നമ്മുടെ സഭയിൽ വിവാഹത്തിനുമുമ്പ് എത്ര പ്രാവശ്യം വിളിച്ചുചൊല്ലണം? ഇപ്രകാരമുള്ള വിളിച്ചുചൊല്ലലുകളിൽനിന്ന് ഒഴിവുനല്കാൻ ആർക്കാണ് അധികാരമുള്ളത്?
വിവാഹിതരാകുന്ന വ്യക്തികളെക്കുറിച്ച് ഇടവകജനത്തെ അറിയിക്കുന്നതിനും വിവാഹിതരാകാൻ നിശ്ചയിച്ചിരിക്കുന്ന വ്യക്തികൾക്കു വിവാഹമെന്ന കൂദാശയി ലേക്കു പ്രവേശിക്കാൻ നൈയാമികമായ തടസങ്ങൾ (Canonical impediments) ഒന്നുമില്ലെന്ന് ഉറപ്പുവരുത്താനും സഹായിക്കുന്ന നടപടിക്രമമാണ് വിവാഹത്തിന്റെ വിളിച്ചുചൊല്ലൽ (Publication of banns). വിവാഹത്തിലേക്കു പ്രവേശിക്കുന്ന വ്യക്തി കാനോനികതടസങ്ങളുമായി വിവാഹത്തിൽ ഏർപ്പെട്ടാൽ അത്തരം വിവാഹങ്ങളെ അസാധുവായിട്ടാണ് സഭ കണക്കാക്കുന്നത്. അസാധുവായ വിവാഹങ്ങൾ (invalid mar riages) ഒഴിവാക്കാൻ വിവാഹാർഥികൾ അംഗമായിരിക്കുന്ന ഇടവകാസമൂഹത്തിന്റെ സവിശേഷശ്രദ്ധയും ഉത്തരവാദിത്വവും ഉറപ്പുവരുത്തുന്നതാണ് വിവാഹ അറിയിപ്പുകൾ. വിളിച്ചുചൊല്ലൽ നടത്തുമ്പോൾ വിവാഹത്തിനായി ഒരുങ്ങുന്ന വ്യക്തികൾക്ക് ഏതെങ്കിലും തരത്തിലുള്ള നൈയാമിക തടസമുണ്ടെന്ന് അറിയാമെങ്കിൽ ഇടവകാംഗങ്ങൾ ഇക്കാര്യം ബന്ധപ്പെട്ട അധികാരിയെ (ഇടവക വികാരിയെയോ രൂപതാധ്യക്ഷനെയോ) അറിയിക്കേണ്ടതാണെന്ന് സീറോമലബാർസഭയുടെ പ്രത്യേക നിയമം Art 163 §1 അനുശാസിക്കുന്നു. ഇങ്ങനെ ഏതെങ്കിലും തരത്തിലുള്ള പരാതികൾ ലഭിച്ചാൽ ഇടവകവികാരി, രൂപതാധ്യക്ഷനെ അറിയിക്കുകയും വിവാഹമെന്ന കൂദാശയിലേക്ക് പ്രവേശിക്കുന്നതിൽനിന്ന് നൈയാമിക തടസ്സമുള്ള വ്യക്തിയെ പിന്തിരിപ്പിക്കേണ്ടതുമാണ്.
സാധാരണഗതിയിൽ മനസമ്മതത്തിനു ശേഷമുള്ള മൂന്നു ഞായറാഴ്ചകളിലോ കടമുള്ള ദിവസങ്ങളേിലോ വിശുദ്ധ കുർബാനയോട് അനുബന്ധിച്ച് വിവാഹാർഥികളുടെ ഇടവക ദൈവാലയത്തിലും ആവശ്യമെങ്കിൽ കുരിശുപളളികളിലും വിളിച്ചുചൊല്ലൽ നടത്തേണ്ടതാണ്. ആദ്യത്തെ വിളിച്ചുചൊല്ലലിനു ശേഷം ഇടവകയുടെ നോട്ടീസു ബോർഡിലും ഇക്കാര്യം പ്രസിദ്ധീകരിക്കേണ്ടതാണ് (Art. 164).
എന്നാൽ ചില പ്രത്യേക അവസരങ്ങളിൽ വിവാഹവാഗ്ദാനത്തിനും വിവാഹത്തിനുമിടയിൽ മൂന്നുഞായറാഴ്ചകൾ വിളിച്ചുച്ചൊല്ലാൻ ഇല്ലെങ്കിൽ മനസമ്മതത്തിനുമുമ്പുള്ള ഞായറാഴ്ചകളിൽ വിളിച്ചുചൊല്ലൽ നടത്താൻ വധുവോ വരനോ അംഗമായിരുന്ന ഫൊറോനയിലെ വികാരിക്കു മതിയായ കാരണം ബോധിപ്പിച്ചു ഇടവകവികാരിയുടെ സമ്മതത്തോടുകൂടി അപേക്ഷ സമർപ്പിച്ചാൽ അനുവാദം ലഭിക്കുന്നതാണ്. ഇതിനായി വധുവോ അല്ലെങ്കിൽ വരനോ രണ്ടുപേരുടെയും ഇടവകവികാരിയുടെ അനുവാദത്തോടുകൂടി ഒഴിവിനായുള്ളപ്രത്യേക അപേക്ഷാപത്രം പൂരിപ്പിച്ച് ഫൊറോന വികാരിയിൽനിന്ന് ഒഴിവുവാങ്ങാവുന്നതാണ്. ഇങ്ങനെ അനുവാദം ലഭിച്ചാൽ അനുവാദം ലഭിച്ചയാൾ ഇക്കാര്യം മറ്റേയാളുടെ വികാരിയെ അറിയിക്കേണ്ടതാണ് (Art. 163§2).
കൂടാതെ ചില പ്രത്യേക സാഹചര്യങ്ങളിൽ ന്യായവും മതിയായതുമായ കാരണങ്ങൾ ഉണ്ടെങ്കിൽ ബന്ധപ്പെട്ട അധികാരിയെ സമീപിച്ചാൽ വിളിച്ചുചൊല്ലലിൽനിന്ന് ഒഴിവുവാങ്ങാവുന്നതാണ.് നൈയാമികമായി മൂന്നു ഞായറാഴ്ചകളിലോ കടമുള്ള ദിവസങ്ങളോ വരത്തക്ക രീതിയിലാണ് വിളിച്ചുചൊല്ലൽ നടത്തേണ്ടതെന്നു മുകളിൽ സൂചിപ്പിച്ചുവല്ലോ. ഇതിൽ ഒരു വിളിച്ചുചൊല്ലിൽനിന്ന് ഒഴിവുനല്കാൻ ഇടവകവികാരിക്ക് അധികാരമുണ്ട്. രണ്ടു വിളിച്ചുചൊല്ലലുകൾ ഒഴിവാക്കാൻ ഫൊറോനാവികാരിക്ക് അധികാരമുണ്ട്. മൂന്നുവിളിച്ചു ചൊല്ലലുകളിൽ നിന്ന് ഒഴിവുനല്കാൻ സ്ഥലമേലധ്യക്ഷനാണ് (local hierarch) അധികാരമുളളത് (Art 165 §2). ഇങ്ങനെ ഒഴിവു വാങ്ങിക്കുന്നവർ ആരിൽനിന്നാണോ ഒഴിവുവാങ്ങിക്കുന്നത് ആ അധികാരിക്ക് ഒഴിവു വേണ്ടതിന്റെ വ്യക്തമായ കാരണം ബോധിപ്പിക്കേണ്ടതാണ്. രേഖപ്പെടുത്തിയിരിക്കുന്ന കാരണം ന്യായമെങ്കിൽ അധികാരിക്ക് ഒഴിവ് നല്കാവുന്നതാണ്.
ഒരു പ്രാവശ്യം വിളിച്ചുചൊല്ലി ആ ദിവസം തന്നെയാണ് വിവാഹം നടത്തേണ്ടതെങ്കിൽ സ്ഥലമേലധ്യക്ഷന്റെ പ്രത്യേക അനുവാദം വാങ്ങിയിരിക്കണം (Art. 165§3). വിളിച്ചു ചൊല്ലലുകളിൽ നിന്ന് ഒഴിവു ലഭിച്ചാൽ ഈ വിവരം മനസമ്മത രജിസ്ട്രറിലും ബി കുറിയിലും (ഫോം ബി) എഴുതിച്ചേർക്കേണ്ടതാണ്. ഇങ്ങനെ ഒഴിവുലഭിക്കുന്ന വ്യക്തികൾ രണ്ടുപേരുടെയും ഇടവകവികാരിമാരെ ഇക്കാര്യം അറിയിക്കേണ്ടതാണ് (Art 165§5)-.
വിളിച്ചുചൊല്ലലുകൾ നടത്തി ആറുമാസം കഴിഞ്ഞിട്ടും ഏതെങ്കിലും കാരണത്താൽ വിവാഹം നടന്നിട്ടില്ലെ ങ്കിൽ വിവാഹം നടക്കുന്നതിന്മുമ്പ് വിളിച്ചുചൊല്ലൽ നടപടി ആവർത്തിക്കേണ്ടതാണ്. ഇങ്ങനെ വിളിച്ചുചൊല്ലൽ നടപടി വീണ്ടും ആവർത്തിക്കാതിരിക്കാൻ സ്ഥലമേലധ്യക്ഷനിൽനിന്ന വിവാഹാർഥികൾക്കു ഒഴിവുവാങ്ങാവുന്നതാണ് (Art 166).
വിളിച്ചുചൊല്ലലുകൾ നടക്കുന്ന സമയത്ത് ഏതെങ്കിലും തടസങ്ങൾ (ശാുലറശാലിെേ) ശ്രദ്ധയിൽപെട്ടാൽ വിളിച്ചുചൊല്ലൽ നടപടി നിറുത്തിവയ്‌ക്കേണ്ടതാണ്. എന്നാൽ തടസങ്ങൾ രഹസ്യ തടസ്സങ്ങളുടെ (occult impediments: ബാഹ്യതലത്തിൽ തെളിയിക്കാൻ സാധിക്കാത്ത തടസ്സങ്ങളെ രഹസ്യ വിവാഹതടസ്സമായി പരിഗണിക്കപ്പെടുന്നു (CCEO c. 791) ഗണത്തിൽ വരുന്നവയും ഒഴിവുലഭിക്കാൻ സാധ്യത കല്പിക്കുന്നതുമായ തടസ്സങ്ങൾ ആണെങ്കിൽ വിളിച്ചുചൊല്ലൽ നടപടി തുടരേണ്ടതും പൂർത്തിയാക്കേണ്ടതുമാണ്. ഇപ്രകാരമുള്ള തടസങ്ങളിലുള്ളവർക്കു നിയമപ്രകാരമുള്ള ഒഴിവുലഭിച്ചതിനുശേഷമേ വിവാഹം നടത്താനുള്ള അനുവാദം ഇടവക വികാരി നൽകാവൂ (Art 167).
റവ. ഡോ. ജോസഫ് മറ്റത്തിൽ


