* ഫാ. ജോണ്‍ കിഴക്കൂടന്‍ സ്ഥാപിച്ച മര്‍ത്താസന്യാസിനി സമൂഹം (സി.എസ്. എം)
1948 ഓഗസ്റ്റ് 15ന് അവിഭക്തതൃശൂര്‍ രൂപതയില്‍ രൂപതവൈദികനായ ഫാ. ജോണ്‍ കിഴക്കൂടന്‍ സ്ഥാപിച്ചതാണ് മര്‍ത്താസന്യാസിനി സമൂഹം അഥവാ സി. എസ്. എം.
നസ്രത്തിലെ ഈശോയുടെ ലളിതജീവിതം അനുകരിച്ച്, നിസാരജോലികള്‍ പോലും അസാധാരണമാംവിധം വലിയ സ്‌നേഹത്തോടെ നിര്‍വഹിച്ചു അധ്വാനിക്കുന്ന ജനങ്ങള്‍ക്കും ദരിദ്രര്‍ക്കും നിരാലംബര്‍ക്കും മിശിഹായുടെ അനുകമ്പാര്‍ദ്രസ്‌നേഹം നിസ്വാര്‍ത്ഥശുശ്രൂഷയിലൂടെ അനുഭവവേദ്യമാക്കി കൊടുക്കുക എന്നതാണ് ഈ സന്യാസിനി സമൂഹത്തിന്റെ കാരിസം. യേശുനാഥനോടുള്ള സ്‌നേഹം ശുശ്രൂഷയിലൂടെ പ്രകാശിപ്പിച്ച വി.മര്‍ത്തായുടെ മാതൃക സ്വീകരിച്ച് അഗതിശുശ്രൂഷ, രോഗീശൂശ്രൂഷ, കുടുംബപ്രേഷിതത്വം, അജപാലനരംഗം, സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങള്‍, മിഷന്‍പ്രവര്‍ത്തനം, വിദ്യാഭ്യാസം, എക്യുമെനിസം, കൈത്തൊഴിലുകളുടെ പരിശീലനം തുടങ്ങിയ മേഖലകളില്‍ സഭാംഗങ്ങള്‍ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്നു.
‘ഈ ജനക്കൂട്ടത്തോട് എനിക്ക് അനുകമ്പ തോന്നുന്നു ‘ എന്ന ദൈവവചനം പ്രചോദകമന്ത്രമായി സ്വീകരിച്ച് ഈശോയുടെ അനുകമ്പാര്‍ദ്ര സ്‌നേഹം ജാതിമതഭേദമില്ലാതെ എല്ലാവര്‍ക്കും അനുഭവവേദ്യമാക്കിയ സ്ഥാപക പിതാവിന്റെ കാലടികളെ പിഞ്ചെന്നു കൊണ്ട് 425 സഹോദരിമാര്‍ തൃശൂര്‍, പാലക്കാട്, ഇരിഞ്ഞാലക്കുട, തലശേരി, എറണാകുളം, കോതമംഗലം, ഇടുക്കി രൂപതകളിലും ഭോപ്പാല്‍, സാഗര്‍, മ്യാവൂ, ബാലസോര്‍, രാമനാഥപുരം എന്നീ മിഷന്‍ രൂപതകളിലും ഇറ്റലി, റോം, അമേരിക്ക, ജര്‍മ്മനി എന്നീ വിദേശരാജ്യങ്ങളിലും നാനാജാതി മതസ്ഥരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നു. പരിശുദ്ധ കന്യകാമറിയത്തില്‍ വിളങ്ങിയിരുന്ന എളിമയും പരസ്‌നേഹവും സമൂഹമധ്യസ്ഥയായ വി.മര്‍ത്തായുടെ അതിഥിസല്‍ക്കാര തല്‍പരതയും സ്‌നേഹശുശ്രൂഷയും കൈമുതലാക്കി ജീവിതക്ലേശങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും മധ്യേ പ്രാര്‍ഥനയില്‍ നിന്ന് ശക്തിയുംപ്രകാശവും സ്വീകരിച്ചുകൊണ്ട് സഹോദരിമാര്‍ സമൂഹചൈതന്യവും തനിമയും നിലനിര്‍ത്തുന്നു.
കാലഘട്ടത്തിന്റെ സൂചനകളും മനുഷ്യമക്കളുടെ ആവശ്യങ്ങളും കണക്കിലെടുത്തുകൊണ്ട് ക്രിസ്തുവില്‍ എല്ലാം സമുദ്ധരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മര്‍ത്താ സന്യാസിനിസമൂഹാംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ദൈവരാജ്യം ലോകം മുഴുവന്‍ പ്രചരിപ്പിക്കുന്നതിന്, തുറന്ന മനസ്സോടെയും വിശ്വസിക്കുന്ന ഹൃദയത്തോടെയും ദീര്‍ഘവീക്ഷണത്തോടെയും ഭാവിയിലേക്ക് നോക്കി പ്രത്യാശയുടെ ജ്വാല ജ്വലിപ്പിച്ചു തിരുസഭയില്‍ വിരാചിക്കുകയാണ് മര്‍ത്താ സന്യാസിനിമാര്‍.
മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലുള്ള ഒരു സ്വതന്ത്രസന്യാസിനി സമൂഹമായ മര്‍ത്താ സന്യാസിനിസമൂഹം 2013 ല്‍ ലൂര്‍ദ് നാഥാ പ്രോവിന്‍സ്, ഗുഡ് ഷെപ്പേഡ് പ്രോവിന്‍സ് എന്നിങ്ങനെ രണ്ട് പ്രൊവിന്‍സുകളായി വിഭജിക്കപ്പെട്ടു. സി. ബിയാട്രിസ് ആണ് സുപ്പീരിയര്‍ ജനറല്‍.


