”ബലിയർപ്പണത്തോടെ എന്നോട് ഉടമ്പടിചെയ്തിട്ടുള്ള എന്റെ വിശ്വസ്തരെ എന്റെ അടുത്തു വിളിച്ചുകൂട്ടുവിൻ” (സങ്കീ 50 :5)
പുരോഹിതർ… അവർ ദൈവത്തിനും ദൈവജനത്തിനുംവേണ്ടി കർത്തൃസന്നിധിയിൽ ഉടമ്പടി ചെയ്യുന്ന കർത്താവിന്റെ അഭിഷിക്തദാസരാണ്…
ദൈവരാജ്യത്തിന്റെ വളർച്ചയ്ക്കും സഭാതനയരുടെ പോഷണത്തിനും സമൂഹത്തിന്റെ നന്മയ്ക്കുമായി സ്വയം ഉരുകിതീരുന്നവരാണ്. സ്വന്തബന്ധങ്ങളും സർവസുഖങ്ങളും ഉപേക്ഷിച്ച്, സഭയാകുന്ന ആട്ടിൻപറ്റത്തെ ക്രിസ്തുവിൽ ഒന്നായി നയിക്കാനുള്ള ഇടയധർമ്മം ചങ്കൂറ്റത്തോടെ ഏറ്റെടുക്കുന്ന വൈദികരുടെ ആത്മധൈര്യത്തിന്റെയും സമ്പൂർണത്യാഗത്തിന്റെയും ജീവിതങ്ങൾ തികച്ചും അസൂയാവഹങ്ങളാണ് .
അൾത്താരയിൽ കർത്താവിന്റെ പരിശുദ്ധ ബലി പരികർമംചെയ്യാനുള്ള അനുഗ്രഹം സിദ്ധിച്ച വൈദികരുടെ അഭിഷിക്ത കരങ്ങളും കർത്താവിന്റെ സുവിശേഷത്തിന്റെ പ്രഘോഷകരായി ദേശദേശാന്തരങ്ങൾ താണ്ടുന്ന അവരുടെ സുന്ദരപാദങ്ങളും എത്രയോ ഭാഗ്യമുള്ളവ! കല്ലുകളും മുള്ളുകളും നിറഞ്ഞ ജീവിതപന്ഥാവിൽ ദൈവത്തിനും ദൈവജനത്തിനും വേണ്ടി വലിയ വില നൽകുന്ന പുരോഹിതർ മറ്റേത് കാലത്തേക്കാളും ഇന്നിന്റെ വലിയ ആവശ്യമാണ്.
തിന്മയുടെ ശക്തികളും മായാമോഹങ്ങളും വ്യാജപ്രബോധനങ്ങളും നാൾക്കുനാൾ പ്രബലപ്പെടുമ്പോൾ, സഭയ്‌ക്കെതിരെ ശത്രുക്കൾ ഒളിഞ്ഞും തെളിഞ്ഞും അസ്ത്രങ്ങൾ എയ്തുകൊണ്ടിരിക്കുമ്പോൾ, ജാഗ്രതയോടെ സഭയെ നയിക്കാനും അജഗണത്തിന് കാവൽഗോപുരങ്ങളാകാനും കർത്താവിനു വിശ്വാസയോഗ്യരായ വൈദികരെ ആവശ്യമുണ്ട്. കാവൽക്കാർ ഉറക്കമാകുമ്പോൾ കൗശലപൂർവ്വം ആക്രമിക്കുന്ന കുറുനരികൾക്കും ചെന്നായ്ക്കൾക്കും അജഗണത്തെ വിട്ടുകൊടുക്കാത്ത, സദാ ഉണർന്ന് ജാഗരൂകരായ വൈദികർ ഇനിയും സഭയിൽ ഉണരട്ടെ.
ഗോതമ്പിനിടയിൽ കള വിതച്ചിട്ടു കടന്നുകളയുന്ന ശത്രുക്കൾ (മത്താ. 13 :25 ) സഭയിൽ പ്രബലപ്പെടാതിരിക്കാൻ ഇടയന്മാരുടെ ജാഗ്രതയോടെയുള്ള കാവൽ ഇന്നിന്റെ അനിവാര്യതയാണ്. സഭയുടെ വളർച്ചയിലും ആത്മീയപോഷണത്തിലും അത്യന്താപേക്ഷിത പങ്ക് വഹിക്കുന്നതിനാൽത്തന്നെ ദുഷ്ടപിശാചും ലോകശക്തികളും പുരോഹിതരുടെ ശ്രേഷ്ഠജീവിതത്തിന്മേൽ ദൃഷ്ടിയുറപ്പിച്ചിട്ടുണ്ട് എന്ന് നിസ്സംശയം പറയാം. വൈദികരെ ലക്ഷ്യംവച്ചുള്ള ശത്രുവിന്റെ ചതിക്കെണികളുടെ നേർചിത്രങ്ങൾ ചുറ്റും കണേ്ണാടിച്ചാൽ നമുക്കു സുവ്യക്തമായി കാണാൻ സാധിക്കും. ശാരീരികമായും മാനസികമായും ആത്മീയമായും ഇന്ന് വൈദികസമൂഹം നേരിടുന്ന വെല്ലുവിളികൾ ദൈവജനം മുഴുവന്റെയും വേദനയാകണം. കാരണം, വൈദികരാണ് നമ്മുടെ ആത്മീയജീവിതത്തിന്റെ പോഷകങ്ങൾ ആയ കൂദാശകൾ പരികർമം ചെയ്യുന്നവർ. അവർ വെല്ലുവിളികളിൽ തളരാതിരിക്കേണ്ടത് നമ്മുടെ ആവശ്യവും ഉത്തരവാദിത്വവുമാണ്. വിർശനങ്ങൾക്കും പീഡനങ്ങൾക്കും ആക്ഷേപങ്ങൾക്കും വ്യാജ ആരോപണങ്ങൾക്കും വിധേയരാകുമ്പോഴും നിശ്ശബ്ദ സഹനങ്ങളിലൂടെയും ഉറച്ച നിലപാടുകളിലൂടെയും അവർ നല്കുന്ന ധീരസാക്ഷ്യം സഭാതരുവിന് ഫലസമ്പുഷ്ടമായ വിളനിലംപാകപ്പെടുത്തട്ടെ.
കർത്താവിനായി മുദ്രവയ്ക്കപ്പെട്ട നീരുറവകൾ
”എന്റെ മണവാട്ടി അടച്ച ഉദ്യാനമാണ്, മുദ്രവച്ച നീരുറവ” (ഉത്തമഗീതം 4;12)
സന്യസ്തർ… സ്വന്തബന്ധങ്ങളും സുഖസൗകര്യങ്ങളും വെടിഞ്ഞ് സന്യാസഭവനത്തിന്റെ നാല് ചുവരുകൾക്കുള്ളിൽ ആരാലും അറിയപ്പെടാതെ തങ്ങളുടെ ആത്മനാഥനായ യേശുവിന്റെ പ്രിയ മണവാട്ടികളായി ജീവിതം സമർപ്പിക്കുന്നവർ… ദാരിദ്ര്യത്തെ പുല്കിയും അനുസരണം വ്രതമാക്കിയും കന്യകാത്വം സമർപ്പിച്ചും ലോകമോഹങ്ങളോടു വിടചൊല്ലി കർത്താവിനുവേണ്ടിയും അവിടത്തെ സഭയ്ക്കുവേണ്ടിയും സന്ന്യാസം വരിക്കുന്ന അവരുടെ ദൃഢനിശ്ചയവും മനോധൈര്യവും കണ്ടില്ലെന്ന് നടിച്ച്, സന്യാസത്തെപ്പറ്റി നുണക്കഥകൾ പ്രചരിപ്പിക്കുന്നവരും സന്ന്യാസിനികൾക്കുനേരെ ആക്ഷേപചെളി വാരിയെറിയുന്നവരും ഇല്ലാകാര്യങ്ങൾ പറഞ്ഞുപരത്തുന്നവരും ഇന്ന് വർധിച്ചിരിക്കുകയാണ്. പൊതുസമൂഹത്തിന് സമർപ്പിതരിലൂടെ ചരിത്രത്തിലുടനീളം നല്കപ്പെട്ടിട്ടുള്ള സംഭാവനകൾ പാടെ വിസ്മരിക്കപ്പെടുന്ന സ്ഥിതിവിശേഷങ്ങളാണ് നിലവിലുള്ളത്.
അനാഥർക്ക് അമ്മമാരായും പട്ടിണിപ്പാവങ്ങൾക്ക് അന്നദാതാക്കളായും ഉറ്റവരും ഉടയവരും ഉപേക്ഷിച്ചവർക്ക് സഹോദരിമാരായും കരുതലിന്റെയും സ്‌നേഹത്തിന്റെയും ദൈവദൂതുകളുടെ വക്താക്കളാകുന്ന, അനേകർക്ക് ക്രിസ്തീയതയിൽ ജന്മം നല്കുന്ന ആത്മീയ അമ്മമാരായ ഈ കന്യാസ്ത്രീകളെപറ്റി യാഥാർഥ്യങ്ങൾ അറിയാതെ സന്യാസസമൂഹത്തെ മുഴുവൻ അടച്ചാക്ഷേപിക്കുന്നവരും അവർക്ക് വിലക്കേർപ്പെടുത്തുന്നവരും വ്യാജകേസുകളിൽ കുടുക്കുന്നവരും ഇന്ന് വർധിച്ചിരിക്കുന്നു. അതിനാൽത്തന്നെ, സന്യസ്തരെ പ്രാർഥനകൊണ്ടും പിന്തുണകൊണ്ടും പ്രോത്സാഹിപ്പിക്കേണ്ടതും സന്യസ്ത ദൈവവിളികൾക്കായി നമ്മുടെ മക്കളെ ഒരുക്കേണ്ടതും ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണ്.
കാരണം, പ്രാർഥനയുടെ വേരുകളിൽ സഭയെ വളർത്തുന്നതിലും ആധുനിക ലോകത്തിൽ കർത്താവിന്റെ കാണപ്പെടുന്ന ശരീരമായി സഭയെ നിലനിർത്തുന്നതിലും സന്യസ്തരുടെ പങ്ക് ഒഴിച്ചുകൂടാനാകാത്തതാണ്.
അത്മായർ സഭയുടെ മുത്തുകൾ
”പരിശുദ്ധ കന്യകാമറിയത്തെപ്പോലെ, തങ്ങളുടെ ജീവിതത്തിൽ ദൈവിക പദ്ധതിയോട് ആമ്മേൻ പറയുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന ക്രിസ്തുവിന്റെ വിശ്വസ്തരായ അത്മായരെ കർത്താവിന്റെ വലിയ മുന്തിരിത്തോപ്പിലെ വേലക്കായി ആവശ്യമുണ്ട്”. ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ ഈ വാക്കുകൾ മറ്റേതു കാലത്തേക്കാളും ഈ കാലഘട്ടത്തിൽ പ്രസക്തമാണ് .
വിവിധ സാഹചര്യങ്ങളിലും സ്ഥലങ്ങളിലും കർത്താവിന്റെ ശിഷ്യന്മാരും സാക്ഷികളുമായി ക്രിസ്ത്യാനികൾ ആയിരിക്കുന്നതിന്റെ ആനന്ദം അനുഭവിക്കുന്നവരും മറ്റുള്ളവരുമായി പങ്കുവക്കുന്നവരുമാണ് അത്മായർ. നിലവിലെ സാംസ്‌കാരികവും സാമൂഹികവുമായ അവസ്ഥകൾ കത്തോലിക്കാപാരമ്പര്യങ്ങളുടെയും സത്യവിശ്വാസത്തിന്റെയും സൂക്ഷിപ്പിലും കൈമാറ്റത്തിലും അത്മായരുടെ സാന്നിധ്യത്തെയും ഇടപെടലുകളെയും അടിയന്തിരമാക്കുന്നു. അതിർവരമ്പുകളില്ലാത്ത സുവിശേഷപ്രഘോഷണത്തിനുള്ള അനന്തസാധ്യതകളാണ് അത്മായർക്ക് മുന്നിൽ ഉള്ളത്. വൈദിക സന്ന്യസ്ത ദൈവവിളികളുടെയും ഉറവിടങ്ങൾ കുടുംബങ്ങൾ തന്നെയാണല്ലോ.
ധാർമ്മിക മൂല്യങ്ങളും സുവിശേഷപ്രബോധനങ്ങളും കാറ്റിൽപറത്തി നവയുഗമുന്നേറ്റങ്ങൾ പുതിയ തലമുറയെ ക്രൈസ്തവവിരുദ്ധ മൂല്യച്യുതിയിലേക്ക് തള്ളിവിടുമ്പോൾ, നമ്മുടെ കുഞ്ഞുങ്ങൾക്ക് ആത്മീയ പ്രതിരോധത്തിന്റെ പരിശീലനം നല്‌കേണ്ടത് പ്രധാനമായും കുടുംബങ്ങളിലാണ്. അതിനാൽ ത്തന്നെ, അത്മായർ സഭാഗാത്രത്തിലെ അവിഭാജ്യ ഘടകങ്ങൾ മാത്രമല്ല, സഭയുടെ തുടിപ്പുകൾ എന്നു വിശേഷിപ്പിക്കാവുന്ന അതിലെ അവയവങ്ങളാണ്.
അത്മായനേതൃത്വങ്ങളിലൂടെ സ്തുത്യർഹ ശുശ്രൂഷചെയുന്ന സഭാസംവിധാനങ്ങളും നിരവധിയാണ്. സഭയുടെ ശബ്ദമായി മാധ്യമരംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുന്ന ഷെക്കെയ്‌ന ന്യൂസ്, ശാലോം ടിവി തുടങ്ങിയവയും ഉപവിപ്രവർത്തനമേഖലയിൽ ദൈവസ്‌നേഹത്തിന്റെയും സഹോദരസ്‌നേഹത്തിന്റെയും കാണപ്പെടുന്ന അടയാളമായി മാറിയ പി യു തോമസിന്റെ നവജീവൻ സംരംഭവും കൂടാതെ മിഷൻ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മിഷൻ സംഘടനകളും അടക്കം എത്രയോ അത്മായ കൂട്ടായ്മകളും പ്രസ്ഥാനങ്ങളും സുവിശേഷകരും ആണ് ഇന്ന് സഭയുടെ അമൂല്യരത്‌നങ്ങളായി, കർത്താവിനും സഭയ്ക്കും സമൂഹത്തിനുമായി വിളങ്ങുന്നത്! തങ്ങളിൽ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്വങ്ങളും സാധ്യതകളും തിരിച്ചറിഞ്ഞ് അത്മായർ ഇനിയും ഉണരണം… സഭ വളരണം… അങ്ങനെ ലോകം കർത്താവിനെ അറിയണം.
ബ്ര. സന്തോഷ് കരുമത്ര


