സഭാപിതാക്കന്മാരുടെ ഗണത്തിലെ ഏറ്റവും പ്രമുഖനായ വാഗ്മിയും ക്രൈസ്തവധാർമികതയുടെ സമുന്നതപ്രചാരകനുമായിരുന്നു കോൺസ്റ്റാന്റിനോപ്പിളിലെ മെത്രാനായിരുന്ന ജോൺ. തന്റെ മരണശേഷം ഏകദേശം ഒരു നൂറ്റാണ്ടുകഴിഞ്ഞ് സ്വർണനാവുകാരൻ എന്നർഥമുള്ള ‘ക്രിസോസ്‌തോം’ എന്ന ഗ്രീക്കുസംജ്ഞ സഭ അദ്ദേഹത്തിന്റെ പേരിനോടുകൂട്ടിച്ചേർത്തു. കറ തീർന്ന വ്യക്തിത്വത്തിന്റെയും ആത്മാർഥത നിറഞ്ഞ ജീവിതത്തിന്റെയും ഉടമയായിരുന്നു അദ്ദേഹം. വൈദികൻ എന്ന നിലയിൽ അന്ത്യോക്യായിലും മെത്രാനെന്ന നിലയിൽ കോൺസ്റ്റാന്റിനോപ്പിളിലും അദ്ദേഹം നടത്തിയിട്ടുള്ള പ്രഭാഷണങ്ങളിലുടനീളം ക്രൈസ്തവധാർമികചിന്തകൾ നിഴലിക്കുന്നതുകാണാം. തന്റെ ജനത്തിന്റെ ധാർമികനിലവാരം ഉയർത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളുടെ മുഖ്യഉദ്ദേശ്യം. താപസസന്യാസത്തിന്റെ ഉടമ, തീക്ഷ്ണനായ അജപാലകൻ, സാമൂഹികനീതിയുടെ വക്താവ്, ദാനധർമ്മത്തിന്റെ പ്രചാരകൻ, വി. ഗ്രന്ഥവ്യാഖ്യാതാവ്, വി.കുർബാനയുടെ ദൈവശാസ്ത്രജ്ഞൻ എന്നീ നിലകളിലും അദ്ദേഹം അറിയപ്പെടുന്നു. ആരിയനിസം, അപ്പോളിനാരിസം, മാനിക്കേയിസം എന്നീ പാഷണ്ഡതകൾക്കെതിരെ അദ്ദേഹം നിരന്തരമായി പോരാടിക്കൊണ്ടിരുന്നു.
സമൂഹത്തിൽ നിലവിലിരുന്ന തിന്മകൾക്കെതിരെ ശബ്ദിച്ച അദ്ദേഹം ക്രിസ്തീയപുണ്യങ്ങളുടെ ഔന്നത്യം എടുത്തുകാട്ടി. ധനവാന്മാരുടെ അഹങ്കാരത്തെയും ഭൗതികചിന്താഗതിയെയും അദ്ദേഹം കുറ്റപ്പെടുത്തി. പാവപ്പെട്ടവരോട് അദ്ദേഹം എപ്പോഴും അനുകമ്പ കാട്ടിയിരുന്നു. ആതുരാലയങ്ങൾ, ആശുപത്രികൾ, അഗതിമന്ദിരങ്ങൾ എന്നിവ സ്ഥാപിച്ചു.
പൗരോഹിത്യത്തിന്റെ ചൈതന്യം വിശദീകരിക്കുന്ന നിരവധി പ്രഭാഷണങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്. ക്രൈസ്തവവിവാഹത്തിന്റെ അനന്യത തന്റെ പ്രഭാഷണങ്ങളിൽ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. വി.കുർബാനയെ സൂചിപ്പിക്കുവാൻ ‘ രഹസ്യങ്ങൾ’ എന്ന പദമാണ് അദ്ദേഹം ഉപയോഗിക്കുന്നത്. വി. കുർബാന കുരിശിലെ ബലിയുടെ പുനരാവിഷ്‌ക്കരണമാണെന്നും അപ്പത്തിലും വീഞ്ഞിലും അവിടുന്ന് സന്നിഹിതനാണെന്നും ക്രിസോസ്‌തോം വ്യക്തമാക്കുന്നു. സഭയുടെ ഐക്യത്തിന്റെ ഏറ്റവും വലിയ പ്രകാശനമാണ് വി. കുർബാന എന്ന് അദ്ദേഹം പഠിപ്പിക്കുന്നു. മനുഷ്യന്റെ തലത്തിലേക്കുള്ള ദൈവത്തിന്റെ ഇറങ്ങിവരവുകളാണ് വി.ഗ്രന്ഥം മുഴുവനിലും അദ്ദേഹം ദർശിക്കുന്നത്. മനുഷ്യാവതാരത്തിൽ അതിന്റെ പൂർണത അദ്ദേഹം ദർശിക്കുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് വി.കുർബാനയിലുള്ള ദൈവസാന്നിധ്യത്തെ അദ്ദേഹം വിവക്ഷിക്കുന്നത്.
അക്കാലത്ത് സാമ്രാജ്യം ഭരിച്ചിരുന്ന രാജ്ഞിയുടെ ആഡംബരജീവിതത്തെ കുറ്റപ്പെടുത്തിയതുകൊണ്ട് 404 ൽ അദ്ദേഹം നാടുകടത്തപ്പെട്ടു. അവിടെയും തന്റെ ജനങ്ങളോടുള്ള ആത്മീയബന്ധം അദ്ദേഹം തുടർന്നുപോന്നു. ഇക്കാരണത്താൽ കരിങ്കടലിനടുത്തുള്ള വനപ്രദേശത്തേക്ക് അദ്ദേഹത്തെ മാറ്റിപാർപ്പിക്കുവാൻ അധികാരികൾ ആജ്ഞാപിച്ചു. അവിടേക്കുള്ള യാത്രാമധ്യേ 407 സെപ്തംബർ 14ന് ജോൺ ക്രിസോസ്‌തോം കാലംചെയ്തു.
438 ൽ തിയഡോഷ്യസ് രണ്ടാമൻ ചക്രവർത്തി ക്രിസോസ്‌തോമിന്റെ ഭൗതികാവശിഷ്ടം കോൺസ്റ്റാന്റിനോപ്പിളിൽ കൊണ്ടുവരികയും ശ്ലീഹന്മാരുടെ ബസിലിക്കയിൽ സ്ഥാപിക്കുകയും ചെയ്തു. ഗ്രീക്കുസഭാപാരമ്പര്യത്തിലെ നാലു പ്രമുഖ പിതാക്കന്മാരിലൊരാളാണ് ജോൺ ക്രിസോസ്‌തോം.
ഇരുപത്തിമൂന്നാം ജോൺ മാർപാപ്പ അദ്ദേഹത്തെ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ മധ്യസ്ഥനായി പ്രഖ്യാപിക്കുകയുണ്ടായി. ബൈസന്റൈൻ, അന്തോക്യൻ എന്നീ ആരാധനക്രമങ്ങളിൽ ക്രിസോസ്‌തോമിന്റെ പേരിലുള്ള ഒരു അനാഫൊറ ഉപയോഗത്തിലുണ്ട്.
റവ. ഡോ. തോമസ് കുഴുപ്പിൽ


