പന്ത്രണ്ടുവർഷക്കാലം സഭയ്ക്ക് നേതൃത്വം നല്കിയ പരിശുദ്ധപിതാവ് ഫ്രാൻസിസ് മാർപാപ്പ ഇക്കാലത്തിനിടയിൽ സീറോമലബാർസഭയ്ക്ക് നല്കിയ കരുതലും കരുത്തും വാക്കുകൾകൊണ്ട് വിവരിക്കാൻ കഴിയുന്നതല്ല.
2024 മെയ് 13 ാം തീയതി മേജർആർച്ചുബിഷപ്പായതിന് ശേഷം ഞാൻ ആദ്യമായി അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ, സീറോമലബാർസഭയ്ക്ക് ഗൾഫ്മേഖലകളിൽ അജപാലന അവകാശം ഇല്ലെന്ന് എനിക്കറിയാമെന്നും എന്നാൽ അതിനുള്ള അർഹത നിങ്ങൾക്കുള്ളതിനാൽ ആ അവകാശം ഞാൻ തരുന്നുവെന്നും മാർപാപ്പ വളരെ വ്യക്തമായി എന്നെ അറിയിക്കുകയുണ്ടായി. അതിന്റെ നൈയാമികമായ വശങ്ങൾ ഡിക്കാസ്റ്ററികൾ മുഖേന അറിയിക്കുന്നതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിശുദ്ധപിതാവിന്റെ നിർദ്ദേശപ്രകാരം കർദിനാൾ പരോളിന്റെ നേതൃത്വത്തിൽ സീറോമലബാർസഭയുടെ പ്രതിനിധികളും ബന്ധപ്പെട്ട കോൺഗ്രിഗേഷനുകളിലെ പ്രതിനിധികളും തമ്മിൽ ചർച്ചനടത്തി ഇക്കാര്യത്തിൽ തീരുമാനമായിട്ടുണ്ട്. അതിനി പ്രായോഗികമാക്കാനെടുക്കുന്ന സമയം മാത്രമേ നമ്മുടെ മുമ്പിൽ അവശേഷിക്കുന്നുള്ളൂ.
പരിശുദ്ധപിതാവ് ഭാരതത്തിലെ മെത്രാന്മാർക്ക് 2017 ഒക്ടോബർ 9 ന് എഴുതിയ കത്ത് എെതിഹാസികമായ ഒന്നാണ്. ഇന്ത്യയുടെ പ്രത്യേകസാഹചര്യത്തിൽ സീറോമലബാർസഭയ്ക്ക് All India Jurisdiction നല്കുകയും ഷംഷബാദ് രൂപത സ്ഥാപിക്കുകയും ചെയ്ത കത്താണ് അത്. ഇന്ത്യയുടെ പശ്ചാത്തലത്തിൽ മൂന്നു വ്യക്തിസഭകൾ പരസ്പരം കൈകോർത്ത് ധാരണയോടും സൗഹൃദത്തോടും കൂടി ഇന്ത്യയുടെ സുവിശേഷവൽക്കരണത്തിനുവേണ്ടി എങ്ങനെ പ്രവർത്തിക്കണമെന്നാണ് ഈ കത്തിൽ പാപ്പ പറയുന്നത്. സഭയുടെ കൂട്ടായ്മ എത്ര മനോഹരമാണെന്നും സഭയുടെ സഭാത്മകത ഇന്ത്യയുടെ പശ്ചാത്തലത്തിൽ പ്രകടിപ്പിക്കേണ്ടത് എത്രപ്രാധാന്യമുള്ള കാര്യമാണെന്നും നമ്മെ പഠിപ്പിക്കുന്ന രേഖകൂടിയാണ് ഇത്.
നമ്മുടെ സഭയിലെ പല പ്രതിസന്ധിഘട്ടങ്ങളിലും പ്രത്യേകിച്ച് ആരാധനക്രമവുമായി ബന്ധപ്പെട്ട പല അവസരങ്ങളിലും കത്തുകളിലൂടെയും അവസാനം വീഡിയോസന്ദേശത്തിലൂടെയും പാപ്പ നമ്മുടെ സഭയോട് സംസാരിച്ചതും ഞാനിവിടെ ഓർക്കുന്നു. പാപ്പയുടെ പ്രവർത്തനശൈലിയുടെ പ്രത്യേകത പാപ്പ നമ്മെ വ്യക്തിപരമായി അറിഞ്ഞുകൊണ്ട് സ്നേഹത്തോടുകൂടി നമ്മെ നയിച്ചുവെന്നതാണ്. എല്ലാ പ്രതിസന്ധികളിലും നമ്മെ കൈവിടാതെ അവിടുന്ന് ചേർത്തുപിടിച്ചുനടന്നു.
ഫ്രാൻസിസ് പാപ്പയുടെ കാലത്താണ് റോമിലെ ഏറെ പുരാതനവും പ്രസിദ്ധവും റോമിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നതുമായ സാന്താ അനസ്താസീയ ബസിലിക്ക സീറോമലബാർസഭയുടെ ഉപയോഗത്തിനായി വിട്ടുതന്നത്. സീറോമലബാർസഭയോടുള്ള അദ്ദേഹത്തിന്റെ സ്നേഹത്തിന്റെ പ്രകടനം തന്നെയായിരുന്നു ഇത്. എല്ലാ ദിവസവും ഈ ബസിലിക്കയിൽ ഇന്ന് സീറോമലബാർ കുർബാനകൾ അർപ്പിക്കപ്പെടുന്നുണ്ട്. നമ്മുടെ തിരുനാളുകൾ ആഘോഷിക്കാനും ആചാരാനുഷ്ഠാനങ്ങൾ പാലിക്കാനും റോമിൽ പലയിടത്തായി ചിതറിക്കിടക്കുന്ന സീറോമലബാർസഭാവിശ്വാസികൾക്ക് ഈ ബസിലിക്ക ഇന്ന് വലിയ ഒരു അനുഗ്രഹമായി മാറിയിരിക്കുകയാണ്. ഇത്തരമൊരു അനുഗ്രഹം നമുക്ക് നല്കിയ ഫ്രാൻസീസ് മാർപാപ്പയോട് എത്ര നന്ദിപറഞ്ഞാലും നമുക്കു മതിയാവുകയില്ല.
മോൺ. ജോർജ് കൂവക്കാട്ടിനെ കർദിനാൾ സ്ഥാനത്തേക്ക് ഉയർത്തുകയും ഇന്റർ റിലീജിയസ് ഡയലോഗുകളുടെ ഡിക്കാസ്റ്ററിയിൽ അദ്ദേഹത്തെ അധ്യക്ഷനായി നിയമിക്കുകയും ചെയ്തത് സീറോമലബാർസഭയോടുള്ള പാപ്പയുടെ സ്നേഹത്തിന്റെയും കരുതലിന്റെയും മറ്റൊരു അടയാളമായിരുന്നു.
പരിശുദ്ധപിതാവ് നല്കിയ സ്നേഹത്തിനും കരുതലിനും സഭയ്ക്ക് നല്കിയ കരുത്തിനും ഒരുപാട് കൃതജ്ഞതയോടെ ഞാൻ പരിശുദ്ധപിതാവിന്റെ മുമ്പിൽ സ്മരണാഞ്ജലികൾ അർപ്പിക്കുന്നു. സ്വർഗത്തിലിരുന്നുകൊണ്ട് പാപ്പ നമ്മുടെ സഭയ്ക്കുവേണ്ടി പ്രാർഥിച്ച് നമ്മെ ശക്തിപ്പെടുത്തുമെന്ന് എനിക്കുറപ്പുണ്ട്. പരിശുദ്ധ പിതാവിന്റെ മാധ്യസ്ഥം അപേക്ഷിച്ചുകൊണ്ട്…
മേജർആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ


