ലെയോ പതിനാലാമൻ: കിഴക്കിന്റെ മഹത്വം തിരിച്ചറിഞ്ഞ പാപ്പ

Published on

2025 മെയ് എട്ടാംതീയതി ലെയോ പതിനാലാം പാപ്പ വി. പത്രോസ് ശ്ലീഹായുടെ 267 മത് പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ട വിവരം വലിയ സന്തോഷത്തോടെയാണ് കേൾക്കാൻ ഇടയായത്. ഭാഗ്യസ്മരണാർഹനായ ഫ്രാൻസിസ് പാപ്പയുടെ സംസ്കാരച്ചടങ്ങുകൾക്കും പൗരസ്ത്യസഭകളുടെ നേതൃത്വത്തിലുള്ള ജൂബിലി ആഘോഷത്തിനുമായി റോമിലെത്തിയ എനിക്ക് ലിയോ പതിനാലാമൻ പാപ്പയുടെ സ്ഥാനാരോഹണത്തിൽ പങ്കെടുക്കാനും പരിശുദ്ധ പിതാവിന്റെ പൊന്തിഫിക്കറ്റിന്റെ ആദ്യനാളുകളിൽ അദ്ദേഹത്തെ അടുത്തുനിന്നു കാണാനും കേൾക്കാനും കഴിഞ്ഞതും ദൈവാനുഗ്രഹമായി കണക്കാക്കുന്നു. പരിശുദ്ധ പിതാവുമായി വ്യക്തിപരമായി സംസാരിക്കാൻ കഴിഞ്ഞതിന്റെ വെളിച്ചത്തിൽ ഞാൻ മനസിലാക്കിയ ലെയോ പതിനാലാമൻ പാപ്പയെക്കുറിച്ചുള്ള ചില ചിന്തകൾ പങ്കുവയ്ക്കട്ടെ.

കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് ലെയോ പതിനാലാമൻ എന്ന പേരുസ്വീകരിച്ചതു ലോകത്തിനുതന്നെ അത്ഭുതത്തിന്റെ വിഷയമായിരുന്നു എന്നതാണ് സത്യം, കാരണം ലോകത്തിനറിയേണ്ടിയിരുന്നത്, ലെയോ പതിമൂന്നാമൻ മാർ പപ്പയെപ്പോലെതന്നെ ലെയോ പതിനാലാമനും സാമൂഹിക വിഷയങ്ങളോടും യാഥാർഥ്യങ്ങളോടും തുറവികാട്ടുമോ എന്നതായിരുന്നു. എന്നാൽ അർഥശങ്കയ്ക്കിടയില്ലാത്തവിധം ലെയോ പതിനാലാമൻ പാപ്പ വ്യക്തമാക്കി, തന്റെ ശൈലി ലെയോ പതിമൂന്നാമന്റെ സാമൂഹിക സംവേദനക്ഷമതയുടെ തുടർച്ചയായിരിക്കും എന്ന്. റേരും നൂവാരും എന്ന വിഖ്യാതമായ ചാക്രികലേഖനം അഭിസംബോധനചെയ്ത വിഷയങ്ങളുടെ സമകാലികരൂപങ്ങളെ പ്രത്യേകിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പടെയുള്ള സാങ്കേതികവിദ്യകളുടെ വിപ്ലവകരമായ വളർച്ചയിൽ നഷ്ടപ്പെട്ടുപോകാവുന്ന മനുഷ്യാന്തസിനുവേണ്ടിയും മാനുഷിക അവകാശങ്ങൾക്കുവേണ്ടിയും താനും നിലകൊള്ളുമെന്നായിരുന്നു അത്. ഒന്നാം ലോകരാജ്യത്തു ജനിക്കുകയും മൂന്നാം ലോകരാജ്യത്തെ മനുഷ്യരുടെകൂടെ ജീവിക്കാൻ വളരെ ബോധപൂർവകം തീരുമാനിക്കുകയും ചെയ്ത തീക്ഷ്ണമതിയായ പ്രേഷിതനായാണ് ഞാൻ ലിയോ പാപ്പായെ മനസിലാക്കുന്നത്. പരിശുദ്ധ പിതാവിന്റെ ആദ്യ പ്രസംഗം മുതൽ സഭയിൽ നവീകരിക്കപ്പെടേണ്ട പ്രേഷിത ആഭിമുഖ്യത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത് നീണ്ടവർഷങ്ങൾ മിഷൻപ്രദേശങ്ങളിൽ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്ത എനിക്ക് വലിയ സന്തോഷത്തിനു കാരണമായി. ‘The world needs the light of Christ’എന്ന് പാപ്പ പറയുന്നത് ലോകമെങ്ങുമുള്ള പ്രേഷിതരെ ചെറുതായൊന്നുമല്ല ആവേശഭരിതരാക്കുന്നത്. ട്രുജിലോ എന്ന പെറുവിയൻ പട്ടണത്തിന്റെ ചേരിസമാനമായ പ്രാന്തപ്രദേശങ്ങളിൽ ദരിദ്രരായ മനുഷ്യരോടൊത്തു രണ്ടു പതിറ്റാണ്ടിലധികം ജീവിക്കുകയും സുവിശേഷത്തിനു സാക്ഷ്യം നല്കുകയും ചെയ്ത ലെയോ പതിനാലാമൻ പാപ്പയുടെ തിരഞ്ഞെടുപ്പ് 21ാം നൂറ്റാണ്ടിലെ സഭയുടെ പ്രേഷിതാഭിമുഖ്യങ്ങളെ നവീകരിക്കുമെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു. സീറോമലബാർ സഭ ലോകത്തെ ഏറ്റവും പ്രേഷിത തീക്ഷ്ണതയുള്ള സഭകളിലൊന്നാണ്. നമ്മുടെ മക്കളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രേഷിതരായി സേവനംചെയ്യുന്നത്. ഇനിയും നമുക്ക് സുവിശേഷമറിയിക്കാൻ ഒരുപാടു മേഖലകൾ തുറന്നുലഭിക്കാനുണ്ട്. ലെയോ പാപ്പയുടെ കാലത്തു നമ്മുടെ സഭയുടെ പ്രേഷിതപ്രവർത്തങ്ങൾക്ക് പുതിയ സാധ്യതകൾ ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.

Orientalum Dignitas പൗരസ്ത്യ ദൈവശാസ്ത്രത്തിന്റെയും ആരാധനാക്രമത്തിന്റെയും ആധ്യാത്മികതയുടെയും പൗരാണികതയും മഹത്വവും ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച ലെയോ പതിമൂന്നാമൻ പാപ്പയുടേതിന് തുല്യമായി തന്റെ പൊന്തിഫിക്കേറ്റിന്റെ തുടക്കത്തിൽത്തന്നെ ലെയോ പതിനാലാമൻ പാപ്പയും പൗരസ്ത്യസഭകളുടെ ആത്മീയസമ്പത്തിനെ അംഗീകരിക്കുന്നതാണ് നാം കണ്ടത്. ‘ലോകത്തിനു നിങ്ങളെ ആവശ്യമുണ്ട്, ദൈവത്തിന്റെ മുൻപിൽ നിങ്ങൾ വിലയുള്ളവരാണ്, നിങ്ങളുടെ ആരാധനക്രമഭാഷ അമൂല്യമാണ്, നിങ്ങളുടെ പൗരാണികമായ ആധ്യാത്മികതകൊണ്ട് സാർവത്രികസഭയുടെ ആധ്യാത്മികതയെ നിങ്ങൾക്ക് സമ്പന്നമാക്കാൻ കഴിയും’. കിഴക്കിന്റെ മഹത്വം തിരിച്ചറിഞ്ഞ വി. പത്രോസിന്റെ പിൻഗാമിയുടെ വാക്കുകളാണ് ഇത്.

തീർച്ചയായും ലെയോ പതിനാലാമൻ മാർപാപ്പയുടെ കാലത്തു പൗരസ്ത്യ ദൈവശാസ്ത്രവും ആരാധനക്രമവുമെല്ലാം പരിപോഷിപ്പിക്കപ്പെടാനും സംരക്ഷിക്കപ്പെടാനുമുള്ള ശ്രമങ്ങളുണ്ടാകും എന്നത് നമുക്ക് പ്രത്യാശ തരുന്നതാണ്. പ്രത്യേകിച്ച് സീറോമലബാർസഭ ആഗോളസഭയായി മാറിയതിനാലും ലോകത്തിന്റെ പലഭാഗത്തും ലത്തീൻ റീത്തിൽപെട്ട രൂപതകളുടെയും മെത്രാന്മാരുടെയും സഹായം നമ്മുടെ സഭയുടെ വളർച്ചയ്ക്ക് ആവശ്യമാണെന്നതിനാലും ലെയോ മാർപാപ്പ പൗരസ്ത്യസഭകളെ സംരക്ഷിക്കാൻ ശ്രദ്ധിക്കണമെന്ന് പാശ്ചാത്യസഭയോട് പറഞ്ഞത്് ആശ്വാസകരമാണ്. ലെയോ പതിനാലാമൻ പാപ്പ ഏറ്റെടുത്തിരിക്കുന്ന വലിയ ഉത്തരവാദിത്വം ദൈവഹിതം അനുസരിച്ചു നിറവേറ്റുവാൻ വേണ്ടി നമ്മുടെയെല്ലാം പ്രാർഥനകൾ അദ്ദേഹത്തിനാവശ്യമുണ്ട്. അതുകൊണ്ട് ഇനിയുള്ള നമ്മുടെ പ്രാർഥനകളിൽ ലെയോ പതിനാലാമൻ പാപ്പയ്ക്കും ഇടമുണ്ടായിരിക്കട്ടെ.

മേജർആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ

Latest Updates

POPULAR Views

FEATUERD Views

ഈസ്റ്റര്‍: തളരാത്ത പ്രത്യാശയുടെയും അതിജീവനത്തിന്റെയും തിരുനാള്‍

 മരണത്തിന്റെ മേല്‍ വിജയം വരിച്ച ഉത്ഥിതനായ മിശിഹായുടെ സ്‌നേഹവും സമാധാനവും നിങ്ങളോടുകൂടെ...

കുരിശിന്റെ വഴിയിലൂടെ ഉത്ഥാനത്തിന്റെ പ്രകാശത്തിലേക്ക്…

സീറോ മലബാര്‍ സഭയുടെ ആരാധനാക്രമ വത്സരത്തിലെ ഏറ്റവും ചൈതന്യവത്തായ 'നോമ്പുകാലത്തിലൂടെ' നാം...

സിനഡനന്തര സര്‍ക്കുലര്‍

സീറോമലബാര്‍സഭയുടെ മേജര്‍ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാര്‍ക്കും മെത്രാന്മാര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും ത്‌ന്റെ അജപാലനശുശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്നത്.  കര്‍ത്താവിന്റെ കൃപ നിങ്ങളെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ.

പൗരസംസ്‌കാരം: അവകാശങ്ങളുടെ പ്രഘോഷണമല്ല, കടമകളുടെ സാക്ഷാത്കാരം

വിശുദ്ധ ഗ്രന്ഥം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് 'സ്വതന്ത്രരായി ജീവിക്കുവിന്‍; എന്നാല്‍ നിങ്ങളുടെ സ്വാതന്ത്ര്യത്തെ തിന്മയ്ക്കുള്ള മറയാക്കരുത്; ദൈവത്തിന്റെ ദാസന്മാരായി ജീവിക്കുവിന്‍' (1 പത്രോസ് 2:16) എന്നാണ്. സ്വാതന്ത്ര്യം എന്നത് ഉത്തരവാദിത്തങ്ങളില്‍ നിന്നുള്ള മോചനമല്ല, മറിച്ച് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുള്ള കരുത്താണ്. തന്റെ വ്യക്തിപരമായ നിലപാടുകളും പ്രവൃത്തികളും സമൂഹത്തിന്റെ പൊതുവായ സുസ്ഥിതിയെ എപ്രകാരം ബാധിക്കുന്നു എന്ന തിരിച്ചറിവാണ് പൗരബോധത്തിന്റെ ആണിക്കല്ല്.

പ്രത്യാശയുടെ വാതില്‍ തുറക്കുന്ന പുതുതുടക്കം

പുതിയ ഒരു വര്‍ഷത്തിന്റെ പ്രഭാതത്തില്‍ നാം എല്ലാവരും പ്രത്യാശയുടെയും നവീകരണത്തിന്റെയും വാതില്‍പ്പടിയില്‍...

മരിയഭക്തിക്കൊരു മാര്‍ഗരേഖ

കത്തോലിക്കാസഭ മാതാവിനു നല്കുന്ന ബഹുമാനത്തില്‍നിന്നു പിന്നോട്ടുപോവുകയാണെന്നും പ്രൊട്ടസ്റ്റന്റുകാര്‍ നല്‍കിയിരുന്ന ആശയങ്ങള്‍ അംഗീകരിക്കുകയാണെന്നുമുള്ള തെറ്റിദ്ധരിപ്പിക്കുന്ന ചര്‍ച്ചകളും വ്യാഖ്യാനങ്ങളും സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തില്‍ പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ചുള്ള തിരുസഭയുടെ അടിസ്ഥാനപ്രബോധനങ്ങളില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല എന്നു വ്യക്തമാക്കിക്കൊണ്ടുള്ള  സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്റെ സര്‍ക്കുലര്‍. 

ഒരുമിച്ചുനടക്കാനുള്ള പാതകള്‍

സഭയ്ക്കുള്ള പലവിശേഷണങ്ങളിലൊന്നാണ് തീര്‍ഥാടകയായ സഭ. വാസ്തവത്തില്‍ വളരെ അന്വര്‍ത്ഥമായ വിശേഷണം കൂടിയാണ്...

വിശുദ്ധിയിലൂടെ സമാധാനത്തിലേക്ക്…

ദൈവത്തിന് നമ്മെക്കുറിച്ചുള്ള ആഗ്രഹവും സ്വപ്‌നവും നാം ഓരോരുത്തരും വിശുദ്ധരായിത്തീരണം എന്നതാണ്. അശുദ്ധിയിലേക്കല്ല...

സിനഡനന്തര സര്‍ക്കുലര്‍

സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍  തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാര്‍ക്കും...

പാരസ്പര്യത്തിന്റെ കാലം

 മനുഷ്യന്‍  പ്രകൃതിയുടെ ഉടമസ്ഥരല്ല കേവലം സൂക്ഷിപ്പുകാര്‍ മാത്രമാണ് എന്നൊരു സന്ദേശം കൂടി...

സ്വാതന്ത്ര്യത്തിന്റെ ചക്രവാളങ്ങള്‍

വീണ്ടുമൊരു സ്വാതന്ത്ര്യദിനാഘോഷം; സ്വര്‍ഗാരോപണത്തിരുനാളും. ഒരേസമയം ഭാരതീയരും ക്രൈസ്തവരുമായ നമ്മെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ...

ഇത് ആത്മശോധനയ്ക്കും ദൗത്യനവീകരണത്തിനുമുള്ള അവസരം

ദുക്റാനതിരുനാളും സീറോമലബാർസഭാദിനവും പ്രമാണിച്ച് സീറോമലബാർസഭ മേജർആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ നല്കുന്ന...