സീറോ മലബാര്‍ സഭയുടെ ആരാധനാക്രമ വത്സരത്തിലെ ഏറ്റവും ചൈതന്യവത്തായ ‘നോമ്പുകാലത്തിലൂടെ’ നാം പ്രവേശിക്കുകയാണ്. നമ്മുടെ സഭാപാരമ്പര്യത്തില്‍ നോമ്പുകാലം എന്നത് കേവലം ചില ഭൗതിക നിരാസങ്ങളുടെ കാലഘട്ടമല്ല; മറിച്ച്, മിശിഹായുടെ രക്ഷാകരമായ രഹസ്യങ്ങളില്‍ സജീവമായി പങ്കുചേരുന്നതിനും അവിടുത്തെ പീഡാനുഭവങ്ങളിലൂടെ കടന്നുപോയി ഉത്ഥാനത്തിന്റെ മഹനീയതയിലേക്ക് പ്രവേശിക്കുന്നതിനുമുള്ള ഒരു ആത്മീയ തീര്‍ത്ഥാടനമാണ്. ആരാധനാക്രമവത്സരത്തില്‍ നൂറോളം ദിവസങ്ങള്‍ നോമ്പിനായി സഭ നീക്കിവെച്ചിരിക്കുന്നു എന്നത് നമ്മുടെ ആത്മീയ ജീവിതത്തില്‍ ഈ കാലയളവിനുള്ള അനിഷേധ്യമായ പ്രാധാന്യത്തെ വിളിച്ചോതുന്നു. ആദിപാപം വഴി മനുഷ്യന് നഷ്ടമായ ദൈവിക തേജസ്സും സാദൃശ്യവും വീണ്ടെടുക്കാനുള്ള ആത്മീയ പോരാട്ടത്തിന്റെ വേദിയാണ് ഈ പുണ്യകാലം. കുരിശിന്റെ ചുവട്ടിലെ അനുതാപത്തിലൂടെയും മരുഭൂമിയിലെ പ്രാര്‍ത്ഥനയിലൂടെയും പുതിയ സൃഷ്ടിയായി രൂപാന്തരപ്പെടാന്‍ ഈ നോമ്പുകാലം നമ്മെ ഓരോരുത്തരെയും ആഹ്വാനം ചെയ്യുന്നു.
നോമ്പ് നമ്മെ ഏകാന്തതയുടെ മരുഭൂമിയിലേക്ക് വിളിക്കുന്നു. മിശിഹാ മരുഭൂമിയില്‍ അനുഷ്ഠിച്ച 40 ദിവസത്തെ ഏകാന്തത നമ്മുടെ ആത്മീയ ജീവിതത്തിന്റെ മാതൃകയാണ്. ഏകാന്തതയെന്നാല്‍ ലോകത്തില്‍ നിന്നുള്ള ഒളിച്ചോട്ടമല്ല, മറിച്ച് ദൈവത്തിന്റെ സ്വരം കേള്‍ക്കാന്‍ തടസ്സമാകുന്ന ലൗകിക ശബ്ദങ്ങളെ നിശബ്ദമാക്കലാണ്. ‘മരുഭൂമിയില്‍ വെച്ച് ഞാന്‍ അവളോട് സംസാരിക്കും’ (ഹോസിയാ 2:14) എന്ന വചനം പോലെ, നമ്മുടെ ഹൃദയമാകുന്ന മരുഭൂമിയില്‍ കര്‍ത്താവിനെ കണ്ടുമുട്ടാന്‍ ഈ ഏകാന്തത അനിവാര്യമാണ്. പൗരസ്ത്യ പിതാക്കന്മാര്‍ ഈ അവസ്ഥയെ ‘നിശബ്ദതയിലുള്ള വിശ്രമം’ എന്ന് വിളിക്കുന്നു. നിനവേയിലെ വി. ഇസഹാക്ക് പഠിപ്പിക്കുന്നു, ‘നീ നിന്നെത്തന്നെ നിശബ്ദനാക്കിയാല്‍, നിന്റെ നിശബ്ദത നിനക്കായി ഒരു രഥമായി മാറും; അത് നിന്നെ ദൈവത്തിലേക്ക് എത്തിക്കും.’വിശുദ്ധ എഫ്രേം മരുഭൂമിയെയും ഏകാന്തതയെയും വിശേഷിപ്പിക്കുന്നത് മണവാളനായ ക്രിസ്തുവിനെ മണവാട്ടിയായ ആത്മാവ് കണ്ടുമുട്ടുന്ന ഇടമായിട്ടാണ്. ഈ നോമ്പുകാലത്തെ ഏകാന്തത നമ്മുടെ ആത്മാവിനെ ദൈവസ്‌നേഹത്തിന്റെ അഗ്‌നിയില്‍ ശുദ്ധീകരിക്കുന്ന ഇടമാണ്. മരുഭൂമിയിലെ ക്രിസ്തുവിന്റെ 40 ദിവസങ്ങള്‍ നമുക്ക് നല്‍കുന്ന പാഠം ഇതാണ്: പിശാചിന്റെ പ്രലോഭനങ്ങളെ ജയിക്കാനും പിതാവിന്റെ ഇഷ്ടം തിരിച്ചറിയാനും ഏകാന്തത അനിവാര്യമാണ്. ഈ നോമ്പുകാലത്ത് നമ്മുടെ വീടുകളിലും ജോലിസ്ഥലങ്ങളിലും ഹൃദയത്തിന്റെ ഒരു ‘മരുഭൂമി’ സൃഷ്ടിക്കാന്‍ നമുക്ക് സാധിക്കണം. അവിടെ നാം ഒറ്റയ്ക്കല്ല, മറിച്ച് പ്രപഞ്ചനാഥനായ ദൈവത്തോടൊപ്പമാണ്.
നമ്മുടെ സഭയുടെ പാരമ്പര്യത്തില്‍ നോമ്പ് എന്നത് കണ്ണുനീരിലൂടെയുള്ള ശുദ്ധീകരണമാണ്. സുവിശേഷത്തിലെ മൂന്ന് വ്യക്തിത്വങ്ങള്‍ ഈ പരിവര്‍ത്തനത്തിന് വഴികാട്ടികളാണ്: നല്ല കള്ളന്‍: കുരിശിന്റെ ചുവട്ടില്‍ നില്‍ക്കുമ്പോള്‍, നല്ല കള്ളന്‍ തിരിച്ചറിഞ്ഞത് മിശിഹായുടെ ദൈവത്വമാണ്. ഒരു നിമിഷത്തെ ആത്മാര്‍ത്ഥമായ അനുതാപം അവന് സ്വര്‍ഗ്ഗവാതില്‍ തുറന്നു നല്‍കി. സഭയുടെ പ്രാര്‍ത്ഥനകളില്‍ നല്ല കള്ളന്‍ ‘പറുദീസയുടെ താക്കോല്‍’ കൈവശമാക്കിയവനാണ്. അനുതാപത്തിലൂടെ നമ്മിലെ പഴയ മനുഷ്യനെ കുരിശില്‍ തറയ്ക്കാനും മിശിഹായോടൊപ്പം ഉയിര്‍ക്കാനും അവന്‍ നമ്മെ പഠിപ്പിക്കുന്നു. മഗ്ദലന മറിയം: പാപത്തിന്റെ അന്ധകാരത്തില്‍ നിന്ന് സ്‌നേഹത്തിന്റെ പ്രകാശത്തിലേക്ക് അവള്‍ നടന്നു കയറി. അവിടുത്തെ പാദങ്ങളില്‍ കണ്ണീരൊഴുക്കിയ അവള്‍ കാണിച്ചുതരുന്നത്, ദൈവം ആഗ്രഹിക്കുന്നത് ബലികളല്ല, മറിച്ച് തകര്‍ന്ന് അനുതപിക്കുന്ന ഹൃദയമാണെന്നാണ്. നിക്കോദേമോസ്: പകല്‍വെളിച്ചത്തില്‍ ക്രിസ്തുവിനെ പരസ്യമായി ഏറ്റുപറയാന്‍ മടിച്ച നിക്കോദേമോസ്, നോമ്പുകാലത്തെ ആത്മീയ വളര്‍ച്ചയുടെ പ്രതീകമാണ്. രാത്രിയുടെ നിഗൂഢതയില്‍ നിന്ന് ക്രിസ്തു എന്ന വെളിച്ചത്തിലേക്ക് അവന്‍ പടിപടിയായി വളര്‍ന്നു. ക്രൂശിതന്റെ ചുവട്ടില്‍ വിലയേറിയ സുഗന്ധദ്രവ്യങ്ങളുമായി എത്തിയ നിക്കൊദേമൂസിനെപ്പോലെ, നമ്മുടെ കഠിനാധ്വാനത്തിന്റെ ഫലങ്ങള്‍ (Sharing) ദരിദ്രര്‍ക്കും അഗതികള്‍ക്കുമായി പങ്കുവയ്ക്കാന്‍ തയ്യാറാകുമ്പോഴാണ് നമ്മുടെ നോമ്പ് അനുഷ്ടാനം അര്‍ഥപൂര്‍ണ്ണമാകുന്നത്. ഉപവാസമെന്നത് ശരീരത്തിന്റെ വിശപ്പിലൂടെ ആത്മാവിന്റെ വിശപ്പിനെ ഉണര്‍ത്തുന്ന പ്രക്രിയയാണ്. ഈ വിശപ്പ് നമ്മെ സഹോദരനിലേക്ക് നയിക്കണം.
ഈ വലിയ നോമ്പുകാലം കേവലം ചടങ്ങുകളിലോ ആചാരങ്ങളിലോ ഒതുങ്ങിനില്‍ക്കേണ്ട ഒന്നല്ല; മറിച്ച്, മിശിഹായുടെ പീഡാനുഭവങ്ങളോടും മരണത്തോടും താദാത്മ്യപ്പെട്ടുകൊണ്ട് അവിടുത്തെ മഹത്വപൂര്‍ണ്ണമായ ഉത്ഥാനത്തില്‍ പങ്കുചേരാനുള്ള ഒരു ‘ദൈവികീകരണ’ (Theosis) പ്രക്രിയയാണ്. നമ്മുടെ ഉപവാസം (Fasting) ശരീരത്തിന്റെ വിശപ്പിലൂടെ ആത്മാവിനെ ഉണര്‍ത്തുകയും, പ്രാര്‍ഥന (Prayer) നമ്മുടെ ഹൃദയങ്ങളെ സ്വര്‍ഗീയ നിശബ്ദതയിലേക്ക് ഉയര്‍ത്തുകയും ദാനധര്‍മ്മം (Almsgiving) സഹോദരന്റെ മുറിവുകളില്‍ മിശിഹായെ ദര്‍ശിക്കാന്‍ നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നു. നിക്കോദേമോസിനെപ്പോലെ ഭയത്തിന്റെ രാത്രികളില്‍ നിന്ന് സത്യത്തിന്റെ വെളിച്ചത്തിലേക്കും നല്ല കള്ളനെപ്പോലെ കുരിശിന്റെ ചുവട്ടിലെ അനുതാപത്തിലേക്കും, മഗ്ദലന മറിയത്തെപ്പോലെ സ്‌നേഹത്തിന്റെ പരിമളതൈലവുമായും നമുക്ക് കര്‍ത്താവിനെ അനുഗമിക്കാം. വിജനമായ മരുഭൂമിയിലെ ഏകാന്തതയില്‍ നമ്മെത്തന്നെ ശൂന്യമാക്കുമ്പോള്‍, ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു നമ്മില്‍ പുതിയ സൃഷ്ടിയായി (New Creation) ജന്മമെടുക്കും. കുരിശിന്റെ വഴിയില്‍ നിന്ന് ഉത്ഥാനത്തിന്റെ പ്രഭയിലേക്കുള്ള ഈ തീര്‍ഥാടനത്തില്‍ മിശിഹായുടെ വലിയ കൃപ നമ്മെ ഓരോരുത്തരെയും നയിക്കട്ടെ.
മാര്‍ റാഫേല്‍ തട്ടില്‍
സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ്


