ഫ്രീജിയായിലെ (ആധുനിക ടർക്കി) ഹിയറാപ്പോളീസിന്റെ മെത്രാനായിരുന്ന വി. പപ്പിയാസ് അപ്പസ്തോലികപിതാക്കന്മാരിൽ ഒരുവനായാണ് പരിഗണിക്കപ്പെടുന്നത്. അദ്ദേഹം വി. യോഹന്നാൻ ശ്ലീഹായെ നേരിട്ടു ശ്രവിച്ചുവെന്ന് വി.ജെറോമും (De Viris Illustribus 18) വി. ഇരണേവൂസും (പാഷണ്ഡതകൾക്കെതിരെ ഢ, 33,4) സാക്ഷ്യപ്പെടുത്തുന്നുണ്ട്. പിന്നീട് സ്മിർണായുടെ മെത്രാനായിത്തീർന്ന വി. പോളികാർപ്പിന്റെ സഹപാഠിയായും വി. ഇരണേവൂസ് പപ്പിയാസിനെ അവതരിപ്പിക്കുന്നു. അഞ്ചു പുസ്തകങ്ങളിലായി എഴുതപ്പെട്ട ” നമ്മുടെ കർത്താവിന്റെ വാക്കുകളുടെ വിശദീകരണം” എന്ന ഗ്രന്ഥം മാത്രമാണ് അദ്ദേഹത്തിന്റേതായുളളത്. AD 130ൽ എഴുതപ്പെട്ടു എന്നു കരുതപ്പെടുന്ന ഈ ഗ്രന്ഥം അതിന്റെ പൂർണരൂപത്തിൽ നമുക്ക് ലഭ്യമല്ല. എങ്കിലും ഇതിന്റെ ചില ഭാഗങ്ങൾ ആദ്യനൂറ്റാണ്ടുകളിൽ എഴുതപ്പെട്ട മറ്റുഗ്രന്ഥങ്ങളിൽ കാണാൻ കഴിയും.
തന്റെഗ്രന്ഥ രചനയിൽ ആധികാരികതയില്ലാത്ത അഭിപ്രായങ്ങളെയല്ല അപ്പസ്തോലന്മാരെ തന്നെയാണ് താൻ അടിസ്ഥാനമാക്കിയതെന്ന് പപ്പിയാസ് തന്നെ സാക്ഷ്യപ്പെടുത്തുന്നതായി വി.ജെറോമും വി.എവുസേബിയൂസും പറയുന്നു: ” അന്ത്രയോസും പത്രോസും ഫിലിപ്പും തോമ്മായും യാക്കോബും യോഹന്നാനും മത്തായിയും കർത്താവിന്റെ മറ്റുശ്ലീഹന്മാരും പറഞ്ഞതും അരിസ്തിയനും മൂപ്പനായ യോഹന്നാനും കർത്താവിന്റെ മറ്റുശിഷ്യരും പറയുന്നതുമാണ് ഞാൻ പരിഗണിക്കുന്നത്. പുസ്തകങ്ങളിൽ നിന്നു ലഭിച്ചവ, സജീവവും നിലനില്ക്കുന്നതുമായ അവരുടെ വാക്കുകൾ ശ്രവിച്ചിടത്തോളം എനിക്ക് പ്രയോജനകരമായി എന്നുഞാൻ കരുതുന്നില്ല.” (De Viris ഇല്ലുസ്റ് ribus 18;തിരുസഭാചരിത്രം കകക, 39,4) പപ്പിയാസിന്റെ തന്നെ ഈ വാക്കുകളെ അടിസ്ഥാനപ്പെടുത്തി അദ്ദേഹം പന്ത്രണ്ടുശ്ലീഹന്മാരെ ആരെയും നേരിട്ട് ശ്രവിച്ചില്ലെന്നും അവരുടെ ശ്രോതാക്കളിൽ നിന്നാണ് തന്റെ ഗ്രന്ഥരചനയ്ക്കുള്ള ആശയങ്ങൾ സ്വീകരിച്ചതെന്നും വി. എവുസേബിയൂസ് പറയുമ്പോൾ ( തിരുസഭാചരിത്രം കകക, 39,4.7) അത് പപ്പിയാസ് വി. യോഹന്നാൻശ്ലീഹായുടെ ശിഷ്യനായിരുന്നു എന്ന പൊതുധാരണയ്ക്ക് എതിരാണ്. അതേസമയം ഈശോയുടെ ശിഷ്യഗണത്തിൽപെട്ട അരിസ്തിയനെയും യോഹന്നാനെയും അദ്ദേഹം ശ്രവിച്ചു എന്ന് എവുസേബിയൂസും അംഗീകരിക്കുന്നുണ്ട്. പപ്പിയാസ് തന്റെ ഗ്രന്ഥരചനയിൽ സുവിശേഷങ്ങളോടൊപ്പം വാചികപാരമ്പര്യങ്ങളെയും ആധാരമാക്കി എന്ന് ഇതിൽനിന്ന് വ്യക്തമാണ് താനും.
ശരീരങ്ങളുടെ ഉയിർപ്പിനെതുടർന്ന് അന്ത്യവിധിക്കുമുമ്പ് മിശിഹാ ഭൂമിയിൽ വിശുദ്ധരുടെ ആയിരം വർഷത്തെ ഭരണംസ്ഥാപിക്കും എന്ന അബദ്ധചിന്ത (പാഷണ്ഡതകൾക്കെതിരെ V, 33, 3; De Viris ഇല്ലുസ്ട്രിപ്സ് 18) പപ്പിയാസിൽ കാണാം. ഇത് അദ്ദേഹം വി.ഗ്രന്ഥദർശനങ്ങൾ തെറ്റായി മനസ്സിലാക്കിയതിന്റെ ഫലമാണെന്നും പിന്നീടുള്ള പല സഭാപിതാക്കന്മാരിലേക്കും ഈ ആശയം കടന്നുവന്നത് അദ്ദേഹത്തിൽ നിന്നാണെന്നും എവുസേബിയൂസ് കുറ്റപ്പെടുത്തുന്നുണ്ട്. (തിരുസഭാചരിത്രം III, 39,13). വി. മർക്കോസിന്റെയും വി. മത്തായിയുടെയും സുവിശേഷങ്ങളെക്കുറിച്ചുള്ള സൂചനയും പപ്പിയാസിൽ കാണാം. കർത്താവിനെ അനുഗമിക്കുകയോ അവിടുത്തെ നേരിട്ടുശ്രവിക്കുകയോ ചെയ്യാതിരുന്ന മർക്കോസ് പത്രോസ് ശ്ലീഹായുടെ പ്രഭാഷണങ്ങൾ ശ്രവിച്ചാണ് സുവിശേഷം രചിച്ചതെന്ന് വ്യക്തമാക്കുന്ന അദ്ദേഹം വി. മത്തായി ഹീബ്രുഭാഷയിലാണ് തന്റെ സുവിശേഷം എഴുതിയതെന്നും സാക്ഷ്യപ്പെടുത്തുന്നു. (തിരുസഭാചരിത്രം III, 39,15-16). തന്റെ ഗ്രന്ഥത്തിന്റെ രചനയിൽ വി. യോഹന്നാന്റെ ഒന്നാം ലേഖനവും വി. പത്രോസിന്റെ ലേഖനവും പപ്പിയാസ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
റവ. ഡോ അലക്സ് കൊല്ലംകളം


