പ്രാണനെ കണക്കെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നവരിൽ നിന്നുള്ള ഒറ്റുകൊടുക്കലാണ് പെസഹാ. അകാരണമായ കുറ്റാരോപണങ്ങളുടെയും തെറ്റുദ്ധാരണകളുടെയും ഇരുണ്ടദിനമാണ് ദു:ഖവെളളി. പുറത്തേയ്ക്ക് ഇനി ഒരു വാതിലുമില്ലെന്ന ധാരണയിൽ കൊട്ടിയടയ്ക്കപ്പെട്ട മുറിയിൽ അടയ്ക്കപ്പെട്ട ദിവസത്തിന്റെ ഓർമ്മയാണ് ദു:ഖശനി. മനുഷ്യനാൽ അസാധ്യമായ പലകാര്യങ്ങളും ദൈവത്താൽ സാധ്യമാണെന്ന് ഓർമ്മിപ്പിച്ച ദിനമാണ് ഈസ്റ്റർ. അങ്ങനെയാണ് വിശുദ്ധവാരം മനുഷ്യന്റെ ജീവിതത്തെ സമഗ്രമായി സ്പർശിക്കുന്ന യാഥാർത്ഥ്യമായി മാറുന്നത്. അല്ലെങ്കിൽ പറയൂ, ജീവിതത്തിൽ ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകാത്ത ആരെങ്കിലുമുണ്ടാവുമോ? ഈ ദിവസങ്ങളെ ധ്യാനിക്കുമ്പോൾ അത് ക്രിസ്തുവിന്റെ ജീവിതം മാത്രമല്ല നമ്മുടെ ഓരോരുത്തരുടെയും ജീവിതമാണെന്ന് വ്യക്തമാകും.
ഒന്ന്
ഏതു ബന്ധത്തിന്റെയും അടിസ്ഥാനം വിശ്വാസ്യതയാണ്. നീയെന്നെ വിശ്വസിക്കുന്നതുപോലെ ഞാൻ നിന്നെയും വിശ്വസിക്കണം. സൗഹൃദത്തിലും ദാമ്പത്യത്തിലും തൊഴിലിടങ്ങളിലുമെല്ലാം അതുണ്ടാവണം. ഒരാൾവിശ്വസ്തത കാത്തുസൂക്ഷിക്കുകയും മറ്റെയാൾ അതുലംഘിക്കുകയുമാണ് ചെയ്യുന്നതെങ്കിൽ ബന്ധം ശിഥിലമാകും. സ്വന്തം സ്വാർത്ഥതയ്ക്കുവേണ്ടിയും നേട്ടങ്ങൾക്കുവേണ്ടിയും ആത്മാർത്ഥമായി സ്നേഹിച്ചിരുന്ന ആളെ കൈയൊഴിയുമ്പോൾ അത് യൂദാസിന്റെ സ്നേഹഭാവേനയുള്ള ഒറ്റുകൊടുക്കലിന് സമാനം തന്നെയാണ്. യൂദാസിന് ക്രിസ്തു ഒരു ദ്രോഹവും ചെയ്തിട്ടുണ്ടായിരുന്നില്ല. എന്നിട്ടും ക്രിസ്തുവിനെ ഒഴിവാക്കിയാൽ ചിലപ്പോൾ ചില നേട്ടങ്ങൾ ഉണ്ടാവുമെന്ന് അയാൾ കണക്കൂകൂട്ടി. സുഹൃത്തിനെ സ്വാർത്ഥതയ്ക്കുവേണ്ടി ചതിക്കുന്നവനും ഇണയോട് അവിശ്വസ്തത പുലർത്തുന്ന പങ്കാളിയുമൊക്കെ ചില യൂദാസ് പതിപ്പുകളാണ്.
കൂടെ നടക്കുന്നവർക്കെല്ലാം നമ്മൾ ചില വില ഇടുന്നുണ്ട്. അവൻ ഇത്രയുമേയുള്ളൂവെന്ന മട്ടിൽ. അത്തരമൊരു വിലയായിരുന്നു യൂദാസ് ക്രിസ്തുവിന് നല്കിയതും. മുപ്പതു വെള്ളിനാണയങ്ങൾ. കൂടെയുളള ഒരാളുടെയും വില അവർ സ്വന്തമായുള്ളപ്പോൾ നാം തിരിച്ചറിയുന്നില്ല. എത്രയോ വില കുറച്ചാണ് കൗമാരയൗവനങ്ങളിൽ മക്കൾ മാതാപിതാക്കന്മാരെ കാണുന്നത്. പങ്കാളിയെ എപ്പോഴും വിലയിടിച്ചു കാണുന്നവരുമുണ്ട്. അസാന്നിധ്യങ്ങളും തീരാനഷ്ടങ്ങളുമാണ് പ്രിയപ്പെട്ടവരുടെ വില നിശ്ചയിക്കുന്നത്. ക്രിസ്തുവിനെ ഒറ്റുകൊടുത്തുകഴിഞ്ഞപ്പോഴാണ് യൂദാസിന് ആ തിരിച്ചറിവുണ്ടായത്. എല്ലാം നമുക്ക് നിയന്ത്രണവിധേയമല്ല. എല്ലാം നമ്മുടെ കണക്കുകൂട്ടലുകൾക്ക് അനുസൃതവുമല്ല. കൈയീന്ന്പോയീ എന്ന് പറയാറില്ലേ.. അങ്ങനെ സംഭവിച്ചപ്പോഴാണ് യൂദാസിന് സ്വയം മരണം വരിക്കേണ്ടിവന്നത്. കുറ്റബോധത്തെക്കാൾ വലുതായിട്ടൊന്നുമില്ല.
രണ്ട്
ചിലപ്പോഴെങ്കിലും നാം പീഡിപ്പിക്കപ്പെടുന്നത് നമ്മുടെ തെറ്റുകൊണ്ടുമാത്രമായിരിക്കണമെന്നില്ല. മറ്റുള്ളവർക്കു നമ്മോടു തോന്നുന്ന വെറുപ്പും അസൂയയും സ്വാർത്ഥതയും അതിനു കാരണമാകാം. സ്വന്തം തെറ്റു ചൂണ്ടിക്കാണിച്ചുതരുന്നവരോട് സഹിഷ്ണുതാപൂർവ്വം സൗഹൃദം തുടരാൻ എത്ര പേർക്കുകഴിയും? ഒരാൾ നിനക്കു മുമ്പിൽ വഴി കൊട്ടിയടയ്ക്കുന്നതും നിയമങ്ങൾ കൊണ്ട് പൂട്ടിയിടാൻ ശ്രമിക്കുന്നതുമെല്ലാം അവരുടെ അസൂയയുടെ പ്രതിഫലനങ്ങളാണ്. കുതറിയോടാൻ ശ്രമിച്ചാലും അവർ കരുത്തരാകയാൽ നാം വഴുതിവീണുപോകും. മറ്റുള്ളവർ വച്ചുകെട്ടുന്ന ഭാരങ്ങളുടെയും അവർ ചുമത്തുന്ന നികുതിയുടെയും ഫലം നിരപരാധികളാണെങ്കിലും നാം വഹിക്കേണ്ടതായും വരും. ഇനിയും ചിലപ്പോൾ നാം തെറ്റിദ്ധരിക്കപ്പെട്ടേക്കാം, അപമാനിക്കപ്പെട്ടേക്കാം. അവഗണിക്കപ്പെട്ടേക്കാം. അങ്ങനെയും ഭാരം താങ്ങാൻ കഴിയാത്തവിധത്തിലുള്ള സഹനങ്ങൾ ജീവിതത്തിലേക്ക് കടന്നുവരും.
പലരും പ്രിയപ്പെട്ടവരാണെങ്കിലും ചിലരോടായിരിക്കും നമുക്ക് മാനസികമായ കൂടുതൽ അടുപ്പം. ജീവിതത്തിന്റെ പെരുവഴിയിലും ആത്മസംഘർഷങ്ങളുടെ ഇടനാഴിയിലും അവർ കൂടെയുണ്ടാവുമെന്നാണ് പ്രതീക്ഷയും. പക്ഷേ ആ പ്രതീക്ഷകളൊക്കെ എത്ര പെട്ടെന്നാണ് അസ്ഥാനത്താകുന്നത്. നമ്മുടെ ജീവിതത്തിന്മേൽ ആരും റിസ്ക്കു ഏറ്റെടുക്കാൻ വരില്ല. നഷ്ടപ്പെടാൻ നമുക്ക് ഇനിയൊന്നുമില്ല, എന്നാൽ അവർക്കോ.. അതുകൊണ്ട് അവർ നമ്മെ ഉപേക്ഷിച്ചുകളയും. അറിയില്ലെന്നു ആവർത്തിച്ചുപറയും പത്രോസിനെപോലെ, മറ്റ് ശിഷ്യന്മാരെ പോലെ. മാത്രവുമല്ല എല്ലാ തെറ്റുകൾക്കും കാരണം നമ്മുടെ സ്വഭാവവൈകല്യമോ ദൂഷ്യമോആണെന്നുവരെ അവർ പറഞ്ഞുകളയും. നാം ഗൗരവത്തിലെടുക്കാത്തവർ നമ്മെ അവഗണിച്ചുകളഞ്ഞോട്ടെ.പക്ഷേ പ്രതീക്ഷയർപ്പിച്ചിരുന്നവർ വിട്ടുപേക്ഷിക്കുമ്പോഴുണ്ടാകുന്ന വേദന താങ്ങാനാവുമോ?. പട്ടാളക്കാരുടെ മർദ്ദനങ്ങളെക്കാൾ, ശിക്ഷാരീതികളെക്കാൾ ക്രിസ്തുവിനെ മാനുഷികമായി വേദനിപ്പിച്ചത് ശിഷ്യരുടെ ഒളിച്ചോട്ടവും കൈയൊഴിയലുമായിരുന്നില്ലേ?
മൂന്ന്
ജീവിതം ചിലപ്പോഴെങ്കിലും ഒരു അടഞ്ഞവാതിലാണെന്ന് തോന്നിയിട്ടുണ്ട്. പുറത്തേക്കു പോകാൻ കഴിയുന്നില്ല. പുറത്തു നിന്ന് ഒന്നും അകത്തേക്ക് വരുന്നുമില്ല. സൂര്യവെളിച്ചം പോലും. എല്ലാ പ്രതീക്ഷകളും അസ്തമിച്ച ഒരു കല്ലറയ്ക്കുള്ളിലെ ദിനങ്ങൾ. ജീവപര്യന്തം തടവിന് വിധിക്കപ്പെട്ടവരുടെ അവസ്ഥ പോലെ.. അതിനെക്കാളേറെ വർഷങ്ങൾ കഠിനമായ ചില ജീവിതാവസ്ഥകളിലൂടെ കടന്നുപോയിട്ടുള്ളവരെ അറിയാം.ദാമ്പത്യത്തിലെ അടഞ്ഞ കല്ലറയിൽ അടയ്ക്കപ്പെട്ടുപോയ ചില സ്ത്രീകൾ. തൊഴിലിടങ്ങളിലെ ചൂഷണത്തിനും അനീതികൾക്കും ഇരകളായി ജീവിക്കേണ്ടിവന്ന ചില പുരുഷന്മാർ. ദാമ്പത്യ കലഹത്തിന്റെ പേരിൽ മനസ്സു തകർന്നുകഴിയുന്ന കുട്ടികൾ..
ചിലപ്പോൾ നമ്മുടെ കല്ലറകൾ മറ്റുളളവരുടെ കല്ലറകളെക്കാൾ നിസ്സാരമായിരിക്കും. എന്നാൽ ഓരോരുത്തർക്കും അവനവർ അടയ്ക്കപ്പെട്ട കല്ലറകളാണ് വലുത്. കാരണം അവിടെ ചോർന്നുപോകുന്നത് തങ്ങളുടെ സ്വപ്നങ്ങളാണ്, തങ്ങൾക്ക് സ്വന്തമാക്കാൻ കഴിയാതെ പോയ നേട്ടങ്ങളാണ്. കല്ലറകളിൽ അടയ്ക്കപ്പെട്ടവരെക്കുറിച്ച് പിന്നീട് ലോകം കേൾക്കുകയില്ല. അവരെ ലോകം അറിയുകയുമില്ല. ക്രിസ്തുവിനെ കല്ലറയിൽ അടക്കം ചെയ്തതോടെ എല്ലാം തീർന്നുവെന്നും അവൻ ഒരു പഴങ്കഥയായിത്തീർന്നുവെന്നുമാണ് എതിരാളികൾ കരുതിയത്. പക്ഷേ ആ അടഞ്ഞ കല്ലറയിലാണ് ലോകചരിത്രത്തിലെ ഏറ്റവും വലിയ അത്ഭുതം നടന്നത്. അതുകൊണ്ട് ഇപ്പോൾ നാം കടന്നുപോകുന്ന അവസ്ഥകളെല്ലാം എന്നും അതുപോലെതന്നെയായിരിക്കുമെന്ന് കരുതരുത്. എല്ലാ ഇരുട്ടിനെയും അതിജീവിക്കാൻ പ്രകാശത്തിനു കഴിവുണ്ട്. ആ പ്രകാശത്തിന്റെ പേരാണ് പ്രതീക്ഷ. കഴിവുള്ളവരോ യോഗ്യതയുള്ളവരോ അല്ല പ്രതീക്ഷയുള്ളവരാണ് ഈ ലോകത്തിന് വെളിച്ചം പകർന്നിരിക്കുന്നത്. പ്രതീക്ഷയുണ്ടോ നിനക്ക് ജീവിതം മുമ്പിലുണ്ട്. അടഞ്ഞ കല്ലറകൾ തുറന്നുപുറത്തേക്കുവരാനുളള കഴിവിന്റെ പേരാണ് പ്രതീക്ഷ. ആ പുറത്തേക്ക് വരവിനു വേണ്ടി കാത്തിരിക്കണമെന്ന് മാത്രം.
നാല്
ഉയിർപ്പ് നമ്മുടെ ഒാരോരുത്തരുടെയും അവകാശവും സ്വാതന്ത്ര്യവുമാണ്. പക്ഷേ പലപ്പോഴും നാം കരുതുന്നത് നമ്മെ ഉയിർപ്പിക്കാൻ വേണ്ടി മറ്റാരെങ്കിലും വരുമെന്നാണ്. മറ്റുള്ളവരിലാണ് ഉയിർപ്പിക്കപ്പെടാൻ വേണ്ടിയുള്ള പ്രതീക്ഷകൾ അർപ്പിച്ചിരിക്കുന്നതെങ്കിൽ നമ്മുടെ ഉയിർപ്പ് അസാധ്യമായേക്കാം. കാരണം ഒരാൾക്കും ഒരാളെയും ഉയിർപ്പിക്കാനാവില്ല, നമ്മുടെ തീരുമാനങ്ങളും മനോഭാവങ്ങളും കാഴ്ചപ്പാടുകളുമാണ് നമ്മുടെ ഉയിർപ്പ് സാധ്യമാക്കുന്നത്. പ്രതീക്ഷിക്കാൻ ഒന്നുമില്ലാതിരുന്നപ്പോഴും എത്തിച്ചേരേണ്ട ചില ഇടങ്ങളെക്കുറിച്ചുള്ള ബോധ്യവും തീരുമാനവും ചില ഉയിർപ്പുകൾക്ക് പിന്നിലെ കാരണങ്ങളായിരുന്നു. കുരിശിൽ കിടന്നപ്പോഴും കല്ലറയിൽ അടയ്ക്കപ്പെട്ടപ്പോഴും ക്രിസ്തുവിന് അറിയാമായിരുന്നു ഇവിടം കൊണ്ട് തീരുന്നതല്ല തന്റെ ജീവിതമെന്ന്. ക്രിസ്തുകണ്ട സ്വപ്നമായിരുന്നു അവിടുത്തെ ഉയിർപ്പായി മാറിയത്. വിശ്വസിക്കാത്തവനും സ്വപ്നം കാണാത്തവനും ഉയിർക്കാനാവില്ല.
എല്ലാ സങ്കടങ്ങൾക്കും തെറ്റിദ്ധാരണകൾക്കും ഒറ്റുകൊടുക്കലുകൾക്കും പീഡാസഹനങ്ങൾക്കും ക്രൂശീകരണത്തിനും അടയ്ക്കപ്പെടലുകൾക്കും ശേഷം ജീവിതത്തിൽ ഒരു ഉയിർപ്പുണ്ടാകും എന്ന സദ്വാർത്തയാണ് ഈസ്റ്റർ നല്കുന്നത്. പറഞ്ഞാൽ വിശ്വസിക്കാനാവാത്ത ഒരു പ്രവൃത്തി നിങ്ങളുടെ നാളുകളിൽ ഞാൻ ചെയ്യാൻ പോവുന്നു (ഹബക്കൂക്ക് 1:5) എന്ന് തിരുവചനം അങ്ങനെ ഈസ്റ്ററിൽ ഒന്നുചേരുന്നു.
വിനായക് നിർമ്മൽ


