ഇത് ആത്മശോധനയ്ക്കും ദൗത്യനവീകരണത്തിനുമുള്ള അവസരം

Published on

ദുക്റാനതിരുനാളും സീറോമലബാർസഭാദിനവും പ്രമാണിച്ച് സീറോമലബാർസഭ മേജർആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ നല്കുന്ന ഇടയലേഖനം

വിശ്വാസത്തിൽ നമ്മുടെ പിതാവായ മാർതോമാശ്ലീഹായുടെ മരണദിവസമായ ജൂലൈ മൂന്നാം തീയതി നമ്മുടെ സഭയിൽ ദുക്റാന തിരുനാളാണ്. ധീരനായ ഈ ശ്ലീഹായുടെ പ്രേഷിതപ്രഘോഷണത്തിലൂടെയും രക്തസാക്ഷിത്വത്തിലൂടെയും വളർച്ചയാരംഭിച്ച നമ്മുടെ സഭ ഈ ദിവസംതന്നെ സഭാദിനമായും ആചരിക്കുന്നു. സീറോമലബാർസഭയുടെ മക്കളായ നമുക്കു ഈ ഓർമത്തിരുനാളും സഭാദിനവും കൃതജ്ഞതാപ്രകാശനത്തിനും ആത്മപരിശോധനയ്ക്കും ദൗത്യനവീകരണത്തിനുമുള്ള അവസരമാണ്.

മാർതോമാശ്ലീഹായുടെ മാതൃക അനുകരിച്ചുകൊണ്ടു, വിശ്വാസത്തിനു സാക്ഷ്യംനല്കുന്ന ക്രൈസ്തവജീവിതശൈലിക്ക് സമകാലികസമൂഹത്തിൽ ഏറെ പ്രാധാന്യമുണ്ട്. ഉപരിപ്ലവങ്ങളായ അറിവുകളുടെയും അടിസ്ഥാനരഹിതമായ വാദഗതികളുടെയും ഈ കാലഘട്ടത്തിൽ നമ്മൾ പ്രഘോഷിക്കുന്ന സുവിശേഷം ഫലമണിയണമെങ്കിൽ അതു ഹൃദയത്തിൽ നിറയുന്ന ദൈവസ്നേഹത്തിൽനിന്ന് ഉയരുന്നതാകണം. സംശയത്തിന്റെ വഴിയിൽനിന്നു ദൈവാനുഭവത്തിന്റെ വ്യക്തിപരമായ സാക്ഷ്യം തോമാശ്ലീഹാ നല്കിയതു ഹൃദയത്തിൽനിന്നുള്ള സ്നേഹത്തിന്റെ പ്രകടനമായിട്ടായിരുന്നു. “എന്റെ കർത്താവേ, എന്റെ ദൈവമേ” എന്ന വിശ്വാസപ്രഖ്യാപനം ഈശോയുമായുള്ളശ്ലീഹായുടെ സ്നേഹത്തിന്റെ സാക്ഷ്യപ്പെടുത്തലായിരുന്നു. വിശ്വാസപ്രതിസന്ധികളുടെയും അനിശ്ചിതത്വങ്ങളുടെയുമിടയിൽ ഈശോയുടെ പുനരുത്ഥാനസത്യത്തെ ഹൃദയംനിറഞ്ഞ സ്നേഹത്തോടെ പ്രഘോഷിക്കാൻ ഓരോരുത്തർക്കും സാധിക്കുമ്പോഴാണു നമ്മുടെ പിതാവിന്റെ ദുക്റാന അർഥപൂർണമാകുന്നത്. കുരിശിന്റെ അപമാനവും വേദനയും സഹിച്ചെങ്കിൽമാത്രമേ ഉത്ഥിതന്റെ മഹത്വാനുഭവം സ്വന്തമാക്കാൻ സാധിക്കുകയുള്ളൂ. ഉത്ഥാനംചെയ്ത ഈശോയുടെ മഹത്വീകൃതമായ ശരീരത്തിൽ തോമാശ്ലീഹാ വിശ്വാസപൂർവം ദർശിച്ച തിരുമുറിവുകൾ നമ്മുടെ ജീവിതവഴികളിൽ വിശ്വാസപ്രഘോഷണത്തിനുള്ള പ്രചോദനവും ഊർജവും നല്കട്ടെ”.

ജൂലൈ മൂന്നാംതീയതി സീറോമലബാർസഭാദിനം വർഷങ്ങളായി നമ്മൾ ആചരിച്ചുവരികയാണല്ലോ. നമ്മുടെ സഭയ്ക്കു ദൈവം നല്കിയ അനുഗ്രഹങ്ങൾക്കു നന്ദിപറയാനും സഭാമക്കൾ എല്ലാവരുടെയും പ്രവർത്തനമേഖലകളിൽ ദൈവാനുഗ്രഹത്തിന്റെ തണൽമേഘങ്ങൾ രൂപപ്പെടാൻ പ്രാർഥിക്കുന്നതിനും ഈ അവസരം പ്രയോജനപ്പെടുത്താം. ത്യാഗപൂർണമായ ചരിത്രവഴികളിലൂടെ യാത്രചെയ്താണ് ഒരു മേജർ ആർക്കിഎപ്പിസ്കോപ്പൽസഭയായി സീറോമലബാർസഭ വളർന്നരിക്കുന്നത്. കേരളത്തിൽനിന്നു ഭാരതംമുഴുവനിലേക്കും ഭാരതത്തിന്റെ അതിർത്തികളിൽനിന്നു വിവിധ രാജ്യങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ് നമ്മുടെ അജപാലനമേഖലകൾ. ലോകത്തിന്റെ എല്ലാഭാഗങ്ങളിലുംതന്നെ സീറോമലബാർ സഭയിലെ വൈദികരും സിസ്റ്റേഴ്സും അല്മായസഹോദരങ്ങളും തങ്ങളുടെ മാതൃസഭയിൽനിന്നു ലഭിച്ച വിശ്വാസവെളിച്ചം മറ്റുള്ളവർക്കു പകർന്നുകൊടുത്തുകൊണ്ടു ജീവിക്കുന്നു എന്നത് അഭിമാനകരമായ വസ്തുതയാണ്. ഈ യാഥാർഥ്യം അജപാലനപരമായ നമ്മുടെ ഉത്തരവാദിത്വത്തെയും അതിനുള്ള അനന്തമായ സാധ്യതകളെയുംകുറിച്ചും നമ്മെ ഓർമപ്പെടുത്തുന്നു. “ഞാൻ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കിൽ എനിക്കു ദുരിതം” (1 കോറി. 9:16) എന്ന പൗലോസ് ശ്ലീഹായുടെ ഏറ്റുപറച്ചിൽ സീറോമലബാർസഭയെ സംബന്ധിച്ചിടത്തോളം ഏറെ പ്രസക്തമാണ്. നമ്മുടെ സഭയ്ക്കു ദൈവം നല്കിയിരിക്കുന്ന വൈദികരും സമർപ്പിതരും അല്മായപ്രേഷിതരും നമ്മുടെ മിഷൻപ്രദേശങ്ങളിലേക്കും സുവിശേഷം പ്രഘോഷിക്കാനും കൂദാശകൾ പരികർമംചെയ്യാനും സാധ്യതകളിലാത്ത ഇടങ്ങളിലേ്ക്കും ഇനിയും കടന്നുചെല്ലണം. അങ്ങനെ നമ്മുടെ സഭ ഒരു മിഷനറിസഭയായി എന്നും നിലനില്ക്കണം. രൂപതകളും സമർപ്പിതസഹോദരങ്ങളും അല്മായ മിഷൻസംവിധാനങ്ങളും ഈ മേഖലയിൽ ഒരു പുനഃക്രമീകരണത്തിനു തയ്യാറാകേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണ്.

2025 ജനുവരിമാസത്തിലെ സിനഡുസമ്മേളനത്തിൽ അവതരിപ്പിച്ച കണക്കനുസരിച്ച് നമ്മുടെ സഭയിൽ കഴിഞ്ഞവർഷം 283 വൈദികവിദ്യാർഥികൾ രൂപതകളിലും സമർപ്പിതസമൂഹങ്ങളിലുമായി തിരുപ്പട്ടം സ്വീകരിച്ചു. സീറോമലബാർസഭയിലെ പുരുഷന്മാർക്കായുള്ള സമർപ്പിതസമൂഹങ്ങളിൽ 132 പേർ ആദ്യവ്രതവാഗ്ദാനം നടത്തിയപ്പോൾ 145 പേർ നിത്യവ്രതവാഗ്ദാനം നടത്തി. സ്ത്രീകളുടെ സമർപ്പിത സമൂഹങ്ങളിൽ 272 പേർ സമർപ്പിതവസ്ത്രം സ്വീകരിച്ച് ആദ്യവ്രതവാഗ്ദാനം നടത്തുകയും 338 പേർ നിത്യവ്രതംചെയ്യുകയുംചെയ്തു. മറ്റ് വ്യക്തിസഭകളിലും അവിടെയുള്ള സമർപ്പിതസമൂഹങ്ങളിലുംചേർന്ന് വൈദികപട്ടം സ്വീകരിക്കുകയും വ്രതവാഗ്ദാനംചെയ്യുകയും ചെയ്ത സീറോമലബാർ സഭാംഗങ്ങളുടെ എണ്ണം ഇതിനുപുറമേയാണ്. ഞാൻ നിങ്ങളുമായി ഈ കണക്കുകൾ പങ്കുവയ്ക്കുന്നതു നമ്മുടെ സഭയ്ക്കു ദൈവം നല്കികൊണ്ടിരിക്കുന്ന അനുഗ്രഹങ്ങൾക്കു നന്ദിപറയാനും നമ്മുടെ വൈദികരെയും സമർപ്പിതരെയും അല്മായപ്രേഷിതരെയും പ്രത്യേകമായി, ക്ലേശകരമായ സാഹചര്യങ്ങളിൽ ജീവനുപോലും ഭീഷണിനേരിട്ടുകൊണ്ട് ശുശ്രൂഷകളിൽ ഏർപ്പെട്ടിരിക്കുന്നവരെയും ഓർത്തു പ്രാർഥിക്കുന്നതിനുവേണ്ടിയാണ്. വൈദിക സമർപ്പിത ദൈവവിളികൾ സ്വീകരിക്കുന്നതിനു സന്നദ്ധതയും കഴിവുമുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിച്ചുവളർത്താൻ സഭാസമൂഹം ഒന്നായി ശ്രദ്ധിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു.

ആഗോളസഭയെയും സമൂഹത്തെയും ദുഃഖത്തിലാഴ്ത്തിയാണു പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ 2025 ഏപ്രിൽ 21നു കാലംചെയ്തത്. ഏപ്രിൽ 26 നു പരിശുദ്ധ പിതാവിന്റെ കബറടക്കശുശ്രൂഷയിൽ പങ്കെടുക്കാൻ സാധിച്ചത് വലിയ ഒരു ആത്മീയാനുഭവമായിരുന്നു. മാർപാപ്പയെ കബറടക്കിയിരിക്കുന്ന മേരി മേജർ ബസിലിക്കയിൽ നമ്മുടെ സഭയിലെ ഏതാനും പിതാക്കൻമാരോടൊത്തു വിശുദ്ധ കുർബാനയർപ്പിച്ചു മാർപാപ്പയ്ക്കുവേണ്ടി പ്രാർഥിക്കാനും അവസരം ലഭിച്ചു. സീറോമലബാർസഭയെ സ്നേഹിച്ച ഒരു മാർപാപ്പയാണ് കടന്നുപോയത്. ഭാരതം മുഴുവനിലും നമുക്ക് അജപാലനധികാരം നല്കിയതും ഗൾഫുരാജ്യങ്ങളിൽ നമ്മുടേതായ അജപാലനസംവിധാനം രൂപപ്പെടുത്താനുള്ള നടപടികൾ ദ്രുതഗതിലാക്കിയതും നമ്മുടെ സഭാമക്കളുടെ ആത്മീയ ആവശ്യത്തിനായി റോമിലെ സാന്താ അനസ്താസിയ മൈനർ ബസിലിക്ക നമുക്കു നല്കിയതും ഫ്രാൻസിസ് മാർപാപ്പയാണെന്നതു കൃതജ്ഞതയോടെ ഓർക്കാം. നമ്മുടെ സഭയുടെ ഐക്യവും കൂട്ടായ്മയും പരിപോഷിപ്പിക്കുന്നതിനുവേണ്ടി പിതൃസഹജമായ ഇടപെടലുകൾ മാർപാപ്പ നടത്തിയതും നമ്മുടെ സഭയോടുള്ള കരുതലിന്റെ ഭാഗമായിരുന്നു. സിനഡൽസംവിധാനത്തിലൂടെ പരസ്പരം ശ്രവിച്ചും ഉൾക്കൊണ്ടും ഒരുമിച്ചുനടക്കാൻ നമ്മെ പഠിപ്പിച്ച ആ വന്ദ്യപിതാവിന്റെ ഓർമയ്ക്കുമുൻപിൽ, നന്ദിനിറഞ്ഞ ഹൃദയത്തോടെ സീറോമലബാർസഭയുടെ ആദരവും സ്നേഹവും ഞാൻ അർപ്പിക്കുന്നു. പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ ആത്മശാന്തിക്കുവേണ്ടി നമുക്കു തുടർന്നും പ്രാർഥിക്കാം.

ദൈവം സഭയ്ക്കു നല്കിയിരിക്കുന്ന സമ്മാനമാണ് പുതിയ മാർപാപ്പ ലെയോ പതിനാലാമൻ. പാപ്പാസ്ഥാനം എറ്റെടുത്ത ദിനങ്ങളിൽത്തന്നെ വിവിധവിഷയങ്ങളിലുള്ള വ്യക്തമായ നിലപാടുകളും ലോകത്തോടും ആഗോളസഭയോടുമുള്ള സംവേദനങ്ങളുംവഴി മാർപാപ്പ ലോകശ്രദ്ധ ആകർഷിച്ചുകഴിഞ്ഞു. പൗരസ്ത്യസഭകളെസംബന്ധിച്ചു ഏറെ സുപ്രധാനമായ ഒരു ഇടപെടൽ മാർപാപ്പ നടത്തിയത് 2025 മെയ് 14നാണ്. അന്ന് പൗരസ്ത്യസഭകൾക്കായുള്ള റോമിലെ ജൂബിലിയാഘോഷങ്ങളിൽ പങ്കെടുത്ത പൗരസ്ത്യസഭകളുടെ തലവന്മാരെയും മറ്റുള്ളവരെയും അഭിസംബോധനചെയ്തുകൊണ്ട് പരിശുദ്ധ പിതാവ് നടത്തിയ പ്രസംഗം പൗരസ്ത്യസഭകളോടുള്ള പരിശുദ്ധപിതാവിന്റെ അജപാലനസമീപനം എന്താണെന്നുള്ള പ്രഖ്യാപനമായിരുന്നു. പൗരസ്ത്യസഭകൾ കത്തോലിക്കാസഭാകൂട്ടായ്മയുടെ വിലപ്പെട്ട ഘടകങ്ങളാണെന്നും അവയുടെ തനതായ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്നതിന് ആവശ്യമായ പ്രതിബദ്ധത കാണിക്കണമെന്നും ആരാധനക്രമ സഭാശാസ്ത്ര വൈവിധ്യങ്ങൾ എല്ലാവരും ബഹുമാനിക്കുകയും അംഗീകരിക്കുകയും വേണമെന്നുള്ള മാർപാപ്പയുടെ ആഹ്വാനം പൗരസ്ത്യസഭകളുടെ തനതായ്മയ്ക്കുള്ള പ്രോത്സാഹനവും അംഗീകാരവുമായിരുന്നു. അന്നേദിവസം പൗരസ്ത്യസഭാതലവന്മാർക്ക് അനുവദിച്ച പ്രത്യേക കൂടിക്കാഴ്ചയ്ക്കിടയിൽ പരിശുദ്ധ പിതാവിനെ വ്യക്തിപരമായി കാണാനും സീറോമലബാർസഭയുടെ പ്രാർഥനാശംസകൾ അറിയിക്കാനും എനിക്ക് അവസരം ലഭിച്ചു. പൗരസ്ത്യപാരമ്പര്യങ്ങളോടു വിശ്വസ്തത പുലർത്തി ആഗോളസഭയിൽ സജീവസാന്നിധ്യമായി മുന്നോട്ടുപോകാനുള്ള അവസരമാണ് മാർതോമാശ്ലീഹായുടെ മക്കളായ നമുക്കു ലഭിച്ചിരിക്കുന്നത്. പരിശുദ്ധ പിതാവു പറഞ്ഞതുപോലെ ആധുനികലോകത്തിൽ പൗരാണികവിശ്വാസത്തിന്റെ സാക്ഷ്യംനല്കുന്ന കിഴക്കുനിന്നുള്ള വെളിച്ചമാകാൻ ഒരു പൗരസ്ത്യസഭയെന്നനിലയിൽ നമുക്കു കൂട്ടായ്മയിൽ പരിശ്രമിക്കാം. ഈശോയുടെ ഭൂമിയിലെ വികാരിയും പത്രോസിന്റെ പിൻഗാമിയുമായ മാർപാപ്പയുടെഭാരിച്ച ഉത്തരവാദിത്വങ്ങൾ ഫലപ്രദമായി നിർവഹിക്കുന്നതിനുള്ള കരുത്തും ആത്മാവിന്റെ വെളിച്ചവും പരിശുദ്ധ പിതാവു ലെയോ പതിനാലാമനു ലഭിക്കുന്നതിനുവേണ്ടി നമുക്കു പ്രത്യേകം പ്രാർഥിക്കാം.

പ്രിയപ്പെട്ട സഹോദരീസഹോദരന്മാരേ, നമ്മുടെ പിതാവായ മാർതോമാശ്ലീഹായുടെ വിശ്വാസപ്രഖ്യാപനം ഈശോയുമായുള്ള ആത്മബന്ധത്തിന്റെ ഫലമായി ഹൃദയത്തിൽനിന്നുയർന്ന വിശ്വാസത്തിന്റെ സാക്ഷ്യപ്പെടുത്തലായിരുന്നു എന്നു ഞാൻ പറഞ്ഞുവല്ലോ. നമ്മുടെ ആത്മീയജീവിതത്തിലും സഭാത്മകജീവിതത്തിലും ഹൃദയബന്ധത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ പ്രബോധനമാണ് 2024 ഒക്ടോബർ മാസത്തിൽ പുറപ്പെടുവിച്ച ‘അവൻ നമ്മെ സ്നേഹിച്ചു’ (Dilexit Nos) എന്ന ചാക്രികലേഖനം. ദൈവവുമായും സഹോദരങ്ങളുമായും കൂട്ടായ്മയിലായിരിക്കാനും അതുവഴി യഥാർഥവും പൂർണവുമായ ജീവിതംനയിക്കാനും നമ്മെ പ്രചോദിപ്പിക്കുന്നതു നിരുപാധികവും സമ്പൂർണവുമായ സ്നേഹത്തിന്റെ തികഞ്ഞ മാതൃകയായ ഈശോയുടെ ഹൃദയമാണെന്നു പരിശുദ്ധ പിതാവ് ഈ ചാക്രിക ലേഖനത്തിലൂടെ നമ്മെ പഠിപ്പിക്കുന്നു. ഇന്നു ലോകത്തിൽ കാണപ്പെടുന്ന നിസ്സംഗതയും അനാസ്ഥയും ഉപരിപ്ലവതയും മനുഷ്യഹൃദയത്തിൽ ഉരുത്തിരിയുന്ന ശൂന്യതയുടെ പ്രതിഫലനമാണ്. സമൂഹത്തിലെ വ്യത്യസ്തതകളെ സമന്വയിപ്പിക്കാനും മനുഷ്യവംശത്തെ നവീകരിക്കാനും സാധിക്കുന്നത് ഈശോയുടെ ഹൃദയവുമായി ഐക്യത്തിലായിരിക്കുന്ന ഹൃദയങ്ങളിലൂടെയാണ്. അതിനാൽ നമ്മുടെ സമൂഹങ്ങൾ നവീകരിക്കപ്പെടേണ്ടത് നാമോരോരുത്തരുടെയും ഹൃദയനവീകരണത്തിൽനിന്നാണ്. വ്യത്യസ്ത ചിന്താധാരകളെയും ആഗ്രഹങ്ങളെയും യോജിപ്പിക്കു്ന്നതിനും അനുരഞ്ജിപ്പിക്കുന്നതിനും നമ്മുടെ സമൂഹങ്ങൾ പ്രാപ്തമാകണമെങ്കിൽ നവീകരണം ഓരോരുത്തരുടെയും ഹൃദയത്തിൽനി്ന്ന് ആരംഭിക്കണം. അതുവഴി സാഹോദര്യത്തിന്റെ ഐക്യത്തിൽ പരിശുദ്ധാത്മാവു നമ്മെ നയിക്കുന്നതിന് ഇടയാകും (നമ്പർ 28). ഈ ഹൃദയനവീകരണം സാധ്യമാകണമെങ്കിൽ സ്വന്തം കഴിവിൽ അമിതമായി ആശ്രയിക്കാതെ ഈശോയുടെ തിരുഹൃദയത്തിലേക്കു തിരിയേണ്ടത് അത്യാവശ്യമാണ്. തിരുഹൃദയത്തിലാണു നമ്മൾ നമ്മെത്തന്നെ കണ്ടെത്തുന്നതും സ്നേഹിക്കാൻ പഠിക്കുന്നതും (നമ്പർ 30). അതിനാൽ നാം മാറ്റം ആഗ്രഹിക്കുന്നുവെങ്കിൽ നമ്മുടെ ഹൃദയങ്ങളുടെ നവീകരണത്തിൽനിന്നു തുടക്കംകുറിക്കണം. നമ്മുടെ കുടുംബങ്ങളുടെയും സഭാസമൂഹങ്ങളുടെയും യഥാർഥത്തിലുള്ള നവീകരണം സാധ്യമാകണമെങ്കിൽ ഓരോരുത്തരും മുൻവിധികളും ഇഷ്ടാനിഷ്ടങ്ങളും മാറ്റിവച്ച് ഈശോയുടെ ഹൃദയവുമായി ബന്ധംസ്ഥാപിച്ച് അതിൽനിന്നു ലഭിക്കുന്ന ആത്മീയ ഉണർവിലൂടെ സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും മനോഭാവം സ്വീകരിക്കണം.

ദുക്റാനതിരുനാളിന്റെയും സഭാദിനത്തിന്റെയും ആശംസകൾ എല്ലാവർക്കും നേരുന്നു. നമ്മുടെ അമ്മയായ പരിശുദ്ധ കന്യാകാമറിയത്തിന്റെയും മാർ യൗസേപ്പുപിതാവിന്റെയും മാർ തോമാശ്ലീഹായുടെയും സകല വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും മാധ്യസ്ഥ്യവും അനുഗ്രഹവും നമ്മോടും നമ്മുടെ എല്ലാ പ്രവർത്തനങ്ങളോടുമൊപ്പം ഉണ്ടായിരിക്കട്ടെ!

മേജർആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ

Latest Updates

POPULAR Views

FEATUERD Views

ഈസ്റ്റര്‍: തളരാത്ത പ്രത്യാശയുടെയും അതിജീവനത്തിന്റെയും തിരുനാള്‍

 മരണത്തിന്റെ മേല്‍ വിജയം വരിച്ച ഉത്ഥിതനായ മിശിഹായുടെ സ്‌നേഹവും സമാധാനവും നിങ്ങളോടുകൂടെ...

കുരിശിന്റെ വഴിയിലൂടെ ഉത്ഥാനത്തിന്റെ പ്രകാശത്തിലേക്ക്…

സീറോ മലബാര്‍ സഭയുടെ ആരാധനാക്രമ വത്സരത്തിലെ ഏറ്റവും ചൈതന്യവത്തായ 'നോമ്പുകാലത്തിലൂടെ' നാം...

സിനഡനന്തര സര്‍ക്കുലര്‍

സീറോമലബാര്‍സഭയുടെ മേജര്‍ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാര്‍ക്കും മെത്രാന്മാര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും ത്‌ന്റെ അജപാലനശുശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്നത്.  കര്‍ത്താവിന്റെ കൃപ നിങ്ങളെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ.

പൗരസംസ്‌കാരം: അവകാശങ്ങളുടെ പ്രഘോഷണമല്ല, കടമകളുടെ സാക്ഷാത്കാരം

വിശുദ്ധ ഗ്രന്ഥം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് 'സ്വതന്ത്രരായി ജീവിക്കുവിന്‍; എന്നാല്‍ നിങ്ങളുടെ സ്വാതന്ത്ര്യത്തെ തിന്മയ്ക്കുള്ള മറയാക്കരുത്; ദൈവത്തിന്റെ ദാസന്മാരായി ജീവിക്കുവിന്‍' (1 പത്രോസ് 2:16) എന്നാണ്. സ്വാതന്ത്ര്യം എന്നത് ഉത്തരവാദിത്തങ്ങളില്‍ നിന്നുള്ള മോചനമല്ല, മറിച്ച് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുള്ള കരുത്താണ്. തന്റെ വ്യക്തിപരമായ നിലപാടുകളും പ്രവൃത്തികളും സമൂഹത്തിന്റെ പൊതുവായ സുസ്ഥിതിയെ എപ്രകാരം ബാധിക്കുന്നു എന്ന തിരിച്ചറിവാണ് പൗരബോധത്തിന്റെ ആണിക്കല്ല്.

പ്രത്യാശയുടെ വാതില്‍ തുറക്കുന്ന പുതുതുടക്കം

പുതിയ ഒരു വര്‍ഷത്തിന്റെ പ്രഭാതത്തില്‍ നാം എല്ലാവരും പ്രത്യാശയുടെയും നവീകരണത്തിന്റെയും വാതില്‍പ്പടിയില്‍...

മരിയഭക്തിക്കൊരു മാര്‍ഗരേഖ

കത്തോലിക്കാസഭ മാതാവിനു നല്കുന്ന ബഹുമാനത്തില്‍നിന്നു പിന്നോട്ടുപോവുകയാണെന്നും പ്രൊട്ടസ്റ്റന്റുകാര്‍ നല്‍കിയിരുന്ന ആശയങ്ങള്‍ അംഗീകരിക്കുകയാണെന്നുമുള്ള തെറ്റിദ്ധരിപ്പിക്കുന്ന ചര്‍ച്ചകളും വ്യാഖ്യാനങ്ങളും സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തില്‍ പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ചുള്ള തിരുസഭയുടെ അടിസ്ഥാനപ്രബോധനങ്ങളില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല എന്നു വ്യക്തമാക്കിക്കൊണ്ടുള്ള  സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്റെ സര്‍ക്കുലര്‍. 

ഒരുമിച്ചുനടക്കാനുള്ള പാതകള്‍

സഭയ്ക്കുള്ള പലവിശേഷണങ്ങളിലൊന്നാണ് തീര്‍ഥാടകയായ സഭ. വാസ്തവത്തില്‍ വളരെ അന്വര്‍ത്ഥമായ വിശേഷണം കൂടിയാണ്...

വിശുദ്ധിയിലൂടെ സമാധാനത്തിലേക്ക്…

ദൈവത്തിന് നമ്മെക്കുറിച്ചുള്ള ആഗ്രഹവും സ്വപ്‌നവും നാം ഓരോരുത്തരും വിശുദ്ധരായിത്തീരണം എന്നതാണ്. അശുദ്ധിയിലേക്കല്ല...

സിനഡനന്തര സര്‍ക്കുലര്‍

സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍  തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാര്‍ക്കും...

പാരസ്പര്യത്തിന്റെ കാലം

 മനുഷ്യന്‍  പ്രകൃതിയുടെ ഉടമസ്ഥരല്ല കേവലം സൂക്ഷിപ്പുകാര്‍ മാത്രമാണ് എന്നൊരു സന്ദേശം കൂടി...

സ്വാതന്ത്ര്യത്തിന്റെ ചക്രവാളങ്ങള്‍

വീണ്ടുമൊരു സ്വാതന്ത്ര്യദിനാഘോഷം; സ്വര്‍ഗാരോപണത്തിരുനാളും. ഒരേസമയം ഭാരതീയരും ക്രൈസ്തവരുമായ നമ്മെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ...

ലെയോ പതിനാലാമൻ: കിഴക്കിന്റെ മഹത്വം തിരിച്ചറിഞ്ഞ പാപ്പ

2025 മെയ് എട്ടാംതീയതി ലെയോ പതിനാലാം പാപ്പ വി. പത്രോസ് ശ്ലീഹായുടെ...