ക്രിസ്തീയവിശ്വാസത്തിന്റെ അടിസ്ഥാനമായി നിലകൊള്ളുന്ന സെമറ്റിക് സാംസ്‌കാരിക പശ്ചാത്തലത്തിൽ ജീവിക്കുകയും അതിനെ അടിസ്ഥാനമാക്കി മഹത്തായ ഒരു ദൈവശാസ്ത്രം രൂപപ്പെടുത്തുകയും ചെയ്ത കവിയും ദാർശനികനുമായ മല്പ്പാനാണ് നാലാം നൂറ്റാണ്ടിൽ ജീവിച്ച നിസിബിസിലെ മാർ അപ്രേം. തനിമയാർന്ന ഈ ദൈവശാസ്ത്രദർശനം ആധുനികലോകത്തും അനന്യമായി നിലകൊള്ളുന്നു. പഴയനിയമ ചിന്തകളെ അടിസ്ഥാനമാക്കിയുള്ള ദൈവശാസ്ത്രമാണിത്. അദ്ദേഹം സ്ഥാപിച്ച ഏദേസായിലെ സുറിയാനി വിദ്യാപീഠത്തിലൂടെയാണ് പ്രസ്തുത ദൈവശാസ്ത്രത്തിന് പ്രചുരപ്രചാരം കൈവന്നത്.
‘പരിശുദ്ധാരൂപിയുടെ വീണ’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അപ്രേം, ഡീക്കൻ എന്ന നിലയിൽ ജീവിതകാലംമുഴുവൻ തന്റെ സഭാശുശ്രൂഷ നിർവഹിച്ചുപോന്നു. പാവപ്പെട്ടവരെ ശുശ്രൂഷിച്ചുകൊണ്ടു ദൈവത്തിന്റെ കരുണയും സ്‌നേഹവും ജീവിതത്തിലുടനീളം അദ്ദേഹം പ്രഘോഷിച്ചു. ബ്രഹ്മചര്യവും ദാരിദ്ര്യാരൂപിയും ജീവിതകാ ലം മുഴുവൻ പാലിച്ചാണ് അദ്ദേഹം ജീവിച്ചത്. ഈ വ്രതങ്ങൾ പാലിച്ചു ജീവിച്ചിരുന്നവരെ ‘ഉടമ്പടിയുടെ മക്കൾ ‘ എന്നാണ് സുറിയാനി പാരമ്പര്യത്തിൽ വിളിച്ചിരുന്നത്.
ദൈവം എല്ലാറ്റിന്റെയും സ്രഷ്ടാവാണെന്നും അതുകൊണ്ടു സൃഷ്ടിയിലുടനീളം ദൈവമഹത്വം നമുക്കു കാണുവാൻ കഴിയുമെന്നും അദ്ദേഹം പഠിപ്പിച്ചു. വി. ഗ്രന്ഥം മുഴുവനിലും സൃഷ്ടപ്രപഞ്ചത്തിലും ദൈവത്തിന്റെ അടയാളങ്ങൾ (രഹസ്യം, പ്രതീകം) അപ്രേം ദർശിച്ചു. വിശ്വാസമാകുന്ന ഉൾക്കണ്ണുകൊണ്ട് അവയെ നോക്കിക്കാണുകയും വ്യാഖ്യാനിക്കുകയും ചെയ്യണമെന്ന് അദ്ദേഹം പഠിപ്പിച്ചു. നിഖ്യാസൂനഹദോസിന്റെ (325) വിശ്വാസപ്രമാണം വ്യാഖ്യാനിച്ചുകൊണ്ടാണ് ദൈവശാസ്ത്രം അദ്ദേഹം രൂപപ്പെടുത്തിയത്.
സൃഷ്ടലോകത്തിന്റെ കൗദാശികസ്വഭാവത്തെ അടിസ്ഥാനമാക്കി മാമോദീസാ, വി.കുർബാന എന്നീ കൂദാശകളെ അദ്ദേഹം വിശദീകരിച്ചു. കൂദാശകളിലൂടെയാണ് പന്തക്കുസ്താ അനുഭവം നമുക്കുണ്ടാകുന്നത്. പാപം നിമിത്തം മനു ഷ്യനു നഷ്ടമായ ‘മഹത്വത്തിന്റെ വസ്ത്രം ‘ മാമോദീസായിലൂടെ സംലഭ്യമാകുന്ന പരിശുദ്ധാരൂപിയിലൂടെ നമുക്ക് തിരികെകിട്ടുന്നു. വി. കുർബാനയെ പുതിയ പെസഹായായും ജീവന്റെ ഔഷധമായും ജ്വലിക്കുന്ന തീക്കനലായും (ഏശയ്യ 6,6) അപ്രേം അവതരിപ്പിക്കുന്നു.
ക്രൈസ്തവജീവിതത്തിന്റെ അനന്യതയെ കാണിക്കുവാൻ അക്കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന പദമാണ് ‘ഇഹീദായ’. അവിഭാജ്യമായ മനസ് എന്നാണ് ഇതിന്റെ അർഥം. പാപം ചെയ്തപ്പോൾ ആദം ഇഹീദായ അല്ലാതെയായി. യഥാർഥ ഇഹീദായയായി കടന്നുവന്ന ഈശോമിശിഹായിലൂടെ ഓരോ വിശ്വാസിയും ഇന്ന് ഇഹീദായ ആയിത്തീരുന്നു. സവിശേഷപ്രാധാന്യത്തോടെ മാർ അപ്രേം ഇക്കാര്യം വിശദീകരിക്കുന്നുണ്ട്.
ഏഷ്യൻ സംസ്‌കാരത്തിൽ ഉരുത്തിരിഞ്ഞ ക്രൈസ്തവദർശനത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയിലും സുറിയാനി സഭ മുഴുവന്റെയും പിതാവായും മാർ അപ്രേം ഇന്നും പ്രശോഭിക്കുന്നു.
റവ.ഡോ.തോമസ് കുഴുപ്പിൽ


