ദൈവവും മനുഷ്യനും തമ്മിലും മനുഷ്യർ തമ്മിൽത്തമ്മിലും പ്രപഞ്ചത്തോടും അനുരഞ്ജനപ്പെട്ട് പിതാവായ ദൈവത്തിന് ആത്മാവിലും സത്യത്തിലും അർപ്പിക്കുന്ന പരമമായ ആരാധനയാണ് വിശുദ്ധ കുർബാനയർപ്പണം. ദൈവാരാധന നടത്തുന്ന ഒരു കൂട്ടായ്മയായി മനുഷ്യകുലത്തെ രൂപാന്തരപ്പെടുത്തുവാൻ വന്ന ഈശോയുടെയും (മത്താ4/17) ഈശോയ്ക്ക് വഴിയൊരുക്കുവാൻ വന്ന സ്നാപക യോഹന്നാന്റെയും ( മത്താ 3/3 ) ഈശോയുടെ ഉത്ഥാനശേഷം വചനപ്രഘോഷണം ആരംഭിച്ച പത്രോസിന്റെയും ( അപ്പ 2/38) പ്രഘോഷണങ്ങളുടെ അന്തസ്സത്ത പശ്ചാത്താപവും അനുരഞ്ജനവുമാണ്. ദൈവത്തോടും സഹോദരങ്ങളോടും പ്രപഞ്ചത്തോടുമുള്ള അനുരഞ്ജനം ക്രിസ്തീയജീവിതത്തിൽ അനുദിനം നടക്കേണ്ട ഒരു പ്രക്രിയ ആണ്.
വിശുദ്ധ ഗ്രന്ഥത്തിൽ നിറഞ്ഞുനില്ക്കുന്ന അനുരഞ്ജനസന്ദേശം വിശുദ്ധ കുർ്ബാനയിലും നിറഞ്ഞുനില്ക്കുകയാണ്.” അനുരഞ്ജിതരായ്ത്തീർന്നിടാം” എന്ന ആഹ്വാനത്തോടെ ആരംഭിക്കുന്ന വി.കുർബാന ദൈവ-മനുഷ്യസമാഗമത്തിലും ഐക്യത്തിലും എത്തിച്ചേർന്ന് സമാപിക്കുന്നു. ” നീ ബലിപീഠത്തിൽ കാഴ്ചയർപ്പിക്കുമ്പോൾ നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെവച്ച് ഓർത്താൽ കാഴ്ചവസ്തു അവിടെ ബലിപീഠത്തിനു മുമ്പിൽവച്ചിട്ട് പോയി സഹോദരനോട് രമ്യതപ്പെടുക. പിന്നെ വന്ന് കാഴ്ചയർപ്പിക്കുക” ( മത്താ 5:24) എന്നാണല്ലോ ഈശോയുടെ ആഹ്വാനം. ആ ആഹ്വാനമാണ് ആരംഭത്തിൽ തന്നെ ആരാധനാസമൂഹത്തെ വിശുദ്ധ കുർബാന ഓർമിപ്പിക്കുന്നത്.
യോഹന്നാൻ തന്റെ സുവിശേഷത്തിൽ പറയുന്നു, ” അപ്പക്കഷണം സ്വീകരിച്ചതിനെ തുടർന്ന് സാത്താൻ അവനിൽ പ്രവേശിച്ചു” ( 13/27). ഈ ഒരു തകർച്ചയിലേക്കു ആരാധനാസമൂഹം വീഴാതിരിക്കാൻ ” വിശുദ്ധ കുർബാന വിശുദ്ധർക്കുള്ളതാകുന്നു” എന്ന കാർമികന്റെ ആഹ്വാനത്തിലൂടെ സഭ പരിശ്രമിക്കുകയാണ്. ദൈവത്തോടും മനുഷ്യരോടും വന്നുപോയിട്ടുള്ള ബന്ധത്തകർച്ചയെ തിരുത്തി വിശുദ്ധിയോടെ വിശുദ്ധരഹസ്യങ്ങൾ സ്വീകരിക്കുവാൻ കുർബാനയാഘോഷിക്കുന്ന സമൂഹത്തെ സഹായിക്കുന്നു. അതിനായി ജനത്തെ ഒരുക്കുന്ന ഒരു പ്രക്രിയ തന്നെ നമ്മുടെ കുർബാനയിൽ കാണാൻ കഴിയും. അതാണ് അനാഫൊറയ്ക്ക് ശേഷം വരുന്ന വിഭജനശുശ്രൂഷയും അനുരഞ്ജനശുശ്രൂഷയും.
അനുരഞ്ജനശുശ്രൂഷ രണ്ടു ഭാഗങ്ങളായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. ആരാധനാസമൂഹത്തെ പിതാവായ ദൈവവുമായി അനുരഞ്ജിപ്പിക്കാൻ തക്കവിധമാണ് ആദ്യഭാഗം ക്രമീകരിച്ചിരിക്കുന്നത്. ഈ ഭാഗത്ത് പുരോഹിതപ്രാർഥന, അനുതാപസങ്കീർത്തനങ്ങൾ, ധൂപാർപ്പണശുശ്രൂഷ എന്നിവയാണുള്ളത്. ഇവിടെ നമ്മുടെ ബലിപീഠത്തിൽ സന്നിഹിതനായിരിക്കുന്ന സ്വർഗവാസികളുടെ സമാധാനവും ഭൂവാസികളുടെ പ്രത്യാശയുമായിരിക്കുന്ന മിശിഹായെ ദർശിച്ച് ശാന്തിയും സമാധാനവും നല്കി ദൈവമഹത്വത്തിനായി ജീവിക്കാനുള്ള കൃപ യാചിച്ചുകൊണ്ട് ദൈവവുമായി അനുരഞ്ജനപ്പെടാനുള്ള താല്പര്യത്തോടെ സങ്കീർത്തനം ആലപിക്കുന്നു. അനുരഞ്ജനത്തിന്റെ ആദ്യപടി സ്വന്തം പാപങ്ങൾക്ക് പൊറുതി ലഭിക്കുകയാണല്ലോ. ദൈവവുമായുള്ള അനുരഞ്ജനത്തിന്റെ ഫലമായി ലഭിക്കുന്ന പാപമോചനത്തിന്റെ പ്രതീകമായി ധൂപാർപ്പണം ഈ ഭാഗത്തു നിലകൊള്ളുന്നു. ദൈവത്തിന്റെ കൃപയിലും കരുത്തിലും നാം ആശ്രയിക്കുന്നു എന്ന് ഏറ്റുപറയുകയാണിവിടെ.
അനുരഞ്ജനശുശ്രൂഷയുടെ രണ്ടാം ഭാഗത്ത് കാറോസൂസ, അനുരഞ്ജന കൂദാശ,പാപമോചന പ്രാർഥന എന്നിവയാണുള്ളത്. ദൈവവുമായുള്ള അനുരഞ്ജനത്തിന്റെ മൂൻവ്യവസ്ഥയും പിൻവ്യവസ്ഥയും മനുഷ്യർ തമ്മിലുള്ള അനുരഞ്ജനമാണ്. അത് ലക്ഷ്യമാക്കിയുള്ള പ്രാർഥനകളും പ്രായോഗികനിർദേശങ്ങളുമാണ് ഈ ഭാഗത്ത് നിറഞ്ഞുനില്ക്കുന്നത്. സഹോദരങ്ങളുമായുള്ള അനുരഞ്ജനം ദിവ്യകാരുണ്യസ്വീകരണത്തിന് അനിവാര്യമാണെന്ന് ഈ ഭാഗം നമ്മെ ഓർമിപ്പിക്കുന്നു. പാപങ്ങളെക്കുറിച്ചുള്ള പശ്ചാത്താപവും സഹോദരങ്ങളുമായുള്ള അനുരഞ്ജനവും ദൈവൈക്യത്തിന് അത്യന്താപേക്ഷിതമാണല്ലോ?
രണ്ടു അനുരഞ്ജനശുശ്രൂഷകളുടെ മധ്യത്തിൽ വിഭജനശുശ്രൂഷ വരുമ്പോൾ അതും വലിയൊരു സന്ദേശം ആരാധനാസമൂഹത്തിന് നല്കുന്നുണ്ട്. ദൈവത്തിനും മനുഷ്യർക്കും വേണ്ടി മുറിയപ്പെടാനും ചിന്തപ്പെടാനും തയ്യാറുള്ളവർക്കു മാത്രമേ വിശുദ്ധ കുർബാന സ്വീകരണവും കുർബാനയർപ്പണവും “ശിക്ഷാവിധിക്ക് ഹേതുവാകാതെ കടങ്ങളുടെ പൊറുതിക്കു പാപങ്ങളുടെ മോചനത്തിനും കാരണമാ”കൂ.
ഫാ.കുര്യാക്കോസ് മൂഞ്ഞേലി എംസിബിഎസ്


