സിനിമയെ സമൂഹത്തിന്റെ കണ്ണാടിയെന്ന് (Mirror of Society) വിശേഷിപ്പിക്കാറുണ്ട്. സമൂഹത്തിന്റെ രേഖാച്ചിത്രം സിനിമ വരച്ചുകാട്ടുന്നു എന്ന അർഥത്തിലാണ് ഈ പ്രയോഗം. പലപ്പോഴും സാമൂഹികജീവിതവും കുടുംബബന്ധങ്ങളും വിശ്വാസവും മൂല്യങ്ങളും സാമ്പത്തികരാഷ്ട്രീയ പ്രശ്നങ്ങളുമൊക്കെയാണ് സിനിമകളുടെ പ്രമേയം. കണ്ണാടിയിലൂടെ നാം നമ്മെ നോക്കിക്കാണുന്നതുപോലെ സിനിമയിലൂടെ സമൂഹത്തെ കാണാൻസാധിക്കും. അതേസമയം സമൂഹത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിക്കുമപ്പുറം വിശ്വാസങ്ങളും മൂല്യങ്ങളും രൂപപ്പെടുത്തുന്ന, ധാർമ്മികതയെ പുനർവ്യാഖ്യാനം ചെയ്യുന്ന, പുതിയ പ്രവണതകളും പുതുമകളും വിനിമയം ചെയ്യുന്ന ശക്തമായ മാധ്യമമായി സിനിമകൾ മാറാറുണ്ട്.
സിനിമയിൽ ഒന്നും യാദൃച്ഛികമല്ല. നേരത്തെ തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണ് ഷോട്ടുകളും സീനുകളും രൂപപ്പെടുത്തുന്നത്. തങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ചു സമയത്തിനും സ്ഥലത്തിനും അതീതമായ യാഥാർഥ്യമാണെന്ന് തോന്നിപ്പിക്കുന്ന വിസ്്മയ ലോകത്തിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകാൻ സിനിമാ നിർമാതാക്കൾക്ക് സാധിക്കും. സമൂഹത്തിനു ദിശാബോധം നൽകേണ്ട, ധാർമികമൂല്യങ്ങൾ പകർന്നുനല്കേണ്ട സിനിമകൾ ചിലപ്പോഴൊക്കെ അബദ്ധപ്രബോധനങ്ങളും തെറ്റിദ്ധാരണകളുമാണ് പ്രചരിപ്പിക്കുന്നത്. പുരോഗമന ചിന്താഗതിയെന്ന പേരിൽ കപടധാർമ്മികതയും ഉപരിപ്ലവമായ ആശയങ്ങളും അമിതമായ സ്വാതന്ത്ര്യവാദവുമാണ് അവ മുന്നോട്ടുവയ്ക്കുന്നത്. സത്യത്തിന്റെയും നീതിയുടെയും സംഭാഷണത്തിന്റെയും സംവാദത്തിന്റെയും മുന്നണിപോരാളികളേണ്ട സിനിമകൾ പൊതുനന്മയ്ക്കും ധാർമ്മികമൂല്യങ്ങൾക്കും ഘടകവിരുദ്ധമായ ഒരു സമാന്തരലോകം തന്നെ സൃഷ്ടിക്കാറുണ്ട്. താഴെ പ്രതിപാദിക്കുന്ന സന്ദർഭങ്ങൾ അതിനുദാഹരണങ്ങളാണ്.
മനുഷ്യമഹത്വത്തിന്റെ മാഹാത്മ്യത്തിന് വിലകല്പിക്കാത്തപ്പോൾ
ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യൻ ബഹുമാന്യനും അമൂല്യനുമാണ്. പോണോഗ്രഫിയും സ്ത്രീത്വത്തെ അപമാനിക്കുന്ന പരസ്യങ്ങളും വ്യക്തിഹത്യ നടത്തുന്ന വീഡിയോകളും മനുഷ്യമഹത്വത്തിനെതിരെയുള്ള സന്ദേശങ്ങളാണ് കൈമാറുന്നത്. സാമ്പത്തികലാഭം മാത്രം ലക്ഷ്യമാക്കിയുള്ള ഇത്തരം സിനിമകൾ മനുഷ്യശരീരത്തെ വില്പനചരക്കാക്കി മാറ്റുകയാണ്. ഹൃദയനൈർമ്മല്യത്തോടെ മറ്റുള്ളവരെ സമീപിക്കുന്നതിനും ദാമ്പത്യവിശ്വസ്തത പുലർത്തുന്നതിനും ഇത്തരം സിനിമകളും വീഡിയോകളും തടസമാകും. സിനിമാമേഖലയിലെ ലൈംഗികാതിക്രമവും കാസ്റ്റിങ് കൗച്ചും ലിംഗവിവേചനവും വ്യക്തിയുടെ മാഹാത്മ്യത്തിനെതിരെയുള്ള കടന്നുകയറ്റമാണ്.
അക്രമവും കൊലയും മഹത്വവല്ക്കരിക്കപ്പെടുമ്പോൾ
കുറ്റകൃത്യങ്ങളും കൊലയും കൊള്ളയും രക്തച്ചൊരിച്ചിലും ബോംബ്സ്ഫോടനങ്ങളും ആഘോഷമാക്കി മാറ്റുന്ന ന്യൂജനറേഷൻ സിനിമകളാണ് ഇന്ന് പ്രേക്ഷരിലെത്തുന്നത്. നായകൻ ചെയ്യുന്ന ഏതു അതിക്രമത്തെയും കൊലവെറിയെയും ന്യായീകരിക്കുന്ന സിനിമകൾ. ലക്ഷ്യം മാർഗത്തെ സാധൂകരിക്കുമെന്ന ഫിലോസഫിയാണ് അവരെ നയിക്കുന്നത്. അക്രമങ്ങൾ കണ്ട് മനസ് മരവിച്ച, പ്രതികരണശേഷി നഷ്ടപ്പെട്ട, നിസംഗരായ ഒരു തലമുറയെ വാർത്തെടുക്കുന്നതിന് ഇത്തരം സിനിമകൾ കാരണമാകുന്നു. 2025 ലെ ആദ്യത്തെ 59 ദിവസങ്ങളിൽ 70 കൊലപാതകങ്ങളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടത്. കേരളത്തിൽ വർദ്ധിച്ചുവരുന്ന കൈ്രം റേറ്റും അതിനു കാരണമാകുന്ന വസ്തുതകളും വിശകലനം ചെയ്യപ്പെടേണ്ടിയിരിക്കുന്നു.
സത്യാനന്തര ചിന്തകൾക്ക് കുടപിടിക്കുമ്പോൾ
നുണകൾ ആവർത്തിച്ചു അവയെ സത്യമായി അവതരിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ സിനിമകളും അതിൽനിന്നും ഒട്ടും വിഭിന്നമല്ല. സത്യത്തെ തമസ്ക്കരിക്കുന്ന, ചരിത്രത്തെ തെറ്റായി അവതരിപ്പിക്കുന്ന, രാഷ്ട്രീയപാർട്ടികളുടെയും ചില പ്രത്യേക മതവിഭാഗങ്ങളുടെയും ചട്ടുകങ്ങളായ സിനിമകൾ സമൂഹത്തിന് തന്നെ ദോഷമാണ്. ശാസ്ത്രീയമായ അന്വേഷണം നടത്തി വസ്തുനിഷ്ഠമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വേണം ചരിത്രസംഭവങ്ങളെ അവതരിപ്പിക്കാൻ. നേരെമറിച്ച് പലസിനിമകളും ഡോക്യുമെന്ററികളും വൈകാരികവു അവാസ്തവവുമായ കാര്യങ്ങൾക്കാണ് പ്രാമുഖ്യം നല്കുന്നത്. എങ്ങനെയെങ്കിലും വിവാദങ്ങൾ സൃഷ്ടിക്കാനും അങ്ങനെ കൂടുതൽ പ്രേക്ഷകരിലെത്താനും സിനിമയുടെ അണിയറപ്രവർത്തകർ ശ്രമിക്കുന്നു.
സാത്താനാരാധനയുടെയും പൈശാചികശക്തികളുടെയും പിണിയാളാകുമ്പോൾ
സാത്താനാരാധകരും സഭാവിരുദ്ധഗ്രൂപ്പുകളും പണംമുടക്കുന്ന സിനിമകൾ ഇന്ന് തീയറ്ററിലെത്തുന്നുണ്ട്. അന്ധവിശ്വാസവും നിരീശ്വരവാദവും ക്രൈസ്തവവിരോധവും ക്രിസ്തുനിഷേധവും പൈശാചികചിഹ്നങ്ങളും പ്രതീകങ്ങളും ചില പ്രത്യേക സ്കെടുകളുടെ ആരാധനാരീതിയും ഉൾക്കൊള്ളുന്നവയാണ് ഇത്തരം സിനിമകൾ. തിന്മയുടെ ശക്തികളാണ് സമൂഹത്തിൽ പ്രബലമെന്നും വിജയത്തിലെത്താനുളള കുറുക്കുവഴി പൈശാചികാരാധനയാണെന്നുമുള്ള അപഥചിന്തകൾ സാധാരണക്കാരിലെത്തിക്കാൻ ഇങ്ങനെയുള്ള സിനിമകൾക്ക് സാധിക്കുന്നുണ്ട്.
മാതൃകകൾ നഷ്ടമാകുമ്പോൾ
പൊതുനന്മയും കറകളഞ്ഞ രാഷ്ട്രീയവും കുടുംബബന്ധങ്ങളും നിസ്വാർഥമായ സ്നേഹവും ത്യാഗസുരഭിലമായ ജീവിതവുമൊക്കെയായിരുന്നു ഒരു കാലത്തെ സിനിമകളുടെ പ്രമേയങ്ങൾ. പകയും പ്രതികാരവും മയക്കുമരുന്നും അധോലോകവും ഡാർക്ക് വെബും കള്ളക്കടത്തും കൂട്ടക്കൊലയുമൊക്കെയാണ് ഇപ്പോഴത്തെ സിനിമകൾ ചിത്രീകരിക്കുന്നത്. അമാനുഷികശക്തിയുള്ള സൂപ്പർഹീറോയും നിർമിതബുദ്ധിയും എന്തിനുവേണ്ട അന്യഗ്രഹജീവികൾപോലും ഈ കാലത്തെ സിനിമകളുടെ പ്രമേയമാകാറുണ്ട്. അതേസമയം മാതാപിതാക്കളും സഹോദരങ്ങളും ജീവിതപങ്കാളിയും മക്കളുമടങ്ങുന്ന സാധാരണക്കാരന്റെ ദൈനംദിനജീവിതം പലപ്പോഴും പ്രമേയമാകുന്നില്ല. കാരുണ്യവും പരിഗണനയും ആവശ്യമുള്ള സാധാരണക്കാരും അവരുടെ ദുരിതങ്ങളും അവരെ കാർന്നുതിന്നുന്ന അഴിമതികളും അസമത്വങ്ങളും പ്രതിപാദ്യവിഷയങ്ങളാകുന്നില്ല. തങ്ങൾകാണുന്നത് അനുകരിക്കാനുള്ള പ്രവണത കുട്ടികളിലും യുവതീയുവാക്കളിലുമുണ്ട്. പലപ്പോഴും അവർ അനുകരിക്കുന്നത് സിനിമകളിലെ കുറ്റകൃത്യങ്ങളും അക്രമങ്ങളുമാണ്.
ലഹരിപ്രചരണവും വിപണനവും
സിനിമസെറ്റുകളിൽ ഹീറോയിനെക്കാളും പ്രാധാന്യം ഹെറോയിനാണെന്ന് ഈയിടെ ഒരു മാധ്യമം റിപ്പോർട്ടു ചെയ്യുകയുണ്ടായി. സിനിമാമേഖലയെ തന്നെ ലഹരിമാഫിയ കയ്യടക്കിയിരിക്കുന്ന അവസ്ഥയാണ് കേരളത്തിൽ. ലഹരിഉപയോഗ വിപണനകേസുകളിൽ ധാരാളം സിനിമാക്കാർ അറസ്റ്റിലാകുന്നുണ്ട്. സമൂഹത്തിൽ ലഹരി സുലഭമാണെന്നും ധാരാളം ആളുകൾ അതുപയോഗിക്കുന്നുണ്ടെന്നും സർഗാത്മകമായ സൃഷ്ടികൾക്ക് ലഹരിയുടെ ഉപയോഗം സഹായിക്കുമെന്നുമുള്ള സന്ദേശങ്ങളാണ് ഇവ നല്കുന്നത്. ലഹരി ഉപയോഗത്തെ മഹത്വവൽക്കരിക്കുന്നതിനും സർവസാധാരണമാക്കുന്നതിനും ഇത് സഹായിക്കുന്നു.
സിനിമയെ ജീവിതമാർഗമായി അതിലേറെ ഒരു കലയായി കണ്ടിരുന്ന ഒരു തലമുറയുണ്ടായിരുന്നു. അത്തരക്കാർ നിർമിക്കുന്ന സിനിമകൾ നമുക്കു പ്രിയങ്കരമാകാറുണ്ടായിരുന്നു. പ്രമേയംകൊണ്ടും അവതരണം കൊണ്ടും നമ്മുടെ ഹൃദയത്തിലിടം നേടി ബ്ലോക്ക്ബസ്റ്ററായ സിനിമകളുമുണ്ട്.
ഒരു വർഷംവരെ തീയറ്ററുകളിൽ പ്രദർശനം തുടർന്ന സിനിമകളുമുണ്ട്. പ്രേക്ഷകരുടെ മനസ്സറിഞ്ഞ സംവിധായകർ കാലികപ്രസക്തമായ പ്രമേയങ്ങൾ മികവുറ്റ സാങ്കേതികവിദ്യകളുടെ സഹായത്തോടെ അവതരിപ്പിച്ചപ്പോഴാണ് അത്തരം സിനിമകൾ രൂപംകൊണ്ടത്. ഇന്ന് സിനിമ ഒരു ബിസിനസാണ്. പണമാണ് ദൈവം. കച്ചവടസാധ്യത മാത്രം അന്വേഷിക്കുന്ന സിനിമകൾ പലപ്പോഴും പൊതുനന്മയ്ക്കും മനുഷ്യമഹത്വത്തിനും വിലകല്പിക്കാറില്ല. മാനവികതയിലൂന്നിയ മനുഷ്യദർശനങ്ങളുള്ള, സത്യത്തിന്റെ പ്രഘോഷകരായ സംഭാഷണത്തെയും സംവാദത്തെയും പ്രോത്സാഹിപ്പിക്കുന്ന സാമൂഹികപ്രതിബദ്ധതയ്ക്കും നീതിക്കും വേണ്ടിനിലകൊളളുന്ന സിനിമകളാണ് നമുക്കാവശ്യം.
റവ. ഡോ. ജോസഫ് പാറക്കൽ



