വിശുദ്ധ കുർബാനയും ഉത്ഥാനരഹസ്യവും

Published on

ക്രൈസ്തവ വിശ്വാസമനുസരിച്ച് ആണ്ടുവട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട തിരുനാൾ ഉയിർപ്പുതിരുനാളാണ്. ”തിരുനാളുകളുടെ തിരുനാള്”, “ആഘോഷങ്ങളുടെ ആഘോഷം”, “വലിയ ഞായറാഴ്ച” എന്നും ഉയിർപ്പുതിരുനാൾ അറിയപ്പെടുന്നു (CCC 1169). പിതാവായ ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ ഔന്നിത്യം ക്രിസ്തുവിന്റെ ഉത്ഥാനത്തിലാണ്. ഈ ഉത്ഥാനരഹസ്യം ഇന്ന് സഭ അനുസ്മരിക്കുകയും ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത് വിശുദ്ധ കുർബാനയിലാണ്.

വിശുദ്ധ കുർബാനയിലെ ആമുഖശുശ്രൂഷയിൽതന്നെ, ‘സർവാധിപനാം കർത്താവേ’ എന്ന ഉത്ഥാനഗീതത്തിൽ, നാം ഉത്ഥാനരഹസ്യത്തെ അനുസ്മരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. ഈ ഉത്ഥാനഗീതം ദൈവജനത്തെ ഉത്ഥാനരഹസ്യത്തിന്റെ അനുഭവത്തിലേക്ക് നയിക്കുന്നു. ഈശോയുടെ കബറിടത്തിന്റെ പ്രതീകമായിട്ടുള്ള മദ്ബഹയെ ഉത്ഥാനഗീതസമയത്ത് ദൈവജനം വണങ്ങുന്നത് ഉത്ഥിതനായ ക്രിസ്തുവിനെ ആരാധിക്കുന്നതിന്റെ പ്രതീകമാണ്. വിശുദ്ധ കുർബാന മധ്യേയുള്ള സമാധാനാശംസാ സമയത്ത് ഉത്ഥിതനായ ക്രിസ്തുവിന്റെ സമാധാനമാണ് ദൈവജനം പരസ്പരം കൈമാറുക. വിശുദ്ധ കുർബാനയിൽ ആരാധനസമൂഹത്തിന് ഉത്ഥിതനെ പ്രഘോഷിക്കാനും ഉത്ഥാനരഹസ്യത്തിന്റെ ആഘോഷത്തിൽ പങ്കുചേരാനും ഉത്ഥിതനോടൊപ്പമുള്ള സഹവാസത്തിന്റെ മുന്നാസ്വാദനം അനുഭവിക്കാനും സാധിക്കുന്നു.

ഉത്ഥാനരഹസ്യവും രക്ഷാകര മൂല്യവും

വിശുദ്ധ പൗലോസ് ശ്ലീഹ പ്രഘോഷിച്ചതുപോലെ “ക്രിസ്തു ഉയിർപ്പിക്കപ്പെട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥമാണ്, നിങ്ങളുടെ വിശ്വാസവും വ്യർത്ഥം” (1 കൊറി. 15:14). വിശുദ്ധ ഗ്രന്ഥത്തിലെ പഴയ നിയമത്തിന്റെയും, തന്റെ ഭൗതിക ജീവിതകാലത്ത് യേശു നൽകിയ വാഗ്ദാനങ്ങളുടെയും നിറവേറലാണ് ക്രിസ്തുവിന്റെ പുനരുത്ഥാനം (ccc 652). ക്രിസ്തുവിന്റെ ഉത്ഥാനം പ്രവചനങ്ങളെയെല്ലാം നിറവേറ്റി എന്നാണ് ‘എഴുതപ്പെട്ടിരിക്കുന്നതുപോലെ’ എന്ന നിഖ്യാ വിശ്വാസപ്രമാണത്തിലെ ഏറ്റുപറച്ചിലിൽ സൂചിപ്പിക്കുന്നത് (ccc 652). ക്രൂശിതൻറെ പുനരുത്ഥാനം അവിടുന്ന് ദൈവപുത്രനും ദൈവം തന്നെയാണെന്നും കാണിക്കുന്നു (CCC 653). ഈശോമിശിഹായിലൂടെ പൂർത്തിയായ രക്ഷാകർമ്മവും അതിന്റെ അനന്തമായ ഫലങ്ങളും ഇന്ന് അനുഭവവേദ്യമാകുന്നത് വിശുദ്ധ കുർബാനയിലാണ്. രക്ഷകനായ ക്രിസ്തുവിന്റെ പെസഹാരഹസ്യത്തിന് രണ്ട് ഘടകങ്ങളുണ്ട്: അവിടുന്ന് തന്റെ മരണം വഴി നമ്മെ പാപത്തിൽനിന്ന് വിമോചിപ്പിച്ചതും, തന്റെ പുനരുത്ഥാനം വഴി പുതിയൊരു ജീവിതത്തിലേക്കുള്ള മാർഗ്ഗം നമുക്കായിട്ട് തുറന്നു തന്നതും (CCC 654). പെസഹാ രഹസ്യത്തിൻറെ ഈ മഹനീയ തലങ്ങൾ അതിന്റെ പൂർണ്ണതയിൽ ഇന്ന് വിശ്വാസീസമൂഹത്തിന് അനുഭവിക്കാനാവുക വിശുദ്ധ കുർബാനയിലൂടെയാണ്. കുരിശുമരണത്തിലൂടെ മനുഷ്യകുലത്തെ പാപത്തിൽനിന്ന് വിമോചിപ്പിച്ച് മഹത്വത്തിന്റെ പുതുജീവിതത്തിലേക്ക് ആനയിച്ച ഉത്ഥിതനെ പ്രഘോഷിക്കാനും അവന്റെ ഉത്ഥാനത്തിൽ പങ്കുചേരാനും അതിലൂടെ നമ്മുടെ ഉത്ഥാനത്തെ മുൻകൂട്ടി അനുഭവിക്കാനും ഇന്ന് നമുക്ക് സാധിക്കുന്നു.

വിശുദ്ധ കുർബാന: ഉത്ഥിതനായ ക്രിസ്തുവിനെ പ്രഘോഷിക്കൽ

ഉത്ഥിതനായ ക്രിസ്തു തന്റെ ശിഷ്യരോടൊപ്പം നടത്തിയ പെസഹാ ഭക്ഷണത്തിന്റെ അതേ ക്രമത്തിലാണ് സഭ വിശുദ്ധ കുർബാന ഇന്ന് അർപ്പിക്കുക. എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാരോടൊപ്പം ഉത്ഥിതനായ ഈശോ നടന്ന് അവർക്ക് വിശുദ്ധ ലിഖിതങ്ങൾ വിശദീകരിച്ച് കൊടുത്തു. അവരോടൊത്ത് മേശയ്ക്കിരുന്നു അപ്പമെടുത്ത് ആശീർവദിച്ച് മുറിച്ച് അവർക്ക് കൊടുത്തു (ലൂക്കാ 24:13-35). ശിഷ്യന്മാർക്ക് വചനം വ്യാഖ്യാനിച്ച് കൊടുക്കുകയും അവരോടൊപ്പം അപ്പം മുറിക്കുകയും ചെയ്ത ഉത്ഥിതനായ ക്രിസ്തുതന്നെയാണ് ഓരോ കുർബാനയിലും അദൃശ്യമായി കാർമ്മികത്വം വഹിക്കുന്നത്. ക്രിസ്തുവിന്റെ പ്രതിനിധി എന്ന നിലയിലാണ് മെത്രാനോ പുരോഹിതനോ ആഘോഷസമ്മേളനത്തിൽ അധ്യക്ഷനായിരിക്കുന്നതും വചന വായനക്കുശേഷം പ്രഭാഷണം നടത്തുന്നതും, കാഴ്ച വസ്തുക്കൾ സ്വീകരിക്കുന്നതും, സ്തോത്രയാഗപ്രാർത്ഥന ചൊല്ലുന്നതും( CCC 1348). അങ്ങനെ, സഭ ഉത്ഥിതനായ ക്രിസ്തുവിലൂടെ പരിശുദ്ധാത്മാവിൽ പിതാവായ ദൈവത്തിന് സൃഷ്ടികർമ്മം, രക്ഷാകർമ്മം, വിശുദ്ധീകരണം എന്നിവയുടെ പേരിൽ കൃതജ്ഞത അർപ്പിക്കുന്നു (CCC 1352). അനാഫൊറയുടെ സമാപനമായിട്ടുള്ള റൂഹാക്ഷണ പ്രാർത്ഥനയിലും സഭ പിതാവായ ദൈവത്തോട് പരിശുദ്ധാത്മാവിനെ അപ്പത്തിന്റെയും വീഞ്ഞിന്റെയും മേൽ അയക്കാൻ പ്രാർത്ഥിക്കുന്നു. അതുവഴി അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ ശരീരവും രക്തവുമായി തീരുന്നു. അവ ഭക്ഷിക്കുന്ന ആരാധനാസമൂഹം ദിവ്യകാരുണ്യനാഥനാൽ ഒരു ശരീരവും ആത്മാവുമായിതീരുന്നു (CCC 1353). വിശുദ്ധ കുർബാനയിലെ അനുസ്മരണ പ്രാർത്ഥനയിലാകട്ടെ സഭ ക്രിസ്തുവിന്റെ പീഡാസഹനം, മരണം, ഉത്ഥാനം മഹത്വപൂർണ്ണമായ രണ്ടാം വരവ് എന്നിവയെ സ്മരിച്ച് ഉത്ഥിതനായ ക്രിസ്തുവിനെ പ്രഘോഷിക്കുന്നു.

വിശുദ്ധ കുർബാന: ക്രിസ്തുവിന്റെ ഉത്ഥാനത്തിലുള്ള പങ്കുചേരൽ

ഉത്ഥിതനായ ക്രിസ്തു പിതാവായ ദൈവത്തിന്റെ വലതുഭാഗത്തിരുന്നുകൊണ്ട് സഭയാകുന്ന തന്റെ ശരീരത്തിൽ പരിശുദ്ധാത്മാവിനെ ചൊരിഞ്ഞുകൊണ്ട് താൻ സ്ഥാപിച്ച കൂദാശകളിലൂടെ തൻറെ കൃപാവരം പകർന്നുകൊടുക്കാനായി നിരന്തരം പ്രവർത്തിക്കുന്നു (CCC 1084). സഭയിലെ ആരാധാനാഘോഷങ്ങളിൽ അവിടുത്തെ രക്ഷാകരകർമ്മം പ്രധാനം ചെയ്യാൻ ഉത്ഥിതനായ ക്രിസ്തു സന്നിഹിതനാണ് (CCC 1083).

വിശുദ്ധ കുർബാനയിൽ സമർപ്പിക്കപ്പെടുന്ന അപ്പത്തോടും വീഞ്ഞിനോടുമൊപ്പം നമ്മുടെ ജീവിതങ്ങളും വിശുദ്ധീകരിക്കപ്പെടുകയും പവിത്രീകരിക്കപ്പെടുകയും ചെയ്യുന്നു. “അവരോടൊപ്പം ഭക്ഷണത്തിന് ഇരുന്നപ്പോൾ അവൻ അപ്പമെടുത്ത് ആശീർവദിച്ച് മുറിച്ച് അവർക്ക് കൊടുത്തു. അപ്പോൾ അവരുടെ കണ്ണ് തുറക്കപ്പെട്ടു. അവർ അവനെ തിരിച്ചറിഞ്ഞു” (ലൂക്കാ 24:3031). ശിഷ്യന്മാർക്ക് ഈശോയുടെ പുനരുത്ഥാനത്തിനുള്ള വിശ്വാസം ദൈവകൃപയുടെ പ്രവർത്തനത്താൽ ഉത്ഥിതനായിട്ടുള്ള ക്രിസ്തുവിനെ നേരിട്ട് അനുഭവിച്ചതിലൂടെ കൈവന്നതാണ്.

സീറോമലബാർ സഭയിൽ വിശുദ്ധ കുർബാനയിലെ മൂന്ന് അനാഫൊറകളിലും നാലാമത്തെ പ്രണാമജപം ഉത്ഥിതനായ ക്രിസ്തുവിലൂടെ പൂർത്തിയാക്കപ്പെട്ട പെസഹാരഹസ്യത്തെ അനുസ്മരിച്ച് നന്ദി പറഞ്ഞ് പ്രാർഥിക്കുന്നതാണ്. മനുഷ്യപ്രകൃതിയെ നവീകരിക്കുകയും മഹത്വീകരിക്കുകയും ചെയ്ത ഉത്ഥാനരഹസ്യത്തെ വിശുദ്ധ കുർബാനയിൽ നാം പ്രഘോഷിക്കുന്നു. ഉത്ഥിതനായ ക്രിസ്തുവിന്റെ മഹത്വത്തിലേക്ക് പ്രവേശിക്കാൻ നാം യോഗ്യരായിതീരുന്നുവെന്ന സത്യമാണ് അവിടെ നാം ഏറ്റുപറയുന്നത്. റൂഹാക്ഷണ പ്രാർഥനയിലൂടെ അപ്പവും വീഞ്ഞും ഉത്ഥിതനായ ക്രിസ്തുവിന്റെ ശരീരരക്തങ്ങളായി പൂർത്തിയാക്കപ്പെടുന്നു. ആ ദിവ്യരഹസ്യങ്ങൾ ഭക്ഷിക്കുന്നതിലൂടെ ദൈവജനത്തിന് കടങ്ങളുടെയും പാപങ്ങളുടെയും പൊറുതി ലഭിച്ച് നവമായിട്ടുള്ള ജീവിതത്തിന് അർഹത ലഭിക്കുന്നു.

ഉത്ഥിതനായ ക്രിസ്തുവിനെ പ്രഘോഷിക്കാനും ആ അനുഭവത്തിൽ ജീവിക്കാനും, ഭാവിമഹത്വത്തെ മുൻകൂട്ടി ആസ്വദിക്കാനും നമുക്ക് ഇന്ന് വിശുദ്ധ കുർബാനയിൽ സാധിക്കുന്നു.

റവ. ഡോ. റിജോയ് പഴയാറ്റിൽ

Latest Updates

POPULAR Views

FEATUERD Views

വചനവേദിയുടെ പ്രതീകാത്മകത.

അടയാളങ്ങളും പ്രതീകങ്ങളും ബാലിശമാണെന്നും അവയെ ബഹുമാനിക്കുന്നത് യുക്തിരഹിതമാണെന്നുമുള്ളതു അനേകം കത്തോലിക്കരെ പിടികൂടിയിട്ടുള്ള...

വിശുദ്ധ കുർബാനയിൽ കർമനിരതനായ പരിശുദ്ധ റൂഹ

ലിറ്റർജി മുഖ്യമായും പരിശുദ്ധ ത്രിത്വത്തിന്റെ ജോലിയാണെന്ന് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം പഠിപ്പിക്കുന്നുണ്ട് (CCC...

വിശുദ്ധ കുർബാന അനുരഞ്ജനവേദി

ദൈവവും മനുഷ്യനും തമ്മിലും മനുഷ്യർ തമ്മിൽത്തമ്മിലും പ്രപഞ്ചത്തോടും അനുരഞ്ജനപ്പെട്ട് പിതാവായ ദൈവത്തിന്...

വിശുദ്ധ കുർബാന എന്ന ദിവ്യഔഷധം

ഗലീലിയിൽ ആരംഭിച്ച് ടയറിലും കാനാൻദേശത്തും കേസരിയാഫിലിപ്പിയിലും ഗരസേനരുടെ നാട്ടിലും യൂദയായിലും ജറുസലേമിലുമെല്ലാം...

വിശുദ്ധ കുർബാനയിലെ കർതൃപ്രാർഥന: ഐക്യത്തിന്റെ പ്രകാശനം

ഈശോമിശിഹായുടെ മൗതികശരീരമായ തിരുസഭയുടെ പരമോന്നത കൂദാശയാണ് വിശുദ്ധ കുർബാന. വിശുദ്ധ കുർബാനയുടെ...

വി. കുർബ്ബാനയും മനുഷ്യാവതാരരഹസ്യവും

ഈശോമിശിഹായിൽ പൂർത്തിയായ രക്ഷാകരപദ്ധതിയുടെ അനുസ്മരണവും ആചരണവും ആഘോഷവുമാണല്ലൊ വി. കുർബ്ബാന. ദൈവത്തിന്റെ...

വിശുദ്ധ കുർബാനയും യുഗാന്ത്യോന്മുഖ കാഴ്ചപ്പാടുകളും

യുഗാന്ത്യോന്മുഖ യാഥാർഥ്യങ്ങളായ മിശിഹായുടെ രണ്ടാമത്തെ ആഗമനം, അന്ത്യവിധി എന്നിവ ക്രൈസ്തവവിശ്വാസത്തിന്റെ അവിഭാജ്യ...

പള്ളിക്കൂദാശക്കാലം: വിശുദ്ധീകരിച്ച് മഹത്വീകരിക്കുന്നതിന്റെ മുന്നാസ്വാദനം

മിശിഹായുടെ മനുഷ്യാവതാര രഹസ്യത്തിൽ പങ്കുചേർന്നുകൊണ്ട് ദൈവജനം ആരംഭിക്കുന്ന വിശ്വാസതീർഥാടനം തിരുസഭയുടെ സ്വർഗീയ...

സീറോമലബാർ പരി.കുർബാനയും പ്രേഷിതദൗത്യവും

ആമുഖം വി. ജോൺപോൾ രണ്ടാമൻ മാർപാപ്പ, ' മാനേ നോബിസ്റ്റം ദോമിനേ' (നാഥാ...

വിശുദ്ധ കുർബാന: ദൈവകരുണയുടെ വാതിൽ

വിശുദ്ധ ബൈബിളിന്റെ താളുകളിലൂടെ മനനം ചെയ്തുകടന്നുപോകുമ്പോൾ മനസിൽ പതിയുന്ന ചിത്രം വീണുപോയവനെ...

വിശുദ്ധ കുർബാനയും സഭാകൂട്ടായ്മയും

വിശുദ്ധകുർബാനയിലെ ഭാഷണകാനോനയുടെ ആരംഭഭാഗത്തും അനുതാപ കാറോസൂസായ്ക്കു മുമ്പും ഉള്ള, പൗലോസ് ശ്ലീഹായുടെ...

സീറോമലബാർസഭയുടെ കുർബാനതക്സയിൽ വരുത്തിയ മാറ്റങ്ങൾ: വിശദീകരണകുറിപ്പ്

നമ്മുടെ പിതാവായ മാർ തോമാശ്ലീഹായുടെ വിശ്വാസപൈതൃകത്തിലും പൗരസ്ത്യസുറിയാനി പാരമ്പര്യത്തിലുമുള്ളതാണ് സീറോമലബാർ സഭയുടെ...