വിശുദ്ധ കുർബാനയിൽ കർമനിരതനായ പരിശുദ്ധ റൂഹ

Published on

ലിറ്റർജി മുഖ്യമായും പരിശുദ്ധ ത്രിത്വത്തിന്റെ ജോലിയാണെന്ന് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം പഠിപ്പിക്കുന്നുണ്ട് (CCC 10771112). മിശിഹായുടെ പെസഹാരഹസ്യത്തിന്റെ ആഘോഷമായി വിശുദ്ധ കുർബാനയെ അവതരിപ്പിക്കുന്നതിൽ പരിശുദ്ധ റൂഹാ നിർണായകമായ പങ്കുവഹിക്കുന്നു. കർത്താവിനെ കണ്ടുമുട്ടാൻ സഭയെ ഒരുക്കുന്നത് റൂഹായാണ്. വിശ്വസിക്കുന്ന ആരാധനാസമൂഹത്തിന് മുന്നിൽ മിശിഹായെയും അവിടുത്തെ പെസഹാരഹസ്യത്തെയും പരിശുദ്ധ റൂഹാ പ്രത്യക്ഷമാക്കുന്നു. (CCC 1092). വിശ്വാസത്തെ ഉദ്ദീപിപ്പിച്ചുകൊണ്ടും മാനസാന്തരം ജനിപ്പിച്ചുകൊണ്ടും പിതാവിന്റെ ഹിതത്തോട് വിധേയത്വം ഉളവാക്കിക്കൊണ്ടുമാണ് പരിശുദ്ധ റൂഹാ കുർബാനയിൽ പ്രവർത്തനനിരതനാകുന്നത് (CCC 1098).

പവിത്രീകരിക്കുക എന്നതാണ് പരിശുദ്ധറൂഹായുടെ മുഖ്യദൗത്യം. തന്മൂലം സുറിയാനി പാരമ്പര്യം റൂഹായെ റൂഹാദ്കുദ്ശാ എന്നു വിളിക്കുന്നു. പരിശുദ്ധിയുടെ ആത്മാവെന്നോ പവിത്രീകരിക്കുന്ന ആത്മാവെന്നോ ഈ നാമധേയത്തെ മനസ്സിലാക്കാം. കൂദാശാകർമത്തിന്റെ (പവിത്രീകരണ കർമത്തിന്റെ) വിധാതാവാണ് പരിശുദ്ധ റൂഹ. കൂദാശ എന്ന സുറിയാനിപദം ലിറ്റർജിയിൽ വ്യത്യസ്ത അർഥതലങ്ങളിൽ പ്രയോഗിച്ചുവരുന്നുണ്ട്. ആരോഹണമാനത്തിൽ (anabatic qudasha) കൂദാശ എന്നാൽ ദൈവത്തിനർപ്പിക്കുന്ന സ്തുതിയും കൃതജ്ഞതയുമാണ്. അവരോഹണമാനത്തിൽ (katabatic qudasha) കൂദാശ എന്നാൽ വേർതിരിക്കൽ, പ്രതിഷ്ഠിക്കൽ, മാറ്റംവരുത്തൽ, പവിത്രീകരിക്കൽ എന്നൊക്കെ അർഥങ്ങളുണ്ട്. മനുഷ്യരുടെയും വസ്തുക്കളുടെയും പവിത്രീകരണമാണ് ലിറ്റർജിയിൽ അവരോഹണമാനത്തിലുള്ള കൂദാശ എന്ന പദംകൊണ്ട് അർഥമാക്കുന്നത്.

ആരോഹണമാനത്തിലും അവരോഹണമാനത്തിലുമുള്ള കൂദാശയാണ് വിശുദ്ധ കുർബാനയിൽ പരിശുദ്ധറൂഹായുടെ മുഖ്യപ്രവൃത്തികൾ. കുർബാനയിലെ പ്രാർഥനകൾ ഏറിയപങ്കും ആരോഹണമാനത്തിലുള്ള കൂദാശയാണ്. ദൈവത്തിന് സ്തുതിയും മഹത്വവും കൃതജ്ഞതയും അർപ്പിക്കുക എന്നത് ആത്യന്തികമായി പരിശുദ്ധറൂഹായിലൂടെ പൂർത്തീകരിക്കാൻ കഴിയുന്ന കാര്യങ്ങളാണ്. ദൈവം നമുക്കുവേണ്ടി ചെയ്ത കാര്യങ്ങളെല്ലാം അനുസ്മരിപ്പിച്ചുകൊണ്ട് ദൈവത്തിനു സ്തുതിയും കൃതജ്ഞതയും സമർപ്പിക്കാൻ റൂഹായാണ് സഭയെ പ്രേരിപ്പിക്കുന്നത്. യഥാർഥമായ ഏതൊരു ദൈവസ്തുതിയും ഉയർത്താൻ മനുഷ്യന് സാധിക്കുന്നത് പരിശുദ്ധ റൂഹായിലൂടെയാണ്. ദൈവത്തെ ആബാ- പിതാവേ- എന്നു നാം വിളിക്കുന്നത് പരിശുദ്ധ റൂഹായിലൂടെയാണെന്ന് പരിശുദ്ധ ശ്ലീഹാ നമ്മെ പഠിപ്പിക്കുന്നു ( റോമാ 8:15).

സർവചരാചരവും ദൈവത്തെ നിരന്തരം പ്രകീർത്തിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ വിശ്വാസികളായ നമ്മൾ ദിവ്യാത്മാവിൻ ഗീതികളാലാണ് ദൈവത്തെ സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യേണ്ടതെന്ന് കുർബാനയിലെ ശൂറായ കീർത്തനം നമ്മെ അനുസ്മരിപ്പിക്കുന്നു. ദൈവതിരുസന്നിധിയിൽ അനുതാപത്തോടും നന്ദിനിറഞ്ഞ ഹൃദയത്തോടും കൂടി നിന്ന് പ്രാർഥിക്കുവാനുള്ള കൃപ റൂഹായിലൂടെ നമുക്കു ലഭിക്കുന്നു. ദൈവതിരുമുമ്പാകെ ഹൃദയപരമാർഥതയോടെ നില്ക്കാൻ സഹായകനായ പരിശുദ്ധറൂഹാ നമ്മെ എങ്ങനെ സഹായിക്കുമെന്ന് ഈശോ വ്യക്തമാക്കുന്നുണ്ട്. ” അവൻ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും” (യോഹ 16:8). ഹൃദയപരമാർഥതയോടെ ദൈവത്തെ വിളിച്ചപേക്ഷിക്കുവാനും ദൈവത്തെ മഹത്വപ്പെടുത്താനും നമ്മെ തയ്യാറാക്കുന്ന സഹായകനാണ് റൂഹാ. ആരോഹണമാനത്തിലുള്ള കൂദാശ നിർവഹിക്കാൻ റൂഹായാണ് നമ്മെ ശക്തരാക്കുന്നതെന്ന് മാർ തെയദോറിന്റെ കൂദാശയിലെ രണ്ടാം ഗ്ഹാന്ത പ്രാർഥന വ്യക്തമാക്കുന്നുണ്ട്.” പിതാവേ, അങ്ങിൽനന്നുള്ളവനും സത്യാത്മാവുമായ പരിശുദ്ധാത്മാവ് സകലസൃഷ്ടികളെയും ശക്തരാക്കുകയും പവിത്രീകരിക്കുകയും അങ്ങയുടെ ആരാധ്യമായ ദൈവത്വത്തിന് സ്തുതികളർപ്പിക്കാൻ അർഹരാക്കുകയും ചെയ്തിരിക്കുന്നു”.

അവരോഹണമാനത്തിലുളള കൂദാശ പരിശുദ്ധറൂഹായുടെ സവിശേഷപ്രവൃത്തിയാണ്. റൂഹാ അപ്പത്തെയും വീഞ്ഞിനെയും കർത്താവീശോമിശിഹായുടെ ശരീരരക്തങ്ങളാക്കി പവിത്രീകരിക്കുന്നു. പരിശുദ്ധറൂഹായാണ് ദിവ്യരഹസ്യങ്ങളെ പവിത്രീകരിക്കുന്നതെന്ന് വളരെ വ്യക്തമായി കുർബാനയിലെ പ്രാർഥനകൾ ഉദ്ഘോഷിക്കുന്നു. മാർ അദ്ദായിയുടെയും മാർ മാറിയുടെയും കൂദാശയിലെ റൂഹാക്ഷണപ്രാർഥനയിൽ നമ്മുടെ പവിത്രീകരണത്തിനുവേണ്ടി ദിവ്യരഹസ്യങ്ങളെ പവിത്രീകരിക്കണമേ എന്നാണ് റൂഹായോട് അപേക്ഷിക്കുന്നത്.

അപ്പവും വീഞ്ഞും പരിശുദ്ധ റൂഹായുടെ പ്രവർത്തനത്താലാണ് മിശിഹായുടെ ശരീരരക്തങ്ങളായി മാറുന്നതെന്ന് മാർ തെയദോറിന്റെയും മാർ നെസ്തോറിയസിന്റെയും കൂദാശകളിലെ റൂഹാക്ഷണപ്രാർഥനകൾ വ്യക്തമാക്കുന്നുണ്ട്. റാസക്രമത്തിലെ സാഷ്ടാംഗപ്രണാമവേളയിൽ ജനംപാടുന്ന ഓനീസയിലും പരിശുദ്ധ റൂഹാ ദിവ്യരഹസ്യങ്ങളെ പവിത്രീകരിക്കുന്നു എന്ന് ഉദ്ഘോഷിക്കുന്നുണ്ട്.

റൂഹാ ദിവ്യരഹസ്യങ്ങളെ പവിത്രീകരിക്കുന്നത് സമൂഹത്തിന്റെ പവിത്രീകരണത്തിനായാണെന്ന് കുർബാനയിലെ പ്രാർഥനകൾ ഊന്നിപ്പറയുന്നു. മാർ അദ്ദായിയുടെയും മാർ മാറിയുടെയും കൂദാശയിലെ റൂഹാക്ഷണപ്രാർഥനയിൽ ദിവ്യരഹസ്യങ്ങളുടെ പവിത്രീകരണത്തെക്കാൾ വലിയ പ്രാധാന്യമാണ് ആരാധനാസമൂഹത്തിന്റെ പവിത്രീകരണത്തിന് നല്കിയിരിക്കുന്നത്.

കൂദാശ ചെയ്യപ്പെടുന്ന ദിവ്യരഹസ്യങ്ങളിൽ പങ്കുചേരുന്നവർക്ക് അത് പവിത്രീകരണത്തിന് ഹേതുവായിത്തീരട്ടെ എന്ന് മാർ തെയദോറിന്റെയും മാർ നെസ്തോറിയസിന്റെയും കൂദാശകളിലെ റൂഹാക്ഷണപ്രാർഥനകൾ ഏറ്റുപറയുന്നുണ്ട്. സമൂഹത്തിന്റെ മേൽ പരിശുദ്ധറൂഹാ എഴുന്നെള്ളിവരട്ടെ എന്ന പ്രാർഥനയ്ക്ക് ഊന്നൽ നല്കിക്കൊണ്ടാണ് ” ഞങ്ങളുടെമേലും ഈ കുർബാനയുടെ മേലും..” എന്ന് മാർ തെയദോറിന്റെ റൂഹാക്ഷണപ്രാർഥനയിൽ പ്രാർഥിക്കുന്നത്.

പവിത്രീകരിക്കുന്ന ദിവ്യരഹസ്യങ്ങളെ സമീപിക്കാനും അവയിൽ പങ്കുകൊള്ളാനും നമ്മൾ യോഗ്യരായിത്തീരുന്നത് പരിശുദ്ധ റൂഹായുടെ കൃപാവരത്താലാണെന്ന് കുർബാനസ്വീകരണത്തെത്തുടർന്നുള്ള ശുശ്രൂഷിയുടെ പ്രഘോഷണത്തിൽ പ്രതിപാദിക്കുന്നുണ്ട്. കുർബാനയിലെ പാപമോചനശുശ്രൂഷയിൽ വി.കുർബാനസ്വീകരിച്ചു പരിശുദ്ധറൂഹായാൽ പവിത്രീകരിക്കപ്പെടാനും എന്ന് ശുശ്രൂഷി ആഹ്വാനം ചെയ്യുന്നുണ്ട്.
വിശുദ്ധ കുർബാനയിൽ ദിവ്യരഹസ്യങ്ങളെ പവിത്രീകരിച്ച് അവയിലൂടെ ആരാധനാസമൂഹത്തിന്മേൽ പരിശുദ്ധ റൂഹാ നിർവഹിക്കുന്ന പവിത്രീകരണം അർഥമാക്കുന്നത് ദൈവത്തോടും സഹോദരങ്ങളോടുമുള്ള ഗാഢമായ ഐക്യമാണ്. (ശവ്ത്താസൂസ). ഈ ഐക്യത്തിനുവേണ്ടിയുള്ള തീക്ഷണമായ പ്രാർഥന നെസ്തോറിയസിന്റെ കൂദാശയിലെ റൂഹാക്ഷണപ്രാർഥനയിൽ കാണാം. ” ഏക പ്രത്യാശയിൽ ഞങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നതിനാൽ ഏകശരീരവും ഏകആത്മാവുമായിത്തീരാൻ തക്കവിധം സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ബന്ധത്തിൽ ഞങ്ങളെ അന്യോന്യം യോജിപ്പിക്കണമേ”. ലത്തീൻ പാരമ്പര്യത്തിലുള്ള വിശുദ്ധ ബലിയിലെ കൃതജ്ഞതാസ്തോത്ര പ്രാർഥനകളിലും ആരാധനാസമൂഹത്തെ ഒരു ശരീരവും ഒരു ആത്മാവുമാക്കിത്തീർക്കണമേ എന്ന തീക്ഷ്ണമായ അപേക്ഷയുണ്ട്.

അപ്പവും വീഞ്ഞും മിശിഹായുടെ ശരീരരക്തങ്ങളായി കൂദാശ ചെയ്യപ്പെടുന്നതുപോലെ ദിവ്യരഹസ്യങ്ങളിൽ പങ്കുചേരുന്ന നമ്മളും പരിശുദ്ധ റൂഹായുടെ പ്രവർത്തനങ്ങളാൽ മിശിഹായുടെ ഏകശീരത്തിന്റെ ഭാഗമായി കൂദാശ ചെയ്യപ്പെടുക എന്നതാണ് കുർബാനയുടെ മുഖ്യലക്ഷ്യങ്ങളിലൊന്ന്. സ്നേഹത്തിന്റെ കൂദാശ എന്ന ശൈ്ലഹിക പ്രബോധനത്തിൽ ഇത്തരമൊരു കൂദാശ ചെയ്യപ്പെടലിന്റെ ആവശ്യകതയെക്കുറിച്ചു ബെനഡിക്ട് പാപ്പ പഠിപ്പിക്കുന്നുണ്ട്. റൂഹാക്ഷണപ്രാർഥനയിൽ പുരോഹിതൻ പരിശുദ്ധറൂഹായെ വിളിച്ചപേക്ഷിക്കുന്നത് അപ്പത്തെയും വീഞ്ഞിനെയും മിശിഹായുടെ ശരീരവും രക്തവുമാക്കി മാറ്റാനും സമൂഹം മുഴുവനെയും പൂർവാധികം മിശിഹായുടെ ശരീരമാക്കിമാറ്റാനുമാണ്.

ചുരുക്കത്തിൽ കുർബാനയിലെ ദൈവമനുഷ്യബന്ധത്തിന്റെ ആഘോഷത്തിന്റെ എല്ലാതലങ്ങളിലും പരിശുദ്ധറൂഹായുടെ സജീവപ്രവർത്തനം ദൃശ്യമാണ്. ഈ തിരിച്ചറിവോടെ റൂഹായുടെ കൃപാവരങ്ങളോട് യഥാർഥമായി പ്രതികരിക്കുമ്പോൾ ലിറ്റർജി ജീവിതത്തെയൊന്നാകെ സ്വാധീനിക്കുന്ന മഹാശക്തിയായിത്തീരും.

റവ. ഡോ. പോളി മണിയാട്ട്

Latest Updates

POPULAR Views

FEATUERD Views

വചനവേദിയുടെ പ്രതീകാത്മകത.

അടയാളങ്ങളും പ്രതീകങ്ങളും ബാലിശമാണെന്നും അവയെ ബഹുമാനിക്കുന്നത് യുക്തിരഹിതമാണെന്നുമുള്ളതു അനേകം കത്തോലിക്കരെ പിടികൂടിയിട്ടുള്ള...

വിശുദ്ധ കുർബാനയും ഉത്ഥാനരഹസ്യവും

ക്രൈസ്തവ വിശ്വാസമനുസരിച്ച് ആണ്ടുവട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട തിരുനാൾ ഉയിർപ്പുതിരുനാളാണ്. ''തിരുനാളുകളുടെ തിരുനാള്'',...

വിശുദ്ധ കുർബാന അനുരഞ്ജനവേദി

ദൈവവും മനുഷ്യനും തമ്മിലും മനുഷ്യർ തമ്മിൽത്തമ്മിലും പ്രപഞ്ചത്തോടും അനുരഞ്ജനപ്പെട്ട് പിതാവായ ദൈവത്തിന്...

വിശുദ്ധ കുർബാന എന്ന ദിവ്യഔഷധം

ഗലീലിയിൽ ആരംഭിച്ച് ടയറിലും കാനാൻദേശത്തും കേസരിയാഫിലിപ്പിയിലും ഗരസേനരുടെ നാട്ടിലും യൂദയായിലും ജറുസലേമിലുമെല്ലാം...

വിശുദ്ധ കുർബാനയിലെ കർതൃപ്രാർഥന: ഐക്യത്തിന്റെ പ്രകാശനം

ഈശോമിശിഹായുടെ മൗതികശരീരമായ തിരുസഭയുടെ പരമോന്നത കൂദാശയാണ് വിശുദ്ധ കുർബാന. വിശുദ്ധ കുർബാനയുടെ...

വി. കുർബ്ബാനയും മനുഷ്യാവതാരരഹസ്യവും

ഈശോമിശിഹായിൽ പൂർത്തിയായ രക്ഷാകരപദ്ധതിയുടെ അനുസ്മരണവും ആചരണവും ആഘോഷവുമാണല്ലൊ വി. കുർബ്ബാന. ദൈവത്തിന്റെ...

വിശുദ്ധ കുർബാനയും യുഗാന്ത്യോന്മുഖ കാഴ്ചപ്പാടുകളും

യുഗാന്ത്യോന്മുഖ യാഥാർഥ്യങ്ങളായ മിശിഹായുടെ രണ്ടാമത്തെ ആഗമനം, അന്ത്യവിധി എന്നിവ ക്രൈസ്തവവിശ്വാസത്തിന്റെ അവിഭാജ്യ...

പള്ളിക്കൂദാശക്കാലം: വിശുദ്ധീകരിച്ച് മഹത്വീകരിക്കുന്നതിന്റെ മുന്നാസ്വാദനം

മിശിഹായുടെ മനുഷ്യാവതാര രഹസ്യത്തിൽ പങ്കുചേർന്നുകൊണ്ട് ദൈവജനം ആരംഭിക്കുന്ന വിശ്വാസതീർഥാടനം തിരുസഭയുടെ സ്വർഗീയ...

സീറോമലബാർ പരി.കുർബാനയും പ്രേഷിതദൗത്യവും

ആമുഖം വി. ജോൺപോൾ രണ്ടാമൻ മാർപാപ്പ, ' മാനേ നോബിസ്റ്റം ദോമിനേ' (നാഥാ...

വിശുദ്ധ കുർബാന: ദൈവകരുണയുടെ വാതിൽ

വിശുദ്ധ ബൈബിളിന്റെ താളുകളിലൂടെ മനനം ചെയ്തുകടന്നുപോകുമ്പോൾ മനസിൽ പതിയുന്ന ചിത്രം വീണുപോയവനെ...

വിശുദ്ധ കുർബാനയും സഭാകൂട്ടായ്മയും

വിശുദ്ധകുർബാനയിലെ ഭാഷണകാനോനയുടെ ആരംഭഭാഗത്തും അനുതാപ കാറോസൂസായ്ക്കു മുമ്പും ഉള്ള, പൗലോസ് ശ്ലീഹായുടെ...

സീറോമലബാർസഭയുടെ കുർബാനതക്സയിൽ വരുത്തിയ മാറ്റങ്ങൾ: വിശദീകരണകുറിപ്പ്

നമ്മുടെ പിതാവായ മാർ തോമാശ്ലീഹായുടെ വിശ്വാസപൈതൃകത്തിലും പൗരസ്ത്യസുറിയാനി പാരമ്പര്യത്തിലുമുള്ളതാണ് സീറോമലബാർ സഭയുടെ...