വലിയ നോമ്പ്: സീറോമലബാര്‍ സഭയുടെ ആരാധനക്രമത്തിലൂടെയുള്ള ഒരു വിശകലനം

Published on

ആമുഖം

മാര്‍ത്തോമാ നസ്രാണികളുടെ ആത്മീയ ജീവിതത്തിലെ ഏറ്റവും തീക്ഷ്ണമായ കാലഘട്ടമാണ് വലിയ നോമ്പ്. നമ്മുടെ കര്‍ത്താവായ ഈശോമിശിഹായുടെ പീഡാനുഭവത്തെയും കുരിശുമരണത്തെയും ഹൃദയത്തില്‍ ധ്യാനിച്ച്, ഉപവാസത്തിലും പ്രാര്‍ത്ഥനയിലും ധര്‍മ്മദാനങ്ങളിലും മുഴുകി ഉത്ഥാന തിരുനാളിനായി വിശ്വാസികള്‍ ഒരുങ്ങുന്ന ഏഴാഴ്ചകളാണിത്. നോമ്പാചരണം എന്നത് കേവലം വ്യക്തിപരമായ ഒരു ഭക്തിപ്രവൃത്തിയല്ല, മറിച്ച് മിശിഹായുടെ മൗതികശരീരമായ സഭ മുഴുവന്‍ ഒന്നുചേര്‍ന്ന് നടത്തുന്ന ഒരു ആത്മീയ ബലിയാണെന്ന ചിന്ത ഇവിടെ ഏറെ പ്രസക്തമാണ്. ‘ആരാണ് നോമ്പെടുക്കുന്നത്?’ എന്ന ചോദ്യത്തിന് ‘സഭയാണ് നോമ്പെടുക്കുന്നത്’ എന്ന ഉത്തരത്തിലൂടെ, സഭാഗാത്രത്തിന്റെ ഐക്യവും കൂട്ടായ ഉത്തരവാദിത്തവുമാണ് വെളിപ്പെടുന്നത്. സഭ ഒന്നാകെ പ്രായശ്ചിത്തം ചെയ്യുകയും പരിഹാരപ്രവൃത്തികളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന ഈ വിശുദ്ധ കാലയളവില്‍, ആ ഗാത്രത്തിലെ ജീവനുള്ള അവയവങ്ങളായ ഓരോ വിശ്വാസിക്കും നോമ്പിന്റെ ചൈതന്യത്തില്‍ നിന്ന് മാറിനില്‍ക്കാനാവില്ല. വ്യക്തിഗതമായ താല്പര്യങ്ങള്‍ക്കപ്പുറം, സഭയോട് ചേര്‍ന്നുനിന്ന് ലോകത്തിന്റെ പാപപരിഹാരത്തിനായി മിശിഹായുടെ പീഡാനുഭവങ്ങളില്‍ പങ്കുചേരുമ്പോഴാണ് നോമ്പ് അതിന്റെ പൂര്‍ണ്ണതയിലെത്തുന്നത്.

വലിയ നോമ്പ്: പേരും പൊരുളും

സുറിയാനി ഭാഷയില്‍ ഈ പുണ്യകാലത്തെ ‘സൗമ റമ്പാ’ (Sawma Ramba) എന്നാണ് വിശേഷിപ്പിക്കുന്നത്. ‘സൗമ’ എന്നാല്‍ ഉപവാസമെന്നും ‘റമ്പാ’ എന്നാല്‍ വലിയതെന്നുമാണ് അര്‍ത്ഥം. സഭയുടെ ആരാധനക്രമ വത്സരത്തില്‍ മൂന്ന് നോമ്പ് (നിനവേ നോമ്പ്), ശ്ലീഹാ നോമ്പ്, എട്ടുനോമ്പ് തുടങ്ങി അനേകം നോമ്പുകള്‍ ഉണ്ടെങ്കിലും, മിശിഹായുടെ ഉത്ഥാനമെന്ന (Easter) മഹാ രഹസ്യത്തിലേക്ക് നമ്മെ നയിക്കുന്നതിനാലും ദൈര്‍ഘ്യം കൊണ്ട് വലുതായതിനാലും ഇതിനെ ‘വലിയ നോമ്പ്’ എന്ന് വിളിക്കുന്നു.

ചരിത്രപരമായ പശ്ചാത്തലം: സഭയുടെ ആദ്യ നൂറ്റാണ്ടുകളില്‍ ഉത്ഥാന തിരുനാളിന് തൊട്ടുമുമ്പുള്ള ഒന്നോ രണ്ടോ ദിവസങ്ങള്‍ മാത്രമാണ് ഉപവസിച്ചിരുന്നത്. എ.ഡി. 325ലെ നിഖ്യാ കൗണ്‍സിലിന് ശേഷമാണ് 40 ദിവസത്തെ നോമ്പ് സാര്‍വത്രിക സഭയില്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്. മിശിഹാ മരുഭൂമിയില്‍ 40 ദിവസം ഉപവസിച്ചതിനെ മാതൃകയാക്കിയാണ് ഈ കാലയളവ് നിശ്ചയിച്ചത്. ആദ്യകാലങ്ങളില്‍ മാമോദീസ സ്വീകരിക്കാന്‍ ഒരുങ്ങുന്നവര്‍ക്കുള്ള തീവ്രമായ പരിശീലന കാലഘട്ടം കൂടിയായിരുന്നു ഇത്.

50 നോമ്പ് എന്ന കണക്ക്: പാശ്ചാത്യ സഭകളില്‍ നിന്ന് വ്യത്യസ്തമായി, മാര്‍ത്തോമാ നസ്രാണികള്‍ ഞായറാഴ്ചകളിലും ത്രിദിനങ്ങളിലും ഉപവാസത്തിന്റെ ആത്മീയ ചൈതന്യം കൈവിടാതെ 50 ദിവസവും പൂര്‍ണ്ണമായി നോമ്പാചരിച്ചിരുന്നു. ഇതിനാലാണ്  ഇത് ‘അമ്പതു നോമ്പ്’ എന്ന പേരില്‍ പ്രശസ്തമായത്.

മിശിഹാനുകരണം: ജീവിതശൈലിയിലെ മാറ്റം

നോമ്പുകാലം എന്നത് കേവലം ഭൗതികമായ ഭക്ഷണവര്‍ജ്ജനത്തിലോ ശാരീരികമായ നിയന്ത്രണങ്ങളിലോ ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല; മറിച്ച്, മിശിഹായുടെ ജീവിതത്തോടും അവിടുത്തെ ദൈവഹിതത്തോടുള്ള സമര്‍പ്പണത്തോടും പരിപൂര്‍ണ്ണമായി താദാത്മ്യം പ്രാപിക്കാനുള്ള ആത്മീയ പ്രയാണമാണത്. ‘ഞാന്‍ മിശിഹായെ അനുകരിക്കുന്നതുപോലെ നിങ്ങളും എന്നെ അനുകരിക്കുവിന്‍’ (1 കോറി. 11:1) എന്ന പൗലോസ് ശ്ലീഹായുടെ വചനത്തെ അന്വര്‍ത്ഥമാക്കി, മിശിഹായുടെ ഭാവങ്ങളും ചിന്തകളും സ്വന്തമാക്കാന്‍ വിശ്വാസികള്‍ ഈ കാലയളവില്‍ പരിശ്രമിക്കുന്നു. ജനുവരി 6ന് ‘രാക്കുളി’ പെരുന്നാളിലൂടെ ഈശോയുടെ മാമോദീസയില്‍ ആത്മീയമായി പങ്കുചേരുന്നതുപോലെ, വലിയ നോമ്പിലെ ഓരോ യാമപ്രാര്‍ത്ഥനകളിലൂടെയും തിരുക്കര്‍മ്മങ്ങളിലൂടെയും മിശിഹായുടെ പീഡാനുഭവ യാത്രയിലെ സഹയാത്രികരായി മാറാനാണ് സഭ നമ്മെ ആഹ്വാനം ചെയ്യുന്നത്. സ്വന്തം ഇഷ്ടങ്ങളെ ബലികഴിച്ച്, കുരിശിന്റെ വഴിയിലൂടെ നടന്ന്, പാപത്തിന് മരിക്കുകയും നീതിക്കായി ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യുന്ന ഒരു ആത്മീയ പരിവര്‍ത്തനമാണ് (Metanoia) ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

നോമ്പും തീര്‍ത്ഥാടനവും

സീറോമലബാര്‍ സഭയുടെ പാരമ്പര്യത്തില്‍ നോമ്പ് ഒരു ‘ആന്തരിക തീര്‍ത്ഥാടനമായി’ (Internal Pilgrimage) വിശേഷിപ്പിക്കപ്പെടുമ്പോള്‍, കുരിശുമലകലയിലേക്കും മലയാറ്റൂര്‍ പോലുള്ള പുണ്യകേന്ദ്രങ്ങളിലേക്കുമുള്ള യാത്രകള്‍ ഈ ആത്മീയ പ്രയാണത്തിന്റെ ബാഹ്യമായ അടയാളമായി മാറുന്നു. മാര്‍ അപ്രേമിനെപ്പോലുള്ള പൗരസ്ത്യ സഭാപിതാക്കന്മാരുടെ പഠനമനുസരിച്ച്, ഉപവാസത്തിലൂടെ ആത്മാവിനെ ഒരുക്കുന്ന വിശ്വാസി, തീര്‍ത്ഥാടനത്തിലെ കഠിനമായ ശാരീരിക അധ്വാനത്തിലൂടെ മിശിഹായുടെ പീഡാനുഭവങ്ങളോട് താദാത്മ്യപ്പെടുകയാണ് ചെയ്യുന്നത്. ശരീരത്തെ തപസ്സിലൂടെയും മനസ്സിനെ പ്രാര്‍ത്ഥനയിലൂടെയും ഒരേപോലെ ദൈവത്തിന് സമര്‍പ്പിക്കുന്ന ഈ പ്രക്രിയയിലൂടെ, നോമ്പില്‍ നേടിയെടുക്കുന്ന ആത്മീയ ചൈതന്യം തീര്‍ത്ഥാടനമെന്ന പരസ്യമായ വിശ്വാസപ്രഖ്യാപനമായി പരിണമിക്കുന്നു. ചുരുക്കത്തില്‍, പൗരസ്ത്യ പാരമ്പര്യത്തില്‍ നോമ്പും തീര്‍ത്ഥാടനവും വേര്‍പിരിക്കാനാവാത്തവിധം ബന്ധിക്കപ്പെട്ടിരിക്കുന്നു; ഒന്ന് ആത്മാവിനെ ഉയിര്‍പ്പിനായി ഒരുക്കുമ്പോള്‍ മറ്റൊന്ന് ആ ഒരുക്കത്തെ ക്രിസ്തുവിനോടുള്ള ഐക്യദാര്‍ഢ്യമായി ലോകത്തിന് മുന്‍പില്‍ സാക്ഷ്യപ്പെടുത്തുന്നു.

വലിയ നോമ്പിലെ ആരാധനക്രമ ചിന്തകള്‍:

സീറോ മലബാര്‍ സഭയുടെ ആരാധനാക്രമ പഞ്ചാംഗമനുസരിച്ച് (Liturgical Calendar), വലിയ നോമ്പിലെ ഓരോ ഞായറാഴ്ചയും മിശിഹായുടെ രക്ഷാകരമായ ഇടപെടലുകളിലൂടെ മനുഷ്യന് ലഭിക്കുന്ന ആത്മീയവും ശാരീരികവുമായ സൗഖ്യത്തിന്റെ വിവിധ ഘട്ടങ്ങളെയാണ് വെളിപ്പെടുത്തുന്നത്. പൗരസ്ത്യ സുറിയാനി പാരമ്പര്യത്തില്‍ ഈ ഞായറാഴ്ചകള്‍ കേവലം സംഭവവിവരണങ്ങളല്ല, മറിച്ച് പാപമാകുന്ന രോഗത്തില്‍ നിന്ന് ഉയിര്‍പ്പിന്റെ പുതുജീവനിലേക്കുള്ള സഭയുടെ പ്രയാണമാണ്.

ഒന്നാം ഞായര്‍ (പേത്തുര്‍ത്താ): മിശിഹായുടെ മരുഭൂമിയിലെ പരീക്ഷണം. ആത്മീയ യുദ്ധത്തിന് വിശ്വാസിയെ ഒരുക്കുകയും പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള കരുത്ത് നല്‍കുകയും ചെയ്യുന്നു. രണ്ടാം ഞായറാഴ്ച സഖേവൂസിന്റെ പരിവര്‍ത്തനത്തിലൂടെ ഭൗതികമോഹങ്ങളോടുള്ള ആസക്തിയില്‍ നിന്നുള്ള സൗഖ്യവും മാനസാന്തരവും പ്രഖ്യാപിക്കുമ്പോള്‍, മൂന്നാം ഞായറാഴ്ച കാപട്യമില്ലാത്ത പ്രാര്‍ത്ഥനയെയും ദാനധര്‍മ്മത്തെയും കുറിച്ച് പഠിപ്പിച്ചുകൊണ്ട് ആത്മീയമായ പൊങ്ങച്ചങ്ങളില്‍ നിന്നുള്ള സൗഖ്യം മിശിഹാ നല്‍കുന്നു. നാലാം ഞായറാഴ്ച മത്തായി 5:2732 വചനങ്ങളിലൂടെ ഹൃദയനൈര്‍മ്മല്യത്തെക്കുറിച്ചും പാവനമായ കുടുംബബന്ധങ്ങളെക്കുറിച്ചും ഓര്‍മ്മിപ്പിച്ച് അധാര്‍മ്മിക ചിന്തകളില്‍ നിന്നുള്ള സൗഖ്യം പ്രദാനം ചെയ്യുന്നു. അഞ്ചാം ഞായറാഴ്ച വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയുടെ (യോഹന്നാന്‍ 8:111) വിവരണത്തിലൂടെ മറ്റുള്ളവരെ കുറ്റം വിധിക്കുന്ന മനോഭാവത്തില്‍ നിന്നുള്ള മോചനവും പാപികളെ സ്വീകരിക്കുന്ന ദൈവകരുണയുടെ ആഴവും വെളിപ്പെടുത്തുന്നു. ആറാം ഞായറാഴ്ച മര്‍ക്കോസ് കുരിശിന്റെ വഴിയിലൂടെയുള്ള ആത്മത്യാഗത്തെയും മിശിഹായോടുള്ള താദാത്മ്യപ്പെടലിനെയും കുറിച്ച് പഠിപ്പിച്ച് മരണഭയത്തില്‍ നിന്നും ലൗകിക സുരക്ഷിതത്വത്തില്‍ നിന്നുമുള്ള ആത്യന്തിക സൗഖ്യം സഭയ്ക്ക് നല്‍കുന്നു. നോമ്പിന്റെ അവസാന ഞായറായ  ഓശാന ഞായറാഴ്ച (Palm Sunday) എളിമയുടെ രാജാവായ മിശിഹായെ ഹൃദയത്തില്‍ സ്വീകരിക്കുന്നതിലൂടെ ഈ ആത്മീയ സൗഖ്യത്തിന്റെ പ്രക്രിയ പൂര്‍ണ്ണതയിലെത്തുകയും നമ്മെ പീഡാനുഭവ വാരത്തിലേക്കും ഉയിര്‍പ്പിന്റെ മഹത്വത്തിലേക്കും ആനയിക്കുകയും ചെയ്യുന്നു.

നോമ്പുകാലത്തെ യാമപ്രാര്‍ത്ഥനകള്‍

പൗരസ്ത്യ സുറിയാനി പാരമ്പര്യത്തില്‍, നോമ്പുകാലത്തെ യാമപ്രാര്‍ത്ഥനകള്‍ കേവലം സ്തുതിപ്പുകളല്ല, മറിച്ച് വിശ്വാസിയെ ആന്തരികമായ ഒരു ആത്മീയ പരിവര്‍ത്തനത്തിലേക്ക് നയിക്കാനുതകുന്ന ശക്തമായ ഉപാധികളാണ്. ഈ പ്രാര്‍ത്ഥനകളുടെ കാതല്‍ അവയുടെ അനുതാപനിര്‍ഭരമായ (Penitential) സ്വഭാവമാണ്; പാപബോധത്തിലൂടെ ദൈവകരുണയ്ക്കായി യാചിക്കുന്ന ‘ഹൂസായാ’ (Hussaya) അഥവാ പാപമോചന പ്രാര്‍ത്ഥനകള്‍ ഇതില്‍ മുഖ്യസ്ഥാനം വഹിക്കുന്നു. പാപങ്ങള്‍ കഴുകിക്കളയാനും ആത്മാവിനെ ശുദ്ധീകരിക്കാനും ദൈവത്തോട് അപേക്ഷിക്കുന്ന സുദീര്‍ഘമായ പ്രാര്‍ത്ഥനകളാണിവ. സാധാരണ കാലത്തേക്കാള്‍ കൂടുതല്‍ സങ്കീര്‍ത്തനങ്ങളും ഭക്തിനിര്‍ഭരമായ ‘കാറോസൂസകളും’ ഉള്‍ക്കൊള്ളുന്ന സവിശേഷമായ ക്രമമാണ് നോമ്പുകാലത്ത് പിന്തുടരുന്നത്. ശാരീരികമായ പൂര്‍ണ്ണ സമര്‍പ്പണത്തെയും തപസ്സിനെയും സൂചിപ്പിക്കുന്ന ‘മൊറായെ’ (വിനയത്തിന്റെ അടയാളമായുള്ള കുമ്പിടീലുകള്‍/Protsrations) പൗരസ്ത്യ പാരമ്പര്യത്തിന്റെ തനിമ വിളിച്ചോതുന്നു. മാര്‍ അപ്രേമിനെപ്പോലെയുള്ള സഭാപിതാക്കന്മാരുടെ ഗീതങ്ങളിലൂടെ, മനുഷ്യന്റെ വീഴ്ചയെയും ദൈവത്തിന്റെ കരുണയെയും കുറിച്ചുള്ള ആഴമായ ‘തെയോറിയ’ (Theoria  ആത്മീയ ദര്‍ശനം) ഈ പ്രാര്‍ത്ഥനകള്‍ വിശ്വാസിക്ക് നല്‍കുന്നു. സുറിയാനി പിതാക്കന്മാരുടെ ദര്‍ശനത്തില്‍ നോമ്പ് ഒരു ‘ആത്മീയ ഔഷധം’ ആണ്; ഈ ഔഷധം ആത്മാവിനെ ശുദ്ധീകരിച്ച് മിശിഹായുടെ ഉയിര്‍പ്പിന്റെ തേജസ്സിലേക്ക് സമുദായത്തെ മുഴുവന്‍ ഒരുമിച്ച് ആനയിക്കുന്നു

സവിശേഷ ദിനങ്ങളും ആചാരങ്ങളും

1. പെതുര്‍ത്താ ഞായര്‍
വലിയ നോമ്പിലേക്ക് പ്രവേശിക്കുന്ന ആദ്യ ഞായറാഴ്ചയാണിത്. ‘തിരിഞ്ഞുനോട്ടം’, ‘അവസാനിപ്പിക്കല്‍’ എന്നൊക്കെയാണ് ‘പെതുര്‍ത്താ’ എന്ന വാക്കിന്റെ അര്‍ത്ഥം. സുഭിക്ഷമായ ഭക്ഷണത്തിന്റെയും ആഘോഷങ്ങളുടെയും ദിനങ്ങള്‍ അവസാനിപ്പിച്ച് ആത്മീയമായ ഒരു പോരാട്ടത്തിന് തുടക്കം കുറിക്കുന്നു എന്നതിനെ ഇത് സൂചിപ്പിക്കുന്നു.  രുചികരമല്ലാത്ത ഭക്ഷണം കഴിക്കുന്ന ദിവസം എന്നും ഇതിനു അര്‍ഥം കല്പിക്കാറുണ്ട്.

2.  വിഭൂതി തിങ്കള്‍: ചരിത്രവും പാരമ്പര്യവും
സീറോ മലബാര്‍ സഭയുള്‍പ്പെടുന്ന പൗരസ്ത്യ സുറിയാനി പാരമ്പര്യത്തില്‍ വലിയ നോമ്പിലെ അനുതാപത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും ഔദ്യോഗികമായ  തുടക്കം വിഭൂതി തിങ്കളാഴ്ചയാണ്. ഇതിന്റെ ചരിത്രപരമായ പ്രത്യേകതകള്‍ ഇവയാണ്:

ശുദ്ധിയുള്ള തിങ്കള്‍ (Clean Monday): പൗരസ്ത്യ സഭകളില്‍ (സുറിയാനി, ഗ്രീക്ക് സഭകള്‍) ഈ ദിവസത്തെ ‘ക്‌ളീന്‍ മണ്‍ഡേ’ Clean Monday) അല്ലെങ്കില്‍ ‘ശുദ്ധിയുള്ള തിങ്കള്‍’ എന്നാണ് വിളിക്കുന്നത്. നോമ്പുകാലത്തേക്ക് പ്രവേശിക്കുമ്പോള്‍ ശരീരവും ആത്മാവും ഭവനവും ശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. പണ്ടുകാലത്ത് നസ്രാണികള്‍ നോമ്പിന് മുന്‍പായി തങ്ങളുടെ പാത്രങ്ങളും വീടും കഴുകി വൃത്തിയാക്കി ആത്മീയമായ ഒരു പുതിയ തുടക്കം കുറിച്ചിരുന്നു.

ആരാധനക്രമപരമായ തുടക്കം: ലത്തീന്‍ സഭയില്‍ വിഭൂതി ബുധനാഴ്ച (Ash Wednesday) നോമ്പ് ആരംഭിക്കുമ്പോള്‍, പൗരസ്ത്യ സഭകളില്‍ വലിയ നോമ്പിലെ ഒന്നാം ഞായറാഴ്ച (പെതുര്‍ത്താ) തന്നെ നോമ്പിന്റെ ഒരുക്കം തുടങ്ങുന്നു. എന്നാല്‍ നോമ്പിലെ ഭക്ഷണവര്‍ജ്ജനവും ഉപവാസവും കഠിനമായി ആരംഭിക്കുന്നത് തൊട്ടടുത്ത തിങ്കളാഴ്ച മുതലാണ്. അതിനാല്‍ ഇതിനെ നോമ്പിന്റെ യഥാര്‍ത്ഥ കവാടമായി കരുതുന്നു.
ഭസ്മം പൂശല്‍ എന്ന ആചാരം: യഥാര്‍ത്ഥ പൗരസ്ത്യ സുറിയാനി ക്രമത്തില്‍ ഭസ്മം പൂശുന്ന ചടങ്ങ് ഉണ്ടായിരുന്നില്ല. എന്നാല്‍ ലത്തീന്‍ സഭയുമായുള്ള സമ്പര്‍ക്കത്തിലൂടെ പതിനാറാം നൂറ്റാണ്ടിനുശേഷം (ഉദയംപേരൂര്‍ സൂനഹദോസിന് ശേഷം) സീറോ മലബാര്‍ സഭയില്‍ വിഭൂതി ബുധനിലെ ചടങ്ങുകള്‍ക്ക് സമാനമായി തിങ്കളാഴ്ച ഭസ്മം പൂശുന്ന രീതി പ്രചാരത്തില്‍ വന്നു. പഴയ നിയമത്തിലെ പശ്ചാത്താപത്തിന്റെ പ്രതീകമായ ഭസ്മം, ‘മനുഷ്യാ നീ മണ്ണാകുന്നു, മണ്ണിലേക്ക് തന്നെ മടങ്ങും’ എന്ന വലിയ സത്യത്തെ ഓര്‍മ്മിപ്പിക്കുന്നു.

3. ലാസറിന്റെ വെള്ളിയും കൊഴുക്കട്ട ശനിയും
ഓശാന ഞായറിന് തൊട്ടുമുമ്പുള്ള വെള്ളിയാഴ്ച ലാസറിന്റെ ഉയിര്‍പ്പിച്ചതിനെ  അനുസ്മരിക്കുന്നു. അടുത്ത ദിവസമായ ശനിയാഴ്ചയെ ‘കൊഴുക്കട്ട ശനി’ എന്ന് വിളിക്കുന്നു. ബെഥാനിയായില്‍ ഈശോയ്ക്ക് ലഭിച്ച വിരുന്നിന്റെയും മറിയം അവിടുത്തെ പാദങ്ങളില്‍ പുരട്ടിയ പരിമളതൈലത്തിന്റെയും ഓര്‍മ്മയ്ക്കായി വീടുകളില്‍ കൊഴുക്കട്ടയുണ്ടാക്കി കുരിശുവരച്ച് ഭക്ഷിക്കുന്ന മനോഹരമായ പാരമ്പര്യമാണിത്.

4. പീഡാനുഭവ ആഴ്ച്ച (പീഡാനുഭവ ആഴ്ചയെ സൂചിപ്പിക്കാന്‍ സുറിയാനിയില്‍ ഉപയോഗിക്കുന്ന വാക്ക് കഷ്ടാനുഭവം’ അല്ലെങ്കില്‍ ‘പീഡാനുഭവം എന്നര്‍ത്ഥം വരുന്ന ‘ഹശാ’ (Hasha) എന്നതാണ്. മിശിഹായുടെ കഷ്ടാനുഭവങ്ങളെയും മരണത്തെയും അനുസ്മരിക്കുന്ന ഈ ആഴ്ച സഭയെ സംബന്ധിച്ചിടത്തോളം ഏറ്റവും വിശുദ്ധമായ സമയമാണ്.

ഓശാന ഞായര്‍: ഈശോയുടെ ജെറുസലേം പ്രവേശനം. കുരുത്തോലകള്‍ ഏന്തിയുള്ള പ്രദക്ഷണം മിശിഹായെ രാജാവായി സ്വീകരിക്കുന്നതിന്റെ അടയാളമാണ്. മിശിഹാ സമാധാനത്തിന്റെ പ്രതീകമായ കഴുതക്കുട്ടിയുടെ പുറത്തു എഴുന്നള്ളുന്നത് പൗരസ്ത്യ സുറിയാനി ദൈവശാസ്ത്രം  ‘കെന്‍് ലാനൂസോ’ (Kenlanuso) അഥവാ ദൈവത്തിന്റെ ‘താഴ്മ’ (Condescension) ആയിട്ടാണ് കാണുന്നത്. ലോകത്തെ രക്ഷിക്കാന്‍ ദൈവം എത്രത്തോളം വിനീതനായി എന്നതിന്റെ അടയാളമാണിത്. പൗരസ്ത്യ സുറിയാനി പാരമ്പര്യമനുസരിച്ചു, ഓശാന പ്രദക്ഷണത്തില്‍  കുരുത്തോലകള്‍ക്കൊപ്പം സ്ലീബായും (Sleeba) വഹിക്കുന്നു. മിശിഹായുടെ രാജത്വം കുരിശിലെ ബലിയിലൂടെയാണ് പൂര്‍ത്തിയാകുന്നതെന്നും ജറുസലേമിലേക്കുള്ള പ്രവേശനം യഥാര്‍ത്ഥത്തില്‍ ബലിപീഠത്തിലേക്കുള്ള യാത്രയാണെന്നുമുള്ള യാഥാര്‍ഥ്യമാണിത് വിളിച്ചോതുന്നത്.

പെസഹാ വ്യാഴം: ഈശോ വിശുദ്ധ കുര്‍ബാനയും പൗരോഹിത്യവും സ്ഥാപിച്ചതിനെ സഭ ഈ ദിവസം അതിപ്രധാനമായി ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി കാല്‍ കഴുകല്‍ ശുശ്രൂഷ പള്ളികളില്‍ നടക്കുന്നു.

വീടുകളിലെ ആചാരം: ‘പെസഹാ അപ്പവും’ പാലും തയ്യാറാക്കുന്നത് നസ്രാണികളുടെ സവിശേഷതയാണ്. കുരുത്തോല മുറിച്ച് കുരിശിന്റെ ആകൃതിയില്‍ വെച്ച ഇന്ദ്രി അപ്പം മുറിച്ചു ഭക്ഷിക്കുന്നത് മിശിഹാ തന്റെ ശരീരം മുറിച്ചു നല്‍കിയതിനെ സൂചിപ്പിക്കുന്നു.

പീഡാനുഭവ വെള്ളി: മിശിഹായുടെ ആത്മബലിയോടുള്ള വിശ്വാസിയുടെ ഹൃദയപൂര്‍വ്വമായ ഐക്യപ്പെടലാണിത്. പൗരസ്ത്യ സുറിയാനി പാരമ്പര്യമനുസരിച്ച് പീഡാനുഭവ വെള്ളി എന്നത് കേവലം ഒരു ദുഃഖാചരണമല്ല, മറിച്ച് മിശിഹായുടെ മരണത്തിലൂടെ കൈവന്ന ‘വിജയത്തിന്റെ’ (Victory of the Cross) പ്രഘോഷണം കൂടിയാണ്. പറുദീസയിലെ ‘ജീവവൃക്ഷത്തിന്’ പകരമായിട്ടാണ് പൗരസ്ത്യ സുറിയാനി പിതാക്കന്മാര്‍ കുരിശിനെ (Sleeba) കാണുന്നത്. പീഡാനുഭവ വെള്ളിയാഴ്ച  മരണത്തിന്റെ ഉപകരണമെന്ന നിലയിലല്ല,  മറിച്ച് ജീവന്‍ നല്‍കുന്ന വൃക്ഷമായാണ് കുരിശിനെ നാം വണങ്ങുന്നത്. മറ്റു പല പാരമ്പര്യങ്ങളും മരണത്തില്‍ കേന്ദ്രീകരിക്കുമ്പോള്‍, പൗരസ്ത്യ സുറിയാനി ദൈവശാസ്ത്രം ഊന്നല്‍ നല്‍കുന്നത് മിശിഹാ മരിച്ചവര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് (Sheol) ആദാമിനെയും ഹവ്വയെയും മോചിപ്പിക്കുന്നതിലാണ്. മരണം അവസാനമല്ല, വിജയത്തിന്റെ തുടക്കമാണെന്ന ചിന്തയാണിത്.

കൈപ്പുനീര്‍: മിശിഹാ കുരിശില്‍ കിടക്കുമ്പോള്‍ അനുഭവിച്ച പീഡകളെ അനുസ്മരിച്ചുകൊണ്ട് വിശ്വാസികള്‍ പള്ളികളില്‍ നിന്ന് കയ്പുനീര്‍ കുടിക്കുന്ന പതിവ് കേരളത്തിലെ നസ്രാണികള്‍ക്കിടയില്‍ പണ്ടുമുതലേയുണ്ട്. ഇത് മിശിഹായുടെ കഷ്ടാനുഭവങ്ങളില്‍ പങ്കുചേരുന്നതിന്റെ അടയാളമാണ്.  ചുക്കും പാവയ്ക്കയും വിനാഗിരിയും ചേര്‍ത്തുണ്ടാക്കിയ കൈപ്പുനീര്‍ കുടിക്കുന്നു.

സ്ലീവാ വന്ദനം & നഗരികാണിക്കല്‍: കുരിശിനെ രക്ഷയുടെ അടയാളമായി വണങ്ങുന്ന സ്ലീവാ വന്ദനവും മിശിഹായുടെ വിലാപയാത്രയെ അനുസ്മരിപ്പിക്കുന്ന പ്രദക്ഷണവും നടക്കുന്നു. ഏശയ്യാ 53ലെ പ്രവചനങ്ങളും പീഡാനുഭവ വായനകളും ഈ ദിവസം ഭക്തിപൂര്‍വ്വം പാരായണം ചെയ്യുന്നു.

പീഡാനുഭവ ശനി: പൗരസ്ത്യ സുറിയാനി പാരമ്പര്യത്തില്‍ വലിയ ശനിയാഴ്ചയെ ‘വിശ്രമത്തിന്റെ ശനി’ എന്നാണ് വിളിക്കുന്നത്. ദൈവം സൃഷ്ടികര്‍മ്മം പൂര്‍ത്തിയാക്കി ഏഴാം ദിവസം വിശ്രമിച്ചതുപോലെ, രക്ഷാകരമായ തന്റെ ദൗത്യം പൂര്‍ത്തിയാക്കി ഈശോ കല്ലറയില്‍ വിശ്രമിച്ച ദിവസമാണിത്. ഇത് മരണത്തിന്മേലുള്ള വിജയത്തിന് തൊട്ടുമുമ്പുള്ള ശാന്തതയെ സൂചിപ്പിക്കുന്നു. പീഡാനുഭവ ശനി 

ഇപ്പോള്‍ പീഡാനുഭവശനിയില്‍ പ്രത്യേക കുര്‍ബാനയും കുര്‍ബാനയില്‍ പുത്തന്‍ തീയുടെയും പുത്തന്‍ വെള്ളത്തിന്റെയും ആശീര്‍വാദവും നമുക്ക് കാണുവാന്‍ കഴിയും. എന്നാല്‍ നമ്മുടെ പാരമ്പര്യത്തില്‍ പീഡാനുഭവ ശനിക്കായി പ്രത്യേക കര്‍മ്മങ്ങള്‍ ഇല്ലായിരുന്നു. എന്നാല്‍ ഉയര്‍പ്പ് തിരുനാളിന്റെ കര്‍മ്മങ്ങള്‍ ശനിയാഴ്ച വൈകുന്നേരം ആരംഭിച്ചിരുന്നു. ആ കര്‍മ്മത്തില്‍, മാമോദിസ സ്വീകരിക്കാന്‍ ഒരുങ്ങിയവര്‍ മാമോദിസ സ്വീകരിച്ചിരുന്നു. ഈ മാമോദിസ പരികര്‍മ്മത്തില്‍ നിന്നും ഉടലെടുത്തതാണ് പുത്തന്‍ വെള്ളത്തിന്റെയും പുത്തന്‍ തീയുടെയും കര്‍മ്മങ്ങള്‍. ഇന്ന് നമ്മള്‍ ഉയര്‍പ്പ് തിരുനാളിന്റെ ഈ കര്‍മ്മങ്ങള്‍ വിഭജിച്ച് നടത്തുകയാണ് ചെയ്യുന്നത്. നമ്മുടെ മാമോദീസയെക്കുറിച്ച് ചിന്തിക്കുവാനും അത് ഈശോയുടെ മരണത്തിലും ഉത്ഥാനത്തിലും ഉള്ള പങ്കുചേരല്‍ ആണ് എന്ന് ധ്യാനിക്കുവാനും ഈ കര്‍മ്മം നമ്മെ സഹായിക്കുന്നു.

ഉപസംഹാരം: അനുതാപത്തിന്റെ ചൈതന്യം

വലിയ നോമ്പ് എന്നത് കേവലം ബാഹ്യമായ അനുഷ്ഠാനങ്ങളല്ല, മറിച്ച് ഹൃദയത്തിന്റെ പരിവര്‍ത്തനമാണ്. പാപങ്ങളെ ഓര്‍ത്ത് മനസ്തപിക്കാനും ദൈവത്തിന്റെ കരുണയ്ക്കായി യാചിക്കാനും ഈ കാലം നമ്മെ പഠിപ്പിക്കുന്നു. കണ്ണുനീരോടെ പ്രാര്‍ത്ഥിക്കുന്ന സഭയെ മിശിഹാ തന്റെ കരുണയാല്‍ വിശുദ്ധീകരിക്കുന്നു. ഉപവാസവും പ്രാര്‍ത്ഥനയും ദാനധര്‍മ്മവും വഴി പഴയ മനുഷ്യനെ ഉപേക്ഷിച്ച് ഉത്ഥിതനായ മിശിഹായോടൊപ്പം പുതിയ മനുഷ്യനായി ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ഈ വലിയ നോമ്പ് നമുക്ക് അവസരമൊരുക്കുന്നു.

റവ ഡോ. അനീഷ് കിഴക്കേവീട്

Latest Updates

POPULAR Views

FEATUERD Views

പ്രത്യാശയുടെ ജൂബിലി വര്‍ഷം; കാലത്തിന്റെ അനിവാര്യത

ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച 2025ലെ ജൂബിലി വര്‍ഷം, വിശുദ്ധ ഗ്രന്ഥ വിജ്ഞാനീയത്തെയും സമകാലിക ധാര്‍മിക വെല്ലുവിളികളെയും ബന്ധിപ്പിക്കുന്ന സുപ്രധാന നിമിഷമാണ്. കടമിടപാടുകളിലെ നീതി, പരിസ്ഥിതി തകര്‍ച്ച, കുടിയേറ്റം, ദാരിദ്ര്യം, സാമൂഹികഅസമത്വം എന്നിവയുള്‍പ്പെടെ അടിയന്തിരശ്രദ്ധ ആവശ്യമുള്ള ധാര്‍മിക പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിനാല്‍ 2025 ലെ ജൂബിലി കാലത്തിന്റെ അനിവാര്യതയാണ്. സഭയുടെ ഈ പുരാതനപാരമ്പര്യം സമകാലികധാര്‍മിക ആവശ്യകതകളോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് വിശകലനം ചെയ്തുകൊണ്ട് 2025ലെ ജൂബിലി വര്‍ഷത്തിന്റെ ധാര്‍മിക മാനങ്ങളാണ് ഈ ലേഖനം പരിശോധിക്കുന്നത്.

സഭ ഒരു സിനഡല്‍ സമൂഹം; ലക്ഷ്യത്തിലേക്ക് ഇനി എത്ര ദൂരം? 

സഭയെ സിനഡല്‍സമൂഹം ആയി കാണുക എന്നത് ക്രിസ്തീയപാരമ്പര്യത്തില്‍ വളരെ പ്രാധാന്യമുള്ളതും ഇന്ന്...

സുവിശേഷപ്രഘോഷണം സഭയുടെ പ്രധാന കർത്തവ്യം

''എല്ലാവരും രക്ഷിക്കപ്പെടണം" എന്ന നമ്മുടെ കർത്താവിന്റെ ആഗ്രഹത്തെ ശിരസാവഹിച്ച പൗലോശ്ലീഹാ, റോമക്കാർക്കെഴുതിയ...

ശരീരത്തിന്റെ ഉയിർപ്പ്

പലരും ഈശോയുടെ ഉത്ഥാനത്തെ സംബന്ധിച്ച് ഏറ്റവും അവ്യക്തയോടെ മനസ്സിലാക്കിയിട്ടുള്ള വിശ്വാസ രഹസ്യം...