയും വ്യക്തികളും സമൂഹങ്ങളും തമ്മിലുള്ള അനുരഞ്ജനം സാധ്യമാക്കുകയുമാണ്. വിശുദ്ധ പൗലോസ് ശ്ലീഹായുടെ വാക്കുകള്‍ നമുക്ക് ഓര്‍മിക്കാം: ?അവന്‍ നമ്മുടെ സമാധാനമാണ്; അവന്‍ ഇരുകൂട്ടരെയും ഒരുമിപ്പിക്കുകയും ശത്രുതയുടെ മതിലുകള്‍ തകര്‍ക്കുകയും ചെയ്തു? (എഫേസൂസ് 2:14). അതിനാല്‍, വ്യക്തികളും സമൂഹങ്ങളും തമ്മിലുള്ള അകല്ച്ചകള്‍ ഇല്ലാതാക്കി എല്ലാവരെയും അനുരഞ്ജനത്തിലേക്കു നയിക്കാന്‍ സഭ മുഴുവനും പ്രതിജ്ഞാബദ്ധമാണ്. പരിശുദ്ധ പിതാവു ഫ്രാന്‍സിസ് പാപ്പ നമ്മുടെ സഭയ്ക്കു നല്കിയ സന്ദേശത്തില്‍ പറഞ്ഞതുപോലെ; ‘ഐക്യം നിലനിറുത്തുന്നത് ഒരു നല്ല ഉപദേശം മാത്രമല്ല കര്‍ത്തവ്യവുമാണ്’. ഐക്യം നിലനിറുത്താനുള്ള കര്‍ത്തവ്യം ഓരോ വിശ്വാസിക്കും ഉണ്ടെന്നതു നമുക്കു തിരിച്ചറിയാം.
പരിശുദ്ധ കുര്‍ബാനയോടുള്ള സ്‌നേഹത്തില്‍ വളരാം
ക്രൈസ്തവജീവിതത്തിന്റെ ഉറവിടവും മകുടവുമാണു പരിശുദ്ധ കുര്‍ബാന. നമ്മുടെ കര്‍ത്താവു പാപികളും അയോഗ്യരുമായ നമ്മിലേക്കു കടന്നുവരുന്ന അമൂല്യ നിമിഷങ്ങ ളാണ് വിശുദ്ധ കുര്‍ബാനയില്‍ നാം അനുഭവിക്കുന്നത്. അത്യാദരവോടും ഭക്തിയോടും കൂടെ വേണം പരിശുദ്ധ കുര്‍ബാനയെ സമീപിക്കാന്‍. നമ്മുടെ സഭയില്‍ പരിശുദ്ധ കുര്‍ബാനയെ അവഹേളിക്കുന്ന ചില സംഭവങ്ങള്‍ ഉണ്ടായതു നമ്മെ ഏറെ വേദനിപ്പിക്കുകയും അനേകര്‍ക്ക് ഉതപ്പിനു കാരണമാകുകയും ചെയ്തിട്ടുണ്ട്. ഇതിനു മാനുഷികമായ പരിഹാരങ്ങള്‍ അപര്യാപ്തമാണെങ്കിലും പരിശുദ്ധ കുര്‍ബാനയോടുള്ള ഭക്തിയില്‍ വളരാനും പരിശുദ്ധ കുര്‍ബാനയ്ക്കുനേരേ ഉണ്ടായ അവഹേളനത്തിനു പരിഹാരം ചെയ്യാനുമായി 2025 സെപ്റ്റംബര്‍ 12 വെള്ളിയാഴ്ച സീറോമലബാര്‍സഭ മുഴുവനിലും ഒരു മണിക്കൂര്‍ വിശുദ്ധകുര്‍ബാനയുടെ ആരാധനനടത്താന്‍ ഞാന്‍ എല്ലാവരെയും ആഹ്വാനംചെയ്യുന്നു.
സഭയുടെ സിനഡാത്മകത
സഭാജീവിതത്തെ പുതിയ കാലത്തിനനുസരിച്ചു നിര്‍വചിച്ച സുപ്രധാനമായൊരു കാല്‍വയ്പ്പായിരുന്നു 2023, 2024 വര്‍ഷങ്ങളില്‍ റോമില്‍ നടന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡു സമ്മേളനങ്ങള്‍. സഭയില്‍ നാമെല്ലാം സഹയാത്രികരാണെന്നുള്ള തിരിച്ചറിവോടെ, ക്രിയാത്മകമായ ശ്രവണത്തിന്റെയും ആശയവിനിമയത്തിന്റെയും വേദികളാക്കി സഭാഘടകങ്ങളെ മാറ്റാനുള്ള മാര്‍ഗങ്ങളെക്കുറിച്ചു സിനഡു പഠിക്കുകയും വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടത്തി, സാധിക്കുന്നവരെയെല്ലാം ശ്രവിച്ചു അനുയോജ്യമായ കര്‍മ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കാന്‍ രൂപതകളെ ചുമതലപ്പെടുത്തുകയും ചെയ്തു.
സമുദായ ശക്തീകരണവര്‍ഷം 2026
ഒരു സമുദായം എന്നനിലയില്‍ സാമൂഹികയിടങ്ങളില്‍ നാം മുന്നേറിയിരുന്ന പല മേഖലകളിലും ഇപ്പോള്‍ പിന്നാക്കം പോയിരിക്കുന്നുവെന്ന തിരിച്ചറിവായിരുന്നു പാലായില്‍ നടത്തപ്പെട്ട മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലി പ്രകടിപ്പിച്ചത്. എണ്ണത്തില്‍ നാം കുറഞ്ഞതും യുവതലമുറ വിദേശരാജ്യങ്ങളിലേക്ക് പറിച്ചുനടപ്പെടുന്നതും നമ്മുടെ അതിജീവനത്തിനു വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. ഇവയ്ക്കു പരിഹാരം കാണുന്നതിനും നമ്മുടെ ഇടയില്‍ ശക്തമായ സമുദായബോധം ഉളവാക്കുന്നതിനുമായി സീറോമലബാര്‍സഭ 2026 സമുദായ ശക്തീകരണവര്‍ഷമായി ആചരിക്കുകയാണ്. എല്ലാ രൂപതകളുടെയും നേതൃത്വത്തില്‍ ബോധവല്ക്കരണപരിപാടികള്‍ ആരംഭിക്കാനും നമ്മുടെ സമുദായത്തെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനുപകരിക്കുന്ന ക്രിയാത്മകമായ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കാനും ഈ വര്‍ഷം എല്ലാവരെയും ആഹ്വാനംചെയ്യുന്നു.
പുതിയ മെത്രാപ്പോലീത്തന്‍ പ്രവിശ്യകള്‍
സീറോമലബാര്‍സഭയുടെ വളര്‍ച്ചയില്‍ പുതിയൊരു അധ്യായം കുറിച്ചുകൊണ്ടു കേരളത്തിനു പുറത്തു നാലു പുതിയ മെത്രാപ്പോലീത്തന്‍ പ്രവിശ്യകള്‍ രൂപീകരിക്കാനും, ഷംഷാബാദ് രൂപതയുടെ വിസ്തൃതമായ പ്രദേശങ്ങളെ അജപാലനസൗകര്യം പരിഗണിച്ചുകൊണ്ടു മറ്റു രൂപതകളുമായി കൂട്ടിച്ചേര്‍ത്തു അവയുടെ അതിര്‍ത്തികളെ പുനര്‍നിര്‍ണയിക്കാനും പരിശുദ്ധ സിംഹാസനത്തിന്റെ അനുവാദത്തോടെ നമുക്കു സാധിച്ചു. ഭാരതം മുഴുവനിലും അജപാലന അധികാരമുണ്ടായിരുന്ന മാര്‍ത്തോമാനസ്രാണികളുടെ പുരാതനമായ സഭാഘടനയിലേക്കുള്ള സുപ്രധാനമായ ചുവടുവയ്പ്പാണിത്. പുതിയ മെത്രാപ്പോലീത്തന്‍ പ്രവിശ്യകളായി ഉയര്‍ത്തപ്പെട്ട ഫരീദാബാദ്, ഉജ്ജയിന്‍, കല്യാണ്‍, ഷംഷാബാദ്, എന്നീ അതിരൂപതകള്‍ക്കും അവയുടെ അധ്യക്ഷന്മാരായ മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍, എന്നിവര്‍ക്കും പ്രാര്‍ഥനാശംസകള്‍ നേരുന്നു.
സഭയ്ക്കു പ്രത്യാശയായി പുതിയ മെത്രാന്മാർ
കഴിഞ്ഞ എട്ടു വര്‍ഷങ്ങളായി സീറോമലബാര്‍സഭയുടെ കൂരിയാ മെത്രാനായി സ്തുത്യര്‍ഹമായി സേവനംചെയ്തുവന്ന അഭിവന്ദ്യ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പിതാവു കല്യാണ്‍ രൂപതയുടെ മൂന്നാമത്തെ മേലധ്യക്ഷനായും പ്രഥമ മെത്രാപ്പോലീത്തായായും നിയമിക്കപ്പെട്ടിരിക്കുകയാണ്. ആഴമായ ആത്മീയതയും സാഹോദര്യഭാവവും അജപാലനതീക്ഷ്ണതയും കൈമുതലായുള്ള അഭിവന്ദ്യ സെബാസ്റ്റ്യന്‍ പിതാവിനു പുതിയ ദൗത്യത്തില്‍ ദൈവാനുഗ്രഹങ്ങള്‍ നേരുന്നു. കഴിഞ്ഞ ഇരുപത്തൊമ്പതു വര്‍ഷങ്ങളായി കല്യാണ്‍ രൂപതയെ നയിക്കുകയും സീറോമലബാര്‍ സഭയുടെ ആരാധനാക്രമഗ്രന്ഥങ്ങളുടെ രൂപീകരണത്തില്‍ നിര്‍ണായക സംഭാവനകള്‍ നല്കുകയുംചെയ്ത മാര്‍ തോമസ് ഇലവനാല്‍ പിതാവിനു നന്ദിയര്‍പ്പിക്കുന്നു. ബെല്‍ത്തങ്ങടി രൂപതയുടെ രണ്ടാമത്തെ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ട പെരിയ ബഹു. ജെയിംസ് പട്ടേരില്‍ അച്ചനു പ്രാര്‍ഥനാശംസകള്‍ നേരുന്നു. ക്ലരീഷ്യന്‍ സന്യാസ സമൂഹാംഗമായ അദ്ദേഹത്തിന്റെ പ്രേഷിതതീക്ഷ്ണതയും പ്രാഗല്‍ഭ്യവും ബല്‍ത്തങ്ങടി രൂപതയെ കൂടുതല്‍ ഉയരങ്ങളിലേക്കു നയിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു. കഴിഞ്ഞ 26 വര്‍ഷങ്ങളായി ബല്‍ത്തങ്ങടി രൂപതയെ അതിന്റെ ബാലാരിഷ്ടതകളില്‍നിന്നും വളര്‍ത്തി വലുതാക്കിയ അഭിവന്ദ്യ മാര്‍ ലോറന്‍സ് മുക്കുഴി പിതാവിനെ കൃതജ്ഞതയോടെ അനുസ്മരിക്കുന്നു. അദിലാബാദ് രൂപതയുടെ പുതിയ അധ്യക്ഷനായി നിയമിതനായ പെരിയ ബഹു. ജോസഫ് തച്ചാപറമ്പത്തു അച്ചനു ഹൃദ്യമായ പ്രാര്‍ഥനാശംസകള്‍ നേരുന്നു. സി. എം. ഐ. സന്യാസ സമൂഹാംഗമായ അദ്ദേഹത്തിന്റെ വിശ്വാസതീക്ഷണതയും അനുഭവപരിചയവും അദിലാബാദ് രൂപതയ്ക്കു മികച്ച നേതൃത്വംനല്കാന്‍ കരുത്താകും. കഴിഞ്ഞ 10 വര്‍ഷങ്ങളായി തികഞ്ഞ പ്രേഷിതചൈതന്യത്തോടെ അദിലാബാദ് രൂപതയെ നയിക്കുകയും, ഇപ്പോള്‍ ഷംഷാബാദ് രൂപതാധ്യക്ഷനായി സേവനം അനുഷ്ഠിക്കുകയും ചെയ്യുന്ന മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ പിതാവിനു ഹൃദയപൂര്‍വം നന്ദിപറയുന്നു.
പ്രിയപ്പെട്ടവരേ,
സീറോമലബാര്‍സഭ ഒരു തികഞ്ഞ പൗരസ്ത്യസഭയാണെന്നും പുരാതനമായ അതിന്റെ പൈതൃകങ്ങള്‍ സംരക്ഷിച്ചുകൊണ്ടാണു സാര്‍വത്രികസഭയില്‍ അതിന്റെ ദൗത്യം നിറവേറ്റേണ്ടതെന്നുമുള്ള ബോധ്യത്തില്‍ നാം വളരേണ്ടതുണ്ട്. പൗരസ്ത്യസഭകളുടെ ജൂബിലി ആഘോഷാവസരത്തില്‍ പരിശുദ്ധ പിതാവ് ലെയോ മാര്‍പാപ്പ ഇപ്രകാരം പറഞ്ഞു: ‘പൗരസ്ത്യസഭകള്‍ക്കു സാര്‍വത്രികസഭയ്ക്കു നല്കാന്‍കഴിയുന്ന സംഭാവനകള്‍ വളരെ വലുതാണ്. നിങ്ങളുടെ ആരാധനക്രമത്തില്‍ സജീവമായി നിലനില്ക്കുന്ന ദിവ്യരഹസ്യാത്മകതയുടെ ഭാവങ്ങള്‍ വീണ്ടെടുക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. മനുഷ്യനെ, അവന്റെ പൂര്‍ണതയില്‍ ഉള്‍ക്കൊള്ളുന്ന, രക്ഷയുടെ സൗന്ദര്യത്തെ പ്രകീര്‍ത്തിക്കുന്ന, ദൈവത്തിന്റെ മഹത്വം മാനുഷിക ബലഹീനതയെ എങ്ങനെ ആശ്ലേഷിക്കുന്നുവെന്നതില്‍ അത്ഭുതബോധം ഉണര്‍ത്തുന്ന, പൗരസ്ത്യ ആരാധനക്രമപാരമ്പര്യങ്ങളെ വീണ്ടെടുക്കുകയും നിലനിറുത്തുകയും ചെയ്യണം. പ്രായോഗികതയുടെയോ സൗകര്യത്തിന്റെയോപേരില്‍ അവയെ നഷ്ടപ്പെടുത്തരുത്’. നമ്മുടെ സഭയുടെ പൗരസ്ത്യതനിമയും ആരാധനക്രമത്തിന്റെ വൈശിഷ്ട്യവും പഠിക്കാന്‍ നാം തയ്യാറാകുമ്പോള്‍ ഐക്യശ്രമങ്ങള്‍ ഫലവത്താകും എന്നതു തീര്‍ച്ചയാണ്. വെല്ലുവിളികളുടെ നടുവില്‍ കരുത്തോടെ പ്രകാശിച്ച ചരിത്രമാണു നമ്മുടെ സഭയുടേത്. ലോകത്തിന്റെ അതിര്‍ത്തികള്‍വരെ സുവിശേഷസന്ദേശം അറിയിക്കാന്‍ വിളിക്കപ്പെട്ട നമുക്കു വിശ്രമമില്ലാതെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ദൈവവചനത്തിലും കൂദാശകളിലും നിന്നു ശക്തി സംഭരിച്ചുകൊണ്ടു കൂട്ടായ്മയില്‍ വളര്‍ന്നു സഭയുടെ ദൗത്യത്തെ ശക്തിപ്പെടുത്താന്‍ നമുക്കു സാധിക്കട്ടെ!
നമ്മുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും മാര്‍ യൗസേപ്പുപിതാവിന്റെയും മാര്‍ തോമാശ്ലീഹായുടെയും സകല വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും മാധ്യസ്ഥ്യവും അനുഗ്രഹവും നമ്മോടും നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളോടുമൊപ്പം ഉണ്ടായിരിക്കട്ടെ!
റാഫേല്‍ തട്ടില്‍
സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്


