ദൈവദാസൻ ജോസഫ് പഞ്ഞിക്കാരൻ ആരംഭിച്ച സന്യാസസമൂഹമാണ് മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ്
രോഗിപരിചരണം വഴിയായി വേദനിക്കുന്ന മനുഷ്യരാശിയെ ആശ്വസിപ്പിക്കാൻ ജീവിതം സമർപ്പിച്ചവരുടെ സന്യാസസമൂഹമാണ് മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ്. (എംഎസ് ജെ) കേരള കത്തോലിക്ക സഭയിൽ ചരിത്രപണ്ഡിതൻ, പത്രപ്രവർത്തകൻ, ആതുരസേവകൻ എന്നീ നിലകളിൽ പ്രസിദ്ധിയാർജിച്ച ദൈവദാസൻ ജോസഫ് പഞ്ഞിക്കാരനച്ചനാണ് മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫിന് ജന്മം കൊടുത്തത്. 1929 ൽ അദ്ദേഹം ഒരു രോഗീശുഫ്രബഫശൂഷ കേന്ദ്രം നിർമ്മിക്കുവാനായി കോതമംഗലത്ത് സ്ഥലം വാങ്ങുകയും അതിന് “ചാരിറ്റി മൗണ്ട്” അഥവാ ധർമ്മഗിരി എന്ന പേരിടുകയും ചെയ്തു. 1934 ൽ ധർമ്മഗിരി ആശുപത്രിയും 1936 ൽ അങ്കമാലിയിൽ ഒരു വാടക കെട്ടിടത്തിൽ ഡിസ്പെൻസറിയും ആരംഭിച്ചു. 1946 ൽ രോഗീശുശ്രൂഷയ്ക്കായി വിശുദ്ധ യൗസേപ്പിതാവിനെ സ്വർഗീയ മധ്യസ്ഥനായി സ്വീകരിച്ചുകൊണ്ട് മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് എന്ന സന്യാസിനി സമൂഹവും സ്ഥാപിച്ചു.1946 ജൂലൈ മൂന്നാം തീയതി ഏഴു സഹോദരിമാരുടെ വ്രത വാഗ്ദാനത്തോടുകൂടി ആരംഭിച്ച സമൂഹത്തിൽ ഇന്ന് 800 പേരുണ്ട്. നിയമങ്ങളുടെ അനുസരണം വഴിയായി അംഗങ്ങളുടെ വിശദീകരണവും അവരുടെ ഫലദായകമായ ശുശ്രൂഷയും ജീവിതമാതൃകയും വഴി ആത്മാക്കളുടെ രക്ഷയും ആണ് സഭയുടെ ലക്ഷ്യം.
സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സ്വാർത്ഥനിഗ്രഹത്തിന്റെയും അരൂപിയാൽ പ്രേരിതരായി സഭാംഗങ്ങൾ രോഗിപരിചരണം നടത്തണം. മാതൃസഹജമായ ക്ഷമ, സൗമ്യമനോഭാവം, മടുപ്പില്ലാത്ത അധ്വാനം, പ്രസന്ന വദനം, ക്രിസ്തു തന്നെയായ രോഗികളുടെ മേലുള്ള നിരന്തരമായ ശ്രദ്ധ എന്നിവ എം എസ് ജെ സമൂഹ അംഗങ്ങളിൽ ഉണ്ടായിരിക്കേണ്ട പ്രത്യേക സ്വഭാവസവിശേഷതകളാണ്.
എം എസ് ജെ സഭാ സ്ഥാപനത്തിനുള്ള അനുവാദം എറണാകുളം മെത്രാപ്പോലീത്തയിൽ നിന്നും ലഭിച്ചിട്ട് 50 വർഷം തികയുന്ന സുവർണ്ണ ദിനത്തിൽ സഭാ വിഭജനം നടന്നു. സെന്റ് ജോസഫ് പ്രോവിൻസ് കോതമംഗലം, നിർമ്മല പ്രോവിൻസ് എറണാകുളം, ലിറ്റിൽ ഫ്ളവർ പ്രോവിൻസ് ലക്നൗ, സെന്റ് തോമസ് പ്രോവിൻസ് കോഴിക്കോട് എന്നിങ്ങനെ നാലു പ്രോവിൻസുകളുണ്ട്. പ്രോവിൻസുകളായി വളർന്നതോടെ സഭയുടെ ആസ്ഥാനമായ ജനറലെറ്റ് കോതമംഗലം അടുത്തായിട്ടുള്ള കോഴിപ്പിള്ളിയിലേക്ക് മാറ്റി സ്ഥാപിച്ചു. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ജമ്മു കാശ്മീർ, ജാർഖണ്ഡ്, മഹാരാഷ്ട്ര, തമിഴ്നാട്, കേരളം, കർണാടക എന്നീ സംസ്ഥാനങ്ങളിലും അമേരിക്ക, ജർമ്മനി, ഓസ്ട്രിയ, ആഫ്രിക്ക എന്നിവിടങ്ങളിലുമായി 90 ന്മേൽ ഭവനങ്ങൾ ധർമ്മഗിരിക്ക് ഇന്ന് സ്വന്തം. ലോകത്തിൽ എവിടെയും പോയി രോഗീശുശ്രുഷയിലൂടെ കർതൃ ശുശ്രൂഷ ചെയ്യാൻ സഹോദരികൾ സന്നദ്ധരായിരിക്കണം എന്നുള്ള വന്ദ്യ പിതാവിന്റെ ആഹ്വാനത്തിന് എം എസ് ജെ മക്കളുടെ മറുപടിയാണ് വിദേശത്ത് ചെയ്യുന്ന മെഡിക്കൽ മിഷൻ പ്രവർത്തനം
ഇന്ത്യയിലെ ഓരോ ശാഖാ ഭവനത്തോടും ചേർന്ന് വിവിധ പ്രേഷിത പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ജനറൽ ആശുപത്രികൾ, മാനസികരോഗ ആശുപത്രികൾ, ഡിസ്പെൻസറികൾ, കാൻസർ തുടങ്ങിയ മാറാരോഗികൾക്ക് വേണ്ടിയുള്ള ആതുരാലയങ്ങൾ, ജീവിതസായാഹ്നത്തിൽ എത്തിയവർക്ക് വേണ്ടിയുള്ള വിശ്രമഭവനങ്ങൾ, അനാഥരും രോഗികളും ആയിട്ടുള്ളവർക്കുള്ള സംരക്ഷണ കേന്ദ്രങ്ങൾ, ധ്യാനകേന്ദ്രങ്ങൾ, സാധുജന സംരക്ഷണ ആലയങ്ങൾ, സാമൂഹ്യക്ഷേമ കേന്ദ്രങ്ങൾ ഇവയെല്ലാം അതിൽ ഉൾപ്പെടുന്നു. പൊതുജന ആരോഗ്യവും ഗ്രാമങ്ങളുടെ സമഗ്ര വിമോചനത്തിനുള്ള പദ്ധതികളും എം എസ് ജെ യുടെ പ്രേഷിത പ്രവർത്തനങ്ങളാണ്. രോഗി പരിചരണത്തിൽ മികവുറ്റ പരിശീലനം നൽകുന്ന സ്ഥാപനങ്ങളും എം എസ് ജെ യുടെ പ്രേഷിത മേഖലയാണ്. DNB, DGO, നഴ്സിംഗ്, ഫാർമസി, ലബോറട്ടറി ടെക്നോളജി ഇവയിൽ മികവുറ്റ പരിശീലനം നൽകുന്ന ഡിപ്ലോമ, ഡിഗ്രി കോഴ്സുകളും, ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള പരിശീലന കേന്ദ്രങ്ങളും കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു.
1949 നവംബർ നാലിന് പഞ്ഞിക്കാരനച്ചൻ സ്വർഗപ്രാപ്തനായതോടെ ഫാ. ജോർജ് മേനാച്ചേരി ധർമ്മഗിരി സ്ഥാപനങ്ങളുടെ ഡയറക്ടറായി. മോൺ. മേനാച്ചേരി 1969 ജനുവരി 31ന് ദിവംഗതനായി. ദൈവദാസൻ ജോസഫ് പഞ്ഞിക്കാരനച്ചനെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിനുള്ള നാമകരണ നടപടികൾ 2010 ൽ ആരംഭിച്ചു, 1990 ഫെബ്രുവരി 19 ന് എം എസ് ജെ സന്യാസിനി സമൂഹം പൊന്തിഫിക്കൽ പദവിയിലേക്ക് ഉയർത്തപ്പെട്ടു. നാളിതുവരെ 13 സുപ്പീരിയർ ജനറൽമാർ സഭാഭരണത്തിന് നേതൃത്വം നൽകി 2019 ഒക്ടോബർ 31ന് സന്യാസിനി സമൂഹം പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു.
സിസ്റ്റർ ഫിലോമി എം എസ് ജെ
സുപ്പീരിയർ ജനറൽ



