വിശുദ്ധകുർബാനയിലെ ഭാഷണകാനോനയുടെ ആരംഭഭാഗത്തും അനുതാപ കാറോസൂസായ്ക്കു മുമ്പും ഉള്ള, പൗലോസ് ശ്ലീഹായുടെ ആശംസയിൽ പരിശുദ്ധ റൂഹായുടെ കൂട്ടായ്മയെക്കുറിച്ചു സൂചിപ്പിക്കാൻ ‘ശൗത്താപൂസാ’ എന്ന സുറിയാനി പദമാണ് ഉപയോഗിച്ചിരിക്കുന്നത്.
‘നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നാമെല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ. ഇപ്പോഴും എപ്പോഴും എന്നേക്കും’.
പിതാവായ ദൈവവും പുത്രനായ മിശിഹായും പരിശുദ്ധ റൂഹായും തമ്മിലുള്ള ഗാഢബന്ധമാണ് ‘ശൗത്താപൂസാ’ എന്ന സുറിയാനി പദം കുറിക്കുന്നത്. പരിശുദ്ധത്രിത്വത്തിന്റെ കൂട്ടായ്മയാണ് ആരാധനക്രമകാര്യത്തിൽ സഭാമക്കൾ അനുകരിക്കേണ്ടത്.
സീറോമലബാർസഭ ആരാധനക്രമ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നു എന്നത് ഏവരെയും നൊമ്പരപ്പെടുത്തുന്നതാണ്. ലിറ്റർജിയെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും പലരുടെയും മനസ്സിൽ പലവിധ ചോദ്യങ്ങളും സംശയങ്ങളും ഉയരുക സ്വഭാവികമാണ്. എങ്കിലും ഈ പ്രതിസന്ധികളും പ്രശ്നങ്ങളും ചോദ്യശരങ്ങളും സഭയുടെ ഉപരിവിശുദ്ധീകരണത്തിനും ആഴമായ കൂട്ടായ്മയ്ക്കും നവമായ പുഷ്പിക്കലിനും സഹായിക്കുമെന്ന് പ്രത്യാശിക്കുന്നു.
യോഹന്നാന്റെ സുവിശേഷമനുസരിച്ച് ഈശോയെ ക്രൂശിച്ചവർ അവന്റെ മേലങ്കി കുറിയിട്ടെടുത്തു. കാരണം അതു തുന്നലില്ലാതെ മുകൾമുതൽ അടിവരെ നെയ്തുണ്ടാക്കിയതായിരുന്നു (യോഹ 19:23). അപ്രകാരം, ‘എന്റെ അങ്കിക്കായി അവർ നറുക്കിടുന്നു’ എന്ന സങ്കീർത്തനവചസുകൾ (സങ്കീ 22:18) ഈശോയുടെ കുരിശുമരണവേളയിൽ അന്വർഥമാകുകയായിരുന്നു. അഹിയാ പ്രവാചകൻ താൻ ധരിച്ചിരുന്ന അങ്കി പന്ത്രണ്ട്ദുകഷണങ്ങളായി കീറിയതു പോലെ സോളമന്റെ രാജ്യം വിവിധങ്ങളായി ചിതറിക്കപ്പെട്ടതായി രാജാക്കന്മാരുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു (1 രാജാ 11:30). എന്നാൽ ഈശോയുടെ മൗതികശരീരമാകുന്ന സഭ മഹത്വ്വപൂർണയായി ഇഴയടുപ്പമുള്ള ഒരു അങ്കിപോലെ നിലകൊള്ളണമെന്നാണു നമ്മുടെ പ്രാർഥന.
കാർത്തേജിലെ മെത്രാനായിരുന്ന വിശുദ്ധ സിപ്രിയാൻ സഭാകൂട്ടായ്മയെ വിശദീകരിക്കുന്നത് ഈശോയുടെ തിരുവസ്ത്രവുമായി ബന്ധപ്പെടുത്തിയാണ്. അടിമുതൽ മുകൾവരെ നെയ്യപ്പെട്ട വസ്ത്രത്തിന്റെ ഓരോ ഇഴയും മറ്റൊന്നിനോടുചേർന്ന് തിരിച്ചറിയാൻ പറ്റാത്തവിധം കൂടിച്ചേർന്നിരുന്നു. വസ്ത്രത്തിന്റെ അഴക് ഇഴകളുടെ അടുപ്പത്തിലാണ്. ഒരു നൂൽ അല്ലെങ്കിൽ ഇഴ എഴുന്നുനിന്നാലോ അകന്നുനിന്നാലോ പൊട്ടിപ്പോയാലോ അതു വസ്ത്രത്തെ ദുർബലപ്പെടുത്തും. സഭയും സഭാംഗങ്ങളും വസ്ത്രത്തിന്റെ ഇഴകൾപോലെ കൂട്ടായ്മയിൽ ആയിരിക്കുമ്പോഴാണു സഭ ദൃഢഗാത്രയായിത്തീരുന്നത്.
മനുഷ്യശരീരത്തിന്റെ വിവിധ അവയവങ്ങൾ ചേർന്ന് ശരീരം രൂപംകൊള്ളുന്നതുപ്പോലെ നാം മിശിഹായിൽ ഒരു ശരീരമാകണമെന്ന് പൗലോസ് ശ്ലീഹാ പഠിപ്പിക്കുന്നു (1 കോറി 12:12). രശ്മികൾ പലതെങ്കിലും ഉറവിടം സൂര്യനായിരിക്കുന്നതുപോലെ, ശാഖകൾ പലതെങ്കിലും തായ്ത്തണ്ടിനോട് ചേർന്നു മരമാകുന്നതുപോലെ, നാം പല ജോലികൾ ചെയ്താലും ഒരു ശരീരമെന്നപോലെ സഭയിൽ പ്രവർത്തിക്കണം. ‘സഹോദരന്മാർ ഏകമനസ്സായി, ഒരുമിച്ചു വസിക്കുന്നത് എത്ര വിശിഷ്ടവും സന്തോഷകരവുമാണ്’ എന്നത്രേ സങ്കീർത്തകൻ ഉദ്ഘോഷിക്കുന്നത് (സങ്കീ 133:1). ഒരേ സഭയിൽ ജീവിക്കുകയും ഒരേ പരിശുദ്ധ കുർബാനയിൽനിന്ന് ദിവ്യരഹസ്യങ്ങളാകുന്ന ആത്മീയാഹാരം ഭക്ഷിക്കുകയും ചെയ്യുന്ന നമ്മളെല്ലാവരും കർത്താവിന്റെ മൗതികശരീരമായ സഭയിൽ ഒരുകൂട്ടായ്മയായി വർത്തിക്കണം.
ശിരസാകുന്ന മിശിഹായോടു ചേർന്നുനില്ക്കാനും അവയവങ്ങളാകുന്ന സഭാംഗങ്ങൾ തമ്മിൽ കൂട്ടായ്മയിൽ വർത്തിക്കാനും ലിറ്റർജിയുടെ ആഘോഷം പ്രത്യേകിച്ച് വിശുദ്ധകുർബാനയിലുള്ള ഭാഗഭാഗിത്വം വിശ്വാസികളെ സഹായിക്കുന്നു. അൾത്താരയിലെ ഐക്യമാണ് സഭയുടെ ഐക്യത്തിനു നിദാനമെന്നു ബെനഡിക്റ്റ് പാപ്പ പഠിപ്പിക്കുന്നു. ഐക്യമല്ല (untiy) ഐക്യരൂപ്യമാണ് (uniformtiy) ലിറ്റർജിയിൽ വേണ്ടതെന്നു ചിന്തിക്കുന്നവരുണ്ട്. ഐക്യവും ഐകരൂപ്യവും ഒന്നല്ലെങ്കിലും പരസ്പരപൂരകങ്ങളാണ്. അടിസ്ഥാനഘടകങ്ങളിലുള്ള ഐകരൂപ്യം ഐക്യത്തിന് ആവശ്യമാണ്. ആരാധന്രകമത്തിന്റെ അടിസ്ഥാനരൂപങ്ങൾ ഐകരൂപ്യമില്ലാതെ ഐക്യം സാധ്യമാവില്ല. എളിമയിലൂടെ ഐക്യവും ഐക്യത്തിലൂടെ സഭാഗാത്രത്തിന്റെ വളർച്ചയും സാധ്യമാകുന്നു.
ആരാധനക്രമത്തെ പരിശുദ്ധത്രിത്വത്തിന്റെ പ്രവൃത്തിയെന്നാണ് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം വിളിക്കുന്നത് (മതബോധനഗ്രന്ഥം, 1082). സഭയുടെ കൂട്ടായ്മ അൾത്താരയിലെ കൂട്ടായ്മയിലൂടെ പ്രകടമാക്കപ്പെടണം. അതിനു വിഘാതമായിനില്ക്കുന്ന സങ്കുചിതമനോഭാവങ്ങളും വിഭാഗീയചിന്തകളും വെടിയുമ്പോഴാണു കർത്താവിന്റെ വസ്ത്രത്തിലെ വിശുദ്ധ ഇഴകളായി വർത്തിക്കാനും പരസ്പര കൂട്ടായ്മയിൽ തിരുസഭയെ ശക്തിപ്പെടു ത്താനും നമുക്കു സാധിക്കുന്നത്. കൂട്ടായ്മയിലും പങ്കാളിത്തത്തിലും അധിഷ്ഠിതമായ സിനഡാത്മകശൈലി സഭയിൽ ആകമാനം രൂപപ്പെട്ടുവരാൻ സീറോമലബാർസഭയുടെ മേജർ ആർക്കിഎപ്പിസ്‌ക്കോപ്പൽ അസംബ്ലിയും 2024 ഒക്ടോബർ മാസത്തിൽ റോമിൽ നടക്കുന്ന ആഗോളസിനഡും നിദാനമായിത്തീരട്ടെ.
ഫാ. ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ


