എല്ലാ സുസ്ഥിരവികസനത്തിന്റെയും കേന്ദ്ര പരിഗണന മനുഷ്യനായിരിക്കണം – യുനെസ്‌കോ
കേരളത്തിന്റെ ആകെ ഭൂവിസ്തൃതിയായ 9603256 ഏക്കർ ഭൂമിയിൽ മൂന്നര കോടിയോളം ജനങ്ങൾ വസിക്കുന്നതും ഒരു കോടിയോളം ഭവനങ്ങളും കൃഷിയിടങ്ങളും സ്ഥിതിചെയ്യുന്നതും കേവലം 28 ലക്ഷം ഏക്കർ ഭൂമിയിലാണ്. ബാക്കിയുള്ള പ്രദേശങ്ങൾ മുഴുവനും വനവും തോട്ടങ്ങളും റോഡുകളും ഡാമുകളും ജലവൈദ്യുത പദ്ധതികളും റെയിൽവേയും കേന്ദ്ര സംസ്ഥാന സർക്കാർ സംരംഭങ്ങളും സ്ഥാപനങ്ങളും മറ്റുമാണ്. കേരളത്തിലെ 200 പഞ്ചായത്തുകൾ രൂക്ഷമായ വന്യജീവി ആക്രമണങ്ങൾ ഉള്ളവയാണ്. 30 ലക്ഷത്തിലധികം ജനങ്ങൾ നിവസിക്കുന്ന പത്തുലക്ഷം കുടുംബങ്ങളാണ് പതിറ്റാണ്ടുകളായി ഈ പഞ്ചായത്തുകളിൽ വന്യജീവികളുടെ ആക്രമണംമൂലമുള്ള ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ 10 വർഷത്തെ മാത്രം ഔദ്യോഗിക കണക്കനുസരിച്ച് 1310 പേർ വന്യജീവി ആക്രമണംമൂലം കൊല്ലപ്പെടുകയും 5000 ലധികം ആളുകൾ വന്യജീവി ആക്രമണത്തിൽ പരിക്കേല്ക്കുകയും 50000ലധികം ഇടങ്ങളിൽ കൃഷി നാശങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഔദ്യോഗിക രേഖപ്രകാരം 2008 വർഷത്തിൽ 32 പേർ മാത്രം വന്യജീവി ആക്രമണത്തിൽ പരിക്കേറ്റവർ ആയിരുന്നെങ്കിൽ 2018ൽ 953 പേർക്കാണ് പരിക്കേറ്റത്. കേരളത്തിലെ വനാതിർത്തി പങ്കിടുന്ന 16846 കിലോമീറ്റർ നീളത്തിൽ കിടക്കുന്ന റവന്യുഭൂമിയിൽ കേവലം 2750 കിലോമീറ്റർ നീളത്തിൽ മാത്രമാണ് പരിമിതമായ തോതിലെങ്കിലും വനാതിർത്തികളിൽ, സംരക്ഷണ കവചം (വേലി) ഉള്ളത്. കേരളത്തിന്റെ ഭൂവിസ്തൃതിയിൽ 30% റിസർവ് ഫോറസ്റ്റ് ഉള്ളപ്പോൾ ദേശീയ ശരാശരി കേവലം 22 ശതമാനം ആണ്. 2015 – 19 വർഷകാലയളവിൽ ഔദ്യോഗികരേഖപ്രകാരം കേരളത്തിലെ വനാവരണം 5% വർധനയാണു കാണിക്കുന്നത്. കേരളത്തിലെ ആകെ വിസ്തൃതിയുടെ 45%വും വനസമാന വൃക്ഷനിബിഡതയുള്ളതാണെന്നാണ് ഫോറെസ്റ്റ് സർവ്വേ ഓഫ് ഇന്ത്യ റിപ്പോർട്ട്.
കഴിഞ്ഞ രണ്ടര പതിറ്റാണ്ടുകൊണ്ട് കേരളത്തിലെ കാട്ടാനകളുടെ എണ്ണം 70 ശതമാനം വർധച്ചിട്ടുണ്ട്. ഇന്ത്യയിൽ ആകെയുള്ള 27000 കാട്ടാനകളിൽ 6500 എണ്ണവും ഇന്ത്യയുടെ മൊത്തം ഭൂവിസ്തൃതിയുടെ ഒരു ശതമാനം മാത്രംവരുന്ന കേരളത്തിലാണ് എന്നത് ആശങ്കയുളവാക്കുന്നതാണ്. വയനാട് ജില്ലയെ മാത്രം ഉദാഹരിച്ചാൽ, 345 ചതുരശ്രകിലോമീറ്റർ വനത്തിൽ 150ലധികം കടുവകളെയാണ് കണ്ടെത്തിയിട്ടുള്ളത്. ശാസ്ത്രീയമായി കേവലം 20 കടുവകളുടെ ആവാസവ്യവസ്ഥക്കുമാത്രം വലിപ്പമുള്ള വയനാട്ടിലെ സ്ഥിതിയാണിത്. വന സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി വനംവകുപ്പു വയനാട്ടിൽ അശാസ്ത്രീയമായി പത്തുവർഷം മുമ്പ് 14 ചതുരശ്ര കിലോമീറ്റർ വനത്തിൽ നട്ടുപിടിപ്പിച്ച സ്വർണകൊന്ന എന്ന വിദേശ ചെടി വയനാട്ടിലെ ആകെ വന വിസ്തൃതിയുടെ മൂന്നിലൊന്ന് ഭാഗത്തേക്ക് വ്യാപിച്ചുകഴിഞ്ഞു. കേരളത്തിന്റെ വനവിസ്തൃതിയിൽ 13 ശതമാനവും വാണിജ്യാവശ്യങ്ങൾക്കുള്ള തേക്കുതോട്ടങ്ങളും മറ്റു തോട്ടങ്ങളുമാണ്. കൂടാതെ കുറേ ഭാഗം സാമൂഹ്യവനവത്ക്കരണത്തിന്റെ ഭാഗമായി രൂപപ്പെടുത്തിയ അക്കേഷ്യ, മാഞ്ചിയം, യൂക്കാലി, മുള അടക്കമുള്ള കൃത്രിമവനങ്ങളാണ്.
മനുഷ്യ-വന്യജീവിസംരക്ഷണവും കോടതിയും
RSA No .1341/2012 ഹൈക്കോടതി വിധിയിലെ 11,12 പാരഗ്രാഫുകളിൽ സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ച് പൗരന്റെ വസ്തുവകകൾ സംരക്ഷിക്കുവാനുള്ള സർക്കാരിന്റെ Principle of Srict Liabiltiy of the State ഊന്നി പറയുന്നുണ്ട്. വനവും വന്യജീവികളും സർക്കാരിന്റെ സമ്പത്താണെന്നും പൗരന് അതിനെ ആക്രമിക്കാനോ നശിപ്പിക്കാനോ യാതൊരവകാശവുമില്ല എന്നും എടുത്തു പറയുന്നതോടൊപ്പം പൗരന്റെ സ്വത്തുക്കൾ വന്യജീവി ആക്രമണങ്ങളിൽനിന്നും സംരക്ഷിക്കുവാനുള്ള കടമ സർക്കാരിന്റേതാണെന്ന് പറയുന്നുമുണ്ട്. പന്ത്രണ്ടാമത്തെ ഖണ്ഡികയിൽ റിസർവ് ഫോറസ്റ്റിനോട് അടുത്തുകിടക്കുന്ന സ്വകാര്യഭൂമിയിലും സ്വത്തുക്കളിലും വന്യമൃഗങ്ങൾ കടന്നുകയറി അലഞ്ഞുതിരിയാൻ അസാധ്യമായ വിധത്തിൽ അത്യാവശ്യമായ വേലികളും സംരക്ഷണകവചങ്ങളും തീർക്കേണ്ടത് സർക്കാരിന്റെ പൂർണ ഉത്തരവാദിത്വമാണെന്ന് കോടതി ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ടുതന്നെ വന്യമൃഗങ്ങൾ പൗരന്റെ വാസകേന്ദ്രങ്ങളിലേക്കും കൃഷിഭൂമിയിലേക്കും അതിക്രമിച്ചു കയറുന്നില്ല എന്ന് ഉറപ്പാക്കേണ്ട പൂർണ ഉത്തരവാദിത്വം സർക്കാരിന്റേതാണ്. ഇതിനു മുന്നോടിയായി കേരളത്തിലെ മുഴുവൻ വനം റവന്യൂ അതിർത്തികളും ജോയിന്റ് സർവേയുടെ അടിസ്ഥാനത്തിൽ അളന്നുതിരിച്ചു ഗസറ്റ് വിജ്ഞാപനം ഇറക്കുവാൻ നടപടിയുണ്ടാവണം. ഇപ്പോഴത്തെ സാഹചര്യത്തിൽ സർക്കാർ നിർദേശങ്ങൾ ഇല്ലാത്തതിനാൽ ഇത്തരം സർവേയ്ക്കുവേണ്ടി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥവൃന്ദം നിഷ്‌ക്രിയമാണ്.
ഈ സാഹചര്യത്തിൽ വന്യജീവി ആക്ര മണം നേരിടുന്ന മുഴുവൻ ജനങ്ങൾക്കുംവേണ്ടി വസ്തുതകളുടെയും പഠനത്തിന്റെയും അടിസ്ഥാനത്തിൽ ചില നിർദേശങ്ങൾ സമർപ്പിക്കുന്നു.
ചെയ്യാൻ മനസ്സുണ്ടെങ്കിൽ
1. മൃഗസംഖ്യാവർദ്ധനവു തടയാൻ പാശ്ചാത്യ രാജ്യങ്ങളുടെ മാതൃകയിൽ വന്യജീവി പ്രത്യുല്പാദന നിയന്ത്രണം അടക്കമുള്ള ശാസ്ത്രീയമാർഗങ്ങൾ അവലംബിക്കണം. വനത്തിന്റെ വാഹകശേഷിക്കപ്പുറം നിലവിൽ അധികമുള്ള വന്യജീവികളെ കള്ളിങ്ങ് അഥവാ സെലക്ടീവ് ഹണ്ടിങ് വഴി ഉന്മൂലനം ചെയ്യുകയോ, മറ്റു സംസ്ഥാനങ്ങളിലേക്കോ രാജ്യങ്ങളിലേക്കോ മാറ്റിപ്പാർപ്പിക്കുകയും ചെയ്യണം.
2. വന്യമൃഗങ്ങളിൽനിന്നുള്ള സംരക്ഷണത്തിനു താല്ക്കാലിക പരിഹാരമായി സൗരവേലികൾ മതിയാവുന്ന പ്രദേശങ്ങളിൽ സൗരവേലികൾ നിർമിച്ച് അതോടൊപ്പം പ്രതിരോധ പ്രവർത്തനത്തിനാവശ്യമായ സാമ്പത്തികസ്വാതന്ത്ര്യം അതാതു പഞ്ചായത്തത്തുകൾക്കു കൈമാറണം. പഞ്ചായത്ത് ജനജാഗ്രതസമിതിയും റാപ്പിഡ് റെസ്‌പോൺസ് ടീമും സംയുക്തമായി ഇതിന്റെ നിയന്ത്രണം ഏറ്റെടുക്കുക. സോളാർ ഫെൻസിംഗിന് സംരക്ഷണം നല്കു ന്നതിന്, രണ്ടു കിലോമീറ്റർ സൗരവേലിക്ക് ഒരു വാച്ചർ എന്ന നിലയിൽ പ്രാദേശികനിവാസികളായ കർഷകരെ മാസശമ്പള അടിസ്ഥാനത്തിൽ വേലിയുടെ സംരക്ഷണചുമതലയും മെയിന്റനൻസും ഏല്പ്പിക്കുക. അതിനുള്ള തുക ബന്ധപ്പെട്ട പഞ്ചായത്തുവഴി നല്കുക.
3. വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളിൽ ആനമതിൽ, V ആകൃതി കിടങ്ങുകൾ, റെയിൽ വേലികൾ, ഇരുമ്പുവടവേലികൾ (iron rope fencing) എന്നിവയിലേതെങ്കിലും ഒന്ന് ഭൂപ്രകൃതിക്ക് അനുസരിച്ച് സ്ഥാപിക്കുക. പത്ത് വർഷംകൊണ്ട് വനഭൂമിയും കൃഷി ഭൂമിയും വേർതിരിച്ചുകൊണ്ട് സ്ഥിരമായ ഫെൻസിങ് /ആനമതിൽ പൂർത്തിയാക്കുന്നതിനു മാസ്റ്റർപ്ലാൻ തയ്യാറാക്കുക.
4. വന്യമൃഗങ്ങൾ ഉണ്ടാക്കുന്ന കൃഷിനാശങ്ങൾക്കും ജീവനാശത്തിനും ഇപ്പോൾ നല്കുന്ന തുച്ഛമായ ആശ്വാസധനം മാറ്റി ശാസ്ത്രീയമായി നഷ്ടം കണക്കാക്കി മതിയായ തുക ഇരകൾക്ക് നഷ്ടപരിഹാരമായി നൽകണം.
5. നിസാര പ്രീമിയത്തിൽ കർഷകർക്കു പഞ്ചായത്തുതല വിള ഇൻഷൂറൻസ് ഏർപ്പെടുത്തുക. മറ്റു ചില സംസ്ഥാനങ്ങൾ ചെയ്യുന്നതുപോലെ വോളണ്ടിയർമാരെ നിയമിച്ചു വിളനാശം സംഭവിച്ച ഉടൻതന്നെ ആദ്യഗഡു നഷ്ടപരിഹാരം എത്തിച്ചുകൊടുക്കുക. ഇൻഷുറൻസ് വക നഷ്ടപരിഹാരവും സർക്കാർ നഷ്ടപരിഹാരവും ഒരേസമയം കർഷകർക്കു ലഭ്യമാക്കണം.
6. വനാതിർത്തിയിൽനിന്ന് 500 മീറ്റർ ഉള്ളിൽവരെ ഹ്യൂമൻ സെൻസിറ്റീവ് സോണായി പ്രഖ്യാപിക്കുക. വന്യജീവികൾ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ അവയെ ഏതു മാർഗം ഉപയോഗിച്ചുനേരിടാനും സ്വന്തം ജീവനും കൃഷിയും സംരക്ഷിക്കാനുള്ള ഭരണഘടനാപരമായ അവകാശം (ആർട്ടിക്കിൾ 21) കർഷകർക്ക് ഉറപ്പുവരുത്തുകയും വന്യമൃഗങ്ങൾക്കു വനത്തിൽ ലഭിക്കുന്ന പരിരക്ഷയെങ്കിലും കർഷകനും അവന്റെ വളർത്തുമൃഗങ്ങൾക്കും കൃഷിക്കും വീടിനും റവന്യൂഭൂമിയിൽ ഉറപ്പുവരുത്തുകയും വേണം.
7. വനത്തിനകത്ത് വനേതരപ്രവർത്തനങ്ങൾ വാണിജ്യോദ്ദേശ്യത്തോടെ വ്യാപകമായി വനം വകുപ്പ് നടത്തുന്നതിനാൽ വന്യജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥ നശിപ്പിക്കപ്പെടുകയും, വന്യജീവികൾ വനത്തിനുപുറത്തു ജനവാസമേഖലകളിലേക്ക് കടക്കുകയും ചെയ്യുന്നു. ആകെ വനവിസ്തൃതിയുടെ 13% ലധികം വരുന്ന തോട്ടങ്ങളും തേക്ക്, അക്ക്വേഷ്യ, യൂക്കാലിപ്റ്റ്‌സ്, മാഞ്ചിയം തുടങ്ങിയ വനങ്ങളും അന്തരീക്ഷ താപനില വർധിപ്പിക്കുകയും, വനത്തിനകത്തു ജലലഭ്യത കുറക്കുകയും ചെയ്യുന്നു. വനംവകുപ്പിനു കീഴിലുള്ള എല്ലാത്തരം തോട്ടങ്ങളും കൃത്രിമ വനങ്ങളും വെട്ടിമാറ്റി ഇക്കോ കൺസർവേഷൻ നടപ്പിലാക്കി പ്ലാന്റേഷനുകൾ സ്വാഭാവികവനങ്ങളായി പരിണമിപ്പിക്കുകയും, അവിടെ പ്ലാവ്, മാവ്, വാഴ തുടങ്ങിയ ഫലവൃക്ഷങ്ങളൂം, കൈതച്ചക്ക തുടങ്ങിയ ഫലങ്ങളും വനത്തിനുള്ളിൽ മൃഗങ്ങൾക്ക് ആവശ്യാനുസരണം ഉപയോഗിക്കാനായി നട്ടുപിടിപ്പിക്കുക.
8. IUCN കൺസർവേഷൻ സ്റ്റാറ്റസ് പ്രകാരം LEAST CONCERN വിഭാഗത്തിൽപ്പെടുന്ന കാട്ടുപന്നിയെയും കുരങ്ങിനെയും മുള്ളൻപന്നിയെയും ക്ഷുദ്രജീവികളായിയി പ്രഖ്യാപിച്ചു വന്യജീവി സംരക്ഷണ നിയമത്തിലെ 11(1-) സെക്ഷൻ പ്രകാരം വനത്തിനകത്തു മനുഷ്യർക്കു നിയമപരമായ സംരക്ഷണം ഇല്ലാത്തതുപോലെ, കൃഷിഭൂമിയിൽ എത്തുന്ന മൃഗത്തിനു വന്യജീവി Status എടുത്തു കളയുകയും അവയെ ഉപാധിരഹിതമായി കൊല്ലാനുള്ള അനുവാദം കർഷകർക്കു നല്കുകയും, കൃഷിയിടത്തിൽവെച്ചു വെടിവെക്കുന്നതിന് ആവശ്യമുള്ള/തയ്യാറുള്ള എല്ലാ കർഷകർക്കും തോക്ക് ലൈസൻസ് നല്കുകയും അല്ലാത്തവർക്ക് കെണിവെച്ചു പിടിക്കാനുള്ള അനുവാദം നല്കുകയും ചെയ്യുക. ഇങ്ങനെ കൊല്ലപ്പെടുന്ന കാട്ടുപന്നിയുടെയും മറ്റും മാംസം ലേലത്തിൽ വിറ്റ് പഞ്ചായത്തുകളുടെ ഈ മേഖലയിലെ പ്രവർത്തനങ്ങൾക്ക് കരുതൽ ഫണ്ട് ആക്കി മാറ്റുക.
9. മനുഷ്യവാസമേഖലയിൽ കടന്നുകയറുന്ന മൃഗങ്ങൾക്കു റേഡിയോ കോളർ ഘടിപ്പിക്കുകയും മനുഷ്യവാസ മേഖലയിൽ നിരന്തരം കടന്നുവരുന്ന അവയെ പിടികൂടി ബന്ധനത്തിലാക്കുകയും വേണം.
10. വന്യമൃഗശല്യത്തിനെതിരെയുള്ള പരിഹാരങ്ങൾ ഇതിനോടകം പഠിച്ചിട്ടുള്ള സമിതികളുടെ ശുപാർശകൾപ്രകാരം കാലതാമസംകൂടാതെ അടിയന്തരമായി നടപ്പിൽവരുത്തുക. ആവർത്തിച്ചാവർത്തിച്ചുള്ള ഇത്തരം പഠനങ്ങളുടെയും കമ്മിറ്റികളുടെയും മറവിൽ പ്രതിരോധനടപടികളെ ബോധപൂർവം താമസിപ്പിക്കുന്ന ശ്രമങ്ങൾ ഉപേക്ഷിക്കുക.
11. മരങ്ങൾ നട്ടുപിടിപ്പിച്ചും മണ്ണ് സംരക്ഷിച്ചും കർഷകർ നടത്തുന്ന മഹത്തായ പരിസ്ഥിതി പ്രവർത്തനം അംഗീകരിച്ചു കർഷകർക്ക് പ്രോത്സാഹനവും സാമ്പത്തിക സഹായവും കാർബൺ ക്രെഡിറ്റ് അവകാശവും നല്കുക.
12. വന്യജീവി ആക്രമണത്തിന് നഷ്ടപരിഹാരം നൽകുന്നതിന് statutary സംവിധാനം ഏർപ്പെടുത്തുക. മോട്ടോർ വാഹന അപകട ഇൻഷുറൻസ് മാതൃകയിൽ, വന്യജീവി ആക്രമണംനേരിടുന്ന പഞ്ചായത്തുകളിലെ ജനങ്ങളെ പഞ്ചായത്ത് ഗ്രൂപ്പ് ഇൻഷുറൻസിൽ ഉൾപ്പെടുത്തി സംരക്ഷിക്കുകയും നഷ്ടപരിഹാരം ഉറപ്പാക്കുകയും ചെയ്യുക. ഓരോ അപകടവും പ്രത്യേകമായി പരിഗണിച്ചു നഷ്ടപരിഹാരം നിർണയിക്കുന്നതിനും, സമയബന്ധിതമായി നഷ്ടപരിഹാരംനല്കുന്നതിനും അടിയന്തിര നഷ്ടപരിഹാരം (ഇടക്കാലാശ്വാസം) ജീവഹാനി, പരിക്കുകൾ, നിത്യവൈകല്യം ഇവക്കു ഉടൻ നല്കുന്നതിന് സംവിധാനം ഉണ്ടാക്കുക. പഞ്ചായത്ത് തലത്തിൽ മോണിറ്ററിങ് (നിരീക്ഷണ മേൽനോട്ട) സമിതികൾ രൂപീകരിക്കുക.
13. വന്യജീവി ആക്രമണത്തിൽ മരിച്ച കുടുംബങ്ങളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുക. വന്യജീവി ആക്രമണം മൂലം കൃഷി അസാധ്യമായ സ്ഥല ഉടമകൾക്ക് കൃഷിയിൽനിന്നു കിട്ടേണ്ട ആദായത്തിനു തുല്യമായ തുക വർഷംതോറും നല്കുക.
14. വന്യജീവി ആക്രമണത്തിന് ഉത്തരവാദി സർക്കാരായിരിക്കും എന്നതിനാൽ, വന്യജീവി ആക്രമണം ഉണ്ടായാൽ സർക്കാരിനെതിരെ/ വനം വകുപ്പിനെതിരേ നിയമനടപടിക്കു നിയമം ഉണ്ടാക്കുക. വന്യമൃഗങ്ങൾക്കു വനത്തിനു പുറത്തു നിയമപരമായ സംരക്ഷണം ഉണ്ടായിരിക്കുകയില്ല എന്നതു നിയമാക്കുക.
15. 1972ലെ വന്യജീവി സംരക്ഷണ നിയമം കാലാനുസൃതമായി പരിഷ്‌കരിച്ചു നിയമത്തിൽ ഭേദഗതികൾകൊണ്ടുവന്ന് Wild Life Management എന്നതിലേക്കു കേന്ദ്രീകരിക്കുക. ഈ നിയമത്തിലെ അപാകതകൾ പരിഹരിക്കുന്നതിനു ആവശ്യമായ ഓർഡിനൻസുകൾ സംസ്ഥാന സർക്കാർ പുറപ്പെടുവിക്കുക.
16. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട കർഷകന്റെ നിലനില്പ്പിനും അതിജീവനത്തിനും വേണ്ടി നടത്തിയ പ്രക്ഷോഭങ്ങളുടെയും, സമരങ്ങളുടെയും പേരിൽ കർഷകർക്കെതിരേ എടുത്തിരിക്കുന്ന എല്ലാവിധ നടപടികളും നിറുത്തുകയും, പിൻവലിക്കുകയും ചെയ്യുക.
17. കോടതികളിൽനിന്നും കർഷകർക്ക് ലഭിക്കുന്ന അനുകൂലവിധിയുടെ ഗുണം കർഷകർക്ക് നിഷേധിക്കുന്ന വനംവകുപ്പ് നിലപാടു തിരുത്തുക. വനപാലകരുടെ താമസവും ഓഫീസും വനാതിർത്തിക്കടുത്തേക്കു മാറ്റി സ്ഥാപിക്കുക.
ഡോ. ചാക്കോ കാളംപറമ്പിൽ


