മഹാനായ വി.ബേസിൽ (379)

Published on

ഗ്രീക്കു സഭാപാരമ്പര്യത്തിലെ മൂന്നു എക്യുമെനിക്കൽ പിതാക്കന്മാരിലൊരാളാണ് വി. ബേസിൽ. സ്നേഹത്തിന്റെ അപ്പസ്തോലൻ എന്ന നിലയിൽ സഭാതലത്തിൽ അദ്ദേഹം പ്രശോഭിക്കുന്നു. ഏഷ്യാമൈനറിലെ കപ്പദോച്ചിയായിലാണ് അദ്ദേഹം ജനിച്ചത്. ആത്മസുഹൃത്തായിരുന്ന നസിയാൻസൂസിലെ ഗ്രിഗറിയോടൊപ്പം ആഥൻസിൽ ഉപരിപഠനം അദ്ദേഹം നിർവഹിച്ചു. മാമോദീസാ സ്വീകരിച്ചശേഷം സിറിയ, ഈജിപ്ത് എന്നീ ദേശങ്ങളിലൂടെ യാത്ര ചെയ്ത് ക്രൈസ്തവ താപസസന്യാസികളോടൊപ്പം ജീവിച്ചു. 370 ൽ ബേസിൽ കപ്പദോച്ചിയായിലെ മെത്രാപ്പോലീത്തയായിത്തീർന്നു. ഉത്തമനായ അജപാലകൻ, സാമൂഹികനീതിയുടെ വക്താവ്, ത്രിത്വത്തിന്റെ ദൈവശാസ്ത്രജ്ഞൻ, സന്യാസകൂട്ടായ്മയുടെ പ്രചാരകൻ, കാരുണ്യപ്രവർത്തനങ്ങളുടെ ഉപജ്ഞാതാവ്, ആരാധനക്രമ നവോത്ഥാരകൻ എന്നീ നിലകളിൽ അദ്ദേഹം അറിയപ്പെടുന്നു. 49- ാമത്തെ വയസിലാണ് അദ്ദേഹം അന്തരിച്ചത്.

പാവപ്പെട്ടവരെയും അനാഥരെയും അദ്ദേഹം സംരക്ഷിച്ചുപോന്നു. ദൈവാരാധനയെയും കാരുണ്യപ്രവൃത്തികളെയും പരസ്പരബന്ധിതമായിട്ടാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. സഭയുടെ പ്രവർത്തനങ്ങളുടെ മുഴുവൻ കേന്ദ്രമായി ദൈവാരാധനയെ അദ്ദേഹം വിവക്ഷിക്കുന്നു. പുണ്യങ്ങൾ എക്കാലത്തും നിലനില്ക്കുന്നവയാണെന്നാണ് അദ്ദേഹം പഠിപ്പിക്കുന്നത്. ആരിയനിസത്തിന്റെ പശ്ചാത്തലത്തിൽ ആരാധനക്രമത്തിൽ അദ്ദേഹം നടത്തിയ നവീകരണങ്ങൾ ഗ്രീക്കുസഭാപാരമ്പര്യത്തെ മുഴുവനും സ്വാധീനിച്ചിരുന്നു.

ത്രിത്വത്തിന്റെ ദൈവശാസ്ത്രം വിശദീകരിച്ച പ്രമുഖസഭാപിതാവാണ് വി. ബേസിൽ. സബല്ലിയനിസം, എവുണോമിയൂസിന്റെ തീവ്രആരിയനിസം, മാസിഡോണിയനിസം എന്നീ പാഷണ്ഡതകളെ അദ്ദേഹം ഖണ്ഡിച്ചു. പിതാവായ ദൈവത്തെ സ്രോതസായി അവതരിപ്പിച്ചുകൊണ്ട് ത്രിത്വത്തിലെ മൂന്നാളുകളുടെയും ഐക്യം അദ്ദേഹം വിശദീകരിച്ചു. പുത്രന്റെയും പരിശുദ്ധാരൂപിയുടെയും ദൈവത്വം ഇപ്രകാരമാണ് അദ്ദേഹം സമർഥിച്ചത്. ഇക്കാരണത്താൽ മൂന്നാളുകളും ഒരേ സ്തുതിക്കും ബഹുമാനത്തിനും അർഹരാണ്. പിതൃത്വം, പുത്രത്വം, വിശുദ്ധീകരണ കർമം എന്നിവയാണ് മൂന്നാളുകളെ വ്യത്യസ്തരാക്കുന്ന ഘടകങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. വിശുദ്ധീകരണം എന്ന ദൈവികപ്രവൃത്തി പരിശുദ്ധാരൂപി നിർവഹിക്കുന്നതിനാൽ, അവിടുന്ന് ദൈവമാണെന്ന് ബേസിൽ സമർഥിക്കുന്നു. പരിശുദ്ധാരൂപിയുടെ ഈ ചൈതന്യമാണ് സഭ മുഴുവനിലും നിറഞ്ഞുനില്ക്കുന്നത്.

ബേസിൽ തയ്യാറാക്കിയ രണ്ടു സന്യാസനിയമങ്ങൾ സന്യാസചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. ഒന്നാം ഗണത്തിൽ 55 വലിയനിയമങ്ങളും രണ്ടാം ഗണത്തിൽ 313 ചെറിയ നിയമങ്ങളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പാശ്ചാത്യ-പൗരസ്ത്യ സഭകളിലെ സന്യാസനവോഥാനത്തിന്റെ മുഴുവൻ അടിസ്ഥാനമായി നിലകൊള്ളുന്നത് ബേസിലിന്റെ നിയമങ്ങളാണ്. ദൈവസ്നേഹമാണ് സന്യാസത്തിന്റെ അടിസ്ഥാനമെന്ന് അദ്ദേഹം പഠിപ്പിക്കുന്നു. സഭാശുശ്രൂഷകളും കാരുണ്യപ്രവർത്തനങ്ങളും സന്യാസത്തിന്റെ ഭാഗമാണ്. ഇപ്രകാരം വി. ഗ്രന്ഥാധിഷ്ഠിതമായ ഒരു സന്യാസജീവിതത്തിന് അദ്ദേഹം അടിത്തറ പാകി.

ഗ്രീക്കുസഭയുടെ ചരിത്രത്തിൽ ‘ മഹാൻ ‘ എന്നറിയപ്പെടുന്ന ഏകസഭാപിതാവാണ് ബേസിൽ. അദ്ദേഹത്തിന്റെ പേരിലുള്ള ഒരു ആരാധനക്രമം ഗ്രീക്കുസഭാപാരമ്പര്യത്തിൽ ഉപയോഗത്തിലുണ്ട്.

റവ. ഡോ. തോമസ് കുഴുപ്പിൽ

Latest Updates

POPULAR Views

FEATUERD Views

മാര്‍ ശെമയോന്‍ ബര്‍സാബാ

പാപ്പാ ബര്‍ അഗ്ഗായിക്കുശേഷം സെലൂഷ്യസ്റ്റെസിഫോണിന്റെ മെത്രാനെന്ന നിലയില്‍ പേര്‍ഷ്യന്‍ സാമ്രാജ്യത്തിലെ വലിയ...

മാര്‍ മാറി

പാര്‍ത്തിയന്‍ സാമ്രാജ്യത്തിലെ ആദ്യമിഷനറിയായി ഗണിക്കപ്പെടുന്ന മാര്‍ മാറി തന്റെ ഗുരുവായ മാര്‍...

രക്തസാക്ഷിയായ വി. ജസ്റ്റിന്‍

പാലസ്തീനായിലെ നെയോപ്പോളീസില്‍ ഒരു വിജാതീയ കുടുംബത്തില്‍ ക്രിസ്തുവര്‍ഷം 100 ല്‍ ജനിച്ച...

അന്ത്യോക്യായിലെ വിശുദ്ധ തെയോഫിലസ്

ടൈഗ്രീസ്, യൂഫ്രട്ടീസ് നദികള്‍ക്കു സമീപം (ആധുനിക ഇറാക്കിന്റെ ഭാഗം) രണ്ടാം നൂറ്റാണ്ടിന്റെ...

അദ്ഭുതപ്രവര്‍ത്തകനായ വി.ഗ്രിഗറി

ക്രിസ്തുവര്‍ഷം 213 ല്‍  പൊന്തുസിലെ നെയോ കേസറിയായിലെ ഒരു വിജാതീയകുടുംബത്തില്‍ പിറന്ന...

നീസായിലെ വി. ഗ്രിഗറി

കപ്പദോസിയന്‍ പിതാക്കന്മാരില്‍ ഒരാളായ നീസായിലെ വിശുദ്ധ ഗ്രിഗറി അടിയുറച്ച ക്രൈസ്തവകുടുംബത്തിലാണ്  പിറന്നത്....

നസിയാന്‍സൂസിലെ വി.ഗ്രിഗറി

ക്രിസ്തുവര്‍ഷം 330 ഓടെ ഏഷ്യാമൈനറിലെ കപ്പദോക്യായിലുള്ള അരിയാന്‍സൂസില്‍ ജനിക്കുകയും 390 ഓടെ...

 സാറൂഗിലെ വി. യാക്കോബ്

ക്രിസ്തുവര്‍ഷം 451 ല്‍ മെസപ്പൊട്ടോമിയായിലെ കുര്‍ത്താം പട്ടണത്തില്‍ ജനിച്ച യാക്കോബ് പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം...

മിലാനിലെ വി. അംബ്രോസ്

 റോമിലെ പരമ്പരാഗത ക്രിസ്ത്യന്‍കുടുംബാംഗമായ മിലാനിലെ വിശുദ്ധ അംബ്രോസ് തന്റെ പിതാവ് അംബ്രോസിയസ്,...

അലക്‌സാണ്ട്രിയായിലെ വി. ക്ലമന്റ്

ക്രിസ്തുവര്‍ഷം 150 ഓടെ ഏഥന്‍സില്‍ വിജാതീയ മാതാപിതാക്കളില്‍നിന്നു ജനിച്ച  ടൈറ്റസ് ഫ്ലാവിയസ്...

പുവത്തിയേയിലെ  വി. ഹിലരി

പാശ്ചാത്യ റോമാസാമ്രാജ്യത്തിലെ ഗോള്‍ പ്രവിശ്യയിലുള്ള പുവത്തിയേ ( Poitiers ) എന്ന...

വി.ജെറോം

പാശ്ചാത്യപാരമ്പര്യത്തില്‍ മഹാന്മാരായി പരിഗണിക്കപ്പെടുന്ന നാലു സഭാപിതാക്കന്മാരില്‍ ഒരാളാണ് വി.ജെറോം. (വി. അംബ്രോസ്,...