മോൺ. സി. ജെ. വർക്കി അവിഭക്ത തലശേരി രൂപതയിൽ ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവിന്റെ അനുഗ്രഹാശിസുകളോടെ 1962 സെപതംബർ എട്ടിന് ആരംഭിച്ച സന്ന്യാസിനീ സമൂഹമാണ് വിമലമേരി മിഷനറി സഹോദരികൾ അഥവാ എം.എസ്.എം.ഐ. വചനപ്രഘോഷണത്തിലൂടെയും കുടുംബപ്രേഷിതത്വത്തിലൂടെയും യേശുവിന്റെ രക്ഷാകരസ്നേഹം നൽകുവാൻ ഈ സമൂഹം ജാഗ്രതയോടെ നിലകൊള്ളുന്നു. സ്ഥാപകപിതാവായ സി. ജെ. വർക്കിയച്ചൻ ദൈവവചന പ്രഘോഷണത്തിനുള്ള അതീവതീക്ഷ്ണതയോടെ 1972 ൽ ഭോപ്പാൽ അതിരൂപതയിൽ ഫത്തേപ്പൂർ മിഷൻ ആരംഭിക്കുകയും തുടർന്ന് ഇന്ത്യയിലും വിദേശത്തും നിരവധി മിഷൻ സെന്ററുകൾ വ്യാപിപ്പിക്കുകയും ചെയ്തു
1988 ഒക്ടോബർ 15 ന് വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ എം.എസ്.എം.ഐ സന്ന്യാസ സമൂഹത്തെ പൊന്തിഫിക്കൽ പദവിയിലേക്ക് ഉയർത്തി.
നാലു പ്രൊവിൻസുകളിലായി 151 ശാഖാ ഭവനങ്ങളും 820 സിസ്റ്റേഴ്സുമുള്ള ഈ സമൂഹത്തിലെ സഹോദരിമാർ വിവിധ പ്രേഷിത ശുശ്രൂഷകളിലൂടെ ദൈവത്തിനും ദൈവജനത്തിനുമായി തങ്ങളുടെ ജീവിതം സമർപ്പിച്ചിരിക്കുന്നു. ഭവനസന്ദർശനം, ദൈവവചനപ്രഘോഷണം, വിദ്യാഭ്യാസം, ഗ്രാമോദ്ധാരണ പ്രവർത്തനങ്ങൾ, ആതുരശുശ്രൂഷ, പ്രോലൈഫ് പ്രവർത്തനങ്ങൾ, രോഗികളും അനാഥമായവരുടെ പരിപാലനം, മതബോധനം, ക്രിസ്റ്റീൻ പ്രോഗ്രാം, യുവജന പ്രവർത്തനങ്ങൾ, കൗൺസിലിംഗ്, ജയിൽമിനിസ്ട്രി തുടങ്ങിയ ഒട്ടേറെ ശുശ്രൂഷകൾ സഹോദരിമാർ ചെയ്തുവരുന്നു. കുടുംബങ്ങളുടെയും വ്യക്തികളുടെയും നവീകരണവും എല്ലാ തിന്മകളിൽ നിന്നുമുള്ള ദൈവജനത്തിന്റെ വിമോചനവും ലക്ഷ്യം വച്ചുകൊണ്ട് സഭയിലെ നാലു ധ്യാന സെന്ററുകളിൽ സിസ്റ്റേഴ്സ് മുഴുവൻസമയ വചനപ്രഘോഷണത്തിൽ ഏർപ്പെട്ടിരിക്കുന്നു.
ഭവനസന്ദർശനത്തിന് സിസ്റ്റേഴ്സ് പ്രാധാന്യം കൊടുക്കുകയും അതുവഴി കുടുംബനവീകരണം സാധ്യമാക്കുകയും ചെയ്യുന്നു. ഹോംമിഷൻ പോലെയുള്ള ശുശ്രൂഷകൾ വഴി വളരെപേർ വിശ്വാസജീവിതത്തിലേക്ക് തിരിച്ച് വരികയും നഷ്ടപ്പെട്ടുപോയ കുടുംബപ്രാർഥനകളും കൗദാശിക ജീവിതവും പുനരാരംഭിക്കുന്നതിനും എം.എസ്.എം.ഐ സന്യാസിനിമാർ കാരണമായിട്ടുണ്ട്. മരിയൻ ആധ്യാത്മികതയിൽ വേരുറപ്പിക്കപ്പെട്ടിരിക്കുന്നതാണ് ഈ സന്ന്യാസിനീ സമൂഹത്തിന്റെ ആധ്യാത്മികത. രക്ഷകന്റെ അമ്മയായ പരിശുദ്ധ മറിയത്തിൽ വിളങ്ങിയിരുന്ന ആത്മീയചൈതന്യമാണ് ഓരോ എം.എസ്.എം.ഐ സഹോദരിയുടെയും ജീവിതത്തിന് നിറം പകരുന്നത്.
സിസ്റ്റർ എൽസി വടക്കേമുറി എം.എസ്.എം.ഐ
സുപ്പീരിയർ ജനറൽ


