ഉപരിസ്നേഹത്താൽ പരിഹാരം ചെയ്യേണ്ട സമയം

Published on

മാനവകുലം ഏവംവിധം അന്യവൽക്കരിക്കപ്പെട്ട ഒരു ലോകത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. ഏകനീഢത്തിലെന്ന വണ്ണം കഴിയേണ്ട മാനവരാശി ഭിന്നതയിൽ സ്വയം നശിക്കുന്ന കാഴ്ചയാണ് ഇന്നുള്ളത്. യുദ്ധം, വർഗീയകലാപങ്ങൾ, സംഘർഷങ്ങൾ, തർക്കങ്ങൾ,വഴക്കുകൾ ഇങ്ങനെ നീളുന്നു ഭിന്നിപ്പിന്റെ രൂപഭാവങ്ങൾ. രാഷ്ട്രങ്ങളും മതങ്ങളും കുടുംബങ്ങളും വ്യക്തികളും ഭിന്നിപ്പിന്റെ രംഗവേദികളായി മാറിയിരിക്കുന്നു. സ്നേഹം പൂത്തുലയേണ്ട ഈ വസുന്ധര കണ്ണീരിന്റെ താഴ്വരയായി മാറുന്നു. മാനവചരിത്രം സഹോദരന്റെ രക്തംവീണ് പങ്കിലമായിക്കൊണ്ടേയിരിക്കുന്നു. നഷ്ടപ്പെട്ട പറുദീസയെക്കുറിച്ചുള്ള ഓർമകൾ ദു:ഖമായി നിഴൽ വിരിക്കുമ്പോൾ ഭാവിയെ ഭാസുരമാക്കാൻ പ്രത്യാശയുടെ പ്രഭാപൂരമായി നിലകൊള്ളേണ്ട ‘ സ്വർഗം’ ഒരു മരീചിക മാത്രമായി അവശേഷിക്കുമോ എന്ന നിരാശ മനുഷ്യനെ വേട്ടയാടുന്നു.

എവിടെയെല്ലാമാണ് സ്നേഹത്തിന്റെ കണ്ണികൾ പൊട്ടിയത്? മനുഷ്യൻ തന്റെ പാപത്തിലൂടെ സ്രഷ്ടാവായ ദൈവവുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തി. തന്റെ സഹജീവിയായ ഇതരമനുഷ്യരിൽ നിന്നും അകന്നു. തന്നിൽ നിന്നുതന്നെയും അവൻ അന്യവൽക്കരിക്കപ്പെട്ടവനായി. ഈ പ്രപഞ്ചം മുഴുവനോടും അവൻ ഭിന്നതയിലായി. പാപം ദൈവത്തോടും സഹോദരങ്ങളോടും തന്നോടുതന്നെയും പ്രപഞ്ചം മുഴുവനോടുമുള്ള ദ്രോഹമായിരുന്നു. ഈ ഭിന്നതയിൽ നിന്ന് ഐക്യപ്പെടലിലേക്ക്, ശത്രുതയിൽ നിന്ന് സ്നേഹത്തിലേക്ക്, അന്യവൽക്കരണത്തിൽ നിന്ന് ‘സ്വന്ത’ വത്ക്കരണത്തിലേക്ക് എത്തുന്നതാണ് അനുരഞ്ജനം. അനുരഞ്ജനത്തിനുള്ള അവസരമാണ് ഓരോ നോമ്പുകാലവും നമുക്ക് സമ്മാനിക്കുന്നത്. സമയം പൂർത്തിയായി. ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ചു സുവിശേഷത്തിൽ വിശ്വസിക്കുവിൻ” എന്ന ദൈവസ്വരം നമ്മുടെ കാതുകളിൽ പ്രതിധ്വനിക്കുന്ന അവസരമാണ് ഇത്.

അനുരഞ്ജനം എന്നതിന് ഇംഗ്ലീഷിൽ ഉപയോഗിക്കുന്ന reconciliation എന്ന പദം ലത്തീൻഭാഷയിലെ reconciliatio യിൽ നിന്നും രൂപപ്പെട്ടതാണ്. അതിനർഥം നവീകരണം, പുതുക്കിപ്പണിയൽ എന്നെല്ലാമാണ്. ലത്തീനിൽത്തന്നെയുള്ള reconciliare എന്ന പദവും ഇതിന്റെ വ്യൂല്പത്തിയുമായി ബന്ധപ്പെട്ടതാണ്. അതിനർഥം പുനർഐക്യം (re unite) കേടുപോക്കൽ, നന്നാക്കൽ (repair) എന്നൊക്കെയാണ്. ചുരുക്കത്തിൽ നഷ്ടപ്പെട്ട ബന്ധം വീണ്ടെടുക്കലാണ് അനുരഞ്ജനം.

അനുരഞ്ജനം പൂർണതയിലെത്താൻ ആവശ്യമായ ഘടകങ്ങളാണ് അനുതാപം, മാനസാന്തരം, പരിഹാരം, നവീകരണം എന്നിവ. അനന്തസ്നേഹവും പരമനന്മയുമായ ദൈവത്തെ പാപം മൂലം ഞാൻ വേദനിപ്പിച്ചല്ലോ എന്ന രോദനമാണ് അനുതാപത്തിന്റെ സാരാംശം. ദൈവത്തിന്റെ അനന്ത കാരുണ്യത്തെക്കുറിച്ചുള്ള ബോധ്യവും പാപത്തിന്റെ ഹീനതയെക്കുറിച്ചുള്ള ചിന്തയും ആത്മാവിന്റെ നാശത്തെക്കുറിച്ചുള്ള ദു:ഖവും അനുതാപത്തിന് ആവശ്യമാണ്. നഷ്ടപ്പെട്ട ആടിനെ കണ്ടെത്തി തോളിലേറ്റുന്ന ഇടയനിലൂടെയും തിരിച്ചുവരുന്ന തന്റെ മകനെ കണ്ട് ഓടിവന്ന് കെട്ടിപിടിച്ച് അവനായി സദ്യ ഒരുക്കുന്ന പിതാവിലൂടെയും പാപിയോടുള്ള ദൈവത്തിന്റെ മനസ് എന്താണെന്ന് ഈശോ കാണിച്ചുതരുന്നു. തന്റെ പാദങ്ങൾ കണ്ണീരുകൊണ്ട് കഴുകിയ പാപിനിയോടും കല്ലെറിയാൻ കൊണ്ടുവരപ്പെട്ട വ്യഭിചാരിണിയോടും കരുണാർദ്രസ്നേഹത്തിന്റെ ഹൃദയഭാവം ഈശോ പ്രകടമാക്കി. നമ്മുടെ ദൈവം കാരുണ്യമാണ്. അനുതപിക്കുന്ന പാപിക്ക് ക്ഷമ നല്കി ചേർത്തുനിർത്തുന്നവനാണ്. ഈ കാരുണ്യം അനുഭവിക്കാൻ സഭ പ്രത്യേകമായവിധം ക്ഷണിക്കുകയാണ് ഓരോ നോമ്പുകാലത്തിലൂടെയും ചെയ്യുന്നത്. ദൈവകരുണയുടെ സന്ദേശവാഹകയായ വിശുദ്ധ ഫൗസ്റ്റീന പറയുന്നു” ദൗർഭാഗ്യരായ എല്ലാ ആത്മാക്കളുടെയും പാപം എന്റെ മന:സാക്ഷിയെ ഭാരപ്പെടുത്തിയാലും ഞാൻ ദൈവത്തിന്റെ കാരുണ്യത്തെ സംശയിക്കുകയില്ല. ഹൃദയം നുറുങ്ങി ഞാൻ ആ കാരുണ്യസാഗരത്തിലേക്ക് എടുത്തുചാടും”. നമ്മുടെ പാപം നമ്മെ നിരാശപ്പെടുത്തുകയോ തകർക്കുകയോ ചെയ്യാതിരിക്കട്ടെ. ദൈവകരുണയിൽ നമുക്കു ആശ്രയിക്കാം.

പാപത്തെക്കുറിച്ചുള്ള ബോധ്യം നമ്മിൽ നിറച്ച് അനുതാപ ചൈതന്യം പകരുന്നത് പരിശുദ്ധാത്മാവാണ്. നമ്മുടെ പാപങ്ങൾ അംഗീകരിച്ച് ഏറ്റുപറഞ്ഞ് ക്ഷമ ചോദിക്കുക എന്നതിലേക്ക് അനുതാപം നമ്മെ എത്തിക്കണം. വചനം പറയുന്നതുപോലെ ” നമുക്കു പാപമില്ലെന്ന് നാം പറഞ്ഞാൽ അത് ആത്മവഞ്ചനയാകും. അപ്പോൾ നമ്മിൽ സത്യമില്ലെന്നുവരും. എന്നാൽ നാം പാപങ്ങൾ ഏറ്റുപറയുന്നെങ്കിൽ അവൻ വിശ്വസ്തനും നീതിമാനുമാകയാൽ പാപങ്ങൾ ക്ഷമിക്കുകയും എല്ലാ അനീതികളിലും നിന്ന് നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും.”( 1 യോഹ1:8-9) സങ്കീർത്തകൻ ഉദ്ഘോഷിക്കുന്നതുപോലെ ” അതിക്രമങ്ങൾക്കു മാപ്പും പാപങ്ങൾക്കു മോചനവും ലഭിച്ചവൻ ഭാഗ്യവാൻ”( സങ്കീ 32:1) ആകയാൽ പാപം ചെയ്ത ദാവീദ് അനുതപിച്ച് കരഞ്ഞപേക്ഷിച്ചതുപോലെ ” ദൈവമേ അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്നോട് ദയതോന്നണമേ. അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത് എന്റെ അതിക്രമങ്ങൾ മായിച്ചുകളയണമേ”( സങ്കീ 51:1) എന്ന് ഹൃദയപൂർവം പ്രാർഥിക്കാൻ നമുക്ക് കഴിയട്ടെ.

അനുതാപം ഒരുവനെ മാനസാന്തരത്തിലേക്കും പുതുജീവിതത്തിലേക്കും നയിക്കുമ്പോഴാണ് അത് ഫലവത്താകുന്നത്. പാപങ്ങളുടെ ഉപേക്ഷയും ജീവിതത്തിന്റെ നവീകരണവും വീഴ്ചയുടെ പരിഹാരവും ഉൾച്ചേർന്നതാണ് മാനസാന്തരം. ” ഇന്ന് ഈ ഭവനം രക്ഷപ്രാപിച്ചിരിക്കുന്നു” എന്ന് ഈശോ പറഞ്ഞത് സക്കേവൂസ് തന്റെ സമ്പത്തിന്റെ പകുതി ദരിദ്രർക്കു കൊടുക്കുന്നുവെന്നും ആരുടെയെങ്കിലും വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കിൽ അവ നാലിരട്ടിയായി തിരിച്ചുകൊടുക്കുമെന്നുമുള്ള തീരുമാനം ഏറ്റുപറഞ്ഞപ്പോഴാണല്ലോ? പാപം ഉപേക്ഷിക്കുന്നതോടൊപ്പം കടങ്ങൾ വീട്ടിക്കൊണ്ട് വീഴ്ചകൾ പരിഹരിക്കേണ്ടതുമുണ്ട്. ഉപരിസ്നേഹത്താൽ മാത്രമേ പരിഹാരം സാധ്യമാകൂ.” ഇവൾ അധികം സ്നേഹിച്ചതുകൊണ്ട് ഇവളുടെ നിരവധിയായ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു” എന്നാണല്ലോ ഈശോ പറഞ്ഞത്.( ലൂക്കാ 7:47)

സഭയുടെ മതബോധനഗ്രന്ഥം ഈ വിധം നമ്മെ പ്രബോധിപ്പിക്കുന്നു:

” ആന്തരികമായ പശ്ചാത്താപം നമ്മുടെ ജീവിതത്തിനു മുഴുവൻ മൗലികമായ ഒരു പുനരാഭിമുഖ്യം പ്രദാനം ചെയ്യുന്നു. അത് ഒരു തിരിച്ചുവരവാണ്, പൂർണഹൃദയത്തോടെ ദൈവത്തിലേക്കുള്ള മാനസാന്തരമാണ്. പാപത്തിൽ നിന്നുള്ള പിന്തിരിയലാണ്. നാം ചെയ്തിട്ടുള്ള തിന്മപ്രവൃത്തികളോടുള്ള വെറുപ്പും തി്ന്മയിൽ നിന്നുള്ള അകൽച്ചയുമാണ്. അതേ സമയം ദൈവത്തിന്റെ കരുണയിലുള്ള പ്രത്യാശയോടും അവിടുത്തെ കൃപാവരത്തിലുള്ള ആശ്രയബോധത്തോടും കൂടി ജീവിതത്തിൽ പരിവർത്തനം വരുത്തുവാനുള്ള ആഗ്രഹവും തീരുമാനവും അതുൾക്കൊള്ളുന്നു. ഈ മാനസാന്തരത്തോടുകൂടി രക്ഷാകരമായ ദു:ഖവും വേദനയും ഉണ്ടാകുന്നു ( മതബോധനഗ്രന്ഥം 1431).

പാപം ക്ഷമിക്കാനും പാപത്തിന് യഥാവിധി പരിഹാരം ചെയ്യാനും ദൈവത്തിനു മാത്രമേ സാധിക്കുകയുള്ളൂ. അതാണ് കാൽവരിയിൽ നാം കാണുന്നത്. ദൈവപുത്രൻ മാനവരാശിയുടെ പാപം വഹിച്ച് പരിഹാരം ചെയ്യുകയും അതു നീക്കിക്കളയുകയും ചെയ്തു. പാപക്ഷമ യാഥാർത്ഥ്യമായി. പാപത്താൽ മനുഷ്യൻ നഷ്ടമാക്കിയ പറുദീസയ്ക്കുപരി സ്വർഗീയമഹത്വം നല്കി ദൈവം മനുഷ്യനെ അനുഗഹിച്ചു. ” ദൈവം മനുഷ്യരുടെ തെറ്റുകൾ അവർക്കെതിരെ പരിഗണിക്കാതെ രമ്യതയുടെ സന്ദേശം ഞങ്ങളെ ഭരമേല്പിച്ചു കൊണ്ട് ക്രിസ്തുവഴി ലോകത്തെ തന്നോട് രമ്യതപ്പെടുത്തുകയായിരുന്നു”( 2 കോറി 5:19) എന്ന് പൗലോസ് അപ്പസ്തോലൻ പ്രബോധിപ്പിക്കുന്നു. വീണ്ടും വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു:” സ്വർഗത്തിലും ഭൂമിയിലുമുള്ള എല്ലാ വസ്തുക്കളെയും അവനിലൂടെ അവിടുന്ന് തന്നോട് അനുരഞ്ജിപ്പിക്കുകയും അവൻ കുരിശിൽ ചിന്തിയ രക്തം വഴി സമാധാനം സ്ഥാപിക്കുകയും ചെയ്തു”( കൊളോ 1:20). യേശുക്രിസ്തുവിന്റെ കുരിശിലെ ബലി വഴിയാണ് മാനവരാശി ദൈവവുമായി അനുരഞ്ജനം സാധിച്ചത്. ആ ബലി ഓരോ വിശുദ്ധ കുർബാനയിലും പുനരാവിഷ്ക്കരിക്കപ്പെടുന്നു; നാം ഉപരി നവീകരിക്കപ്പെടുന്നു.! യേശുക്രിസ്തുവിന്റെ ബലി ധ്യാനിച്ചുകൊണ്ടായിരിക്കണം നമ്മുടെ പാപത്തെക്കുറിച്ച് അനുതപിക്കേണ്ടത്. കുരിശിലെ അവിടുത്തെ മുറിവുകൾ ദൈവത്തിന്റെ സ്നേഹത്തിന്റെ അടയാളങ്ങളാണ്. ആ മുറിവുകൾ രക്ഷയുടെ ഗ്യാരണ്ടിയാണ്, അവ സൗഖ്യത്തിന്റെ ഉറവിടമാണ്,നമ്മുടെ പാപത്തിന്റെ ഗൗരവം വിളി്ച്ചറിയിക്കുന്ന അടയാളങ്ങളുമാണ്. അനുതാപം ലഭിക്കുന്നില്ലെങ്കിൽ നാം നോക്കേണ്ടത് കുരിശിലെ യേശുവിന്റെ മുറിപ്പാടുകളിലേക്കാണ്, ദൈവസ്നേഹത്തെക്കുറിച്ചു സംശയമുദിക്കുമ്പോൾ നാം ദൃഷ്ടി തിരിക്കേണ്ടത് തുളയ്ക്കപ്പെട്ട ഹൃദയത്തിലേക്കാണ്. സഹനത്താൽ ക്ലേശിക്കുമ്പോൾ കണ്ണുകൾ ഉയർത്തേണ്ടതും അവിടേയ്ക്കുതന്നെ.

അനുതാപത്തിന്റെയും പരിഹാരത്തിന്റെയും പ്രവൃത്തികളാണ് ദാനധർമ്മം, ഉപവാസം, പ്രാർഥന എന്നിവയും ഇതര പ്രായശ്ചിത്തപ്രവൃത്തികളും. വിശുദ്ധ കൂദാശകളുടെ സ്വീകരണം, ഭക്തകൃത്യങ്ങളുടെ അനുഷ്ഠാനം, സുകൃതങ്ങളുടെ അഭ്യസനം ഇവയൊക്കെയും കൃപാവരത്തിൽ വളരാനും നവീകരണജീവിതം ഫലദായകമാക്കാനും സഹായകമാണ്.

ദൈവത്തോടെന്നതുപോലെ തന്നെ നമ്മുടെ സഹോദരങ്ങളോടും നാം രമ്യതപ്പെടേണ്ടതുണ്ട്. ക്ഷമ ചോദിച്ചും ക്ഷമ നല്കിയും നാം ബന്ധങ്ങൾ പുന:സ്ഥാപിക്കേണ്ടതുണ്ട്. കുടുംബത്തിലും സമൂഹത്തിലും തൊഴിൽമേഖലകളിലും എല്ലാം ഇത് ആവശ്യമാണ്. നീതിയുടെയും സത്യത്തിന്റെയും പാത പിന്തുടർന്നുകൊണ്ടായിരിക്കണം നവീകരണജീവിതം നയിക്കേണ്ടത്. നീ ബലിപീഠത്തിൽ കാഴ്ചയർപ്പിക്കുമ്പോൾ നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെ വച്ചു ഓർത്താൽ കാഴ്ചവസ്തു അവിടെ ബലിപീഠത്തിനു മുമ്പിൽ വച്ചിട്ട് സഹോദരനുമായി രമ്യതപ്പെടുക. പിന്നെ വന്നു കാഴ്ചയർപ്പിക്കുക ( മത്താ 5:24) എന്ന വചനം സഹോദരനുമായുള്ള രമ്യതപ്പെടലിന്റെ ആവശ്യകത വിളിച്ചറിയിക്കുന്നു. കാരുണ്യത്തിന്റെ സത്പ്രവൃത്തികൾ അനുഷ്ഠിക്കുന്നതിൽ നമുക്ക് ഉത്സുകരാകാം. വചനം ഓർമിപ്പിക്കുന്നു, കരുണയ്ക്കു പകരം കരുണ കാണിക്കുന്നത് ധാന്യബലിക്കു തുല്യമാണ്; ഭിക്ഷ കൊടുക്കുന്നവൻ കൃതജ്ഞതാബലി അർപ്പിക്കുന്നു. ദുഷ്ടതയിൽ നിന്നു ഒഴിയുന്നതു കർത്താവിന് പ്രീതികരമാണ്. അനീതി വർജിക്കുന്നത് പാപപ്പരിഹാരബലിയാണ്”( പ്രഭാ 35: 35). തിരുവചനം വീണ്ടും ഓർമിപ്പിക്കുന്നു” നന്മ ചെയ്യുന്നതിലും നിങ്ങൾക്കുള്ളവ പങ്കുവയ്ക്കുന്നതിലും ഉപേക്ഷ വരുത്തരുത്. അത്തരം ബലികൾ ദൈവത്തിന് പ്രീതികരമാണ്”( ഹെബ്രാ 13:16).
ആകയാൽ അനുതാപാർദ്രമായ ഹൃദയത്തോടെ നമുക്കായി മരിച്ച രക്ഷകനും നാഥനുമായ മിശിഹായെ ധ്യാനിച്ചുകൊണ്ട് ഐക്യത്തിന്റെ പാതയിലേക്കു നമുക്കു ചുവടുവയ്ക്കാം. ഭിന്നതകൾ മറന്ന് മിശിഹായുടെ ശരീരത്തിലെ അവയവങ്ങൾ എന്ന നിലയിൽ നമുക്ക് സ്നേഹത്തിന്റെ സാക്ഷികളാകാം. അനുരഞ്ജനമെന്നാൽ എല്ലാം സ്നേഹത്തിൽ നവീകരിക്കപ്പെടലാണ്. സ്നേഹത്തിനുമാത്രം ചെയ്യാൻ കഴിയുന്ന കാര്യമാണ് ഐക്യപ്പെടൽ. നോമ്പുകാലം അതിനുള്ള അവസരമായിരിക്കട്ടെ.

റവ. ഡോ. ജെയിംസ് കിളിയനാനിക്കൽ

Latest Updates

POPULAR Views

FEATUERD Views

ദൈവവിളി: അസ്തിത്വത്തിലേക്കുള്ള അനന്തയാത്ര 

തന്റെ അസ്തിത്വത്തിന്റെ പൂര്‍ണ്ണത പ്രാപിക്കാനായി ജീവിതസാഹചര്യങ്ങളുടെയും ദൈവീക ഇടപെടലുകളുടെയും പശ്ചാത്തലത്തില്‍, പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടും വ്യക്തമായ അറിവോടും കൂടെ ഒരാള്‍ തിരഞ്ഞെടുക്കുന്ന ജീവിതാവസ്ഥയാണ് ദൈവവിളി. ഇത് കേവലം ഒരു തൊഴിലോ ജീവിതരീതിയോ അല്ല, മറിച്ച് ദൈവത്തോടും മനുഷ്യരോടുമുള്ള ഉത്തരവാദിത്തപരമായ പ്രതികരണമാണ്.

ക്രിസ്ത്യന്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതില്‍ മാനേജുമെന്റുകള്‍ നേരിടുന്ന പ്രതിസന്ധികൾ

ക്രിസ്ത്യന്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതില്‍ മാനേജ്‌മെന്റുകള്‍ നേരിടുന്ന ബുദ്ധിമുട്ട് എന്താണെന്ന് വ്യക്തമാക്കുന്നുണ്ട്. സര്‍ക്കാര്‍ എങ്ങനെ  ക്രിയാത്മകമായി ഇടപെടേണ്ടെന്ന് പറയുന്നുണ്ട്. ക്രിസ്ത്യന്‍ ന്യൂനപക്ഷ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ച് പൊതു സമൂഹത്തിന് കൃത്യമായ ബോധ്യം നല്‍കാന്‍ ജെ. ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ  പ്രസ്തുത ഭാഗം വായിക്കുന്നത് അഭികാമ്യമായിരിക്കും.പ്രസ്തുത ഭാഗം ചുവടെ ചേര്‍ക്കുന്നു

EWS സംവരണം

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന  സംവരണേതര വിഭാഗങ്ങള്‍ക്കായി (EWS) നടപ്പിലാക്കിയ 10 ശതമാനം...

മലയോര മേഖലയുടെ വികസനം

ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷന്‍ മലയോര മേഖല സംബന്ധിച്ച 36...

ജെ. ബി. കോശി കമ്മീഷന്റെ പരിവര്‍ത്തിത ക്രൈസ്തവ  ശിപാര്‍ശകള്‍  പഠനം

 *കേരളത്തിലെ പരിവര്‍ത്തിത ക്രൈസ്തവ വിഭാഗത്തിന്റെ സമൂലമായ ഉന്നമനത്തിനുതകുന്ന മാഗ്‌നാകാര്‍ട്ടയാണ് ജസ്റ്റിസ് ജെബി...

വിദ്യാഭ്യാസ ന്യൂനപക്ഷ സംവരണ വിഷയങ്ങള്‍

ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പൊതുവായ പ്രശ്‌നങ്ങളെ വിശദമായി അവതരിപ്പിക്കുന്ന ഭാഗമാണ് ജെ ബി...

കുട്ടനാടിനെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ശുപാർശകൾ

ജസ്റ്റിസ് (റിട്ട) ജെ ബി കോശി കമ്മീഷന്‍  റിപ്പോര്‍ട്ടില്‍ കുട്ടനാടുമായി ബന്ധപ്പെട്ട്...

ജെ. ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്: അഭിമാനപൂര്‍വം സീറോമലബാര്‍ സഭ

ജെ. ബി. കോശി കമ്മീഷനുവേണ്ടി സീറോമലബാര്‍സഭ ഇത്രയേറെ കഷ്ടപ്പെട്ടെങ്കിലും സഭയ്ക്കു പ്രയോജനപ്രദമായ ശിപാര്‍ശകളില്‍ വളരെ കുറച്ചു മാത്രമേ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുള്ളൂ. എങ്കിലും കേരളത്തിലെ ക്രിസ്ത്യാനികളുടെ പിന്നാക്കാവസ്ഥ ചൂണ്ടിക്കാണിക്കാന്‍ ഒരു ആധികാരിക രേഖ ലഭിച്ചതില്‍ സന്തോഷമുണ്ട്. കൂടാതെ ഈ കമ്മീഷന്റെ നിയമനം സഭയ്ക്ക് സ്വയം വിലയിരുത്തലിനും പഠനത്തിനും നിമിത്തമായി.

നോമ്പുകാലം: ശ്രവണത്തിന്റെയും ഉപവാസത്തിന്റെയും മാനസാന്തരത്തിന്റെയും സമയം

പ്രിയ സഹോദരീസഹോദരന്മാരെ,മാതൃസഹജമായ കരുതലാൽ പ്രചോദിതയായി ദൈവത്തിന്റെ രഹസ്യം നമ്മുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവാക്കി...

സ്വാതന്ത്ര്യം ആഘോഷമാവട്ടെ, പക്ഷേ കടമകള്‍ വിസ്മൃതിയിലാവരുത്

അവകാശങ്ങള്‍ക്കുവേണ്ടി ആര്‍ത്തുവിളിക്കുകയും കടമകളെക്കുറിച്ച് മൗനം ഭജിക്കുകയും ചെയ്യുന്നത് മനുഷ്യന്റെ സ്വാര്‍ഥപ്രകൃതിയില്‍ അടിസ്ഥാനമിട്ട ഒരു സംസ്‌കാരമാണ്. ജോലിസമയത്ത് കൈവലിക്കുകയും കൂലിസമയത്ത് കൈനീട്ടുകയും ചെയ്യുന്നത് ഈ സംസ്‌കാരത്തിന്റെ മലിനമുഖമാണ്.

സമുദായശക്തീകരണം സഭയുടെ വളര്‍ച്ചയ്ക്ക്

'നിന്റെ അമ്മ, ജലാശയത്തിനടുത്തു നട്ടിരിക്കുന്ന മുന്തിരിച്ചെടിപോലെയാണ്. ധാരാളമായി വെള്ളം കിട്ടിയതുമൂലം അതു...

പ്രത്യാശയുടെ ജൂബിലിവര്‍ഷം

എഡി 1300 മുതല്‍ ഓരോ 25 വര്‍ഷം കൂടുമ്പോഴും ആചരിച്ചുപോരുന്ന ജൂബിലിവത്സരത്തിന്...