പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരുവനായിരുന്ന തോമസ് തന്റെ വിശ്വാസപ്രഖ്യാപനത്തിലൂടെ ഒരു ജനതയുടെ പിതൃസ്ഥാനത്തേക്ക് ഉയർന്ന ധന്യനായ ശ്ലീഹായാണ്. മറ്റുള്ളവരിൽനിന്നു വ്യത്യസ്തനായിരുന്ന ശ്ലീഹാ തനതായ വഴികൾ തെളിച്ചു ജീവിച്ചു. ഗുരു ജീവിച്ചിരുന്നപ്പോൾ മനസ്സിലാകാത്തതു ചോദിച്ചു വ്യക്തതവരുത്താനും വൈകാരികമായി ഗുരുവിന്റെ കൂടെനില്ക്കാനും ധൈര്യംകാണിക്കുകയും മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ചെയ്ത ധീരനായ വ്യക്തി. മറ്റുള്ളവരുടെ ഉത്ഥാനാനുഭവസാക്ഷ്യം കേട്ടു തൃപ്തിയടയാൻ കൂട്ടാക്കാതെ, നേരിട്ടുകാണണമെന്നും തൊടണമെന്നും അനുഭവിച്ചറിയണമെന്നും വാശിപിടിച്ച ശിഷ്യൻ. അവന്റെ നിർബന്ധത്തിനു വഴങ്ങി ഉത്ഥിതനായവൻ വീണ്ടും പ്രത്യക്ഷപ്പെട്ടു; തോമസിനുവേണ്ടിയുള്ള പ്രത്യേക ദർശനം!
തന്റെ മുൻപിൽ മുറിപ്പാടുകളുമായി വന്നുനില്ക്കുന്നവനെ സംശയിച്ചു വീണ്ടും മുറിവേല്പ്പിക്കാൻ തോമാശ്ലീഹാ തുനിഞ്ഞില്ല. മുറിവിൽ അവൻ തൊട്ടില്ല. ഹൃദയം നുറുങ്ങി നടത്തിയ വിശ്വാസപ്രഖ്യാപനത്തിലൂടെ തോമാശ്ലീഹാ ഉത്ഥിതന്റെ സ്നേഹവലയത്തിൽ സംശയമില്ലാതെ, ചോദ്യമില്ലാതെ ഉപാധികളില്ലാതെ കീഴടങ്ങി. “എന്റെ കർത്താവേ, എന്റെ ദൈവമേ” എന്നു ഹൃദയം നിറഞ്ഞു തോമാശ്ലീഹാ വിളിച്ചു. ആ വിളിയിൽ തന്റെ ശിഷ്യന്റെ ഹൃദയം ഗുരു വായിച്ചെടുത്തു. ദൈവാനുഭവത്തിനുവേണ്ടി കൊതിക്കുന്ന തോമസിനെപ്പോലെ ശാഠ്യംപിടിക്കുന്ന എണ്ണമറ്റ മക്കളുടെ ചിത്രം ഗുരുമനസ്സിൽ നിറഞ്ഞു. എല്ലാവർക്കും എന്നും എപ്പോഴും തന്നെ കാണാൻ സാധിക്കില്ലല്ലോ. അതിനാൽ അവൻ പറഞ്ഞു: “കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ”. തന്നിൽ വിശ്വസിക്കണമെങ്കിൽ തന്റെ മനുഷ്യശരീരമോ മഹത്വീകൃതശരീരമോ കാണണമെന്നോ തൊടണമെന്നോ ഒക്കെ മാനദണ്ഡം നിശ്ചയിക്കാനുള്ള സാധ്യതകളെ ഈശോ മാറ്റിക്കളയുന്നു. കാലദേശങ്ങൾക്കും സംസ്കാരങ്ങൾക്കുമപ്പുറം അപ്പോസ്തോലന്മാർ കണ്ടതുപോലെ, തോമസ് സ്പർശിച്ചതുപോലെ കാണാനും സ്പർശിക്കാനും കഴിയാതിരുന്നിട്ടും തന്നിൽ വിശ്വസിക്കുന്ന വലിയൊരു ഗണത്തെ അവിടുന്ന് കണ്ടു. അവരുടെ ദൈവാനുഭവത്തിന്റെ അളവുകോൽ അവൻ നിശ്ചയിച്ചു. തോമസിനെപ്പോലെ കാണണമെന്നും തൊടണമെന്നും ഒന്നുമില്ല. വിശ്വസിച്ചാൽ മതി; അതുമാത്രം മതി!
തന്നെ സ്നേഹിക്കുന്നവരുടെ സ്നേഹം അറിയാൻ കഴിയാത്ത ഹൃദയമല്ല ഈശോയുടേത്. താൻ പകർന്നുകൊടുത്ത സ്നേഹത്തിന്റെ സുവിശേഷം സഹസ്രാബ്ദങ്ങളിലൂടെ പ്രഘോഷിക്കപ്പെടുമ്പോൾ തോമസിനെപ്പോലെ കാണാനും തൊടാനും കൊതിക്കുന്ന വിശ്വാസികളുടെ ഹൃദയാഭിലാഷം അവൻ മനസ്സിലാക്കി. യോഹന്നാന്റെ സുവിശേഷം പതിമൂന്നാം അധ്യായം ഒന്നാം വാക്യം ഇങ്ങനെയാണ്: “ഈ ലോകം വിട്ടു പിതാവിന്റെ സന്നിധിയിലേക്കു പോകാനുള്ള സമയമായി എന്നു പെസഹാതിരുനാളിനുമുൻപ് ഈശോ അറിഞ്ഞു. ലോകത്തിൽ തനിക്കു സ്വന്തമായുള്ളവരെ അവൻ സ്നേഹിച്ചു, അവസാനംവരെ സ്നേഹിച്ചു”. ഈശോയുടെ ഈ സ്നേഹത്തിന്റെ അടയാളമാണ് പരിശുദ്ധ കുർബാന.
മനുഷ്യനായി ഭൂമിയിൽ അവതരിച്ച ഈശോയെ കാണാനും തൊടാനും അടുത്തിരിക്കാനുമുള്ള മനുഷ്യന്റെ ആഗ്രഹത്തിനുള്ള ഉത്തരമാണ് വിശുദ്ധ കുർബാന. തിരുവോസ്തിയിലുള്ള കർത്താവിന്റെ യഥാർഥ സാന്നിധ്യത്തിലാണ് സഭയുടെ വിശ്വാസം അടിസ്ഥാനമിട്ടിരിക്കുന്നത്. കൂദാശചെയ്ത ഗോതമ്പപ്പത്തിന്റെ മുൻപിൽ മുട്ടുകുത്തി വിശ്വാസത്തിന്റെ കണ്ണുകളിലൂടെ മഹത്വീകൃതനായ ഈശോയെ കണ്ടു ആത്മസംതൃപ്തി അടയുന്നവരിൽ ചിലർക്ക് അവൻ തന്റെ സാന്നിധ്യത്തിന്റെ പ്രത്യേക അനുഭവം നൽകാറുണ്ട്. കാലാകാലങ്ങളിൽ നടന്ന ദിവ്യകാരുണ്യ അടയാളങ്ങളും അത്ഭുതങ്ങളും നമ്മെ സ്നേഹിക്കുന്ന അവിടത്തെ പ്രത്യേക ഹൃദയസ്പന്ദനങ്ങളായിരുന്നു. ഈശോയുടെ സ്നേഹപ്രകടനത്തിന്റെ ഏറ്റവും അടുത്ത നേർക്കാഴ്ചയാണ് തലശ്ശേരി അതിരൂപതയിലെ വിളക്കന്നൂരിലെ ദിവ്യകാരുണ്യ അടയാളം. വിശുദ്ധ കുർബാനയുടെ അടയാളങ്ങളും അത്ഭുതങ്ങളുംവഴി ഈശോ നമ്മോടു പറയുന്ന സത്യമിതാണ്: കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ!
ആഴമായ ദൈവാനുഭവമില്ലാത്ത പ്രേഷിതവേലയും പ്രഘോഷണവും പാഴ്വേല. തോമാശ്ലീഹായെപ്പോലെ ഈശോയെ തൊട്ടറിയാനുള്ള അവസരമാണ് നമുക്കു പരിശുദ്ധ കുർബാനയിൽ. നമ്മുടെ ഹൃദയങ്ങളും ‘എന്റെ കർത്താവേ, എന്റെ ദൈവമേ’ എന്ന് ഏറ്റുപറയുമ്പോൾ ഈശോ പറഞ്ഞ ഭാഗ്യനുഭവം നമുക്കും കരഗതമാകും. തോമാശ്ലീഹായെപ്പോലെ ദൈവാനുഭവത്തിന്റെ ഈ ‘ഭാഗ്യം’, സുവിശേഷവേലയുടെ കർമ്മപഥത്തിലേക്കും സഹനത്തിന്റെ ജീവിതവഴികളിലൂടെ ഉത്ഥാനസാക്ഷ്യത്തിലേക്കും നമ്മെ നയിക്കട്ടെ!


