വിവാഹവസ്ത്രം ധരിക്കാത്തവൻ

Published on

“സ്നേഹിതാ, വിവാഹവസ്ത്രം ധരിക്കാതെ നീ ഇവിടെ പ്രവേശിച്ചതെങ്ങനെ?” (മത്തായി 22:12)

വിവാഹവിരുന്നിന്റെ ഉപമയിൽ (മത്തായി 22:1-14) വിവാഹവസ്ത്രം ധരിക്കാതെ വിരുന്നുശാലയിൽ പ്രവേശിച്ചവനെ രാജാവ് പുറത്താക്കിയതിന് എന്തു ന്യായീകരണമാണുള്ളത് എന്നതു പലരും ഉന്നയിക്കുന്ന ഒരു സംശയമാണ്. വിരുന്ന് ഒരുക്കിയതിനുശേഷം വഴിക്കവലയിൽനിന്നും വിളിക്കപ്പെട്ടവരിൽ ഒരുവനെയാണ് വിവാഹവസ്ത്രം ധരിക്കാത്തതിന്റെ പേരിൽ രാജാവ് വിരുന്നുശാലയിൽനിന്നും പുറത്താക്കുന്നത്. വഴിക്കവലയിലുള്ളവർ വിരുന്നിനു പോകാൻ തയ്യാറായി നിൽക്കുന്നവരല്ല. ആ നിലയ്ക്ക് വിവാഹവസ്ത്രം ധരിക്കാത്തതിന്റെ പേരിൽ അയാളെ പുറത്താക്കുന്നത് എങ്ങനെ ന്യായീകരിക്കുവാൻ കഴിയുമെന്നത് പ്രസക്തമായ ചോദ്യമാണ്.

വി. മത്തായിയുടെ സുവിശേഷത്തിൽ ‘വിവാഹവിരുന്നിന്റെ ഉപമ’ (22:1-14) എന്ന പേരിൽ രേഖപ്പെടുത്തിയിരിക്കുന്നത് വ്യത്യസ്ത സാഹചര്യങ്ങളിൽ പറയപ്പെട്ട രണ്ട് ഉപമകൾ ചേർത്ത് ഉണ്ടാക്കിയതാകാനാണ് കൂടുതൽ സാധ്യത. 2 മുതൽ 10 വരെയുള്ള വാക്യങ്ങൾ വിവാഹവിരുന്നിന്റെയും 11 മുതൽ 14 വരെയുള്ള വാക്യങ്ങൾ വിവാഹവസ്ത്രത്തിന്റെയും വ്യത്യസ്തങ്ങളായ ഉപമകളാണെന്നതാണ് പണ്ഡിതമതം. യേശുനാഥൻ പറഞ്ഞ ഈ രണ്ടു ഉപമകൾ ഒരുമിച്ചുചേർത്ത് ഒരു ഉപമയായാണ് വി. മത്തായി രേഖപ്പെടുത്തിയിരിക്കുന്നത്. വിവാഹവിരുന്നിന്റെ ഉപമയ്ക്കു പിന്നാലെ വിവാഹവസ്ത്രത്തിന്റെ ഉപമ ചേർത്തുവച്ചിരിക്കുന്നു. ഈ അദ്ധ്യായം ആരംഭിക്കുന്നത്: “യേശു വീണ്ടും ‘ഉപമകൾ’ വഴി അവരോടു സംസാരിച്ചു” (22:1) എന്ന ബഹുവചനത്തിലാണ്. മറ്റു ഉപമകളൊന്നുമില്ലാത്ത ഇരുപത്തിരണ്ടാമത്തെ അധ്യായത്തിലെ വ്യത്യസ്തങ്ങളായ രണ്ടു ഉപമകളാണിവയെന്നു ഇതിൽനിന്നു വ്യക്തമാണ്. വ്യത്യസ്തങ്ങളായ ഈ ഉപമകൾ ഒറ്റ ഉപമയായി കണക്കിലെടുക്കുമ്പോൾ മേൽപ്പറഞ്ഞ പ്രശ്നമുദിക്കുന്നു. രണ്ടു ഉപമകളും പരസ്പരം ബന്ധപ്പെട്ടതാണെന്നു തോന്നാമെങ്കിലും ഇവയുടെ സന്ദേശങ്ങൾ വ്യത്യസ്തങ്ങളാണ്.

മത്തായി 22:2-10 ലെ വിവാഹവിരുന്നിന്റെ ഉപമ ദൈവം പ്രത്യേകം തെരഞ്ഞെടുത്ത യഹൂദർ, അവർക്കു ലഭിച്ച വിളിയോട് വിശ്വസ്തത പുലർത്തി അനുകൂലമായി പ്രതികരിച്ചില്ലെങ്കിൽ ദൈവികരക്ഷയുടെ സന്തോഷം വിജാതീയർക്കും സമൂഹത്തിൽനിന്ന് മാറ്റി നിർത്തപ്പെട്ടവരുമായ ജനതയ്ക്കും ലഭിക്കുമെന്ന് ഓർമിപ്പിക്കുന്നു. ഇത് യഹൂദർക്കുള്ള ഒരു മുന്നറിയിപ്പാണ്. എന്നാൽ, 1114ലെ വിവാഹവസ്ത്രത്തിന്റെ ഉപമ, ക്ഷണിക്കപ്പെട്ടതുകൊണ്ടു മാത്രം ദൈവികരക്ഷയുടെ സന്തോഷം അനുഭവിക്കുകയില്ലെന്നും, ക്ഷണിക്കപ്പെട്ടവർ രക്ഷയനുഭവിക്കണമെങ്കിൽ യോഗ്യതയോടുകൂടി ജീവിക്കണമെന്നും ഓർമിപ്പിക്കുന്നു.

മത്തായി 22:1-14ൽ രേഖപ്പെടുത്തിയിരിക്കുന്നത് രണ്ട് ഉപമകളാണ് എന്നതിന്റെ സൂചന വി. ലൂക്കായുടെ സുവിശേഷത്തിലെ വിരുന്നിന്റെ ഉപമയിൽനിന്നു (14:15-24) ലഭിക്കുന്നുണ്ട്. ചെറിയ വ്യത്യാസങ്ങളോടെ വി. ലൂക്ക വിരുന്നിന്റെ ഉപമ രേഖപ്പെടുത്തുമ്പോൾ വി. മത്തായിയുടെ സുവിശേഷത്തിൽ കാണുന്ന വിവാഹവസ്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ (22:11-14) രേഖപ്പെടുത്തുന്നില്ല. ഇതു നൽകുന്ന സൂചന, വിവാഹവസ്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിവാഹവിരുന്നിന്റെ ഉപമയുടെ ഭാഗമല്ല എന്നതാണ്. ഇവ രണ്ടും ഒരുമിച്ചുള്ളതായിരുന്നെങ്കിൽ സമാന്തര സുവിശേഷകനായ വി. ലൂക്കയിലും കാണേണ്ടതായിരുന്നു. വി. മത്തായി 22:11-14ൽ രേഖപ്പെടുത്തിയിരിക്കുന്ന വിവാഹവസ്ത്രത്തിന്റെ ഉപമയോടു സമാനമായ ഒരുപമ യഹൂദരുടെ ഇടയിൽ നിലവിലുണ്ടായിരുന്നു എന്ന കാര്യവും ശ്രദ്ധേയമാണ്.

ചുരുക്കത്തിൽ, മത്തായി 22:1-14ൽ വ്യത്യസ്ത സന്ദർഭങ്ങളിൽ യേശു അരുൾച്ചെയ്ത രണ്ട് ഉപമകളാണ് ഒന്നിനു പുറകെ മറ്റൊന്നായി രേഖപ്പെടുത്തിയിരിക്കുന്നത്. ആദ്യത്തെ ഉപമയുടെ (2-10)തുടർച്ചയാണ് പിന്നീടുള്ള വാക്യങ്ങൾ (11-14) എന്ന് തോന്നാമെങ്കിലും അതു മറ്റൊരുപമയാണ്. ഇവ രണ്ടും ഒറ്റ ഉപമയായി പരിഗണിക്കുമ്പോൾ മുകളിൽ പറഞ്ഞതുപോലെയുള്ള സംശയം ഉണ്ടാകുക സ്വാഭാവികമാണ്. വിവാഹവിരുന്നിന്റെ ഉപമയും (2-10) വിവാഹവസ്ത്രത്തിന്റെ ഉപമയും (11-14) വ്യത്യസ്ത സാഹചര്യങ്ങളിൽ പറയപ്പെട്ടതും പരസ്പരബന്ധമില്ലാത്തതുമായ ഉപമകളാണെന്നു മനസ്സിലാക്കിയാൽ ഉന്നയിക്കപ്പെട്ട സംശയം ഇല്ലാതാകും.

വ. ഡോ. ആന്റണി വടക്കേകര വി. സി.

Latest Updates

POPULAR Views

FEATUERD Views

മനുഷ്യസ്വാതന്ത്ര്യം: ബൈബിള്‍ വീക്ഷണത്തില്‍  

മനുഷ്യന്റെ അന്തസ്സിന്റെ അടിസ്ഥാനം അവന് ദൈവം നല്‍കിയിരിക്കുന്ന തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ്. ബൈബിള്‍...

ബെത്‌ലഹേമിലെ നക്ഷത്രം: അത്ഭുതവും ശാസ്ത്രവും

യേശുക്രിസ്തുവിന്റെ ജനനത്തോടനുബന്ധിച്ച് ആകാശത്തുണ്ടായ അസാധാരണമായ പ്രതിഭാസമാണ് 'ബെത്‌ലഹേമിലെ നക്ഷത്രം'. ജ്ഞാനികളെ  യേശുവിലേക്ക്...

കര്‍ത്താവിനു സ്വീകാര്യമായ വത്സരവും ജൂബിലിയുടെ പൂര്‍ത്തീകരണവും

പ്രത്യാശയുടെ തീര്‍ഥാടകര്‍ എന്ന സുകൃതവാക്യമുയര്‍ത്തി ആഗോളസഭ ജൂബിലിആചരണത്തിലൂടെ കടന്നുപോകുകയായിരുന്നു. പഴയനിയമത്തിലെ ജൂബിലി...

നിധി മറഞ്ഞിരിക്കുന്ന ‘വയല്‍’

മത്തായിയുടെ സുവിശേഷം 13-ാം അധ്യായത്തിലെ പ്രധാനപ്പെട്ട ഉപമകളിലൊന്നാണ് വയലില്‍ മറഞ്ഞിരിക്കുന്ന നിധിയുടെ...

കാനായിലെ കല്‍ഭരണികള്‍ പറയുന്ന ദൂത്

കാനായില്‍ യേശു പ്രവര്‍ത്തിച്ച അത്ഭുതത്തില്‍ ആറ് കല്‍ഭരണികള്‍ നിറയെ വീഞ്ഞ് ലഭിച്ചു...

മോശയുടെ പിത്തളസര്‍പ്പവും ഉയര്‍ത്തപ്പെടുന്ന മനുഷ്യപുത്രനും!

'മോശ മരുഭൂമിയില്‍ പിത്തളസര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ മനുഷ്യപുത്രനും ഉയര്‍ത്തപ്പെടും; അവനെ നോക്കുന്നവര്‍ ജീവന്‍...

സത്യം നിങ്ങളെ സ്വതന്ത്രരാക്കും!  

'തന്നില്‍ വിശ്വസിച്ച യഹൂദരോട് യേശു പറഞ്ഞു: എന്റെ വചനത്തില്‍ നിലനില്‍ക്കുമെങ്കില്‍ നിങ്ങള്‍...

ജലത്താലും ആത്മാവിനാലുമുള്ള ജനനം!

സ്വർഗരാജ്യത്തിൽ പ്രവേശിക്കാനുള്ള മാനദണ്ഡമായി ഈശോ നിക്കൊദേമൂസിനോട് പറയുന്നത് "ഗിന്നോത്തെനായി അനോത്തെൻ ഉന്നതത്തിൽനിന്നും...

വീണ്ടും ജനനമോ മുകളിൽ നിന്നുള്ള ജനനമോ?

യേശു പറഞ്ഞു: "സത്യം സത്യമായി ഞാൻ നിന്നോടു പറയുന്നു; വീണ്ടും ജനിക്കുന്നില്ലെങ്കിൽ...

വിവാഹമോചനം അനുവദനീയമോ?

"എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവൻ അവളെ...

ദൈവത്തിന്റെ പരിശുദ്ധി – അകലവും അടുപ്പവും

"ഞാൻ ദൈവമാണ്, മനുഷ്യനല്ല. നിങ്ങളുടെ ഇടയിൽ വസിക്കുന്ന പരിശുദ്ധൻ തന്നെ" (ഹോസിയാ...

വി. മത്തായി 25:31-46 ഒരുപമയാണോ?

വി. മത്തായി 25:32-33 വാക്യങ്ങളിൽ ഒരുപമയുടെ പ്രയോഗം കാണാം. എന്നാൽ ആ...