പൗരസ്ത്യസഭകളിൽ വിവാഹത്തിന്റെ കാനോനികക്രമത്തിൽനിന്നു ഒഴിവു നല്കാൻ അധികാരമുള്ളത് ആർക്കാണ്? നമ്മുടെ സഭയിൽ ഇപ്രകാരം അനുവാദം വാങ്ങുന്നതിനുള്ള നടപടിക്രമം വിശദീകരിക്കാമോ?
വിവാഹത്തിന്റെ കാനോനികക്രമം പാലിക്കപ്പെട്ടെങ്കിൽമാത്രമേ പൗരസ്ത്യസഭകളിൽ വിവാഹം സാധുവായി കണക്കാക്കപ്പെടുകയുള്ളൂ. വിവാഹത്തിന്റെ കാനോനികക്രമം എന്താണെന്നു പൗരസ്ത്യ കാനൻനിയമം (CCEO c. 828 §§1-2) വ്യക്തമാക്കുന്നുണ്ട്.
- സ്ഥലമേലധ്യക്ഷന്റെയോ സ്ഥലത്തെവികാരിയുടെയോ, അല്ലെങ്കിൽ വിവാഹം ആശീർവദിക്കാൻ അവരിലാരെങ്കിലും അധികാരപ്പെടുത്തുന്ന വൈദികന്റെയോ സാന്നിധ്യം.
- രണ്ടു സാക്ഷികളുടെ സാന്നിധ്യം.
- വിവാഹം പരികർമം ചെയ്തുകൊണ്ടും ആശീർവദിച്ചുകൊണ്ടുമുള്ള വൈദികന്റെ സാന്നിധ്യം (Sacred Rite)
നിയമപ്രകാരം കത്തോലിക്കാസഭയിൽ അംഗമായിരിക്കുന്ന വ്യക്തി കത്തോലിക്കാസഭയിലെ തന്നെ മറ്റൊരുഅംഗമായിട്ടുവേണം വിവാഹബന്ധത്തിൽ ഏർപ്പെടാൻ. പൗരസ്ത്യ കാനൻനിയമമനുസരിച്ചു കത്തോലിക്കാസഭയിൽ മാമ്മോദീസാ സ്വീകരിച്ച എല്ലാവരും അവർ കത്തോലിക്കാസഭയുടെ അംഗങ്ങളായി കരുതിയാലും ഇല്ലെങ്കിലും വിവാഹത്തിനു സഭയുടെ കാനോനികക്രമം അനുസരിക്കുവാൻ ബാധ്യസ്ഥരാണ്. ദമ്പതികളിൽ ഒരാളെങ്കിലും കത്തോലിക്കാ സഭയിൽ മാമ്മോദിസ സ്വീകരിക്കുകയോ സ്വീകരിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ നിയമം അനുശാസിക്കുന്ന വിവാഹത്തിന്റെ കാനോനികക്രമം പാലിക്കേണ്ടതാണ് (CCEO c . 834 §1). എന്നിരുന്നാലും ഏതെങ്കിലും പൗരസ്ത്യസ്വയാധികാരസഭയിൽ അംഗമായിരിക്കുന്ന കത്തോലിക്കാകക്ഷി പൗരസ്ത്യ അകത്തോലിക്കാസഭയിലെ കക്ഷിയുമായി മിശ്രവിവാഹത്തിലേർപ്പെടുകയാണെങ്കിൽ നിയമം അനുശാസിക്കുന്ന വിവാഹത്തിന്റെ കാനോനികക്രമം പാലിക്കേണ്ടത് നൈയാമികതയ്ക്കു (liceity) വേണ്ടി മാത്രമാണ്. നിയമത്തിന്റെ മറ്റ് അനുശാസനങ്ങൾ പാലിക്കുന്നതോടൊപ്പം പുരോഹിതന്റെ ആശീർവാദവും സാധുതയ്ക്കുവേണ്ടി (validity) ആവശ്യമാണ് (CCEO c. 834 §2).
മിശ്രവിവാഹത്തിൽ (ഉദാ. കത്തോലിക്കാ സഭാംഗം അകത്തോലിക്കാ സഭയിലെ വ്യക്തിയുമായി വിവാഹബന്ധത്തിൽ ഏർപ്പെടുമ്പോൾ) കത്തോലിക്കാവിശ്വാസി കത്തോലിക്കാവിവാഹക്രമത്തിലല്ല വിവാഹം നടത്തുന്നതെങ്കിൽ കത്തോലിക്കാവിവാഹത്തിന്റെ കാനോനിക ക്രമത്തിൽനി്ന്ന് ഒഴിവു നിർബന്ധമായും വാങ്ങേണ്ടതാണ്. വളരെ ഗൗരവമുള്ള കാരണത്താൽ (ഉദാ. അകത്തോലിക്കാ കക്ഷിയോ, അദ്ദേഹത്തിന്റെ കുടുംബമോ യാതൊരു കാരണവശാലും കത്തോലിക്കാസഭയുടെ കർമക്രമത്തിൽ വിവാഹം നടത്താൻ സമ്മതിക്കാത്തപക്ഷം) ശൈ്ലഹികസിംഹാസനത്തിനോ പാത്രിയർക്കീസിനോ വിവാഹത്തിന്റെ കാനോനികക്രമത്തിൽ നിന്നു ഒഴിവു നല്കാവുന്നതാണ് (CCEO c 835). ലത്തീൻസഭയിൽ എല്ലാ മെത്രാന്മാർക്കുമുള്ള ഈ അധികാരം പൗരസ്ത്യസഭയിൽ ശൈ്ലഹികസിംഹാസനത്തിനും പാത്രിയർക്കീസിനുമായി സംവരണം ചെയ്തിരിക്കുന്നു.
സീറോമലബാർസഭയിൽ വിവാഹത്തിന്റെ കാനോനികക്രമത്തിൽ നിന്നു ഒഴിവു (Dispensation from the Canonical Form of Marriage) നല്കാൻ മേജർ ആർച്ചുബിഷപ്പിനാണ് അധികാരമുള്ളത്. ഇപ്രകാരമുള്ള ഒഴിവു വാങ്ങുന്ന കത്തോലിക്കാപങ്കാളി രൂപതാപത്രത്തിൽ അകത്തോലിക്കാപങ്കാളിയുമായി വിവാഹബന്ധത്തിൽ ഏർപ്പെടാനുള്ള സാഹചര്യവും ഇതിൽ മുന്നോട്ടു പോകാനുള്ള ഗൗരവപരമായ കാരണങ്ങളും എഴുതി, മിശ്രവിവാഹത്തിന്റെ (Mixed Marriage) നിബന്ധനകൾ (CCEO c. 814) പാലിക്കുമെന്ന ഉറപ്പും, ഇതിന്മേലുള്ള അകത്തോലിക്കാ പങ്കാളിയുടെ ഉറപ്പും, ഇപ്രകാരമുള്ള ആവശ്യം ന്യായമാണെന്നുള്ള ഇടവകവികാരിയുടെ ശിപാർശയോടുംകൂടി സ്ഥലമേലധ്യക്ഷനു സമർപ്പിക്കേണ്ടതാണ്. സ്ഥലമേലധ്യക്ഷൻ വിവാഹത്തിന്റെ കാനോനികനടപടിക്രമത്തിൽനിന്നു ഒഴിവു ലഭിക്കുന്നതിനുള്ള അപേക്ഷ സൂക്ഷ്മമായി പരിശോധിച്ച് ഇവരുടെ ആവശ്യം ന്യായമാണെന്നു കണ്ടാൽ മേജർആർച്ചുബിഷപ്പിന്റെ പക്കൽ അപേക്ഷകരുടെ പൂർണമായ വിവരങ്ങളും അവരുടെ അപേക്ഷയുമുൾപ്പെടെ സമർപ്പിക്കേണ്ടതാണ്. ഇപ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ അപേക്ഷ പരിഗണിച്ചാണ് വിവാഹത്തിന്റെ കാനോനികക്രമത്തിൽനിന്നു മേജർ ആർച്ചുബിഷപ്പ് ഒഴിവു (Dispensation) നല്കുന്നത്. ഇപ്രകാരം ഒഴിവു ലഭിച്ച കത്തോലിക്കാവ്യക്തികൾക്കു മാത്രമേ ഒരു അകത്തോലിക്കാസഭയുടെ വിവാഹക്രമമനുസരിച്ചു വിവാഹം നടത്താൻ അനുവാദമുള്ളു.
ഇപ്രകാരം വിവാഹത്തിന്റെ കാനോനികക്രമത്തിൽനിന്നു ഒഴിവു ലഭിക്കുന്ന മിശ്രവിവാഹങ്ങൾക്ക് മനസ്സമ്മതമോ, വിളിച്ചു ചൊല്ലലോ നടത്തുന്നതിനെക്കുറിച്ചു വ്യക്തത ഉണ്ടായിരുന്നില്ല. എന്നാൽ 2023 ആഗസ്റ്റ് 21 മുതൽ 26 വരെ നടന്ന സീറോമലബാർസഭയുടെ 31-ാം സിനഡിന്റെ മൂന്നാം സമ്മേളനം ഇപ്രകാരം വിവാഹത്തിന്റെ കാനോനികക്രമത്തിൽനി്ന്ന ഒഴിവു ലഭിച്ച ഏതെങ്കിലും ഒരു വ്യക്തി അപേക്ഷിച്ചാൽ മനസമ്മതവും, വിളിച്ചു ചൊല്ലലും നടത്താനുള്ള അനുവാദം നല്കാനുള്ള പ്രത്യേക നിയമം പാസ്സാക്കി. ഇതുപ്രകാരം 2023 സെപ്റ്റംബർ 21 മുതൽ സീറോമലബാർസഭയിൽ വിവാഹത്തിന്റെ കാനോനികക്രമത്തിൽനിന്നു ഒഴിവു ലഭിച്ചവർക്ക് മനസമ്മതവും, വിളിച്ചുചൊല്ലലും നടത്താനുള്ള പ്രത്യേക നിയമം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഇപ്രകാരം വിളിച്ചുചൊല്ലൽ നടത്തുമ്പോൾ അകത്തോലിക്കാ പള്ളിയിൽ ആശീർവദിക്കപ്പെടുന്ന വിവാഹത്തിന് പ്രത്യേക അനുവാദം മേജർആർച്ചുബിഷപ്പിൽനിന്നു ലഭിച്ചിട്ടുണ്ടെന്ന വിവരം ഇടവകവികാരി ഇടവകജനത്തെ അറിയിക്കേണ്ടതുമാണ്.
റവ. ഡോ. ജോസഫ് മറ്റത്തിൽ


