ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക വികസനത്തിൽ ലാഭേച്ഛയില്ലാത്ത മതധർമ സ്ഥാപനങ്ങൾ (നോട്ട് ഫോർ പ്രോഫിറ് ഓർഗനൈസേഷൻ -എൻപിഓ) അതുല്യവും അനിവാര്യവുമായ പങ്കാണ് വഹിക്കുന്നത്. സാമൂഹികം, വിദ്യാഭ്യാസം, സംസ്കാരം, ആരോഗ്യം, ഗ്രാമവികസനം, നൈപുണ്യ വികസനം തുടങ്ങിയ വിവിധ മേഖലകളിൽ, പ്രത്യേകിച്ച് പിന്നാക്കവും ദുര്‍ബലവുമായ ജനവിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിച്ചുകൊണ്ട്, ചരിത്രപരമായി നോക്കുമ്പോൾ, വികസന പ്രവർത്തനങ്ങളിൽ സർക്കാർ സംവിധാനത്തെ പിന്തുണയ്ക്കുന്നതിനും ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും ഇവ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. പൊതുജനക്ഷേമം മുൻനിർത്തി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന എൻ.പി.ഒ കൾ ചാരിറ്റബിൾ ട്രസ്റ്റ്, സൊസൈറ്റി, അല്ലെങ്കിൽ വകുപ് 8 പ്രകാരം രജിസ്റ്റർ ചെയ്ത കമ്പനി എന്നിങ്ങനെ ഉള്ളവയാണ്.
എൻജിഓ ദർപ്പൺലെ കണക്ക് പ്രകാരം, 2026 ജൂൺ 30-ന് ഇന്ത്യയിൽ 5,94,478 ലാഭേച്ഛയില്ലാത്ത സംഘടനകൾ പ്രവർത്തിക്കുന്നുണ്ട് . ഇതിൽ 53,765 കമ്പനികൾ മാത്രമാണ് ഉള്ളത്. കേരളത്തിൽ ആകെ 16,781 എൻ.പി.ഒകൾ ആണുള്ളത്. അവയിൽ 9,525 ട്രസ്റ്റുകളും, 6,458 സൊസൈറ്റികളും, 798 സെക്ഷൻ 8 കമ്പനികളും ഉൾപ്പെടുന്നു. ഈ കണക്കുകൾ രാജ്യത്തും സംസ്ഥാനത്തും ലാഭേച്ഛയില്ലാത്ത സംഘടനകളുടെ വ്യാപ്തിയും പ്രാധാന്യവും വ്യക്തമാക്കുന്നു.
ലാഭേച്ഛയില്ലാത്തസ്ഥാപനങ്ങളുടെനികുതിസംവിധാനം
നികുതി നിയമപ്രകാരം, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന മതജീവകാരുണ്യ സ്ഥാപനങ്ങൾക്ക്, രജിസ്ട്രേഷനും മറ്റ് വ്യവസ്ഥകൾക്കും അനുസൃതമായി നികുതി ഇളവുകൾ ലഭ്യമാണ്. 1961 ലെ ആദായനികുതി നിയമപ്രകാരം ഈ ഇളവുകൾ വകുപ് 11/12എബി , വകുപ് 10(23സി ) എന്നിവയെ അടിസ്ഥാനമാക്കിയാണ്. ഇത് 2025 ആദായനികുതി നിയമത്തിൽ വകുപ് 332 അനുസരിച്ചാണ്.
വ്യാപാരവരുമാനത്തിനുള്ളപരിധി
എൻ.പി.ഒകൾക്ക് അവരുടെ ജീവകാരുണ്യ ലക്ഷ്യങ്ങളോട് അനുബന്ധമായ പ്രവർത്തനങ്ങളിൽ നിന്ന് വരുമാനം നേടാമെങ്കിലും, “പൊതുജനോപകാരപ്രദമായ മറ്റേതെങ്കിലും ലക്ഷ്യത്തിന്റെ പ്രോത്സാഹനം” (ജനറൽ പബ്ലിക് യൂട്ടിലിറ്റി) എന്ന വിഭാഗത്തിൽപ്പെടുന്ന സ്ഥാപനങ്ങൾക്ക്, വ്യാപാര വാണിജ്യ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം ബന്ധപ്പെട്ട സാമ്പത്തിക വർഷത്തിലെ ആകെ വരുമാനത്തിന്റെ 20 ശതമാനത്തിൽ അധികമായാൽ, നികുതി ഇളവിന്റെ ആനുകൂല്യം നഷ്ടപ്പെടാം. എന്നാൽ ഈ നിയന്ത്രണം മതസ്ഥാപനങ്ങൾക്ക് ബാധകമല്ല.
വിദേശസംഭാവനകളുംഎഫ്.സി.ആർ.എനിയമവും
ആഭ്യന്തര ധനസ്രോതസ്സുകളിൽ നിന്ന് വ്യത്യസ്തമായി, വിദേശ സംഭാവനകൾക്ക് കർശന നിയന്ത്രണമാണുള്ളത്. 2010 ലെ വിദേശ സംഭാവന (നിയന്ത്രണ) നിയമപ്രകാരമുള്ള (ഫോറിൻ കോൺട്രിബൂഷൻ (റെഗുലേഷൻ) ആക്ട്-എഫ്.സി.ആർ.എ) രജിസ്ട്രേഷനോ മുൻകൂർ അനുമതിയോ ഇല്ലാതെ ലാഭേച്ഛയില്ലാത്ത സംഘടനകൾക്ക് വിദേശ സംഭാവനകൾ സ്വീകരിക്കാൻ പാടുള്ളതല്ല. വിദേശ സംഭാവനകളുടെ സ്വീകരണം, വിനിയോഗം, ബാങ്കിംഗ്, അക്കൗണ്ടിംഗ്, റിപ്പോർട്ടിംഗ് എന്നിവയെല്ലാം ഈ നിയമവും അതിനുകീഴിലെ ചട്ടങ്ങളും അനുസരിച്ചായിരിക്കണം.
കാലക്രമേണ എഫ്.സി.ആർ.എ നിയമം കൂടുതൽ കർശനമായിക്കൊണ്ടിരിക്കുകയാണ്. ദേശീയ താൽപര്യം സംരക്ഷിക്കുന്നതിനായി 1976-ൽ നിലവിൽ വന്ന നിയമം, 1984-ലെ ഭേദഗതിയിലൂടെ ആഭ്യന്തര മന്ത്രാലയത്തിൽ രജിസ്ട്രേഷൻ നിർബന്ധമാക്കി. തുടർന്ന് 2010 ൽ എഫ്.സി.ആർ.എ, കൂടുതൽ സമഗ്രമായ നിയമ പരിഷ്‌കാരം കൊണ്ടുവന്നു. 2020-ലെ ഭേദഗതിയിലൂടെ ഭാരവാഹികളുടെ ആധാർ/ പാസ്‌പോർട്ട് നിർബന്ധമാക്കുകയും, എല്ലാ വിദേശ സംഭാവനകളും ന്യൂഡൽഹിയിലെ നിശ്ചിത എസ്.ബി.ഐ ശാഖയിലൂടെ മാത്രം സ്വീകരിക്കണമെന്ന വ്യവസ്ഥ കൊണ്ടുവരികയും, മറ്റ് സംഘടനകൾക്ക് വിദേശ സംഭാവന കൈമാറുന്നത് നിരോധിക്കുകയും, ഭരണച്ചെലവിന്റെ പരമാവധി പരിധി 50 ശതമാനത്തിൽ നിന്ന് 20 ശതമാനമായി കുറയ്ക്കുകയും, രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യാവുന്ന കാലാവധി വർധിപ്പിക്കുകയും ചെയ്തു. 2022-ലെ ചട്ടങ്ങൾ വിദേശത്തുള്ള ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന സംഭാവനകളുടെ റിപ്പോർട്ടിംഗ് പരിധി ഒരു ലക്ഷം രൂപയിൽ നിന്ന് പത്ത് ലക്ഷം രൂപയായി ഉയർത്തി.
അടുത്തകാലത്ത് എഫ്.സി.ആർ.എ രജിസ്ട്രേഷനും പുതുക്കലിനും സർക്കാർ കൂടുതൽ കർശനമായ നിയന്ത്രമാണ് കൊണ്ടുവന്നിട്ടുള്ളത്. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 22,496 രജിസ്ട്രേഷനുകൾ റദ്ദാക്കുകയും, 15,220 രജിസ്ട്രേഷനുകൾ കാലഹരണപ്പെടുകയോ പുതുക്കാതിരിക്കുകയോ ചെയ്തിട്ടുണ്ട്. 2026 ജൂൺ 30-ലെ കണക്കുപ്രകാരം, രാജ്യത്ത് 14,440 സംഘടനകൾക്ക് മാത്രമാണ് സാധുവായ എഫ്.സി.ആർ.എ രജിസ്ട്രേഷനുള്ളത്. ഇതിൽ 1,013 സ്ഥപനങ്ങൾ മാത്രമാണ് കേരളത്തിൽ ഉള്ളത്. ഇത് സർക്കാരിന്റെ കർശന സമീപനമാണ് വ്യക്തമാക്കുന്നത്.
2026-ൽ എഫ്.സി.ആർ.എ നിയമത്തിൽ സുപ്രധാന മാറ്റങ്ങൾ കൊണ്ടുവന്നു. വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബിൽ,2026 നിലവിൽ പാർലമെന്റിന്റെ പരിഗണനയിലിരിക്കെയാണ്, 2026 ജൂൺ 22-ന് പുതിയ എഫ്.സി.ആർ.എ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തത് എന്നത് ശ്രേദ്ധയമാണ്. ഈ ചട്ടങ്ങൾ പ്രവർത്തനമേഖലയെ പരിമിതപ്പെടുത്തുകയും സംസ്ഥാനം/കേന്ദ്രഭരണ പ്രദേശത്തിന്റെ അടിസ്ഥാനത്തിലുള്ള രജിസ്ട്രേഷൻ, മുഖ്യ ഭാരവാഹി (കീ ഫങ്ഷണറി) എന്നതിന്റെ വിപുലമായ നിർവചനം, ഫോം എഫ് സി-4-ൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തൽ, പ്രവർത്തന മേഖലകളും ലക്ഷ്യങ്ങളും വ്യക്തമാക്കൽ, കൂടാതെ രജിസ്ട്രേഷൻ പുതുക്കുന്നതിനായി കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിൽ കുറഞ്ഞത് 10 ലക്ഷം രൂപായെങ്കിലും വിദേശ സംഭാവന വിനിയോഗിച്ചിരിക്കണം എന്ന നിബന്ധന, എന്നിവ കൊണ്ടുവന്നു. നിലവിലുള്ള എഫ്.സി.ആർ.എ രജിസ്ട്രേഷൻ നേടിയ സംഘടനകൾക്ക് അവരുടെ അംഗീകൃത പ്രവർത്തന ലക്ഷ്യങ്ങളും പ്രവർത്തന മേഖലകളും വ്യക്തമാക്കുന്ന ഫോം എഫ് സി-6എഫ് സമർപ്പിക്കാൻ 2027 ജൂൺ 21 വരെ മാത്രമാണ് സമയം അനുവദിച്ചിരിക്കുന്നത്.
ദേശീയ താൽപര്യം സംരക്ഷിക്കുകയും വിദേശ സംഭാവനകളുടെ ഉപയോഗത്തിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് എഫ്.സി.ആർ.എയുടെ ലക്ഷ്യമെങ്കിലും നിയമം കൂടുതൽ കർശനമായതോടെ യഥാർഥ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന നിരവധി സംഘടനകളെ ആശങ്ക പെടുത്തുന്നതാണ് പുതിയ ഭേദഗതികൾ. ചില സാഹചര്യങ്ങളിൽ നടപടിക്രമങ്ങൾ കർശനമായി വ്യാഖ്യാനിക്കപ്പെടുന്നത്, പൊതുസേവന രംഗത്ത് മികച്ച പ്രവർത്തന പാരമ്പര്യമുള്ള സംഘടനകളുടെ പ്രവർത്തനത്തെ പോലും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്.
2026 ലെ ആശങ്കപ്പെടുത്തുന്ന നിർദിഷ്ട ഭേദഗതികൾ
നിലവിൽ പാർലമെന്റിന്റെ പരിഗണനയിലുള്ള, 2026 ലെ എഫ്.സി.ആർ.എ ഭേദഗതി ബിൽ ചില ഗൗരവമായ ആശങ്കകൾ ഉയർത്തുന്നുണ്ട്. പ്രത്യേകിച്ച്, യഥാർഥ മതജീവകാരുണ്യ ആവശ്യങ്ങൾക്കായി വിദേശ സംഭാവനകൾ സ്വീകരിക്കുന്ന ലാഭേച്ഛയില്ലാത്ത സംഘടനകളെയാണ് ഈ മാറ്റങ്ങൾ കൂടുതൽ ബാധിക്കാൻ ഇടയുള്ളത്. സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുക എന്ന ലക്ഷ്യം സ്വാഗതാർഹമാണെങ്കിലും, നിർദിഷ്ട ഭേദഗതികൾ നിയമം പാലിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് അവിചാരിത പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ ഇടയുണ്ട്.
രജിസ്ട്രേഷൻ പുതുക്കുന്നതിലെ കാലതാമസം, നടപടിക്രമങ്ങളിലെ ചെറിയ പിഴവുകൾ, രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യപ്പെടൽ എന്നിവ വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിനും വിനിയോഗിക്കുന്നതിനും നിയന്ത്രണങ്ങൾ കൊണ്ടുവരാം. ചില സാഹചര്യങ്ങളിൽ, നിയമാനുസൃതമായി ലഭിച്ച വിദേശ സംഭാവനകൾ ഉപയോഗിച്ച് ഉണ്ടാക്കിയ ആസ്തികളിലുള്ള നിയന്ത്രണത്തെയും ഇത് ബാധിച്ചേക്കാം. കൂടാതെ, കൂടുതൽ കർശനമായ നിയമവ്യവസ്ഥകൾ ഭരണച്ചെലവ് വർധിപ്പിക്കാനും, പദ്ധതികളുടെ തുടർച്ചയെ ബാധിക്കാനും, സംഭാവന തരുന്നവരിൽ ആശങ്ക സൃഷ്ടിക്കാനും, സംഘടനകളെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിന്ന് നിയമപരിപാലനത്തിന് കൂടുതൽ സമയവും പണവും ചെലവഴിക്കേണ്ട അവസ്ഥയിലേക്ക് നയിക്കാനും സാധ്യതയുണ്ട്.
പ്രധാന ആശങ്കകൾ എന്തൊക്കെ?
- ആസ്തികളുടെ നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യത
ചില പ്രത്യേക സാഹചര്യങ്ങളിൽ ചെലവാക്കാത്ത വിദേശ സംഭാവനകളും അവ ഉപയോഗിച്ച് ഉണ്ടാക്കിയ ആസ്തികളും നിയുക്ത അതോറിറ്റിയുടെ (ഡെസിഗ്നേറ്റഡ് അതോറിറ്റി) നിയന്ത്രണത്തിലാക്കാനും കൈകാര്യം ചെയ്യാനും ആവശ്യമെങ്കിൽ വിറ്റഴിക്കാനും ബിൽ വ്യവസ്ഥ ചെയ്യുന്നു. ഇത് മൂലം ഫണ്ട് ദുരുപയോഗം ചെയ്തതുകൊണ്ടാവണമെന്നില്ല, നടപടിക്രമങ്ങളിലെ സാങ്കേതിക വീഴ്ചകൾ മൂലമാണെങ്കിലും, ഭൂമി, കെട്ടിടങ്ങൾ, വാഹനങ്ങൾ തുടങ്ങി വർഷങ്ങളായി സമ്പാദിച്ച ആസ്തികളുടെ നിയന്ത്രണം സ്ഥാപനങ്ങൾക് നഷ്ടപ്പെടാൻ ഇടവരാം. ഭാഗികമായി വിദേശ സംഭാവന ഉപയോഗിച്ച് ഉണ്ടാക്കിയ ആസ്തികളും ഇതിൽ ഉൾപെടും എന്നുള്ളതാണ് ഏറെ ആശങ്കപ്പെടുത്തുന്നത്. - രജിസ്ട്രേഷൻ പുതുക്കുന്നതിലെ കാലതാമസം
ഭരണപരമായ കാരണങ്ങളാലോ നടപടിക്രമങ്ങളിലെ വീഴ്ചകളാലോ രജിസ്ട്രേഷൻ പുതുക്കുന്നതിൽ കാലതാമസം നേരിട്ടാൽ, വലിയ പ്രത്യാഘാതം ഉണ്ടാക്കിയേക്കാം. ഇത് മൂലം യാതൊരു ക്രമക്കേടും ഇല്ലാത്ത സംഘടനകൾക്കുപോലും വിദേശ സംഭാവനകൾ സ്വീകരിക്കാനോ വിനിയോഗിക്കാനോ കഴിയാത്ത സാഹചര്യം ഉണ്ടായേക്കാം. - “പ്രവർത്തനരഹിതം” എന്നതിലെ അനിശ്ചിതത്വം
ഏത് സാഹചര്യത്തിലാണ് ഒരു സംഘടനയെ “പ്രവർത്തനരഹിതം” (ഡിഫഗന്റ്/ഇൻഒപൊറേറ്റീവ്) എന്ന് കണക്കാക്കേണ്ടതെന്ന് ബിൽ വ്യക്തമായി നിർവചിക്കുന്നില്ല. പദ്ധതികളുടെ ഇടവേള, പുനഃസംഘടന, നേതൃത്വമാറ്റം, കോടതിക്കേസുകൾ തുടങ്ങിയ താൽക്കാലിക സാഹചര്യങ്ങൾ പോലും പ്രവർത്തനരഹിതമായി കണക്കാക്കി പ്രതികൂല നടപടികൾക്ക് വിധേയമാക്കാം. - സസ്പെൻഷൻ കാലത്തെ തടസ്സങ്ങൾ
സസ്പെൻഷൻ കാലയളവിൽ ആസ്തികൾ കൈകാര്യം ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങൾ മൂലം അറ്റകുറ്റപ്പണി, ഇൻഷുറൻസ് പുതുക്കൽ, പരിപാലനം തുടങ്ങിയ പതിവ് പ്രവർത്തനങ്ങളെ ബാധിക്കുകയും, ഇത് പദ്ധതികളെയും ഗുണഭോക്താക്കളെയും പ്രതികൂലമായി ബാധിക്കാം. - ഫണ്ടുകൾ സമയത്തിനുള്ളിൽ വിനിയോഗിക്കാനാകാതെവന്നാൽ
മുൻകൂർ അനുമതിയുടെ അടിസ്ഥാനത്തിൽ ലഭിച്ച വിദേശ സംഭാവനകൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെലവഴിക്കണമെന്ന വ്യവസ്ഥയുള്ളപ്പോൾ, സർക്കാർ അനുമതികളിലെ കാലതാമസം, പ്രകൃതി ദുരന്തങ്ങൾ, വിതരണ ശൃംഖലയിലെ തടസ്സങ്ങൾ, വ്യവഹാരം തുടങ്ങി സ്ഥാപനത്തിന് നിയന്ത്രണമില്ലാത്ത കാരണങ്ങളാൽ ഫണ്ടുകൾ വിനിയോഗിക്കാനാകാതെവന്നാൽ, അത് നിയമലംഘനമായി കണക്കാക്കി രജിസ്‌ട്രേഷൻ റദ്ദാക്കാൻ ഇടവരാം. - സംഭാവന നൽകുന്നവർ വിട്ടുനിൽക്കാം
ആസ്തികൾ ഏറ്റെടുക്കുകയോ വിറ്റഴിക്കുകയോ ചെയ്യാനുള്ള സാധ്യത ഉൾപ്പെടെയുള്ള കർശന നടപടികൾ വിദേശദാതാക്കളെ സംഭാവന നൽകുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനും, പ്രഗൽഭരായ വ്യക്തികൾ ട്രസ്റ്റികളായോ ഭാരവാഹികളായോ പ്രവർത്തിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും ഇടയാക്കാം.
- രജിസ്ട്രേഷൻ നിഷേധിച്ചാൽ അപ്പീൽ സംവിധാനമില്ല
രജിസ്ട്രേഷൻ അനുവദിക്കാതിരിക്കുകയോ പുതുക്കാൻ വിസമ്മതിക്കുകയോ ചെയ്യുന്നതിന് മുമ്പ് നിർബന്ധമായും സംഘടനയുടെ വാദം കേൾക്കാനുള്ള അവസരം നൽകണമെന്ന് നിയമത്തിൽ വ്യവസ്ഥയില്ല. അത്തരം തീരുമാനങ്ങൾക്കെതിരെ പ്രത്യേക അപ്പീൽ സംവിധാനവും ഇല്ല. ഇതിന്റെ ഫലമായി, ഭാവിയിൽ വിദേശ സംഭാവനകൾ സ്വീകരിക്കാനുള്ള അവകാശം നഷ്ടപ്പെടുന്നതിന് പുറമെ, മുൻപ് ലഭിച്ച വിദേശ സംഭാവനകൾ ഉപയോഗിച്ച് സൃഷ്ടിച്ച ആസ്തികളുടെ നിയന്ത്രണത്തെയും ഇത് ബാധിച്ചേക്കാം.
- പരിമിതമായ നിയമപരിഹാരം
ചില സാഹചര്യങ്ങളിൽ ജില്ലാ ജഡ്ജിക്ക് അപ്പീൽ നൽകാമെങ്കിലും, വ്യവഹാരം ചെലവേറിയതും ദീർഘകാലം നീണ്ടുനിൽക്കുന്നതുമാണ്. ഈ കാലയളവിൽ സംഘടനയുടെ പ്രവർത്തനങ്ങൾ, സാമ്പത്തിക സ്ഥിതി ആശ്രിതർ തുടങ്ങിയവയെ പ്രതികൂലമായി ബാധിക്കാം.
- ഫണ്ടുകൾ ഇന്ത്യയുടെ ഏകീകൃത നിധിയിലേക്ക് മാറ്റൽ
വിനിയോഗിക്കാത്ത വിദേശ സംഭാവനകളോ അത്തരം സംഭവനകൊണ്ട് ഉണ്ടാക്കിയ ആസ്തികളുടെ വിൽപ്പന തുകയോ ഇന്ത്യയുടെ ഏകീകൃത നിധിയി (കണ്സോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യ) ലേക്ക് മാറ്റാമെന്ന വ്യവസ്ഥ, പ്രത്യേക മതജീവകാരുണ്യ ലക്ഷ്യങ്ങൾക്കായി സംഭാവന നൽകിയ ദാതാക്കളുടെ ഉദ്ദേശ്യം തന്നെ പരാജയപ്പെടുത്തുകയും സംഘടനയോടുള്ള വിശ്വാസത്തെ തന്നെ ബാധിക്കുകയും ചെയ്യാം.
- അമിത വിവേചനാധികാരം
“ചട്ടപ്രകാരം നിശ്ചയിക്കുന്നത്”, “വിജ്ഞാപനം ചെയ്യുന്നത്” തുടങ്ങിയ വ്യവസ്ഥകളെ അമിതമായി ആശ്രയിക്കുന്നത് നിയമനിർമ്മാതാക്കളുടെ ഉദ്ദേശത്തെ തന്നെ ദുർബലപ്പെടുത്താം. ഇതുവഴി മതിയായ നിയമനിർമ്മാണ മേൽനോട്ടമില്ലാതെ ഭരണകൂടത്തിന് വ്യാപകമായ വിവേചനാധികാരം ലഭിക്കാനുള്ള സാധ്യതയുണ്ട്. കൂടാതെ ഇത് ഒരേ സാഹചര്യത്തിലുള്ള സംഘടനകൾക്ക് വ്യത്യസ്തമായ വ്യാഖ്യാനവും നിർവചനവും ഉണ്ടാക്കാൻ ഇടയുണ്ട്.
- ആസ്തികളുടെ ഉടമസ്ഥാവകാശം നിർണയിക്കുന്നതിലെ സങ്കീർണത
പല എൻ.പി.ഒകളുടെയും ആസ്തികൾ ആഭ്യന്തരവും വിദേശവുമായ ഫണ്ടുകൾ സംയോജിപ്പിച്ചാണ് സൃഷ്ടിച്ചിട്ടുള്ളത്. അത്തരം സാഹചര്യങ്ങളിൽ ഒരു ആസ്തി പൂർണമായോ ഭാഗികമായോ വിദേശ സംഭാവന ഉപയോഗിച്ചാണോ സൃഷ്ടിച്ചതെന്ന് നിർണയിക്കുന്നത് തർക്കങ്ങൾക്കും അനിശ്ചിതത്വത്തിനും ഇടയാക്കാം.
ഈ നിർദ്ദേശങ്ങളുടെ പ്രത്യാഘാതം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വരിക ചെറുകിട ഇടത്തരം എൻ.പി.ഒകൾക്കായിരിക്കും. പരിമിതമായ ഭരണസംവിധാനവും നിയമം അനുവർത്തിക്കുന്നതിന് പ്രൊഫഷണൽ സംവിധാനവും ഇല്ലാത്ത ഇത്തരം സംഘടനകൾക്ക് മതജീവകാരുണ്യ പ്രവർത്തനങ്ങളേക്കാൾ കൂടുതൽ സമയവും പണവും നിയമാനുസരണത്തിനും വ്യവഹാരങ്ങൾക്കും ചെലവഴിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നത് ഗൗരവമായ ആശങ്കയാണ്.
സിഎ. ബാബു എബ്രഹാം കള്ളിവയലിൽ



