വി. കുർബ്ബാനയും മനുഷ്യാവതാരരഹസ്യവും

Published on

ഈശോമിശിഹായിൽ പൂർത്തിയായ രക്ഷാകരപദ്ധതിയുടെ അനുസ്മരണവും ആചരണവും ആഘോഷവുമാണല്ലൊ വി. കുർബ്ബാന. ദൈവത്തിന്റെ രക്ഷാകരപദ്ധതിയിലെ ഒരു നിർണ്ണായക നിമിഷമായ മനുഷ്യാവതാരത്തെ അനുസ്മരിച്ചുകൊണ്ടാണ് നാം വി.കുർബ്ബാന ആരംഭിക്കുന്നത്. “അത്യുന്നങ്ങളിൽ ദൈവത്തിന് സ്തുതി,” “ഭൂമിയിൽ മനുഷ്യർക്ക് സമാധാനവും പ്രത്യാശയും എപ്പോഴും എന്നേക്കും” എന്ന് പ്രാർത്ഥിച്ചുകൊണ്ട് നാം വി. കുർബ്ബാന ആരംഭിക്കുമ്പോൾ അത് മനുഷ്യാവതാരരഹസ്യത്തിലേക്കാണ് നമ്മുടെ ഹൃദയങ്ങളെ നയിക്കുന്നത്. വി. കുർബ്ബാന ആരംഭിക്കുന്നത് മനുഷ്യാവതാര രഹസ്യത്തെക്കുറിച്ചുള്ള ധ്യാനത്തിലൂടെയാണ് എന്നത്, വി. കുർബ്ബാനയും മനുഷ്യാവതാരവും തമ്മിലുള്ള ബന്ധത്തിലേക്ക് നമ്മുടെ ചിന്തകളെ ഉയർത്തുകയാണ്.

മനുഷ്യാവതാരം എന്ന മനുഷ്യ രക്ഷാകർമ്മം

മനുഷ്യപ്രകൃതിയിൽ, മനുഷ്യ രക്ഷാകർമ്മം സാധ്യമാക്കാൻ വേണ്ടി ദൈവപുത്രൻ മനുഷ്യപ്രകൃതി സ്വീകരിച്ചു എന്ന സത്യമാണ് മനുഷ്യാവതാരം കൊണ്ട് സഭ അർത്ഥമാക്കുന്നത് (CCC 461). “വചനം മാംസമായി” (യോഹ. 1:14) എന്ന ദൈവീകവെളിപാടിന്റെ ആന്തരികാർത്ഥമാണ് മനുഷ്യാവതാരത്തിലൂടെ ദൈവം വെളിപ്പെടുത്തിയത്. ദൈവപുത്രൻ മനുഷ്യപ്രകൃതി സ്വീകരിച്ച് മനുഷ്യനായി പിറന്നത് മനുഷ്യരക്ഷാകർമ്മം പൂർത്തിയാക്കാനാണ്. ഈശോമിശിഹായിലൂടെ പൂർത്തിയായ ഈ മനുഷ്യരക്ഷാകർമ്മത്തെ ഇന്നും അനുഭവവേദ്യമാക്കുന്നത് വി. കുർബ്ബാനയാണ്. വി. കുർബ്ബാനയിലൂടെ മനുഷ്യാവതാരത്തിന്റെ മഹനീയഫലങ്ങൾ ഇന്നും അനുഭവിക്കാനും ആ അനുഭവത്തിൽ ജീവിക്കാനും ദൈവം കൃപ നല്കുന്നു. മനുഷ്യാവതാരത്തെ ഇന്നിന്റെ അനുഭവവും അനുഗ്രഹവുമാക്കുന്ന വി. കുർബ്ബാനയിലൂടെ യഥാർത്ഥമായ രക്ഷാകര അനുഭവത്തിലാണ് നാം പങ്കുചേരുന്നത്.

മനുഷ്യാവതാരത്തിന്റെ രക്ഷാകരഫലങ്ങൾ

മനുഷ്യാവതാരത്തിലൂടെ ദൈവം മനുഷ്യവംശത്തിന് നല്കിയ രക്ഷാകരഫലങ്ങൾ എന്തെല്ലാമാണെന്ന് കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം വളരെ വ്യക്തമായി പഠിപ്പിക്കുന്നുണ്ട്: മനുഷ്യാവതാരത്തിലൂടെ ദൈവം നമ്മെ രക്ഷിച്ചു, ദൈവവുമായി നമ്മെ അനുരഞ്ജിപ്പിച്ചു (CCC 457), ദൈവത്തിന്റെ സ്നേഹം നാം അനുഭവിച്ചറിഞ്ഞു (ഇഇഇ 458), വിശുദ്ധിയുടെ മാതൃക നമ്മുക്ക് നല്കി (CCC 459), ദൈവപ്രകൃതിയിൽ നമ്മെ ഭാഗഭാക്കുകളാക്കി (CCC 460). മനുഷ്യാവതാരത്തിന്റെ ഇൗ മഹനീയഫലങ്ങൾ നാം ഇന്ന് അനുഭവിക്കുന്നത് വി. കുർബ്ബാനയിലൂടെയാണ്.

വി. കുർബ്ബാന രക്ഷയുടെയും അനുരഞ്ജനത്തിന്റെയും കൂദാശ

മനുഷ്യാവതാരത്തിലൂടെ ദൈവം മനുഷ്യനെ രക്ഷിച്ച്, വീണ്ടെടുത്തു; മനുഷ്യവംശത്തെ തന്നോട് അനുരഞ്ജിപ്പിച്ചു. ഈ ദൈവീകരക്ഷാ പദ്ധതി വി. കുർബ്ബാനയിലൂടെ ദൈവം ഇന്നും തുടർന്നുകൊണ്ടു പോകുന്നു. മനുഷ്യവംശത്തിന്റെ രക്ഷയും, ദൈവവും മനുഷ്യനും തമ്മിലുള്ള അനുരഞ്ജനവും വി. കുർബ്ബാനയുടെ കാതലായ രണ്ട് അനുഭവങ്ങളാണ്. ദൈവമനുഷ്യബന്ധത്തെ തകർത്തുകൊണ്ട് പാപം രംഗപ്രവേശനം ചെയ്തപ്പോൾ, പാപത്തെ ഇല്ലാതാക്കാനും, പാപത്തിന്റെ ഫലമായ ശിക്ഷയിൽ നിന്ന് മനുഷ്യനെ രക്ഷിക്കാനും, ദൈവമനുഷ്യബന്ധം പുന:സ്ഥാപിക്കാനും ദൈവം തിരുമനസ്സായി. അതിനായി അവിടുന്ന് സ്വപുത്രനെതന്നെ മനുഷ്യരുടെ ഇടയിലേക്ക്, മനുഷ്യസദൃശ്യനായി അയച്ചു. അങ്ങനെ തന്റെ പുത്രന്റെ മനുഷ്യാവതാരത്തിലൂടെ ദൈവവും മനുഷ്യനും തമ്മിലുള്ള അകലം ഇല്ലാതാക്കി. പൂർണ്ണമായ അനുരഞ്ജനം സാധ്യമാക്കാൻ പാപപരിഹാരബലി ആവശ്യമായിരുന്നു. ദൈവപുത്രൻ തന്റെ ജീവിതം തന്നെ ബലിയായി അർപ്പിച്ചുകൊണ്ട്, പാപത്തിന് പരിഹാരം ചെയ്യുകയും, മനുഷ്യരക്ഷ സാധ്യമാക്കുകയും, ദൈവത്തെയും മനുഷ്യരെയും തമ്മിൽ പൂർണ്ണമായി അനുരഞ്ജിപ്പിക്കുകയും ചെയ്തു.

ദൈവപുത്രന്റെ ജീവിതബലിയുടെ അനുസ്മരണവും ആഘോഷവുമായ വി. കുർബ്ബാനയിലൂടെ നാം സ്വന്തമാക്കുന്നത് ഈ രക്ഷയുടെയും അനുരഞ്ജനത്തിന്റെയും അനുഭവമാണ്. കടങ്ങളുടെ പൊറുതിക്കും, പാപങ്ങളുടെ മോചനത്തിനുമായാണ് വി. കുർബ്ബാന അർപ്പിക്കപ്പെടുന്നത് എന്ന് നമ്മെ ഓർപ്പിക്കുകയും ആ അനുഭവത്തിലേക്ക് നമ്മെ നയിക്കുകയും ചെയ്യുന്ന നിരവധി പ്രാർത്ഥനകൾ വി. കുർബ്ബാനയിലുണ്ട്.

വി. കുർബ്ബാനയിൽ ഈശോയുടെ തിരുശരീരരക്തങ്ങൾ നാം സ്വീകരിക്കുമ്പോൾ, മനുഷ്യാവതാരത്തിലൂടെ മനുഷ്യനുമായി ഒന്നായി തീരാനുള്ള ദൈവീക പദ്ധതി നമ്മിൽ പൂർത്തിയാവുകയാണ്. മനുഷ്യനെ തന്നോട് അനുരഞ്ജിപ്പിക്കാൻ മനുഷ്യനായി പിറന്ന ദൈവം ഇന്നും ആ അനുരഞ്ജനത്തിന്റെ അനുഭവം നമ്മുക്ക് നല്കുന്നത് വി. കുർബ്ബാന സ്വീകരണത്തിലൂടെയാണ്. അതുകൊണ്ടാണ് വി. കുർബ്ബാനയിലെ ഈ അവസരത്തെ ദൈവൈക്യശുശ്രൂഷ എന്ന് നാം വിളിക്കുന്നത്. മനുഷ്യാവതാരത്തിലൂടെ ദൈവം ആഗ്രഹിച്ച ദൈവൈക്യം വി. കുർബ്ബാന സ്വീകരണത്തിലൂടെ ഇന്നിന്റെ അനുഭവമാകുകയാണ്. ഈ ദൈവൈക്യത്തിന് തടസ്സമായ പാപത്തിൽ നിന്നുള്ള മോചനത്തിനായി അനുതപിച്ച് പ്രാർത്ഥിച്ചുകൊണ്ട് നാം ദൈവൈക്യശുശ്രൂഷയിലേക്ക് പ്രവേശിക്കുന്നു. അതുകൊണ്ടാണ് ദൈവൈക്യശുശ്രൂഷക്കുമുൻപായി അനുതാപശുശ്രൂഷയിലൂടെ ദൈവജനം തങ്ങളുടെ പാപങ്ങളോർത്ത് പശ്ചാതപിച്ച് ദൈവകരുണയ്ക്കായി പ്രാർത്ഥിക്കുന്നത്. ദൈവൈക്യത്തിന് തടസ്സമായ പാപത്തിൽ നിന്ന് മോചനം നേടി, ദൈവവുമായി അനുരഞ്ജിതരായി, അവിടുത്തെ സന്നിധിയിലേക്ക് കടന്നുവരുന്ന ദൈവമക്കൾ വി. കുർബ്ബാന സ്വീകരണത്തിലൂടെ ദൈവവുമായി പൂർണ്ണമായി എെക്യപ്പെടുന്നു. മനുഷ്യാവതാരത്തിന്റെ ലക്ഷ്യം വി. കുർബ്ബാനയിലൂടെ ഇവിടെ പൂർത്തിയാകുന്നു.

മനുഷ്യാവതാരത്തിലൂടെ ദൈവത്തെയും മനുഷ്യരെയും അനുരഞ്ജിപ്പിച്ചതോടൊപ്പം, സ്വർഗ്ഗത്തെയും ഭൂമിയെയും ദൈവം അനുരഞ്ജിപ്പിച്ചു. വി. കുർബ്ബാനയിൽ സ്വർഗ്ഗവാസികളും ഭൂവാസികളും ഒന്നുചേർന്ന് ദൈവത്തെ പരിശുദ്ധൻ എന്ന് പാടി സ്തുതിക്കുമ്പോൾ ഈ അനുരഞ്ജനത്തിന്റെ സ്വർഗ്ഗീയാനുഭവത്തിലേക്കാണ് നമ്മൾ നയിക്കപ്പെടുന്നത്.

വി. കുർബ്ബാന സ്നേഹത്തിന്റെ കൂദാശ

ദൈവസ്നേഹത്തിന്റെ ആഴം നാം ഗ്രഹിക്കാൻ വേണ്ടിയാണ് ദൈവം മനുഷ്യനായി അവതരിച്ചത്. മനുഷ്യാവതാരത്തിന്റെ ഈ മഹത്തായ ലക്ഷ്യത്തെക്കുറിച്ച് വി. യോഹന്നാൻ ശ്ലീഹാ വളരെ വ്യക്തമായി പഠിപ്പിക്കുന്നുണ്ട്: “”എന്തെന്നാൽ അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നല്കാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു ‘ (യോഹ. 3:16). ദൈവപുത്രന്റെ മനുഷ്യാവതാരം ദൈവത്തിന്റെ സ്നേഹം നമ്മുടെ ഇടയിൽ വെളിപ്പെട്ട നിമിഷമാണ് (1യോഹ. 4:9). മനുഷ്യാവതാരത്തിലൂടെ ദൈവം മനുഷ്യവംശത്തിന് വെളിപ്പെടുത്തിയ സ്നേഹം അവിടുന്ന് ഇന്നും വെളിപ്പെടുത്തുന്നത് വി. കുർബ്ബാനയിലൂടെയാണ്. ഓരോ വി. കുർബ്ബാനയിലും തന്റെ പുത്രനെ നമ്മുക്ക് ബലിയായി നല്കികൊണ്ട് ദൈവം വെളിപ്പെടുത്തുന്നത് നമ്മോടുള്ള തന്റെ അഗാധമായ സ്നേഹം തന്നെയാണ്. അതുകൊണ്ടാണ് വി. കുർബ്ബാനയെ സ്നേഹത്തിന്റെ കൂദാശ എന്ന് വിളിക്കുന്നത്.

ദൈവം മനുഷ്യാവതാരത്തിലൂടെ മനുഷ്യവംശത്തോടുള്ള തന്റെ സ്നേഹം വെളിപ്പെടുത്തിയത് നമ്മുക്കായി തന്നെ തന്നെ പങ്കുവെച്ച് നല്കികൊണ്ടാണ്. ദൈവത്തിന്റെ ഈ പങ്കുവെയ്ക്കുന്ന സ്നേഹം വി. കുർബ്ബാനയിലെ പ്രാർത്ഥനകളിലൂടെ നാം അനുഭവിക്കുന്നു. അനാഫൊറയിലെ ഗ്ഹാന്ത പ്രാർത്ഥനകളിലൂടെ പിതാവായ ദൈവത്തിന്റെയും പുത്രനായ ദൈവത്തിന്റെയും പരിശുദ്ധാത്മാവായ ദൈവത്തിന്റെയും പങ്കുവെച്ച് നല്കുന്ന സ്നേഹത്തിന്റെ അനുസ്മരണവും ആഘോഷവുമാണ് നാം നടത്തുന്നത്. രക്ഷാകരചരിത്രത്തിലൂടെ വെളിപ്പെടുന്ന ത്രിതൈ്വക ദൈവത്തിന്റെ പങ്കുവെയ്ക്കുന്ന സ്നേഹം വി. കുർബ്ബാനയിലൂടെ നാം അനുഭവിക്കുന്നു. ഈ സ്നേഹാനുഭവം, പങ്കുവെയ്ക്കുന്ന സ്നേഹത്തിന്റെ ചൈതന്യം അനുദിന ജീവിതസാഹചര്യങ്ങളിൽ പ്രകാശിതമാക്കാനുള്ള പ്രചോദനം നമ്മുക്ക് നല്കുന്നു.

വി. കുർബ്ബാന വിശുദ്ധീകരിക്കുന്ന കൂദാശ

മനുഷ്യാവതാരത്തിലൂടെ അവതരിച്ച ദൈവപുത്രൻ വിശുദ്ധിയുടെ യഥാർത്ഥ മാതൃക നമ്മുക്ക് നല്കുന്നു. വിശുദ്ധി എന്നാൽ ക്രൈസ്തവ ജീവിതത്തിന്റെ പൂർണ്ണതയും സ്നേഹത്തിന്റെ തികവുമാണ് (LG 40). വിശുദ്ധിയുടെ മാതൃകയും മാനദണ്ഡവുമായി ഈശോ അവതരിപ്പിക്കുന്നത് പിതാവായ ദൈവത്തെ തന്നെയാണ്: “നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് പരിപൂർണ്ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂർണ്ണരായിരിക്കുവിൻ” (മത്താ. 5:48). ഈശോയുടെ ഈ പ്രബോധനത്തിന്റെ പശ്ചാതലത്തിൽ ദൈവത്തിന്റെ പരിപൂർണ്ണത സ്നേഹത്തിന്റെ പരിപൂർണ്ണതയാണെന്ന് മനസ്സിലാക്കാവുന്നതാണ് (മത്താ. 5:43-48). ശത്രുവെന്നൊ, മിത്രമെന്നൊ പരിഗണിക്കാതെ എല്ലാവരെയും സ്നേഹിക്കുന്ന, എല്ലാവരോടും കരുണ കാണിക്കുന്ന ദൈവസ്നേഹത്തിന്റെ പരിപൂർണ്ണതയാണ് ഇവിടെ വെളിപ്പെടുന്നത്. ഈ സ്നേഹത്തിന്റെ മാതൃകയാണ് ദൈവപുത്രനായ ഈശോ നമ്മുക്ക് നല്കുന്നത്; “ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം” (യോഹ. 15:12). മിശിഹായുടെ സ്നേഹം നാം ജീവിക്കേണ്ടത് അവിടുത്തെ മാതൃക പിൻതുടർന്ന് നമ്മെ തന്നെ ഫലപ്രദമായി അർപ്പിച്ചുകൊണ്ടാണ് (CCC 459). പിതാവായ ദൈവത്തോടും മനുഷ്യമക്കളോടുമുള്ള സ്നേഹത്തെപ്രതി ഈശോ ജീവിതം സമർപ്പിച്ചതുപോലെ ജീവിതം സമർപ്പിക്കാൻ സന്നദ്ധരാകുന്നവരാണ് യഥാർത്ഥ ക്രിസ്തുശിഷ്യർ. ഈ ജീവിതസമർപ്പണം അനുദിനം സംഭവിക്കുന്ന വേദിയാണ് വി. കുർബ്ബാന.

പിതാവായ ദൈവത്തിന് സ്വീകാര്യമായ ജീവിത സമർപ്പണമാണ് പുത്രനായ ദൈവം നടത്തിയത്. നമ്മുടെ ജീവിത സമർപ്പണവും പിതാവായ ദൈവത്തിന് സ്വീകാര്യമാകണമെങ്കിൽ അതിനാവശ്യമായ വിശുദ്ധി നമ്മുടെ ജീവിതത്തിലുണ്ടാകണം. “കുർബ്ബാന’ എന്ന വാക്കിനർത്ഥം “അർപ്പണം’ എന്നാണ്. അർപ്പണം ദൈവത്തിന് സ്വീകാര്യമാകുംവിധം വിശുദ്ധമായിരിക്കണം; അതിന് നമ്മുടെ ജീവിതം വിശുദ്ധീകരിക്കപ്പെടണം. വി. കുർബ്ബാനയിലൂടെ നമ്മുടെ ജീവിതം വിശുദ്ധീകരിക്കപ്പെടുകയും, അത് ദൈവത്തിന് സ്വീകാര്യമായ അർപ്പണമായി തീരുകയും ചെയ്യുന്നു. വചനത്താലും പരിശുദ്ധാത്മാവിനാലും തിരു ശരീരരക്തങ്ങളാലും വി. കുർബ്ബാനയിൽ നാം വിശുദ്ധീകരിക്കപ്പെടുന്നു. അതിലൂടെ ദൈവത്തിന് സ്വീകാര്യമായ അർപ്പണമായി നമ്മുടെ ജീവിതം രൂപാന്തരപ്പെടുന്നു. വി. കുർബ്ബാനയിൽ സമർപ്പിക്കപ്പെടുന്ന അപ്പത്തോടും വീഞ്ഞിനോടുമൊപ്പം നമ്മുടെ ജീവിതങ്ങളും വിശുദ്ധീകരിക്കപ്പെടുകയും പവിത്രീകരിക്കപ്പെടുകയും ചെയ്യുന്നു. അതുവഴി നമ്മുടെ ജീവിതസമർപ്പണം പൂർണ്ണമാവുകയും യഥാർത്ഥ സ്നേഹത്തിന്റെ ജീവിതം നയിക്കാൻ നാം പ്രാപ്തരാവുകയും ചെയ്യുന്നു.

വി. കുർബ്ബാന ദൈവപുത്രസ്ഥാനം നല്കുന്ന കൂദാശ

മനുഷ്യാവതാരത്തിലൂടെ ദൈവപുത്രസ്ഥാനത്തിന് എല്ലാ മനുഷ്യരെയും ദൈവം യോഗ്യരാക്കി. ദൈവീകസ്വഭാവത്തിൽ പങ്കുകാരാകാനുള്ള കൃപ നല്കി കൊണ്ടാണ് അവിടുന്ന് ഇത് സാധ്യമാക്കിയത് (2 പത്രോ. 1:4). മനുഷ്യരെ ദൈവമക്കളാക്കി തീർക്കുക എന്നത് മനുഷ്യാവതാരത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. വി. ഇരണേവൂസ് ഈ ദൈവീകപദ്ധതിയെ ഇങ്ങനെ വിശദീകരിക്കുന്നു: “ദൈവവചനം മനുഷ്യനായി, ദൈവപുത്രൻ മനുഷ്യപുത്രനായി. ദൈവവചനവുമായിഐക്യപ്പെടുന്നതിലൂടെയും, അങ്ങനെ ദത്തുപുത്രസ്ഥാനം സ്വീകരിക്കുന്നതിലൂടെയും മനുഷ്യൻ ദൈവപുത്രനായി തിരുന്നതിനുവേണ്ടിയാണിത്” (CCC 460).

മനുഷ്യാവതാരത്തിലൂടെ ആരംഭിച്ച ഈ ദൈവീകപദ്ധതി ഇന്നും തുടരുന്നത് വി. കുർബ്ബാനയിലൂടെയാണ്. മാർ അദ്ദായിയുടെയും മാർ മാറിയുടെയും കൂദാശക്രമത്തിലെ മൂന്നാം ഗ്ഹാന്ത പ്രാർത്ഥനയിൽ മനുഷ്യാവതാരത്തിലൂടെ ദൈവം മനുഷ്യവംശത്തിന് നല്കിയ ഈ മഹനീയ ദാനത്തെയോർത്ത് കൃതജ്ഞതയർപ്പിച്ച് പ്രാർത്ഥിക്കുന്നുണ്ട്. നമ്മുടെ മനുഷ്യപ്രകൃതിയെ നവീകരിക്കുകയും മഹത്വീകരിക്കുകയും ചെയ്ത മനുഷ്യാവതാരരഹസ്യത്തെ വി. കുർബ്ബാനയിൽ നാം പ്രഘോഷിക്കുമ്പോൾ, വി. കുർബ്ബാനയിലൂടെ ദൈവപുത്രസ്ഥാനത്തിന് നാം യോഗ്യരായിതീരുന്നു എന്ന സത്യമാണ് നാം ഏറ്റുപറയുന്നത്. വി. കുർബ്ബാനയിൽ ഓരോ തവണയും “”സ്വർഗ്ഗസ്ഥനായ പിതാവേ…” എന്ന പ്രാർത്ഥന നാം ഏറ്റുചൊല്ലുമ്പോൾ ഈ ദൈവീക യഥാർത്ഥ്യമാണ് നാം അനുസ്മരിക്കുന്നത്. വി. കുർബ്ബാനയിലൂടെ മഹത്വീകരിക്കപ്പെട്ട് ദൈവമക്കളായിതീർന്ന്, ദൈവത്തെ “പിതാവെ’ എന്ന് വിളിച്ച് പ്രാർത്ഥിക്കാൻ നമ്മെ യോഗ്യരാക്കുന്ന വി. കുർബ്ബാന മനുഷ്യാവതാരരഹസ്യത്തെ നമ്മുക്ക് അനുഭവവേദ്യമാക്കുന്നു.

മനുഷ്യാവതാരരഹസ്യം അനുദിന ജീവിതത്തിൽ ജീവിക്കാനുള്ള വിളിയാണ് വി. കുർബ്ബാന നല്കുന്നത്. മനുഷ്യാവതാരത്തിന്റെ മഹനീയ ഫലങ്ങളാൽ നിറഞ്ഞ ഒരു ജീവിതം നയിക്കുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്. ശുശ്രൂഷിക്കാനും സ്നേഹിക്കാനും രക്ഷിക്കാനും മനുഷ്യസ്വഭാവം സ്വീകരിച്ച ദൈവപുത്രനായ മിശിഹായെപ്പോലെ, വി. കുർബ്ബാനയിൽ പങ്കുചേരുന്ന എല്ലാവരും, അവിടുത്തെ സ്നേഹത്തിന്റെയും കരുണയുടെയും സാക്ഷ്യങ്ങളായി ഈ ലോകത്തിൽ ജീവിക്കാൻ അയക്കപ്പെടുകയാണ്. മനുഷ്യാവതാരം ചെയ്ത മിശിഹായുടെ ശരീരരക്തങ്ങൾ വി. കുർബ്ബാനയിൽ സ്വീകരിക്കുന്നതിലൂടെ, ഈ ലോകത്തിൽ അവിടുത്തെ സാന്നിധ്യമാകാൻ നാം വിളിക്കപ്പെടുകയാണ്; അവിടുത്തെ സ്നേഹവും ക്ഷമയും കരുണയും നാം ജീവിക്കുന്ന ജീവിതസാഹചര്യങ്ങളിൽ കണ്ടുമുട്ടുന്ന എല്ലാവർക്കും നല്കുന്നതിലൂടെയാണ് മനുഷ്യാവതാരത്തിന്റെ സന്തോഷം നാം ലോകത്തിന് നല്കുന്നത്. അതിലൂടെ മനുഷ്യാവതാരത്തെ അനുസ്മരിക്കുകയും ആഘോഷിക്കുകയും മാത്രമല്ല, ആ രഹസ്യത്തെ നവമായി എല്ലാ മനുഷ്യരും അനുഭവിക്കുകയും ചെയ്യുന്നു. മനുഷ്യരോടൊത്ത് സഹവസിക്കാൻ ആഗ്രഹിച്ച് മനുഷ്യനായി പിറന്ന ദൈവവുമായി നമ്മെ പൂർണ്ണമായി ഐക്യപ്പെടുത്തുന്നതിലൂടെ, ഈ മനുഷ്യാവതാരാനുഭവം ഇന്നും നമ്മുക്ക് നല്കുന്ന അനുഗ്രഹത്തിന്റെ പൂർണ്ണതയായിതീരുകയാണ് വി. കുർബ്ബാന.

റവ. ഡോ. റോബി കൂന്താനിയിൽ

Latest Updates

POPULAR Views

FEATUERD Views

വചനവേദിയുടെ പ്രതീകാത്മകത.

അടയാളങ്ങളും പ്രതീകങ്ങളും ബാലിശമാണെന്നും അവയെ ബഹുമാനിക്കുന്നത് യുക്തിരഹിതമാണെന്നുമുള്ളതു അനേകം കത്തോലിക്കരെ പിടികൂടിയിട്ടുള്ള...

വിശുദ്ധ കുർബാനയിൽ കർമനിരതനായ പരിശുദ്ധ റൂഹ

ലിറ്റർജി മുഖ്യമായും പരിശുദ്ധ ത്രിത്വത്തിന്റെ ജോലിയാണെന്ന് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം പഠിപ്പിക്കുന്നുണ്ട് (CCC...

വിശുദ്ധ കുർബാനയും ഉത്ഥാനരഹസ്യവും

ക്രൈസ്തവ വിശ്വാസമനുസരിച്ച് ആണ്ടുവട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട തിരുനാൾ ഉയിർപ്പുതിരുനാളാണ്. ''തിരുനാളുകളുടെ തിരുനാള്'',...

വിശുദ്ധ കുർബാന അനുരഞ്ജനവേദി

ദൈവവും മനുഷ്യനും തമ്മിലും മനുഷ്യർ തമ്മിൽത്തമ്മിലും പ്രപഞ്ചത്തോടും അനുരഞ്ജനപ്പെട്ട് പിതാവായ ദൈവത്തിന്...

വിശുദ്ധ കുർബാന എന്ന ദിവ്യഔഷധം

ഗലീലിയിൽ ആരംഭിച്ച് ടയറിലും കാനാൻദേശത്തും കേസരിയാഫിലിപ്പിയിലും ഗരസേനരുടെ നാട്ടിലും യൂദയായിലും ജറുസലേമിലുമെല്ലാം...

വിശുദ്ധ കുർബാനയിലെ കർതൃപ്രാർഥന: ഐക്യത്തിന്റെ പ്രകാശനം

ഈശോമിശിഹായുടെ മൗതികശരീരമായ തിരുസഭയുടെ പരമോന്നത കൂദാശയാണ് വിശുദ്ധ കുർബാന. വിശുദ്ധ കുർബാനയുടെ...

വിശുദ്ധ കുർബാനയും യുഗാന്ത്യോന്മുഖ കാഴ്ചപ്പാടുകളും

യുഗാന്ത്യോന്മുഖ യാഥാർഥ്യങ്ങളായ മിശിഹായുടെ രണ്ടാമത്തെ ആഗമനം, അന്ത്യവിധി എന്നിവ ക്രൈസ്തവവിശ്വാസത്തിന്റെ അവിഭാജ്യ...

പള്ളിക്കൂദാശക്കാലം: വിശുദ്ധീകരിച്ച് മഹത്വീകരിക്കുന്നതിന്റെ മുന്നാസ്വാദനം

മിശിഹായുടെ മനുഷ്യാവതാര രഹസ്യത്തിൽ പങ്കുചേർന്നുകൊണ്ട് ദൈവജനം ആരംഭിക്കുന്ന വിശ്വാസതീർഥാടനം തിരുസഭയുടെ സ്വർഗീയ...

സീറോമലബാർ പരി.കുർബാനയും പ്രേഷിതദൗത്യവും

ആമുഖം വി. ജോൺപോൾ രണ്ടാമൻ മാർപാപ്പ, ' മാനേ നോബിസ്റ്റം ദോമിനേ' (നാഥാ...

വിശുദ്ധ കുർബാന: ദൈവകരുണയുടെ വാതിൽ

വിശുദ്ധ ബൈബിളിന്റെ താളുകളിലൂടെ മനനം ചെയ്തുകടന്നുപോകുമ്പോൾ മനസിൽ പതിയുന്ന ചിത്രം വീണുപോയവനെ...

വിശുദ്ധ കുർബാനയും സഭാകൂട്ടായ്മയും

വിശുദ്ധകുർബാനയിലെ ഭാഷണകാനോനയുടെ ആരംഭഭാഗത്തും അനുതാപ കാറോസൂസായ്ക്കു മുമ്പും ഉള്ള, പൗലോസ് ശ്ലീഹായുടെ...

സീറോമലബാർസഭയുടെ കുർബാനതക്സയിൽ വരുത്തിയ മാറ്റങ്ങൾ: വിശദീകരണകുറിപ്പ്

നമ്മുടെ പിതാവായ മാർ തോമാശ്ലീഹായുടെ വിശ്വാസപൈതൃകത്തിലും പൗരസ്ത്യസുറിയാനി പാരമ്പര്യത്തിലുമുള്ളതാണ് സീറോമലബാർ സഭയുടെ...