പലരും ഈശോയുടെ ഉത്ഥാനത്തെ സംബന്ധിച്ച് ഏറ്റവും അവ്യക്തയോടെ മനസ്സിലാക്കിയിട്ടുള്ള വിശ്വാസ രഹസ്യം ‘ശരീരത്തിന്റെ ഉയിർപ്പാണ്’. “ശരീരങ്ങളുടെ ഉയിർപ്പിലും ഞാൻ വിശ്വസിക്കുന്നു!” എന്ന് അനുദിനം നാം ഏറ്റു പറയുന്നതിന്റെ പശ്ചാത്തലം തന്നെയും ക്രിസ്തുവിന്റെ ‘ശരീരത്തിലുള്ള’ ഉയിർപ്പാണ്. ഈശോ ഉയിർത്തത് ഏതുതരം ശരീരത്തിലായിരുന്നു? ഈശോയുടെ പാലസ്തീനായിൽ ജീവിച്ച മനുഷ്യശരീരത്തിന് എന്തുസംഭവിച്ചു? ഈശോയുടെ ഏതുതരം ശരീരമാണ് വി. കുർബാനയിൽ സന്നിഹിതമാകുന്നത്? ഉത്ഥിതനായ ഈശോയ്ക്ക് എങ്ങനെയാണ് ഉത്ഥിത ശരീരത്തിലായിരിക്കുമ്പോളും തന്റെ മുറിവുകൾ കാണിച്ചുകൊടുക്കാനും ശ്ലീഹൻമാരോടൊത്ത് പ്രാതലിനിരിക്കാനും കഴിയുന്നത് എന്നു തുടങ്ങി ഈശോയുടെ ‘ശരീരത്തിന്റെ ഉയിർപ്പി’നെ സംബന്ധിച്ച ചോദ്യങ്ങൾ നിരവധിയാണ്. വളരെ ശ്രദ്ധേയമായ ഏതാനും കാര്യങ്ങൾ മാത്രം ഹൃസ്വമായി പരാമർശിക്കുകയാണിവിടെ.
ഇശോയുടെ ഉത്ഥാനത്തെ സംബന്ധിച്ച ഒന്നാമത്തെ യാഥാർത്ഥ്യം അവിടുന്ന് ഉയിർക്കുന്നത് ശരീരത്തോടുകൂടിയാണ് എന്നതാണ്. എന്നാൽ ഈ ശരീരം മുൻപുണ്ടായിരുന്ന ഭൗതിക ശരീരത്തിന്റെ പരിമിതികളും പ്രത്യേകതകളുമുള്ളതായിരുന്നില്ല എന്നുമാത്രം. ഈശോയുടെ ഉത്ഥിത ശരീരം സ്ഥല-കാല പരിമിതികളില്ലാത്ത മഹത്വീകൃത ശരീരമാണ്. ‘തേജസ്സാ’ണ് ഈ ശരീരത്തിന്റെ ഭാവം. എന്നാൽ ഈ ശരീരം മുൻപുണ്ടായിരുന്ന ഭൗമിക ശരീരത്തിന്റെ തുടർച്ചതന്നെയുമാണ്. ഈശോ പഴയ ശരീരമുപേക്ഷിച്ച് പുതിയൊരു ശരീരം സ്വീകരിക്കുകയായിരുന്നില്ല. “സത്യവും യഥാർത്ഥവുമായ ഈ ഉത്ഥിത ശരീരം മഹത്വപൂർണ്ണമായ ശരീരത്തിന്റെ പുതിയ ഗണങ്ങളും കൂടിയുള്ളതാണ്” (CCC 645) എന്നു തിരുസഭ പഠിപ്പിക്കുന്നു.
ഈശോ തന്നെയും താൻ സ്വീകരിക്കാനിരിക്കുന്ന ഉത്ഥിത ശരീരത്തെക്കുറിച്ച് മുൻകൂട്ടി പറയുകയും, ശിഷ്യൻമാർക്കത് കാണിച്ചുകൊടുക്കുകയും പിന്നീട് വി. പൗലോസ് ശ്ലീഹാ അത് വിശദീകരിച്ച് വ്യാഖ്യാനിക്കുകയും ചെയ്യുന്നുണ്ട്.
പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഈശോയുടെ ഉത്ഥാനപ്രബോധനം ഇങ്ങനെയാണ്: “ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കിൽ അത് അതേപടി ഇരിക്കും, അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും!” (യോഹ. 12. 24) ഈശോയുടെ ഈ ‘ഗോതമ്പുമണി’ പരാമർശമെടുത്ത് വി. പൗലോസ് ഉത്ഥാന ശരീരത്തെ വ്യാഖ്യാനിക്കുന്നത് നോക്കുക: “നീ വിതയ്ക്കുന്നത് നശിക്കുന്നില്ലെങ്കിൽ അതു പുനർജീവിക്കുകയില്ല. ഉണ്ടാകാനിരിക്കുന്ന പദാർത്ഥമല്ല നീ വിതയ്ക്കുന്നത്. ഗോതമ്പിന്റെയോ മറ്റുവല്ല ധാന്യത്തിന്റെയോ വെറുമൊരു മണി മാത്രം…” (1 കൊറി. 15. 37-39) താൻ മരിക്കുകയും തന്റെ ഈ ശരീരം ഭൗമികമായി ഇല്ലാതാവുകയും അതേസമയം പുതിയ, അഭൗമിക സ്വർഗ്ഗീയ ശരീരമായി അതു മാറുകയും ചെയ്യുമെന്നാണ് ഈശോ സൂചിപ്പിച്ചത്. അതുകൊണ്ടാണ് കല്ലറയിൽ ഈശോയുടെ പഴയ ശരീരം കാണാനില്ലായിരുന്നത്. “വളരെ ഫലം പുറപ്പെടുവിക്കും” എന്ന പരാമർശവും ശ്രദ്ധേയമാണ്. ഗോതമ്പുമണി ഇല്ലാതായി ആ ശരീരം തന്നെ ഗോതമ്പുചെടിയായി, അതിൽ ധാരാളം ഗോതമ്പുമണികളുണ്ടാകുന്നതുപോലെ, എന്റെ ശരീരം ഉയിർക്കുമ്പോൾ ആ ഉയിർപ്പിൽനിന്നും ധാരാളം ഉയിർപ്പുകൾ (നമ്മുടെയെല്ലാം) സംഭവിക്കുമെന്നർത്ഥം.
ഈശോയുടെ ഈ പുതിയ ശരീരം സത്യത്തിൽ ഉത്ഥാനത്തിനു മുന്നേ തന്നെ ശിഷ്യൻമാരിൽ ചിലർ കണ്ടിട്ടുണ്ട്! യഥാർത്ഥത്തിൽ ഈശോയുടെ രൂപാന്തരീകരണത്തിൽ സംഭവിച്ചത് അതാണ് എന്നുവേണം സുവിശേഷ പരാമർശങ്ങളിൽനിന്നും മനസ്സിലാക്കാൻ. അവർ കണ്ട തേജസ്സുള്ള സ്വർഗ്ഗീയ ശരീരം അവിടുന്നു സ്വീകരിക്കാനിരുന്ന ഉത്ഥിതശരീരമായിരുന്നു. ഭൗമിതരൂപത്തിൽ നിന്നും ഉത്ഥിതരൂപത്തിലേക്കുള്ള ശരീരത്തിന്റെ മാറ്റ (trans-figuration) മായിരുന്നു അത്.
ഈ സ്വർഗ്ഗീയ ശരീരമാണ് വി. കുർബാനയിൽ സന്നിഹിതമാകുന്നത്; പഴയ മാംസരക്തങ്ങളല്ല. അത് ഉത്ഥിത ശരീരമാണ്. മാംസരക്തങ്ങൾ ഉത്ഥിത ശരീരത്തിന്റെ ആദ്ധ്യാത്മിക രൂപമുള്ളവയാണ്; ജൈവപരമല്ല! അതിനാലാണ് വി. കുർബാനയുടെ ഏറ്റവും ചെറിയൊരുതരിയിൽപോലും അവിടുന്ന് സമ്പൂർണ്ണമായി സന്നിഹിതനായിരിക്കുന്നത്. വി. കുർബാനയിൽ പരാമർശിക്കുന്ന ‘മാംസരക്തങ്ങൾ’ ക്രിസ്തു എന്ന വ്യക്തിയുടെ സമ്പൂർണ്ണതയെ തന്നെയാണ് സൂചിപ്പിക്കുന്നത്.
അപ്പോൾപിന്നെ എങ്ങനെയാണ് ഉത്ഥിതനായ ഈശോയിൽ അപ്പസ്തോലൻമാർ പഴയ ശരീരം ദർശിച്ചത്? അതൊരു ദർശനം മാത്രമായിരുന്നു എന്നു വേണം മനസ്സിലാക്കാൻ. താൻ പഴയ ശരീരത്തിലായിരിക്കെ വരാനിരിക്കുന്ന ശരീരം കാണിച്ചുകൊടുത്തതുപോലെ പുതിയ ശരീരത്തിലായിരിക്കുമ്പോൾ പഴയ ശരീരത്തിന്റെ ദർശനം നല്കുന്നു! വളരെ കരുതലോടെ ഈശോ ചെയ്ത ഒരു പ്രവർത്തിയാണിത്. ഉത്ഥാനം ചെയ്യാൻ പോകുന്നതും, ചെയ്തതും താൻ തന്നെയാണെന്ന് അസന്നിഗ്ധമായി ബോധ്യപ്പെടുത്താൻ ഈശോ ചെയ്തതാണത്. അപ്പസ്തോലന്മാർ സംശയരഹിതമായി അവിടുത്തെ ഉത്ഥാനത്തിൽ വിശ്വസിച്ചതും അതു പ്രഘോഷിച്ചതും അതിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചതും ഈ ഉറപ്പിലായിരുന്നു!
ഉത്ഥിത ശരീരം ഏതെങ്കിലും രൂപത്തിന്റെയോ ഭാരത്തിന്റെയോ സ്ഥല-കാലങ്ങളുടെയോ പരിമിതിയില്ലാത്തതാണ്. അതുകൊണ്ട് “എപ്പോൾ എങ്ങനെ കാണപ്പെടണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നുവോ അങ്ങനെ അപ്പോൾ പ്രത്യക്ഷപ്പെടാൻ കഴിവുള്ളതുമാണ്. (CCC 645) ഉത്ഥിതനായ ഈശോയുടെ ശരീരത്തിന് ഏതുവിധത്തിലും – ദൃശ്യമായോ അദൃശ്യമായോ, രൂപത്തിലോ അരൂപിയിലോ പ്രത്യക്ഷപ്പെടാനുള്ള പരമമായ സ്വാതന്ത്ര്യമുണ്ട്. ഉത്ഥാനം ചെയ്ത തന്റെ ശരീരത്തിൽ അവിടുന്ന് മരണത്തിൽനിന്നും സമയത്തിനും സ്ഥലത്തിനും അതീതമായ, നിത്യതയുള്ള, മഹത്വപൂർണ്ണമായ, സ്വർഗ്ഗീയാവസ്ഥയിലേക്ക് പ്രവേശിച്ചിരിക്കുന്നു”. അവിടുത്തേക്ക് സ്തുതിയുണ്ടായിരിക്കട്ടെ!
ഫാ. ഡോ. അരുൺ കലമറ്റത്തിൽ


