പ്രത്യാശയുടെ ജൂബിലി വര്‍ഷം; കാലത്തിന്റെ അനിവാര്യത

Published on

വി. ഗ്രന്ഥപരവും ദൈവശാസ്ത്രപരവുമായ അടിസ്ഥാനങ്ങള്‍

ജൂബിലി എന്ന ആശയം ആദ്യമായി കാണാന്‍ സാധിക്കുന്നത് പഴയ നിയമത്തില്‍ പ്രത്യേകിച്ച് ലേവ്യരുടെ പുസ്തകം 25 -ാം അധ്യായത്തിലാണ്.  ‘അന്‍പതാം വര്‍ഷത്തെ നീ വിശുദ്ധീകരിക്കണം. ദേശവാസികള്‍ക്കെല്ലാം സ്വാതന്ത്ര്യം പ്രഖ്യാപിക്കണം. അതു നിങ്ങള്‍ക്കു ജൂബിലി വര്‍ഷമായിരിക്കും. ഓരോരുത്തര്‍ക്കും തങ്ങളുടെ സ്വത്ത് തിരികേ ലഭിക്കണം. ഓരോരുത്തരും തങ്ങളുടെ കുടുംബത്തിലേക്കു മടങ്ങിപ്പോകട്ടെ.’ (ലേവ്യ 25:10)ഈ ദൈവകല്പന സാമൂഹികപുനഃക്രമീകരണത്തിനും സാമ്പത്തിക അസമത്വങ്ങള്‍ ശാശ്വതമായി വേരൂന്നാതിരിക്കുന്നതിനും നവീകരണവും പുനരുദ്ധാരണവും സമൂഹത്തിലെ എല്ലാ അംഗങ്ങള്‍ക്കും അനുഭവവേദ്യമാകുന്നതിനും ഉതകുന്ന ഒരു ദൈവികസംവിധാനമായാണ് ജൂബിലിയെ സ്ഥാപിച്ചത്.

അതുപോലെ നിയമാവര്‍ത്തന പുസ്തകം 15:12 ല്‍ പറയുന്നു: ‘ഓരോ ഏഴുവര്‍ഷം തികയുമ്പോഴും ഋണമോചനം നല്‍കണം’. ഈ ദൈവകല്‍പന ഒരു വ്യക്തിക്കോ കുടുംബത്തിനോ വേണ്ടി ആയിരുന്നില്ല മറിച്ച് എല്ലാവര്‍ക്കും നീതിയും സമത്വവും വിമോചനവും ഉറപ്പാക്കിക്കൊണ്ടുള്ള  സാമൂഹിക പരിവര്‍ത്തനത്തെ ലക്ഷ്യംവച്ചുകൊണ്ടായിരുന്നു. ബൈബിളിലെ ജൂബിലി അടിസ്ഥാനപരമായി വിഭാവനം ചെയ്യുന്നത് ദൈവത്തോടും സഹോദരങ്ങളോടും സൃഷ്ടികളോടുമുള്ള ശരിയായ ബന്ധം പുനഃസ്ഥാപിക്കുക എന്നതാണ്. പുതിയനിയമത്തില്‍ ലൂക്കയുടെ സുവിശേഷം 4:18-19ല്‍ ഈശോ തന്റെ ദൗത്യത്തെ ജൂബിലിപാരമ്പര്യവുമായി വ്യക്തമായി ബന്ധിപ്പിക്കുന്നുണ്ട്.

കടമിടപാടുകളിലെ നീതി 

 2025 ലെ ജൂബിലിയുടെ ഏറ്റവും പ്രധാനപ്പെട്ട വിഷയം കടങ്ങള്‍ റദ്ദാക്കുന്നതിനും സാമ്പത്തിക നീതിക്കും വേണ്ടിയുള്ള ആഹ്വാനമാണ്. സമ്പന്നരാജ്യങ്ങള്‍ ദരിദ്രരാജ്യങ്ങളുടെ കടങ്ങള്‍ ഇളച്ചുകൊടുക്കേണ്ടത് ഔദാര്യത്തിന്റെ പുറത്തല്ല, മറിച്ചു നീതിയുടെ പുറത്തായിരിക്കണമെന്നാണ് ഫാന്‍സിസ് പാപ്പ തന്റെ ബൂളയില്‍ അടിവരയിട്ടുപറയുന്നത്. കടങ്ങള്‍ ഇളവുചെയ്യുന്നതിനെ സംബന്ധിച്ചുള്ള ധാര്‍മിക വാദഗതികള്‍ക്ക് രണ്ട് തലങ്ങള്‍ ഉണ്ട്. ഒന്നാമതായി, തിരിച്ചടവ് അസാധ്യമായ ചില കടങ്ങള്‍ ഉണ്ട് എന്നുള്ളത് ഒരു യാഥാര്‍ഥ്യമാണ്. കടക്കെണിയിലായ പല
രാജ്യങ്ങളും ആരോഗ്യം, വിദ്യാഭ്യാസം, കാലാവസ്ഥാവ്യതിയാനം എന്നീ മേഖലകളില്‍ ചിലവഴിക്കുന്നതിനേക്കാള്‍ പണം കടങ്ങള്‍ വീട്ടാനാണ് ചിലവഴിക്കുന്നത്. മനുഷ്യമഹത്വത്തെ സംരക്ഷിക്കാനും അടിസ്ഥാനസൗകര്യങ്ങള്‍ നല്‍കാനും ഉള്ള ഭരണാധികാരികളുടെ പ്രാഥമികകര്‍ത്തവ്യത്തെ കടം വീട്ടുന്നത് തടസപ്പെടുത്തുമ്പോള്‍ ധാര്‍മികമായി അത് നിയമവിരുദ്ധമായിത്തീരുന്നു. രണ്ടാമതായി, ‘പാരിസ്ഥിതിക കടം (ecological debt)’ എന്നൊരു ആശയം ഉണ്ട്. ഫ്രാന്‍സിസ് പാപ്പ പറയുന്നത് ഈ പാരിസ്ഥിതിക കടംവീട്ടാനുള്ളത് സമ്പന്നരാജ്യങ്ങള്‍ക്കാണെന്നാണ്. കാരണം പ്രകൃതിവിഭവങ്ങളെ വളരെക്കാലം ചില രാജ്യങ്ങള്‍ ക്രമാതീതമായി ഉപയോഗിച്ചതുകൊണ്ടുതന്നെ ധാര്‍മികമായ കടപ്പാട് സമ്പന്നരാജ്യങ്ങള്‍ക്കു ദരിദ്രരാജ്യങ്ങളോട് ഉണ്ട്.

പരിസ്ഥിതി ധാര്‍മ്മികതയും സൃഷ്ടിസംരക്ഷണവും

2025 ലെ ജൂബിലി വര്‍ഷം മനുഷ്യമഹത്വത്തെ പരിസ്ഥിതി കാര്യസ്ഥതയുമായി ബന്ധിപ്പിച്ചുകൊണ്ട് പാരിസ്ഥിതികനീതിയും സാമൂഹികനീതിയും അഭേദ്യമാണെന്ന് സമര്‍ത്ഥിക്കുന്നു. ‘മനുഷ്യരാശിയുടെ സ്വാര്‍ത്ഥതമൂലം ഗുരുതരനാശം സംഭവിച്ചതും വികൃതമാക്കപ്പെട്ടതുമായ ദൈവത്തിന്റെ സൃഷ്ടികള്‍ക്ക് പ്രത്യാശ ആവശ്യമാണ്’ എന്ന് പ്രസ്താവിച്ചുകൊണ്ട് ദരിദ്രരോടും തടവുകാരോടും പ്രകൃതിമാതാവിനോടും ഐകദാര്‍ഢ്യത്തിന്റെ  കരം നീട്ടണമെന്ന് ഫ്രാന്‍സിസ് പാപ്പ ഓര്‍മിപ്പിക്കുന്നു.

പരിസ്ഥിതി തകര്‍ച്ചയുടെ പ്രത്യാഘാതങ്ങള്‍ അങ്ങേയറ്റം ഭീകരമാണ്. കാലാവസ്ഥാവ്യതിയാനം അനുപാതരഹിതമായി ബാധിക്കുന്നത് പരിസ്ഥിതി തകര്‍ച്ചക്ക് കാരണമായേക്കാവുന്ന ഒന്നുംതന്നെ ചെയ്യാത്തവരായ അതിദരിദ്രരും ദുര്‍ബലരുമായ ജനങ്ങളെയാണ്. സുസ്ഥിര വികസനത്തിനും പുനരുപയോഗ ഊര്‍ജ്ജസ്രോതസുകളിലേക്കുള്ള  പരിവര്‍ത്തനത്തിനും ചൂഷണരീതികള്‍ അവസാനിപ്പിക്കുന്നതിനുമുള്ള കാലീനമായചിന്താഗതിയെ പ്രതിഫലിപ്പിക്കുന്നതാണ് ഭൂമിക്ക് വിശ്രമം നല്‍കാനുള്ള (മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ വയലുകളെ തരിശായി കിടക്കാന്‍ അനുവദിക്കുന്നത് പോലുള്ള രീതികള്‍) ജൂബിലിയുടെ ആഹ്വാനം.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളോടുള്ള ഐകദാര്‍ഢ്യം 

2025 ലെ ജൂബിലിയുടെ ധാര്‍മികദര്‍ശനം സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ ആളുകളോട് ഐകദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. തടവുകാര്‍, ദരിദ്രര്‍, രോഗികള്‍, ചെറുപ്പക്കാര്‍, പ്രായമായവര്‍, കുടിയേറ്റക്കാര്‍, ദുര്‍ഘടസാഹചര്യങ്ങളില്‍ കഴിയുന്ന ആളുകള്‍ മുതലായവരോട് സാമീപ്യം പുലര്‍ത്തുന്നതു വഴി ‘പ്രത്യാശയുടെ അടയാളങ്ങള്‍’ സ്വാംശീകരിക്കാന്‍ പാപ്പ ഉദ്‌ബോധിപ്പിക്കുന്നു.

തടവുകാരും പുനഃസ്ഥാപന നീതിയും 

പെസഹാ വ്യാഴാഴ്ച കുര്‍ബാന അര്‍പ്പിക്കാനും തടവുകാരുടെ പാദങ്ങള്‍ കഴുകാനും ഫ്രാന്‍സിസ് മാര്‍പാപ്പ  രണ്ടുതവണ സന്ദര്‍ശിച്ചിട്ടുള്ള റോമിലെ റെബിബിയ ജയിലില്‍ ഡിസംബര്‍ 26 ന് ഒരു വിശുദ്ധ വാതില്‍ തുറന്നു. ഒരു ജയിലില്‍ വിശുദ്ധ വാതില്‍ തുറക്കുക എന്ന ഈ അഭൂതപൂര്‍വമായ പ്രവൃത്തി മനുഷ്യമഹത്വത്തേയും വീണ്ടെടുപ്പിനെയും കുറിച്ചുള്ള ശക്തമായ  ധാര്‍മ്മിക പ്രസ്താവനയാണ്. പ്രതീക്ഷയുടെ അതിര്‍വരമ്പുകള്‍ക്ക് അപ്പുറം ആരുമില്ലെന്നും ദൈവത്തിന്റെ കരുണയില്‍ നിന്ന് ആരും ഒഴിവാക്കപ്പെടുന്നില്ലെന്നും തെറ്റ് ചെയ്യുന്നവരെ സമൂഹം ഒഴിവാക്കരുതെന്നും ഇത് പ്രഖ്യാപിക്കുന്നു.

നീതിയും സമാധാനവും അനുരഞ്ജനവും

ജൂബിലി വര്‍ഷത്തിന്റെ ധാര്‍മികദര്‍ശനം അടിസ്ഥാനപരമായി നീതിയിലൂടെ സമാധാനം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചാണ്. ‘ജൂബിലി നമ്മെ ആത്മീയ നവീകരണത്തിലേക്കും നമ്മുടെ ലോകത്തെ രൂപാന്തരപ്പെടുത്തുന്നതിനും നമ്മെ ക്ഷണിക്കുന്നു. അങ്ങനെ ഈ വര്‍ഷം യഥാര്‍ഥത്തില്‍ ആനന്ദത്തിന്റെ  വര്‍ഷമായി മാറും’ എന്ന് പറഞ്ഞുകൊണ്ട് ‘സമാധാനവും നീതിയും ഭരിക്കുന്ന ഒരു പുതിയ ലോകം’ സ്വപ്നം കാണാന്‍ ഈ അവസരം ഉപയോഗിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ക്രൈസ്തവരെ പ്രബോധിപ്പിക്കുന്നു. ഇവിടെയാണ് സമാധാനവും നീതിയും തമ്മിലുള്ള ബന്ധം വ്യക്തമാകുന്നത്. അനീതി വളരുന്നിടത്ത് സമാധാനം നിലനില്‍ക്കില്ല. തന്റെ അനന്തമായ കരുണയിലും സ്‌നേഹത്തിലും നമ്മുടെ പാപങ്ങള്‍ ക്ഷമിക്കുകയും നമ്മെ അതിക്രമിക്കുന്നവരോട്  ക്ഷമിക്കാന്‍ നമ്മോട് ആവശ്യപ്പെടുകയും ചെയ്ത ദൈവത്തോട് നാമെല്ലാവരും ‘കടപ്പെട്ടിരിക്കുന്നു’  എന്ന് ജൂബിലിയുടെ ആഴമേറിയ അര്‍ഥം അടിവരയിട്ടുകൊണ്ട് പാപ്പാ ഓര്‍മിപ്പിക്കുന്നു.

ഘടനാപരമായ പരിഷ്‌ക്കരണവും  വ്യവസ്ഥാപിതമായ  മാറ്റവും 

ജൂബിലി 2025 ന്റെ ധാര്‍മ്മികമാനത്തിന്റെ വ്യതിരിക്തത അത് വ്യവസ്ഥാപിത പരിവര്‍ത്തനത്തിനും ആഹ്വാനം ചെയ്യുന്നു എന്നതാണ്. സാമ്പത്തികനയങ്ങള്‍ കൂടാതെയുള്ള അന്യായമായ കടങ്ങളെ റദ്ദാക്കുന്നതിനും കടദുരിതങ്ങളുടെ മൂലകാരണങ്ങള്‍ പരിഹരിക്കുന്നതിലൂടെ അവ വീണ്ടും ഉണ്ടാകാതിരിക്കുന്നതിനും ആഗോള സാമ്പത്തികവ്യവസ്ഥയെ മനുഷ്യര്‍ക്കും അവര്‍ വസിക്കുന്ന ഭൂമിക്കും മുന്‍ഗണന നല്‍ക്കുന്ന രീതിയില്‍ പരിഷ്‌കരിക്കുന്നതിനുമാണ് ജൂബിലി 2025 പരിശ്രമിക്കുന്നത്. ഘടനാപരമായ പരിഷ്‌കരണത്തിന് നല്‍കുന്ന ഊന്നല്‍ പ്രതിഫലിപ്പിക്കുന്നത് ഉപാംഗതത്വത്തെയും (principle of subsidiartiy) പൊതുനന്മയെയും കുറിച്ചുളള കത്തോലിക്കാസഭയുടെ സാമൂഹികപഠനങ്ങളാണ്.

വ്യക്തിപരവും സാമുദായികപരവുമായ പരിവര്‍ത്തനം

ജൂബിലി് ബാഹ്യഘടനകളെ മാറ്റുന്നതിനെക്കുറിച്ചുമാത്രമല്ല  ഹൃദയങ്ങളെയും ബന്ധങ്ങളെയും രൂപാന്തരപ്പെടുത്തുന്നതിനെക്കുറിച്ചുകൂടിയാണ് ‘സുവിശേഷത്തിന്റെ ഹൃദയത്തെതന്നെയാണ് പ്രത്യാശയും ദയയും സ്പര്‍ശിക്കുന്നത്’ എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അടിവരയിട്ടുപറയുന്നു. ‘ദയ ഒരു നയതന്ത്രതന്ത്രമല്ല’ മറിച്ച് പരസ്പരസ്വീകാര്യതയിലേക്ക് ഹൃദയങ്ങളെ തുറക്കുകയും നമ്മെ കൂടുതല്‍ വിനയാന്വിതരാകാന്‍ സഹായിക്കുകയും ചെയ്യുന്ന സ്‌നേഹത്തിന്റെ ഒരു രൂപമാണ്’ എന്നും ‘ആഴത്തിലുള്ള സാഹോദര്യവും പങ്കിട്ട മാനവികതാബോധവും പരിപോഷിപ്പിച്ചുകൊണ്ട് ദയയുടെയും പരസ്പരൈക്യത്തിന്റെയും ലളിതമായ പ്രവൃത്തികള്‍ക്ക് ഈ പുതിയ ലോകത്തിന് വഴിയൊരുക്കാന്‍ കഴിയും’ എന്നും ഫ്രാന്‍സിസ് മാര്‍പാപ്പ  അനുസ്മരിപ്പിക്കുന്നു. വ്യക്തിപരമായ തിരഞ്ഞെടുപ്പുകള്‍, സാമൂഹിക ആചാരങ്ങള്‍, ദേശീയ നയങ്ങള്‍, അന്താരാഷ്ട്ര സംവിധാനങ്ങള്‍ എന്നിവയിലെല്ലാം മാറ്റം വരുന്നതുവഴി പലതലങ്ങളില്‍ പരിവര്‍ത്തനം സംഭവിക്കുന്നു.

ചുരുക്കത്തില്‍  2025ലെ ജൂബിലി പ്രഖ്യാപനം ഒരേസമയം പ്രവാചക ദൗത്യപൂര്‍ത്തീകരണവും പ്രത്യാശയിലേക്കുള്ള ക്ഷണവുമാണ്. സാമ്പത്തിക ജീവിതത്തെ സമൂഹങ്ങള്‍ ക്രമപ്പെടുത്തുന്നതിലും പരിസ്ഥിതി സംരക്ഷിക്കുന്നതിലും അപരിചിതരെ സ്വീകരിക്കുന്നതിലും മനുഷ്യരുടെ  പ്രത്യേകിച്ച് ദരിദ്രരും ഏറ്റവും ദുര്‍ബലരുമായവരുടെ  മഹത്വം ഉയര്‍ത്തിപ്പിടിക്കുന്നതിലുമാണ്  ജൂബിലിയുടെ വിജയം.

റവ. ഡോ അഗസ്റ്റിയന്‍ ചേന്നാട്ട്

Latest Updates

POPULAR Views

FEATUERD Views

വലിയ നോമ്പ്: സീറോമലബാര്‍ സഭയുടെ ആരാധനക്രമത്തിലൂടെയുള്ള ഒരു വിശകലനം

ആമുഖം മാര്‍ത്തോമാ നസ്രാണികളുടെ ആത്മീയ ജീവിതത്തിലെ ഏറ്റവും തീക്ഷ്ണമായ കാലഘട്ടമാണ് വലിയ നോമ്പ്....

സഭ ഒരു സിനഡല്‍ സമൂഹം; ലക്ഷ്യത്തിലേക്ക് ഇനി എത്ര ദൂരം? 

സഭയെ സിനഡല്‍സമൂഹം ആയി കാണുക എന്നത് ക്രിസ്തീയപാരമ്പര്യത്തില്‍ വളരെ പ്രാധാന്യമുള്ളതും ഇന്ന്...

മനുഷ്യർക്ക് പൂരിപ്പിക്കാൻ കഴിയാത്ത സമസ്യകൾ

കുറെനാളായി അലട്ടിക്കൊണ്ടിരുന്ന വിശ്വാസപരമായ പ്രതിസന്ധി അന്നേദിവസം വിശുദ്ധകുർബാന അർപ്പിക്കുമ്പോഴും ആ പുരോഹിതനിൽ...

ദിവ്യകാരുണ്യഅടയാളങ്ങൾ: അർഥവും ലക്ഷ്യവും

ക്രൈസ്തവവജീവിതത്തിന്റെ ഉറവിടവും പാരമ്യവുമായ വിശുദ്ധ കുർബാനയിൽ നിന്നാണ് സഭ ജീവൻ സ്വീകരിക്കുന്നത്....

സുവിശേഷപ്രഘോഷണം സഭയുടെ പ്രധാന കർത്തവ്യം

''എല്ലാവരും രക്ഷിക്കപ്പെടണം" എന്ന നമ്മുടെ കർത്താവിന്റെ ആഗ്രഹത്തെ ശിരസാവഹിച്ച പൗലോശ്ലീഹാ, റോമക്കാർക്കെഴുതിയ...

ഈശോയും വൈദികനും ഒരുപോലെ…

ചെറുപ്രായം മുതല്‌ക്കേ അവനൊറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. ഒരു വൈദികനാകണം. വൈദികനാകുന്നതും ഈശോയാകുന്നതും...

സാർവത്രികസഭയുടെ പിതാവും തലവനും സീറോമലബാർസഭയുടെ പിതാവും തലവനും

സീറോമലബാർസഭയുടെ നാലാമത്തെ മേജർ ആർച്ചുബിഷപ്പായി സ്ഥാനമേറ്റതിനുശേഷം മാർ റാഫേൽ തട്ടിൽപിതാവും  മെത്രാന്മാരുടെ...

ശരീരത്തിന്റെ ഉയിർപ്പ്

പലരും ഈശോയുടെ ഉത്ഥാനത്തെ സംബന്ധിച്ച് ഏറ്റവും അവ്യക്തയോടെ മനസ്സിലാക്കിയിട്ടുള്ള വിശ്വാസ രഹസ്യം...