ഈ കാലഘട്ടത്തിലെ കുടുംബങ്ങളെയും യുവജനങ്ങളെയും കൗമാരക്കാരെയും ഗൗരവമായി ബാധിക്കുന്ന ഒരു വലിയ വിപത്തായി ലഹരി ഉപയോഗം മാറിക്കഴിഞ്ഞിരിക്കുന്നു. ജീവിതത്തിൽ കഷ്ടപ്പാടുകളും പ്രതിസന്ധികളും മറക്കാൻ കുറുക്കുവഴികൾ കണ്ടുപിടിക്കുന്നതിന്റെയും ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുന്നതിന്റെയും ഭാഗമായിട്ടാണ് ഒരുവിഭാഗം ആളുകൾ ലഹരിമരുന്നുകൾക്ക് അടിപ്പെട്ടുപോകുന്നത്. കേവലം വിനോദമായും നിരുപദ്രവകരമായും വ്യാഖ്യാനിക്കപ്പെടുന്ന പുകവലിയിൽനിന്നാണ് ലഹരിമരുന്നുകളുടെ ഉപയോഗം ആരംഭിക്കുന്നതെന്നാണ് പറയപ്പെടുന്നത്. പുകവലിയിൽ നിന്നുള്ള അടുത്തഘട്ടം മദ്യപാനമാണ്. ഏറ്റവും ഒടുവിൽ ലഹരിമരുന്നുകളും.
മദ്യപാനം ഇന്ന് സാമൂഹ്യവൽക്കരിക്കപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്. ഒരുമിച്ചുകൂടുന്ന എല്ലാ ഇടങ്ങളിലും- മതപരമായ ചടങ്ങുകളിലും കുടുംബത്തിലെ ആഘോഷങ്ങളിലും എന്തിന് മരണവീടുകളിൽപോലും- മദ്യപാനം സർവ്വസാധാരണമായി കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ മദ്യപാനത്തിൽ നിന്ന് അടുത്തപടിയിലേക്ക് കടന്ന് മയക്കുമരുന്നുകളാണ് പലരും ഉപയോഗിക്കുന്നതെന്നു മാത്രം. മണമില്ലാത്തതും ബാഹ്യചേഷ്ടകളിലൂടെ പെട്ടെന്ന് മറ്റൊരാൾക്ക് തിരിച്ചറിയാൻ കഴിയാത്തതുമെല്ലാം ലഹരിമരുന്നുകളുടെ ഉപയോഗം വർദ്ധിച്ചുവരുന്നതിന് കാരണമായി മാറിയിട്ടുണ്ട്. പ്രകൃതിദത്തമായ മയക്കുമരുന്നുകളെ വിട്ട് കെമിക്കൽ മയക്കുമരുന്നുകളിലേക്കാണ് ഇന്നത്തെ യുവതലമുറ ആകൃഷ്ടരായിരിക്കുന്നത്. കൊക്കെയ്ൻ, ഹെറോയിൻ, മരിജുവാന എന്നിവയെല്ലാം അതിൽ പെട്ടതാണ്.
മയക്കുമരുന്നു ഉപയോഗിക്കുന്നത് വലിയൊരു പ്രശ്നമാണോയെന്ന് ചോദിക്കത്തക്കവിധത്തിൽ സാമൂഹ്യമന:സാക്ഷി അധപ്പതിച്ചിരിക്കുന്ന ഒരു കാലഘട്ടം കൂടിയാണ് ഇത്. ഈ അപകടത്തിൽ നിന്ന് സമൂഹത്തെ രക്ഷിക്കാൻ നമുക്ക് സാമൂഹികമായ ഉത്തരവാദിത്തവും കടമയുമുണ്ട്. സഭാസംവിധാനത്തിൻ കീഴിൽ പലയിടത്തും ഡി അഡിക്ഷൻ സെന്ററുകൾ പ്രവർത്തിക്കുന്നത് ഇത്തരമൊരു ലക്ഷ്യത്തോടെയാണ്. ലഹരിഉപയോഗം സമൂഹത്തിൽ നിന്ന് നിർമ്മാർജ്ജനം ചെയ്ത് മെച്ചപ്പെട്ട ഒരു തലമുറയെ വാർത്തെടുക്കുക എന്ന പ്രവർത്തനമാണ് ഇത്തരം സെന്ററുകൾ കാഴ്ചവയ്ക്കുന്നത്. പക്ഷേ പലരും ഡി അഡിക്ഷൻ സെന്ററുകളുടെ സാധ്യത പ്രയോജനപ്പെടുത്തുന്നില്ല. കുടുംബത്തിന് നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിലും ഭീഷണിയാകുന്ന വിധത്തിലുമായി കഴിയുമ്പോൾ ബലം പിടിച്ചെന്നോണമാണ് പലരെയും ഡീ അഡിക്ഷൻ സെന്ററുകളിൽ എത്തിക്കുന്നത്.
കൈനനയാതെ മീൻപിടിക്കുക എന്നു പറയുന്നതുപോലെ അധ്വാനിക്കാതെ പണം കണ്ടെത്താനുള്ള മാർഗമായിട്ടാണ് ചില ചെറുപ്പക്കാർ ലഹരിമരുന്നുകളുടെ കച്ചവടത്തിന് ഇറങ്ങിത്തിരിക്കുന്നത്. കഠിനാധ്വാനം കൂടാതെ എളുപ്പത്തിൽ പണം സമ്പാദിക്കാമെന്ന തെറ്റിദ്ധാരണ സമൂഹത്തിൽ പരത്താതിരിക്കാനും നാം ശ്രദ്ധിക്കേണ്ടതുണ്ട്.
മൂല്യബോധമുള്ള സമൂഹം സ്വഭാവരൂപീകരണത്തിൽ പ്രധാനപങ്കുവഹിക്കുന്നുണ്ട്. അതുകൊണ്ട് നമ്മുടെ സമൂഹത്തിലെ മൂല്യബോധം വർധിപ്പിക്കേണ്ടതും അത്യാവശ്യമാണ്. കുട്ടിയാണെങ്കിലും കൗമാരക്കാരനാണെങ്കിലും യുവാവാണെങ്കിലും കുടുംബനാഥനാണെങ്കിലും തങ്ങളുടെ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ അവർ മൂല്യാധിഷ്ഠിത കാഴ്ചപ്പാട് പുലർത്തേണ്ടതുണ്ട്. മൂല്യബോധങ്ങൾ പകർന്നുനല്കുന്നതിൽ ചില സമ്പ്രദായങ്ങൾക്കു സംഭവിച്ച പരാജയം ഇത്തരത്തിലുള്ള വഴിതെറ്റലുകൾക്കു ഇടയാക്കിയിട്ടുണ്ടെന്നും പറയാതെ വയ്യ. മൂല്യാധിഷ്ഠിതമായ ജീവിതം നയിക്കാൻ, സ്വഭാവരൂപവല്ക്കരണം മികച്ചതാക്കാനുള്ള പരിശീലനം എല്ലാ പരിശീലനക്കളരികളിലും നാം നടപ്പിലാക്കേണ്ടതുണ്ട്.
വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം സഭയെ ഇന്ന് വല്ലാതെ ബാധ്യതപ്പെടുത്തുന്നുണ്ട്. മദ്യം വിഷമാണെന്നും അത് കുടുംബത്തെയും സമൂഹത്തെയും ആത്മാവിനെയും നശിപ്പിക്കുന്നുവെന്ന് മടികൂടാതെ പ്രഘോഷിക്കുന്ന സഭ ഇനിയുള്ള കാലം മയക്കുമരുന്നുകൾക്കെതിരെയും നിരന്തരമായ പോരാട്ടത്തിന് ഇറങ്ങിത്തിരിക്കേണ്ടതുണ്ട്. മയക്കുമരുന്നുകളുടെ ഉപയോഗം വരുത്തിവയ്ക്കുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവൽക്കരിക്കാൻ സഭ പ്രതിജ്ഞാബദ്ധവുമാണ്.
ലഹരിയെന്ന വിപത്തിൽ നിന്ന് രക്ഷപ്പെടാനും അതിൽ നിന്ന് സമൂഹത്തെ പ്രതിരോധിക്കാനും നമുക്കെല്ലാവർക്കും ഒത്തൊരുമയോടെ കഠിനാധ്വാനം ചെയ്യാം. മതങ്ങൾക്ക് അതീതമായി മനുഷ്യരെല്ലാവരും ഒരുമിച്ചുനിന്നാൽ മാത്രമേ ഇത് സാധ്യമാകൂ. കാരണം ഒരു മതവും മദ്യപാനമോ ലഹരിവസ്തുക്കളുടെ ഉപയോഗമോ പ്രോത്സാഹിപ്പിക്കുന്നില്ല. അതുകൊണ്ട് എല്ലാ മതങ്ങളും ഒരുമിച്ചുനില്ക്കുന്ന വേദികൾ ഇക്കാര്യത്തിനുവേണ്ടി നാം രൂപീകരിക്കേണ്ടതുണ്ട്. അതിനുള്ള സാധ്യതകൾ കണ്ടെത്തേണ്ടതുമുണ്ട്.
മേജർആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ


