St. Peter To Rot
കാണും വരെ നാം ഒന്നും അറിയുന്നില്ല. അറിയുന്നതുവരെ നാം ഒന്നും മനസ്സിലാക്കുന്നുമില്ല. 2025 ഒക്ടോബര്‍ 19 വരെ ലോകത്തിന് ആ പേര് അത്ര പരിചിതമായിരുന്നുവെന്ന് തോന്നുന്നില്ല. വിശുദ്ധ പീറ്റര്‍ തോ റോട്ടിന്റെ കാര്യമാണ് പറയുന്നത്. പക്ഷേ അന്ന് ലെയോ പതിനാലാമന്‍ പാപ്പ മറ്റു ആറുപേര്‍ക്കൊപ്പം പീറ്റര്‍ തോ യെ വിശുദ്ധനായി പ്രഖ്യാപിച്ചതോടെ ആ ജീവിതം പീഠത്തില്‍ കൊളുത്തിവച്ച വിളക്കുപോലെയായി. അല്മായന്‍, ഗോത്രവിഭാഗക്കാരന്‍, വിവാഹിതന്‍, കാറ്റക്കിസ്റ്റ്, അതിനെല്ലാം ഉപരി പാപ്പുവാ ന്യൂഗിനിയായുടെ പ്രഥമ വിശുദ്ധന്‍. വിശുദ്ധ പീറ്റര്‍ ടോയുടെ ജീവിതത്തെക്കുറിച്ചുള്ള പൊതുവിശേഷണങ്ങള്‍ ഇവയെല്ലാമാണ്. എന്നാല്‍ ഈ വിശേഷണങ്ങള്‍ക്കെല്ലാം അപ്പുറമായി അതിശയിപ്പിക്കുന്ന ഒരു ജീവിതത്തിന്റെ ഉടമയാണ് വിശുദ്ധ പീറ്റര്‍.
തദ്ദേശവാസിസമൂഹത്തിന്റെ നേതൃസ്ഥാനത്തുള്ളവരായിരുന്നു പീറ്ററിന്റെ മാതാപിതാക്കള്‍. എന്നാല്‍ മിഷനറിസ് ഓഫ് ദ സേക്രട്ട് ഹാര്‍ട്ട് വൈദികരുടെ സുവിശേഷപ്രഘോഷണങ്ങള്‍ അവരുടെ ജീവിതത്തില്‍ പുതിയൊരു വെളിച്ചം കൊളുത്തി. ആ വെളിച്ചത്തില്‍ അവരുടെ ജീവിതങ്ങള്‍ സ്‌നാനപ്പെട്ടു. സ്വാഭാവികമായും പീറ്ററും മാതാപിതാക്കളുടെ വഴിയെ സഞ്ചരിക്കാനാരംഭിച്ചു.. 1912 ലായിരുന്നു പീറ്ററിന്റെ ജനനം. 1930 ല്‍ മിഷനറീസ് ഓഫ് ദ സേക്രട്ട് ഹാര്‍ട്ട് വൈദികര്‍ സ്ഥാപിച്ച സെന്റ് പോള്‍സ് കോളജില്‍ ചേര്‍ന്ന് സുവിശേഷവല്‍ക്കരണപ്രവര്‍ത്തനങ്ങളില്‍ അവന്‍ പരിശീലനം നേടി.
വൈദികരുടെ കുറവ് നന്നായി അനുഭവപ്പെട്ടിരുന്ന പാപ്പുവ ന്യൂഗിനിയായുടെ പ്രാന്തപ്രദേശങ്ങളില്‍ ഇടവകഭരണത്തിലും സുവിശേഷവല്‍ക്കരണത്തിലും പ്രധാനപങ്കുവഹിച്ചിരുന്നത് കാറ്റക്കിസ്റ്റുകളായിരുന്നു. മൂന്നുവര്‍ഷത്തിനു ശേഷം റാക്കുവാനി ഇടവകയിലെ കാറ്റക്കിസ്റ്റായി പീറ്റര്‍ നിയമിതനായി, 1936 നവംബര്‍ 11 ന് പൗളയുമായുള്ള പീറ്ററിന്റെ വിവാഹംനടന്നു. ഒരുമിച്ചു പ്രാര്‍ത്ഥിക്കുന്ന മാതൃകാദമ്പതികളായിരുന്നു അവര്‍. സ്ഥിതിഗതികള്‍ അതുവരെ സാധാരണരീതിയില്‍ കടന്നുപോവുകയായിരുന്നു എന്നാല്‍ 1943 ആയപ്പോഴേയ്ക്കും അന്തരീക്ഷം മാറി. ജപ്പാന്‍ അധിനിവേശം സംഭവിച്ചതായിരുന്നു പ്രധാന കാരണം.
അപ്പോഴേയ്ക്കും പീറ്റര്‍ തന്റെ ശുശ്രൂഷയുമായി ബന്ധപ്പെട്ട് അതിദൂരെ എത്തിക്കഴിഞ്ഞിരുന്നു.രോഗീശുശ്രൂഷ, ഭവനസന്ദര്‍ശനം, മതബോധനം, ജ്ഞാനസ്‌നാനം നല്കല്‍, ജയിലുകളില്‍ കഴിയുന്ന സുവിശേഷപ്രവര്‍ത്തകര്‍ക്ക് ഭക്ഷണമെത്തിക്കല്‍, പുതിയ കാറ്റക്കിസ്റ്റുകള്‍ക്കുള്ള പരിശീലനം എന്നിങ്ങനെ പോയി പീറ്ററിന്റെ ശുശ്രൂഷകള്‍. ഇതിന് കാരണം ജാപ്പനീസ് സൈന്യം പാപ്പുവ ന്യൂഗിനിയ ആക്രമിക്കുകയും എല്ലാ വൈദികരെയും സന്യാസിമാരെയും ജയിലില്‍ അടയ്ക്കുകയും ചെയ്തതായിരുന്നു. പീറ്ററിന്റെ ഈ പ്രവര്‍ത്തനങ്ങള്‍ ജപ്പാന്‍ സൈന്യത്തെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരുന്നു. യുദ്ധസമയത്തെ സുരക്ഷ എന്ന കാരണം പറഞ്ഞ് അവര്‍ പീറ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി.
1944 ആയപ്പോഴേയ്ക്കും ഒരുതരത്തിലുള്ള പ്രവര്‍ത്തനവും നടത്താതിരിക്കത്തക്കവിധത്തില്‍ പട്ടാളം പീറ്ററിന്റെ പരസ്യശുശ്രൂഷകള്‍ക്ക് താഴിട്ടു. എന്നാല്‍ ഇവിടെ വിവേകത്തോടെ പ്രവര്‍ത്തിക്കാനാണ് പീറ്റര്‍ തയ്യാറായത്. അണ്ടര്‍ഗ്രൗണ്ട് ഷെല്‍ട്ടറുകള്‍ പണിത് ആളുകളെ ഒരുമിച്ചുകൂട്ടുകയും സുവിശേഷം പ്രസംഗിക്കുകയും ചെയ്തുകൊണ്ടിരുന്നു. ജപ്പാന്‍കാരുടെ കണ്ണില്‍പ്പെട്ടാല്‍ തന്റെ നില പരുങ്ങലിലാകും എന്ന് അറിഞ്ഞുകൊണ്ടായിരുന്നു പീറ്ററിന്റെ പ്രവര്‍ത്തനങ്ങളെല്ലാം. ഈ സന്ദര്‍ഭത്തില്‍ ധാര്‍മ്മികമായ മറ്റൊരു പ്രതിസന്ധികൂടി പീറ്ററിന്റെ മുമ്പില്‍ ഉടലെടുത്തു. ജപ്പാന്‍കാര്‍ ബഹുഭാര്യത്വം നടപ്പിലാക്കിയതായിരുന്നു അത്. ഗ്രാമത്തലവന്മാരുടെ പിന്തുണ നേടാന്‍ വേണ്ടിയായിരുന്നു ജപ്പാന്‍ ഈ തന്ത്രം പരീക്ഷിച്ചത്. ഇത് പീറ്ററിനെ അത്യധികം വേദനിപ്പിച്ചു. അദ്ദേഹം ഈ തിന്മയ്‌ക്കെതിരെ ശക്തമായി പ്രതികരിച്ചു.
1945 മെയ് മാസത്തില്‍ പീറ്ററിനെ ജര്‍മ്മന്‍ പട്ടാളം അറസറ്റ് ചെയ്ത് തടവിലാക്കി, ജയില്‍ മോചനം അടുത്തുവന്നപ്പോള്‍ ജപ്പാന്‍ സൈന്യത്തിലെ രണ്ടു പട്ടാളക്കാര്‍ ഒരു ആര്‍മി ഡോക്ടറുടെ സഹായത്തോടെ പീറ്ററിനെ വിഷം കുത്തിവച്ച് കൊലപ്പെടുത്തി. രോഗബാധിതനായിട്ടാണ് പീറ്റര്‍ മരിച്ചതെന്നാണ് ജപ്പാന്‍ പട്ടാളം അദ്ദേഹത്തിന്റെ ബന്ധുക്കളെ അറിയിച്ചത്. പക്ഷേ അമ്മാവന്‍ ചെന്നപ്പോള്‍ വലതുകൈയില്‍ സൂചി അടയാളങ്ങളോടുകൂടിയതും ചെവിയിലും മൂക്കിലും പഞ്ഞിതിരുകി കഴുത്തിലെ സ്‌കാര്‍ഫ് രക്തത്തില്‍ മുങ്ങിയതുമായ പീറ്ററിന്റെ മൃതദേഹമാണ് കണ്ടത്. ജീവനോടെയിരിക്കാനാണ് ആഗ്രഹമെങ്കില്‍ മതബോധനപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഭാര്യ ആവശ്യപ്പെട്ടപ്പോള്‍ പീറ്റര്‍ പറഞ്ഞ മറുപടി തനിക്ക് അത് സാധ്യമല്ല എന്നായിരുന്നു. ജയിലില്‍ തന്നെ കാണാനെത്തിയ അമ്മയോട് പീറ്റര്‍ പറഞ്ഞത് ഇപ്രകാരമാണ്: ഇന്ന് വൈകുന്നേരം ഒരു ജപ്പാന്‍ ഡോക്ടര്‍ എനിക്ക് മരുന്ന് തരാന്‍ വരുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. എനിക്ക് അസുഖമില്ലാത്തതിനാല്‍ ഇതിലെന്തോ ചതിയുണ്ടെന്ന് ഞാന്‍ കരുതുന്നു’ അതുകൊണ്ട് ദൈവത്തെ അഭിമുഖീകരിക്കാന്‍ ഏറ്റവും നല്ല വസ്ത്രം ധരിച്ചും കുരിശു അണിഞ്ഞുമായിരുന്നു അദ്ദേഹം അന്ന് കാണപ്പെട്ടത്.


