കാര്‍ത്തേജിലെ വി. സിപ്രിയന്‍

Published on

ക്രിസ്തുവര്‍ഷം 200 ഓടെ കാര്‍ത്തേജില്‍ ജനിച്ച സിപ്രിയാന്റെ ആദ്യകാലജീവിതത്തെക്കുറിച്ച് വ്യക്തമായ ചരിത്രരേഖകളില്ല. സമ്പന്നരായ വിജാതീയ മാതാപിതാക്കളില്‍ നിന്നു പിറന്ന അദ്ദേഹം പ്രഗത്ഭനായ ഒരു പ്രഭാഷകനായിരുന്നു എന്ന് ചില ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു. പ്രഭാഷണകലയുടെ അധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ച സിപ്രിയാന്‍ ചെച്ചിലിയൂസ് എന്ന വൈദികന്റെ പ്രേരണയാല്‍ ക്രൈസ്തവവിശ്വാസം സ്വീകരിക്കുകയും സമ്പാദ്യമെല്ലാം പാവങ്ങള്‍ക്കു നല്കുകയും ചെയ്തു എന്ന് വിശുദ്ധ ജെറോം സാക്ഷ്യപ്പെടുത്തുന്നു (De Viris Illustribus 67). മാമ്മോദീസാര്‍ഥി ആയിരിക്കുമ്പോഴേ ബ്രഹ്മചര്യജീവിതം തിരഞ്ഞെടുത്ത അദ്ദേഹം ക്രിസ്തുവര്‍ഷം 246 ഓടെ മാമ്മോദീസാ സ്വീകരിച്ചു ക്രിസ്ത്യാനിയായി. ക്രൈസ്തവവിശ്വാസം സ്വീകരിച്ച് അധികം വൈകാതെ 248 ന്റെ അവസാനത്തിലോ 249 ന്റെ ആരംഭത്തിലോ കാര്‍ത്തേജിന്റെ മെത്രാനായി നിയമിക്കപ്പെട്ടു.

ദേസിയൂസ് ചക്രവര്‍ത്തിയുടെ മതപീഡനത്തെ തുടര്‍ന്ന് സിപ്രിയാന്‍ 250 ല്‍ കാര്‍ത്തേജില്‍ നിന്ന് പലായനം ചെയ്തുവെങ്കിലും മതപീഡനത്തിന്റെ കാഠിന്യം കുറഞ്ഞതിനാല്‍ അടുത്തവര്‍ഷം തന്നെ രൂപതയില്‍ തിരിച്ചെത്തി. 251 ല്‍ കൂടിയ മെത്രാന്മാരുടെ കൗണ്‍സിലിന് നേതൃത്വം നല്കിയ അദ്ദേഹം മതപീഡനം ഭയന്ന് വിശ്വാസം ത്യജിച്ചവരെ മരണക്കിടക്കയില്‍ വച്ചേ സഭയിലേക്ക് സ്വീകരിക്കാവൂ എന്നും വിശ്വാസത്യാഗം നടത്താതെ അതിന്റെ സര്‍ട്ടിഫിക്കറ്റ് പണംനല്കി സ്വന്തമാക്കിയവരെപ്പോലും ഏറെനാളത്തെ പരിഹാരകര്‍മ്മങ്ങള്‍ക്കുശേഷം മാത്രമേ സഭയുടെ ഔദ്യോഗികഅംഗങ്ങളായി പരിഗണിക്കാവൂ എന്നും ഉള്ള തീരുമാനങ്ങളുടെ ഭാഗമായി. 254 ല്‍ റോമിലെ മെത്രാനായിരുന്ന സ്റ്റീഫനും സിപ്രിയാനും തമ്മില്‍ വിശ്വാസത്യാഗം ചെയ്തവരെ സഭയിലേക്ക് സ്വീകരിക്കുന്ന വിഷയത്തെ ചൊല്ലി തര്‍ക്കമുണ്ടായി. വിശ്വാസത്യാഗം ചെയ്ത മെത്രാന്മാരെ സഭയിലേക്കു സ്വീകരിക്കാനുള്ള റോമാമെത്രാന്റെ തീരുമാനം സിപ്രിയാന്റെ നേതൃത്വത്തില്‍ ആഫ്രിക്കന്‍ മെത്രാന്മാര്‍ എതിര്‍ത്തു. പിന്നീട് പാഷണ്ഡതയില്‍ ഉള്ളവര്‍ പരികര്‍മ്മം ചെയ്യുന്ന മാമ്മോദീസാ പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിലാണെങ്കില്‍ സാധുവാണ് എന്ന സ്റ്റീഫന്‍ മെത്രാന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ 255 നും 256 നും ഇടയില്‍ സിപ്രിയാന്‍ മൂന്ന് ആഫ്രിക്കന്‍ മെത്രാന്‍സിനഡുകള്‍ വിളിച്ചൂകൂട്ടി. സഭയ്ക്കുപുറത്തു സത്യവിശ്വാസവും രക്ഷയും ഇല്ലാത്തതുപോലെ സഭയ്ക്ക് പുറത്തു നല്‍കപ്പെടുന്ന മാമ്മോദീസായും സാധുവല്ല എന്ന് കൗണ്‍സിലുകള്‍ ഐകകണ്‌ഠ്യേന തീരുമാനമെടുത്തു. ‘ സഭയെ മാതാവായി സ്വീകരിക്കാത്തവര്‍ക്ക് ദൈവത്തെ പിതാവായി സ്വീകരിക്കാനാവില്ല’ എന്നും ‘ മെത്രാനോടു ചേര്‍ന്നുനില്ക്കുന്ന ദൈവജനത്തിന്റെ കൂട്ടായ്മയാണ് സഭ ‘ എന്നും ‘സഭയുടെ ഐക്യം പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ മെത്രാന്മാരുടെ ഐക്യത്തില്‍ പ്രകടമാകുന്നു’ എന്നും ഉള്ള സിപ്രിയാന്റെ ബോധ്യം കൗണ്‍സില്‍ തീരുമാനങ്ങളെ സ്വാധീനിച്ചു എന്നു വ്യക്തം. ‘ സഭയ്ക്കു പുറമെ രക്ഷയില്ല’ എന്ന വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ‘ നോഹയുടെ പെട്ടക’ ത്തോടു സഭയെ ഉപമിച്ച സിപ്രിയാന്‍ സാര്‍വത്രികസഭയില്‍ അന്നേ ഏറെ അംഗീകരിക്കപ്പെട്ടിരുന്നു. ‘അദ്ദേഹത്തിന്റെ രചനകള്‍ സൂര്യനെപോലെ വ്യക്തവും പ്രകടവും ആയതുകൊണ്ട് അവയുടെ ഒരു പട്ടിക തയ്യാറാക്കേണ്ട ആവശ്യമില്ല ‘ എന്ന വി. ജെറോമിന്റെ സാക്ഷ്യം (De Viris Illustribus 67) അദ്ദേഹത്തിന്റെ പ്രശസ്തിയുടെ തെളിവാണ്.

257 ല്‍ വലേരിയന്‍ ചക്രവര്‍ത്തിയുടെ മതപീഡനകാലത്ത് പ്രോകോണ്‍സൂള്‍ പത്തേര്‍ണൂസിനാല്‍ കുറുബിസിലേക്ക് നാടുകടത്തപ്പെട്ട അദ്ദേഹത്തെ പത്തേര്‍ണൂസിന്റെ പിന്‍ഗാമി ഗലേറിയൂസ് 258 ല്‍ കാര്‍ത്തേജിലേക്ക് തിരിച്ചെത്തിക്കുകയും വിജാതീയദേവന്മാര്‍ക്ക് ബലിയര്‍പ്പിക്കാന്‍ തയ്യാറാകാതിരുന്നതിനാല്‍ വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. 258 സെപ്തംബര്‍ 14 ന് ശിരച്ഛേദം ചെയ്യപ്പെട്ട അദ്ദേഹം ആഫ്രിക്കന്‍മെത്രാന്മാര്‍ക്കിടയിലെ ആദ്യരക്തസാക്ഷിയായി പ്രകീര്‍ത്തിക്കപ്പെടുന്നു.

റവ. ഡോ. അലക്സ് സെബാസ്റ്റ്യൻ കൊല്ലംകളം

Latest Updates

POPULAR Views

FEATUERD Views

അന്ധനായ ദീദിമൂസ്

ക്രിസ്തുവര്‍ഷം 310 നും 313 നും ഇടയില്‍ അലക്‌സാണ്ട്രിയായില്‍ ജനിച്ച ദീദിമൂസ്...

മാര്‍ ശെമയോന്‍ ബര്‍സാബാ

പാപ്പാ ബര്‍ അഗ്ഗായിക്കുശേഷം സെലൂഷ്യസ്റ്റെസിഫോണിന്റെ മെത്രാനെന്ന നിലയില്‍ പേര്‍ഷ്യന്‍ സാമ്രാജ്യത്തിലെ വലിയ...

മാര്‍ മാറി

പാര്‍ത്തിയന്‍ സാമ്രാജ്യത്തിലെ ആദ്യമിഷനറിയായി ഗണിക്കപ്പെടുന്ന മാര്‍ മാറി തന്റെ ഗുരുവായ മാര്‍...

രക്തസാക്ഷിയായ വി. ജസ്റ്റിന്‍

പാലസ്തീനായിലെ നെയോപ്പോളീസില്‍ ഒരു വിജാതീയ കുടുംബത്തില്‍ ക്രിസ്തുവര്‍ഷം 100 ല്‍ ജനിച്ച...

അന്ത്യോക്യായിലെ വിശുദ്ധ തെയോഫിലസ്

ടൈഗ്രീസ്, യൂഫ്രട്ടീസ് നദികള്‍ക്കു സമീപം (ആധുനിക ഇറാക്കിന്റെ ഭാഗം) രണ്ടാം നൂറ്റാണ്ടിന്റെ...

അദ്ഭുതപ്രവര്‍ത്തകനായ വി.ഗ്രിഗറി

ക്രിസ്തുവര്‍ഷം 213 ല്‍  പൊന്തുസിലെ നെയോ കേസറിയായിലെ ഒരു വിജാതീയകുടുംബത്തില്‍ പിറന്ന...

നീസായിലെ വി. ഗ്രിഗറി

കപ്പദോസിയന്‍ പിതാക്കന്മാരില്‍ ഒരാളായ നീസായിലെ വിശുദ്ധ ഗ്രിഗറി അടിയുറച്ച ക്രൈസ്തവകുടുംബത്തിലാണ്  പിറന്നത്....

നസിയാന്‍സൂസിലെ വി.ഗ്രിഗറി

ക്രിസ്തുവര്‍ഷം 330 ഓടെ ഏഷ്യാമൈനറിലെ കപ്പദോക്യായിലുള്ള അരിയാന്‍സൂസില്‍ ജനിക്കുകയും 390 ഓടെ...

 സാറൂഗിലെ വി. യാക്കോബ്

ക്രിസ്തുവര്‍ഷം 451 ല്‍ മെസപ്പൊട്ടോമിയായിലെ കുര്‍ത്താം പട്ടണത്തില്‍ ജനിച്ച യാക്കോബ് പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം...

മിലാനിലെ വി. അംബ്രോസ്

 റോമിലെ പരമ്പരാഗത ക്രിസ്ത്യന്‍കുടുംബാംഗമായ മിലാനിലെ വിശുദ്ധ അംബ്രോസ് തന്റെ പിതാവ് അംബ്രോസിയസ്,...

അലക്‌സാണ്ട്രിയായിലെ വി. ക്ലമന്റ്

ക്രിസ്തുവര്‍ഷം 150 ഓടെ ഏഥന്‍സില്‍ വിജാതീയ മാതാപിതാക്കളില്‍നിന്നു ജനിച്ച  ടൈറ്റസ് ഫ്ലാവിയസ്...

പുവത്തിയേയിലെ  വി. ഹിലരി

പാശ്ചാത്യ റോമാസാമ്രാജ്യത്തിലെ ഗോള്‍ പ്രവിശ്യയിലുള്ള പുവത്തിയേ ( Poitiers ) എന്ന...